കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിന്റെ വലിയ ആഴ്ച സന്ദേശം
വലിയ ആഴ്ചയിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണല്ലോ. ഓശാന ഞായര്‍ മുതല്‍ ഉയിര്‍പ്പുഞായര്‍ വരെയുള്ള ദിവസങ്ങളാണ് വലിയ ആഴ്ചയായി ആചരിക്കുന്നത്. ഈ ദിവസങ്ങളില്‍ നമ്മുടെ കര്‍ത്താവും രക്ഷകനുമായ ഈശോയുടെ ജീവിതത്തിലെ ഏറ്റവും തീവ്രവവും ഉന്നതവുമായ രഹസ്യങ്ങളുടെ അനുസ്മരണവും ആഘോഷവുമാണ് നടത്തുന്നത്.
കര്‍ത്താവായ ഈശോമിശിഹായിലൂടെ പിതാവായ ദൈവം സാധിച്ച രക്ഷയുടെപ്രവര്‍ത്തനമാണ്, അതിന്റെ അനുസ്മരണമാണ് ഈ ദിവസങ്ങളില്‍ നാം നടത്തുന്നത്. രക്ഷയുടെപ്രവര്‍ത്തനത്തിന്റെ ആകെത്തുകയായിട്ടുളള പരിശുദ്ധാത്മാവിന്റെ ആഗമനമാണ് ഇവിടെ സംഭവിക്കുന്നത്.പരിശുദ്ധാത്മാവ് സഭയെയും ജനതകളെയും ഇന്ന് നയിച്ചുകൊണ്ടിരിക്കുന്നു.
ഇത്രയും ഉന്നതമായ രഹസ്യങ്ങളുടെ അനുസ്മരണവും ആഘോഷവും നമ്മുടെ ജീവിതത്തിലേക്ക് ഏറ്റുവാങ്ങുവാനുള്ള അമൂല്യമായ അവസരമാണ് വലിയ ആഴ്ച. വലിയ ആഴ്ചയില്‍ മാത്രമല്ല ജീവിതത്തിലുടനീളം കര്‍ത്താവിലൂടെ സംഭവിച്ച ഈ രഹസ്യങ്ങളാണ് നാം അനുസ്മരിച്ചു ജീവിക്കുന്നത്. പക്ഷേ ഈ തീവ്രമായ അനുസ്മരണം നമുക്ക് കൂടുതല്‍ ശക്തി നല്കുന്നു. ജീവിതത്തെ മുഴുവനുമാണ് കര്‍ത്താവായ ഈശോമിശിഹായുടെ ജീവിതരഹസ്യങ്ങളോട് ചേര്‍ത്തു ശക്തമാക്കിത്തീര്‍ക്കുന്നത്.
നമ്മുടെ ജീവിതത്തില്‍ സന്തോഷങ്ങളും ദു:ഖങ്ങളുമുണ്ട്. എന്നാല്‍ അവയുടെ നടുവില്‍ സമചിത്തതയോടെ ജീവിക്കാന്‍ നമുക്ക് സാധിക്കുന്നത് ദൈവത്തിന്റെ ശക്തിയാലാണ്. അല്ലെങ്കില്‍ ആ ശക്തി സംഭരിച്ചുകൊണ്ടായിരിക്കണം നാം ജീവിക്കേണ്ടത്. അതാണ് വലിയ ആഴ്ചയുടെ പ്രധാനപ്പെട്ട ഉദ്ദേശ്യം.
സത്യത്തിനും നീതിക്കും കാരുണ്യത്തിനുമെല്ലാം പ്രാധാന്യം നല്കിക്കൊണ്ട് നമ്മള്‍ ജീവിതത്തെ തിരുത്തിക്കുറിക്കേണ്ട സന്ദര്‍ഭമാണ് ഇത്. ഒരിക്കലും വ്യക്തിതാല്പര്യങ്ങള്‍ക്കോ സങ്കുചിതതാല്പര്യങ്ങള്‍ക്കോ വേണ്ടിയോ പ്രവര്‍ത്തിക്കരുത്. അത്തരം താല്പര്യങ്ങള്‍ നമ്മെ തിന്മയിലേക്ക് നയിക്കും.
എങ്ങനെയും പണം സമ്പാദിക്കണം. വസ്തുവകകള്‍ വാരിക്കൂട്ടണം, പദവികള്‍ നേടണം. സ്വാധീനം ഉപയോഗിച്ച് സമൂഹത്തിന്റെ നേതൃനിരയിലേക്ക് വരണം. ഇങ്ങനെയൊക്കെയുള്ള നമ്മുടെ മോഹങ്ങള്‍ മൂലം മറ്റുള്ളവര്‍ക്ക് വ്യക്തിപരമായി ഉണ്ടാക്കുന്ന വേദനകളെയും നഷ്ടങ്ങളെയും കുറിച്ച് നാം ഓര്‍മ്മിക്കുകയോ അവയെ പരിഗണിക്കുകയോ ചെയ്യാറില്ല. അതിന് നാം അറുതിവരുത്തണം.
കര്‍ത്താവിന്റെ ജീവിതത്തില്‍ നാം കാണുന്നത് അതുതന്നെയാണ്.
പുരോഹിതപ്രമുഖരും നിയമഞ്ജരും തങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി ഒരു ജനതയെ ഇളക്കിമറിച്ച് കര്‍ത്താവിനെതിരാക്കുകയും സത്യത്തിനും നീതിക്കും എതിരായി പ്രവര്‍ത്തിക്കുകയും ചെയ്തു. സമൂഹജീവിതം ഇന്ന് ദുസ്സഹമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സഭയിലും സമൂഹത്തിലും നമ്മുടെ കര്‍ത്താവിന്റെ രക്ഷ ആവശ്യപ്പെടുന്നതായ സത്്യത്തിന്റെയും നീതിയുടെയും സ്‌നേഹത്തിന്റെയും കരുതലിന്റെയുമായ ഒരു അന്തരീക്ഷം നാം സൃഷ്ടിച്ചെടുക്കേണ്ടതുണ്ട്.
കര്‍ഷകര്‍ക്ക് അവരുടെ ജീവിതവരുമാനമാര്‍ഗ്ഗങ്ങള്‍ അടഞ്ഞുപോകുന്നു.കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് വിലയിടിവു നേരിട്ടുകൊണ്ടിരിക്കുന്നു. മറ്റൊരു ഭാഗത്ത് വന്യജീവികളുടെ ആക്രമണം.
സുസ്ഥിരമായ ഭരണം ലഭിക്കാന്‍ നമുക്ക് ഇടയാകണം.സഭയും രാഷ്ട്രവും തമ്മില്‍ ഐക്യത്തില്‍ നിലനില്ക്കണമെന്ന നമ്മുടെ പ്രാര്‍ത്ഥന സഫലമാകണം. അതുപോലെ സമൂഹത്തില്‍ യുദ്ധങ്ങള്‍ ഒഴിവാകണം.ഗാസയിലും യുക്രെയ്‌നിലും യുദ്ധങ്ങളുണ്ട്.
യുദ്ധപ്രിയരായ വ്യക്തികള്‍ ചിതറിക്കപ്പെടണം. നമ്മുടെ സമൂഹത്തില്‍ ഭിന്നതകളും കലഹങ്ങളുമുണ്ട്. ഇതൊന്നും കര്‍ത്താവിന്റെ സ്‌നേഹത്തിനും ഐക്യത്തിനും യോജിച്ചതല്ല. പരിപൂര്‍ണ്ണമായ സമൂഹത്തിന്റെ ഐക്യവും കുടുംബഭദ്രതയും രാജ്യങ്ങള്‍ തമ്മിലുള്ള സമാധാനപൂര്‍വ്വമായ അന്തരീക്ഷവുമെല്ലാമാണ് കര്‍ത്താവ് ആഗ്രഹിക്കുന്നത്. അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ നമുക്ക് സാധിക്കണം.
വലിയ ആഴ്ചയുടെ അവസാനദിവസമായ ഉയിര്‍പ്പുതിരുന്നാളിലൂടെ കര്‍ത്താവ് നമുക്ക് നല്കുന്നത് ആത്യന്തികമായ സമാധാനമാണ്. സമാധാനം നിങ്ങളോടുകൂടെ എന്നാണ് അവിടുന്ന ശിഷ്യന്മാര്‍ക്ക് ആശംസകള്‍ നേരുന്നത്. അപ്രകാരമുളള സമാധാനം നമുക്ക് സമൂഹത്തില്‍ പുന:സ്ഥാപിക്കണം. സമാധാനം സ്ഥാപിക്കുന്നവര്‍ ഭാഗ്യവാന്മാര്‍ അവര്‍ ദൈവപുത്രന്മാരെന്ന് വിളിക്കപ്പെടും എന്ന കര്‍ത്താവിന്റെ വാക്കുകള്‍ നമ്മുടെ ജീവിതത്തില്‍ അന്വര്‍ത്ഥമാകണം. കുടുംബജീവിതത്തിലും സമൂഹജീവിതത്തിലും പരസ്പരം സമാധാനം സ്ഥാപിക്കുന്നവരായി നമുക്ക് മാറാം.


