കര്‍ത്താവായ ഈശോമിശിഹായുടെ രക്തംചിന്തല്‍ നമ്മുടെ രക്ഷയ്ക്ക് കാരണമായതുപോലെ അവിടുന്നില്‍ വിശ്വസിക്കുന്നവരായ എല്ലാവരുടെയും രക്തസാക്ഷിത്വം മനുഷ്യസമൂഹത്തിന്റെ രക്ഷയ്ക്ക് സഹായകരമായിത്തീരുന്നുവെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ്. അരുവിത്തുറ ദേവാലയത്തില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാള്‍ദിനത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ച് വചനസന്ദേശം നല്കുകയായിരുന്നു അദ്ദേഹം.
കര്‍ത്താവിന്റെ മാതൃക രക്തസാക്ഷികളിലൂടെ വീരോചിതമായ രക്തസാക്ഷിത്വത്തിലൂടെ സഭയില്‍ തുടരുന്നുണ്ടെന്നും സമൂഹം അത് കാണുന്നുണ്ടെന്നും അതനുസരിച്ച് കര്‍ത്താവിന്റെ രക്തസാക്ഷിത്വത്തിന് കാലികമായ പ്രസക്തി ഉണ്ടാവുന്നുണ്ടെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു. കര്‍ത്താവിന് വേണ്ടി നഷ്ടപ്പെടുത്തിയ ജീവിതം കര്‍ത്താവില്‍ കണ്ടെത്തുന്നത് വിശുദ്ധമായ പ്രക്രിയയാണ്.
ഇതാണ് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിലൂടെ നാം പഠിക്കേണ്ട പാഠം. പൗരസ്ത്യസഭകളില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായ്ക്ക് പ്രത്യേക സ്ഥാനവും വണക്കവുമാണുള്ളത്. പൗരസ്ത്യ സുറിയാനി സഭയുടെ വിശ്വാസപാരമ്പര്യത്തില്‍ നിന്നാണ് ഭാരതത്തില്‍ ഈവിശുദ്ധനോടുള്ള വണക്കം നമുക്ക് ലഭിച്ചത്.
തന്റെ ജീവന്‍ തനിക്കുവേണ്ടി ജീവിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തും. ഈ ലോകജീവിതത്തിലെ താല്പര്യങ്ങള്‍ സംരക്ഷിക്കാനും പണസമ്പാദനത്തിനും സുഖസൗകര്യങ്ങള്‍ക്കും വേണ്ടി പദവിക്കും സ്വാധീനത്തിനും വേണ്ടി ജീവന്‍ കണ്ടെത്തുന്നവന്‍ അത് നഷ്ടപ്പെടുത്തും. എന്നാല്‍ ക്രിസ്തുവിന്റെ മാര്‍ഗ്ഗമനുസരിച്ച് ജീവന്‍ നഷ്ടപ്പെടുത്തുന്നവന്‍ അത് കണ്ടെത്തും.
പിതാവായ ദൈവത്തിന്റെഹിതമനുസരിച്ച് സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തിയവനാണ് ക്രിസ്തു. എന്നാല്‍ അവിടുന്നത് തന്റെ പിതാവില്‍ വീണ്ടും സ്വീകരിച്ചവനാണ്. കുരിശില്‍ നഷ്ടപ്പെടുത്തിയ ജീവന്‍ കുരിശിലെ ഉത്ഥാനത്തിലൂടെ ക്രിസ്തുവീണ്ടും കണ്ടെത്തി. ഇതാണ് നമുക്കും കര്‍ത്താവ് വിധിച്ചിരിക്കുന്ന ജീവിതപാത. ഇതുപൂര്‍ണ്ണമായും മനസ്സിലാക്കിയിരിക്കുന്നവരാണ് തങ്ങളെതന്നെ, തങ്ങളുടെ വ്യക്തിതാല്പര്യങ്ങളെയും മോഹങ്ങളെയും സുഖങ്ങളെയുംപരിത്യജിച്ച് ഈശോമിശിഹായിലൂടെ നമുക്ക് വെളിപെടുത്തിത്തന്ന സത്യത്തിന് വേണ്ടി നീതിക്കും കാരുണ്യത്തിനും വേണ്ടി സ്‌നേഹത്തിനും ക്ഷമയ്ക്കും വേണ്ടി ചെലവഴിക്കുന്നത്. അങ്ങനെയുള്ള അനേകായിരങ്ങളെ അനുദിനജീവിതത്തിലെ രക്തസാക്ഷിത്വത്തിലൂടെ രക്തസാക്ഷികളായവരെ നമുക്ക് കാണാന്‍ കഴിയും.
ഈ ലോകത്തിലെ സുഖസൗകര്യങ്ങളോ സമ്പത്തോ ഒന്നുമല്ല അടിസ്ഥാനപരമായി നമ്മുടെ രക്ഷയ്ക്ക് കാരണമായിരിക്കുന്നത്. ദൈവമഹത്വത്തിനും മറ്റുള്ളവരുടെ നന്മയ്ക്കുംവേണ്ടിയായിരിക്കണം നാം ഇതെല്ലാം ഉപയോഗിക്കേണ്ടത്.
രക്തസാക്ഷിത്വം അനുദിനജീവിതത്തില്‍ നിര്‍വഹിച്ചുകൊണ്ട് കര്‍ത്താവിന്റെ പരിത്യാഗത്തില്‍ നമ്മുടെ ആത്മപരിത്യാഗങ്ങളെ നാം ഉള്‍ച്ചേര്‍ക്കുമ്പോഴാണ് നാം ജീവന്‍ കണ്ടെത്തുന്നതെന്നും ആലഞ്ചേരി പിതാവ് ഓര്‍മ്മിപ്പിച്ചു.


