സഭാനിയമപ്രകാരം ഇടവകയുടെ വസ്തുവകകളും വരുമാനങ്ങളും സൂക്ഷിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും ഇടവകയുടെ പരിപാടികളും കാര്യങ്ങളും നിര്‍വഹിക്കുന്നതിലും ഇടവക വികാരിയെ സഹായിക്കാനും, അജപാലന ശുശ്രൂഷ ചെയ്യുന്നതില്‍ ഇടവക വികാരിയോട് സഹകരിച്ച് പ്രവര്‍ത്തിക്കാനും വേണ്ടി പ്രത്യേകമാംവിധം നിയോഗിക്കപ്പെട്ടിരിക്കുന്ന ഇടവകാംഗങ്ങളാണ് കൈക്കാരന്മാര്‍. രൂപതാനിയമാവലിക്കനുസരിച്ച്, പൊതുയോഗമോ പ്രതിനിധിയോഗമോ ആണ് കൈക്കാരന്മാരെ തിരഞ്ഞെടുക്കുന്നത്. ഈ തിരഞ്ഞെടുപ്പ് രൂപതാധ്യക്ഷന്‍ അംഗീകരിച്ച ശേഷം ക്രമപ്രകാരം സത്യപ്രതിജ്ഞ ചെയ്തു കഴിയുമ്പോഴാണ് ഒരാള്‍ക്ക് കൈക്കാരനായി ഔദ്യോഗിക ചുമതലകള്‍ ഏറ്റെടുക്കാനായി സാധിക്കുന്നത്. മദ്ബഹായുടെ കവാടത്തിങ്കല്‍ വച്ച് ഇടവകവികാരിയില്‍നിന്നു താക്കോല്‍ സ്വീകരിച്ചുകൊണ്ട് കൈക്കാരന്‍ ചുമതല ഏല്‍ക്കുകയും, ഔദ്യോഗികകാലാവധി തീരുമ്പോള്‍ കണക്കുകള്‍ തീര്‍ത്തുകഴിഞ്ഞ്, അതുപോലെതന്നെ മദ്ബഹായുടെ കവാടത്തിങ്കല്‍ വച്ച് താക്കോലുകളും കണക്കുപുസ്തകങ്ങളും ഇടവകവികാരിയെ തിരിച്ചേല്പിച്ച് ചുമതല ഒഴിയുകയും ചെയ്യുന്നു. സവിശേഷസാഹചര്യങ്ങളില്‍ രൂപതാധ്യക്ഷന് നേരിട്ട് ഒരു ഇടവകയിലേക്ക് കൈക്കാരനെ നിയമിക്കാനും അധികാരമുണ്ട്.
ഒരു ഇടവകയില്‍ എത്ര കൈക്കാരന്മാരാണ് സേവനമനുഷ്ഠിക്കേണ്ടത് എന്ന് തീരുമാനിക്കുന്നത് പൊതുയോഗമാണ്. ഇടവകയുടെ വലുപ്പമനുസരിച്ച് കൈക്കാരന്മാരുടെ എണ്ണം രണ്ടില്‍ കുറയാത്തവിധം പൊതുയോഗം നിശ്ചയിക്കണം. കൈക്കാരന്മാരെ തിരഞ്ഞെടുക്കുന്നത് ഒരു വര്‍ഷത്തേക്കാണ്. അടുത്തവര്‍ഷത്തേക്കുകൂടി അവരെ വീണ്ടും തിരഞ്ഞെടുക്കാം. എന്നാല്‍, രൂപതാധ്യക്ഷന്റെ പ്രത്യേകം അനുവാദം കൂടാതെ തുടര്‍ച്ചയായി മൂന്നുപ്രാവശ്യം അവരെ തെരഞ്ഞെടുക്കുവാന്‍ പാടില്ല.
കൈക്കാരന്മാര്‍ അവരുടെ എണ്ണത്തിനനുസൃതമായി വര്‍ഷത്തെ തുല്യഘട്ടങ്ങളായി ഭാഗിക്കുകയും ഓരോരുത്തരും പ്രായമോ സൗകര്യമോ അനുസരിച്ച് ഓരോ ഘട്ടത്തിലും ഉദ്യോഗത്തിന്റെ പ്രധാനചുമതല സ്വീകരിക്കുകയും ചെയ്യാം. ഇപ്രകാരം ഓരോ ഘട്ടത്തിലും പ്രധാന ചുമതല വഹിക്കുന്ന കൈക്കാരനെ നടത്തുകൈക്കാരന്‍ എന്നും മറ്റു കൈക്കാരന്മാരെ കൂട്ടുകൈക്കാരന്മാര്‍ എന്നും വിളിക്കുന്നു.
കൈക്കാരന്മാര്‍ ഇരുപത്തിയൊന്നു വയസ്സില്‍ കുറയാത്തവരും വിശ്വസ്തരും സത്യസന്ധരും കാര്യക്ഷമതയുള്ളവരും സേവനമനോഭാവമുള്ളവരും പള്ളിക്കുടിശികയൊന്നുമില്ലാത്തവരും രൂപതാ നിയമാവലിയില്‍ വ്യക്തമാക്കിയിട്ടുള്ള മറ്റു യോഗ്യതകളുള്ളവരുമായിരിക്കണം. സഭയുടെ വിശ്വാസത്തെയും പ്രബോധനങ്ങളെയും പരസ്യമായി എതിര്‍ക്കുന്നവര്‍, പള്ളിക്കുറ്റത്തില്‍ ജീവിക്കുന്നവര്‍, പരസ്യപാപികള്‍, സന്മാര്‍ഗഭ്രംശപരമായ കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ടവരും എന്നാല്‍ പിന്നീട് ജീവിത നവീകരണം പ്രാപിച്ചിട്ടില്ലാത്തവരുമായ വ്യക്തികള്‍, വാര്‍ഷിക പെസഹാചുമതലകളില്‍ വീഴ്ച വരുത്തിയവര്‍, സ്ഥിരബുദ്ധിയില്ലാത്തവര്‍, മനപ്പൂര്‍വ്വം സഭാനിയമങ്ങള്‍ ലംഘിക്കുന്നവര്‍, പരസ്യമദ്യപാനികള്‍, ലഹരിക്ക് അടിമകള്‍ ആയിട്ടുള്ളവര്‍ എന്നിങ്ങനെയുള്ളവര്‍ക്ക് കൈക്കാരന്മാര്‍ ആകാന്‍ സാധിക്കുകയില്ല. അതുപോലെ തന്നെ അക്കൗണ്ടന്റിനെയോ ദൈവാലയശുശ്രൂഷിയെയോ, തിരഞ്ഞെടുക്കുവാന്‍ പാടില്ലെന്നു രൂപതാനിയമാവലി വ്യക്തമായി പറഞ്ഞിട്ടുള്ളവരെയോ കൈക്കാരന്മാരായി തിരഞ്ഞെടുക്കാന്‍ പാടില്ല.
കൈക്കാരന്മാര്‍ പ്രതിഫലമോ അലവന്‍സോ സ്വീകരിക്കാന്‍ പാടില്ല. എന്നിരുന്നാലും, അവരുടെ സാന്നിദ്ധ്യം ഏറെ സമയത്തേക്കു വേണ്ടിവരുന്ന ദിവസങ്ങളില്‍, അപ്രകാരം ഏര്‍പ്പെടുന്ന കാലം മുഴുവനും, ഇടവകയുടെ ഫണ്ടില്‍നിന്ന് അവരുടെ അനുദിനച്ചെലവുകള്‍ നടത്താന്‍ അവര്‍ക്ക് അര്‍ഹതയുണ്ട്. ഇക്കാര്യത്തിനു ബജറ്റില്‍ തുക വകയിരുത്താവുന്നതാണ്.
കൈക്കാരന്‍ കുടുംബനാഥന്‍ അല്ലെങ്കില്‍ പോലും പൊതുയോഗാംഗമാണ്. അതുപോലെ തന്നെ പ്രതിനിധിയോഗത്തിലെ എക്‌സ് ഒഫീഷ്യോ അംഗവുമാണ്.
അടിയന്തരസന്ദര്‍ഭങ്ങളില്‍ കൈക്കാരന്മാരുടെ രാജി സ്വീകരിക്കാന്‍ രൂപതാധ്യക്ഷന് അവകാശം ഉണ്ട്. അതുപോലെതന്നെ ഒരു കൈക്കാരനെ കടമയെ സംബന്ധിച്ച അശ്രദ്ധ, സത്യസന്ധതയില്ലായ്മ, കഴിവില്ലായ്മ, സാമ്പത്തിക ദുര്‍ന്നടത്ത, സന്മാര്‍ഗ്ഗഭ്രംശം ഉള്‍ക്കൊള്ളുന്ന കുറ്റങ്ങള്‍ എന്നീ കാരണങ്ങളാല്‍ കൈക്കാരനെ മാറ്റാനുള്ള അവകാശവും രൂപതാധ്യക്ഷനുണ്ട്. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ തന്റെ ഭാഗം വിശദീകരിക്കാനുള്ള അവസരം ആരോപണവിധേയനായ കൈക്കാരന് നല്കിയിരിക്കണം. സാധാരണ സാഹചര്യങ്ങളില്‍ കൈക്കാരന്മാര്‍ക്കെതിരെ പരാതികള്‍ ഉയര്‍ന്നാല്‍ രൂപതക്കച്ചേരിയിലോ രൂപതയിലെ ഭരണനിര്‍വാഹകക്കോടതിയിലോ സമര്‍പ്പിച്ച് കാനോനികനടപടിക്രമങ്ങള്‍ ചെയ്യാവുന്നതാണ്.
കൈക്കാരന് സ്വതന്ത്രമായി സഭയുടെ പേരില്‍ തീരുമാനങ്ങളെടുക്കുകയോ സ്വത്തുക്കള്‍ വില്‍ക്കുകയോ കരാറുകളില്‍ ഏര്‍പ്പെടുകയോ ചെയ്യാന്‍ അധികാരമില്ല. ഇടവകയുടെ നിയമപരമായ ഭരണാധികാരി വികാരിയാണ്. അദ്ദേഹത്തിന്റെ ചുമതലകളില്‍ സഹായിക്കുകയും സഹകരിക്കുകയും ചെയ്യേണ്ടയാളാണ് കൈക്കാരന്‍. പൊതുയോഗത്തിന്റെയും പ്രതിനിധിയോഗത്തിന്റെയും താല്പര്യങ്ങള്‍ കൂടി പരിഗണിച്ചുകൊണ്ട് സഭാ നിയമങ്ങള്‍ക്കും സിവില്‍ നിയമങ്ങള്‍ക്കും അധിഷ്ഠിതമായി വികാരിയച്ചനോട് ചേര്‍ന്ന് കൈക്കാരന്മാര്‍ പ്രവര്‍ത്തിക്കേണ്ടതാണ്.
പള്ളി സ്വത്തുക്കളുടെയും കെട്ടിടങ്ങളുടെയും പരിപാലനം, സഭാനിയമങ്ങള്‍ക്കും രാഷ്ട്രനിയമങ്ങള്‍ക്കും അനുസരിച്ച് ഇടവകയുടെ വരവ്‌ചെലവുകള്‍ക്കും സാമ്പത്തിക ഇടപാടുകള്‍ക്കും മേല്‍നോട്ടം വഹിക്കല്‍, ഇടവകയിലെ വിവിധ പ്രവര്‍ത്തനങ്ങളില്‍ വികാരിയെ സഹായിക്കല്‍, ഇടവകയോഗം അല്ലെങ്കില്‍ പള്ളിയോഗത്തിന്റെ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ സഹകരിക്കല്‍, തിരുനാള്‍, ആഘോഷങ്ങള്‍, നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയുടെ നടത്തിപ്പില്‍ നേതൃത്വം നല്‍കല്‍, കൃഷിപ്പണികളുടെ മേല്‍നോട്ടം എന്നിവ കൈക്കാരന്മാരുടെ ചുമതലകളാണ്. ഇടവകയിലെ സ്ഥാവരജംഗമ വസ്തുക്കളുടെ മുറിച്ചാര്‍ത്ത് തയ്യാറാക്കി സൂക്ഷിക്കേണ്ടതും ആധാരങ്ങള്‍, ധാരണപത്രങ്ങള്‍, സിവില്‍ നിയമപരമായ വിവിധ രേഖകള്‍ തുടങ്ങിയവ യഥാവിധി സൂക്ഷിക്കേണ്ടതും കൈക്കാരന്മാരുടെ ഉത്തരവാദിത്തമാണ്.
സാമ്പത്തിക ഇടപാടുകളുടെ കണക്കുകളും അതിനോട് അനുബന്ധിച്ചുള്ള ബില്ലുകള്‍, വൗച്ചറുകള്‍, രസീതുകള്‍ തുടങ്ങിയവയും വികാരിയച്ചനും കൈക്കാരന്മാരും കൃത്യമായി സൂക്ഷിക്കേണ്ടതും കൃത്യതയോടെ കണക്കുകള്‍ എഴുതേണ്ടതുമാണ്. വികാരിയച്ചന്‍ ആവശ്യപ്പെടുമ്പോള്‍ കണക്കുകള്‍ ഹാജരാക്കാനുള്ള ഉത്തരവാദിത്വം കൈക്കാരന്മാര്‍ക്കുണ്ട്. ഇടവകയുടെ നാള്‍വഴി (ജേര്‍ണല്‍), പേരേട് (ലെഡ്ജര്‍) ആണ്ടുതെരട്ട് എന്നിവയും രൂപതാനിയമാവലി അനുശാസിക്കുന്നെങ്കില്‍ മാസത്തെരട്ട്, കുറുംതെരട്ട്, അര്‍ദ്ധവാര്‍ഷികത്തെരട്ട് എന്നിവയും എഴുതി സൂക്ഷിക്കണം. ഇടവകയ്ക്ക് നഷ്ടംവരത്തക്ക വിധം കണക്കില്‍ പൊരുത്തക്കേടോ പണക്കുറവോ കണ്ടെത്തിയാല്‍ നഷ്ടത്തിന്റെ ഉത്തരവാദിയില്‍ നിന്നും (ഇടവകവികാരി / കൈക്കാരന്‍) അത് ഈടാക്കേണ്ടതാണ്. ഭണ്ഡാരവും നേര്‍ച്ചപ്പെട്ടിയും തുറന്ന് തുക എണ്ണിത്തിട്ടപ്പെടുത്തി രേഖ സൂക്ഷിക്കേണ്ടത് നടത്തുകൈക്കാരനാണ്. എന്നാല്‍ തുറക്കുമ്പോള്‍ ഇടവക വികാരിയുടെയോ കൂട്ടുകൈക്കാരന്റെയോ അല്ലെങ്കില്‍ ഇടവകവികാരി ചുമതലപ്പെടുത്തുന്ന വ്യക്തിയുടെയോ സാന്നിധ്യമുണ്ടായിരിക്കേണ്ടതും രേഖയില്‍ ടിയാള്‍കൂടി ഒപ്പ് വയ്‌ക്കേണ്ടതുമാണ്.
രൂപതാധ്യക്ഷന്റെ അനുവാദത്തോടെ ഇടവകവികാരി നിയമിക്കുകയാണെങ്കില്‍ കോടതികളിലും ട്രൈബൂണലുകളിലും നിയമപരമോ തത്തുല്യസ്വഭാവമുള്ളതോ ആയ സവിശേഷകേസുകളില്‍ ഇടവകയുടെയോ അതിന്റെ സ്ഥാപനങ്ങളുടേയോ പ്രതിനിധിയായി കൈക്കാരന്മാര്‍ക്ക് ഹാജരാകാവുന്നതാണ്.
ഇടവകവികാരി സ്ഥലം മാറ്റപ്പെടുമ്പോള്‍, രൂപതയുടെ പ്രത്യേക നിയമാവലിക്കു വിധേയമായി, കണക്കുപുസ്തകങ്ങള്‍, പാസുബുക്കുകള്‍ എന്നിവയും മറ്റു പ്രമാണരേഖകളും നീക്കിയിരിപ്പുപണവും ജംഗമവസ്തുക്കളുടെ ലിസ്റ്റും നടത്തുകൈക്കാരന്‍ കൈപ്പറ്റുകയും പുതിയ ഇടവകവികാരി ചുമതലയേറ്റാലുടന്‍ അദ്ദേഹത്തെ ഏല്പിക്കുകയും ചെയ്യേണ്ടതാണ്. എന്നാല്‍, ഒരു അസിസ്റ്റന്റ്് ഇടവകവികാരിയുണ്ടെങ്കില്‍ ഭരണപരമായ ഉത്തരവാദിത്വം മുഴുവനും അസിസ്റ്റന്റ് ഇടവകവികാരിയെയാണ് ഏല്പിക്കേണ്ടത്.
റവ. ഡോ. മാത്യു ശൗര്യാംകുഴി



