വിവാഹത്തോടനുബന്ധിച്ചു സീറോമലബാർസഭയിൽ ഏതെല്ലാം കുറികളാണ് (Forms) കൈമാറ്റം ചെയ്യേണ്ടത്? ഓരോ കുറികളുടെയും ഉദ്ദേശ്യം എന്താണ്?
വിവാഹത്തോടനുബന്ധിച്ച് അഞ്ചു തരം കുറികളാണ് (Forms) കൈമാറ്റം ചെയ്യേണ്ടതെന്ന് സീറോമലബാർസഭയുടെ പ്രത്യേക നിയമം Article 151 അനുശാസിക്കുന്നു.
1. A കുറി (Form A)
ആദ്യത്തെ കുറിയെ ‘A കുറി’ അല്ലെങ്കിൽ ‘മനസ്സമ്മതക്കുറി’ എന്നു വിളിക്കുന്നു. മനസ്സമ്മതത്തോടനുബന്ധിച്ചാണ് ‘A കുറി’ നല്കുന്നത്. സാധാരണഗതിയിൽ വരന്റെ ഇടവകവികാരി വധുവിന്റെ ഇടവകവികാരിക്കു കൈമാറുന്ന കുറിയാണു മനസ്സമ്മതക്കുറി. മനസ്സമ്മതത്തിനായിട്ടു വരുന്ന ആൾ തന്റെ ഇടവകയിൽപ്പെട്ട ആളാണെന്നു വരന്റെ വികാരി സാക്ഷ്യപ്പെടുത്തുന്ന സാക്ഷ്യപത്രമായി ഇതിനെ കാണാവുന്നതാണ്. വധുവിന്റെ ഇടവകയിലല്ല മനസ്സമ്മതം നടക്കുന്നതെങ്കിൽ വരന്റെ വികാരിയും വധുവിന്റെ വികാരിയും മനസ്സമ്മതം നടക്കുന്ന പള്ളിയിലെ വികാരിക്ക് ‘A കുറി’ കൈമാറണം.
2. B കുറി (Form B)
രണ്ടാമത്തെ കുറിക്കു പറയുന്ന പേര് ‘B കുറി’ എന്നാണ്. സാധാരണഗതിയിൽ മനസമ്മതം പരികർമംചെയ്ത വധുവിന്റെ ഇടവകവികാരി, വരന്റെ ഇടവകവികാരിക്കു മുകളിൽ പറഞ്ഞ കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് നല്കുന്ന കുറിക്കാണ് ‘B കുറി’ എന്ന് പറയുന്നത്. മനസമ്മതം ഇന്ന ഇടവകയിൽ നടന്നുവെന്നും വിവാഹത്തിനുമുമ്പുള്ള വിളിച്ചുചൊല്ലൽ നടത്തേണ്ട തീയതികളെക്കുറിച്ചും വിവാഹം നടത്താൻ ഉദ്ദേശിക്കുന്ന ദിവസത്തേക്കുറിച്ചും ‘B കുറി’ യിൽ പരാമർശിച്ചിരിക്കും. മനസ്സമ്മതം നടന്നതിനുള്ള Certification ആയിട്ടാണ് ഈ കുറിയെ കാണുന്നത്. വരന്റെയും വധുവിന്റെയും ഇടവകയിലല്ല മനസമ്മതം നടന്നതെങ്കിൽ വരന്റെയും വധുവിന്റെയും ഇടവകകളിലേക്കു മനസമ്മതം നടത്തിയ പള്ളിയിൽനിന്നു ‘B കുറി’ നല്‌കേണ്ടതാണ്.
3. C കുറി (Form C)
മൂന്നാമത്തെ കുറിക്കു പറയുന്ന പേര് ‘C കുറി’ അഥവാ ‘കെട്ടുകുറി’ എന്നാണ്. ‘ദേശക്കുറി’ എന്നും ഇതിനു പേരുണ്ട്. വിവാഹം നടത്തുന്നതിനു വധുവിനും വരനും കാനോനികമായി യാതൊരു തടസ്സവും ഇല്ല എന്നുളള സാക്ഷ്യപത്രമായി ‘C കുറി’യെ കാണാവുന്നതാണ്. സാധാരണഗതിയിൽ വധുവിന്റെ ഇടവകയിൽനിന്നു വിവാഹം നടക്കുന്ന വരന്റെ ഇടവകവികാരിക്ക് ‘C കുറി’ കൈമാറണം. വരന്റെയും വധുവിന്റെയും ഇടവകയിലല്ല വിവാഹം നടക്കുന്നതെങ്കിൽ വരന്റെയും വധുവിന്റെയും വികാരിമാർ വിവാഹം പരികർമം ചെയ്യപ്പെടുന്ന ദൈവാലയത്തിലെ വികാരിക്കു കെട്ടുകുറി കൈമാറേണ്ടതാണ്.
4. D കുറി (Form D)
നാലാമത്തെ കുറിക്കു പറയുന്ന പേര് ‘D കുറി’ എന്നാണ്. വിവാഹം നടന്നു എന്നതിന്റെ സാക്ഷ്യപത്രമാണ് ‘D കുറി’. വിവാഹം നടന്ന ഇടവകയിൽനിന്നു കൊടുത്തുവിടുന്ന കുറിക്കാണ് ‘D കുറി’ എന്നു പറയുന്നത്. വരന്റെ ഇടവകയിലാണ് വിവാഹം നടന്നതെങ്കിൽ വധുവിന്റെ ഇടവകയിലേക്കും, രണ്ടു പേരുടെയും ഇടവകയിലല്ലെങ്കിൽ വരന്റെയും വധുവിന്റെയും ഇടവകകളിലേക്കും വരന്റെയും വധുവിന്റെയും മാമ്മോദീസാ അവരുടെ ഇടവകളിലല്ല നടന്നതെങ്കിൽ അവരെ മാമ്മോദീസാ മുക്കിയ ഇടവകകളിലേക്കും ‘D കുറി’ അഥവാ വിവാഹസാക്ഷ്യക്കുറി നല്‌കേണ്ടതാണ് (CCEO c. 841§ 2). വിവാഹം നടന്നു എന്നതു വിവാഹ രജിസ്റ്ററിലും മാമ്മോദീസാ രജിസ്റ്ററിലും രേഖപ്പെടുത്തുന്നതിനാണ് ‘D കുറി’ നല്കുന്നത്.
5. E കുറി (Form E)
അഞ്ചാമത്തെ കുറിക്ക് പറയുന്ന പേര് ‘E കുറി’ എന്നാണ്. ‘D കുറി’യുടെ അടിസ്ഥാനത്തിൽ വിവാഹ രജിസ്റ്ററിലും, മാമ്മോദീസാ രജിസ്റ്ററിലും ഇന്ന വ്യക്തിയുടെ വിവാഹം നടന്നു എന്ന് എഴുതിച്ചേർക്കണമെന്നു നിയമം പറയുന്നു. ഇത് രജിസ്റ്ററുകളിൽ രേഖപ്പെടുത്തി എന്ന വിവരം വിവാഹം നടന്ന ദൈവാലയത്തിലെ വികാരിയെ അറിയിക്കുന്നതിനാണ് ‘E കുറി’ നല്കുന്നത്.
റവ. ഡോ. ജോസഫ് മറ്റത്തിൽ


