എപ്പോഴാണ് ഒരാള്‍ മദ്യത്തിനടിമയാണെന്ന് പറയുന്നത്? താഴെപ്പറയുന്ന ലക്ഷണങ്ങളില്‍ കുറഞ്ഞത് മൂന്നെണ്ണമെങ്കിലും കാണിക്കുന്നുണ്ടെങ്കില്‍ ഒരാള്‍ മദ്യത്തിനടിമയാണെന്ന് നിസ്സംശയം പറയാം. മദ്യപിക്കാനുള്ള അതിയായ ആഗ്രഹം, സ്വന്തം നിലയ്ക്ക് മദ്യപാനം നിര്‍ത്താനോ അളവ് കുറയ്ക്കാനോ കഴിയാത്ത അവസ്ഥ, മദ്യം കിട്ടാത്തപ്പോള്‍ ശാരീരികവും മാനസികവുമായ അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുക, മുന്‍പ് കിട്ടിയിരുന്ന ലഹരി കിട്ടാന്‍ കൂടുതല്‍ കൂടുതല്‍ മദ്യം കഴിക്കേണ്ടിവരുന്ന അവസ്ഥയിലേക്ക് പോകുക, ജീവിതത്തില്‍ സന്തോഷം നല്‍കുന്ന മറ്റു കാര്യങ്ങളിലൊന്നും ശ്രദ്ധിക്കാതെ മദ്യപാനത്തില്‍ മാത്രം ആനന്ദം കണ്ടെത്തല്‍, മദ്യപാനം കൊണ്ടുളള ദോഷഫലങ്ങള്‍ കണ്ടുതുടങ്ങിയാലും മദ്യപാനം നിറുത്താന്‍ സാധിക്കാത്ത അവസ്ഥ വരുന്നത്.
മദ്യപാനം നിര്‍ത്തുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍
എത്ര കാലം മദ്യം കഴിച്ചു, മദ്യം കഴിക്കാറുള്ള അളവ്, ആളുടെ പ്രത്യേകതകൾ എന്നിവയനുസരിച്ച് ഇവ വ്യത്യാസപ്പെട്ടിരിക്കും. വലിയ അളവില്‍ സ്ഥിരമായി മദ്യപിക്കുന്നവര്‍ക്ക് പെട്ടെന്ന് അളവ് കുറച്ചാലും പ്രശ്‌നങ്ങള്‍ വരാം. വിറയല്‍, ഓക്കാനം, ഛര്‍ദി, ക്ഷീണം, തലവേദന, ദേഷ്യം, ഉറക്കക്കുറവ് എന്നിവയാണ് പെട്ടെന്നുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ ആദ്യം വരുന്ന ലക്ഷണങ്ങള്‍. ഉറക്കക്കുറവ് മാസങ്ങളോളം തുടര്‍ന്നു എന്നു വരാം.
മിഥ്യാഭ്രമങ്ങള്‍
ഏകദേശം 25% ആളുകളില്‍ മദ്യം നിര്‍ത്തുമ്പോള്‍ മിഥ്യാഭ്രമങ്ങള്‍ കാണുന്നു. മദ്യം നിര്‍ത്തി സാധാരണ 48 മണിക്കൂറിനുള്ളിലാണ് ഇത് തുടങ്ങുന്നത്. അശരീരിശബ്ദങ്ങളാണ് രോഗി അനുഭവിക്കുക. പലപ്പോഴും പേടിപ്പെടുത്തുന്നതോ കുറ്റപ്പെടുത്തുന്നതോ ആയിരിക്കും ഈ ശബ്ദങ്ങള്‍. അപസ്മാര ലക്ഷണങ്ങള്‍ പോലെ, മദ്യം നിര്‍ത്തി ആറു മണിക്കൂറിനും 48 മണിക്കൂറിനും ഇടയില്‍ സംഭവിക്കുന്നു. പല പ്രാവശ്യമായി ആവര്‍ത്തിച്ചുവരാം.
ഡെലിറിയം ട്രെമന്‍സ്
മദ്യം നിര്‍ത്തുമ്പോഴുണ്ടാകുന്ന ഗുരുതരമായ ഈ അവസ്ഥയില്‍ രോഗിക്ക് സ്ഥലകാലവിഭ്രാന്തി, വിറയല്‍ എന്നിവയുണ്ടാകാം. കൂടാതെ അമിതമായ വിയര്‍പ്പ്, ഓക്കാനം, ഛര്‍ദി, വിഭ്രമജനകമായ മായക്കാഴ്ചകള്‍, ശബ്ദങ്ങള്‍ തുടങ്ങിയവ അനുഭവപ്പെടാം. പിച്ചുപേയും പറയുന്നതും സാധാരണമാണ്. വൈദ്യപരിചരണത്തിലല്ലാതെ, അമിത മദ്യപാനം നിര്‍ത്തുന്നവരില്‍ പത്തുശതമാനം പേരില്‍ ഈ അവസ്ഥ കാണുന്നു. തീവ്രമായ ലക്ഷണങ്ങള്‍ മൂന്നു ദിവസത്തിനുള്ളില്‍ പ്രത്യക്ഷപ്പെട്ട് ഒരാഴ്ചയില്‍ത്തന്നെ കുറയാം. എന്നാല്‍ അഞ്ചു ശതമാനം ആളുകളില്‍ മരണം സംഭവിക്കാം. അതുകൊണ്ട് അടിയന്തിരചികിത്സ ആവശ്യമുള്ള അവസ്ഥയാണിത്. പല മാനസികരോഗങ്ങളും മദ്യപിക്കുന്നവരില്‍ മറ്റുള്ളവരെക്കാള്‍ കൂടുതലായി കാണുന്നു. വിഷാദരോഗം മദ്യപരില്‍ വളരെ സാധാരണമാണ്. മദ്യം നിര്‍ത്തുമ്പോള്‍ താത്ക്കാലികമായും വിഷാദലക്ഷണങ്ങള്‍ കണ്ടേക്കാം. മദ്യപന്മാരില്‍ ആത്മഹത്യാനിരക്ക് 15% ആണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു . ഇത് മദ്യപിക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കൂടുതലാണ്. ഉത്കണ്ഠാരോഗങ്ങള്‍ 30% മദ്യപരില്‍ കാണുന്നുണ്ട്. അമിത മദ്യപാനം ചെയ്യുന്നവരില്‍ പൊതുവേ കൂടുതല്‍ പുകവലിക്കുന്നതും മറ്റു മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നതിനുള്ള സാധ്യതയും കൂടുതലാണ്.
ഫാ.ഡോ.സിജോ കുഴിക്കാട്ടുമ്യാലില്‍
കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ്



