സീറോമലബാർ സഭയിലെ വിശുദ്ധർ

Published on

ഭാരതത്തിൽ നിന്നുള്ള പ്രഥമ വിശുദ്ധ അൽഫോൻസാമ്മയ്ക്ക് ശേഷം ചാവറ കുര്യാക്കോസ് ഏലിയാസച്ചനും എവുപ്രാസ്യമ്മയും മറിയംത്രേസ്യയും വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ടിരിക്കുകയാണ്. സഹനത്തിന്റെ ആത്മീയത പറഞ്ഞു തന്ന വിശുദ്ധ അൽഫോൻസാമ്മയും ആത്മീയതയുടെയും അറിവിന്റെയും അനശ്വര വെളിച്ചം പകർന്നു തന്ന നവോത്ഥാന നായകനായ ചാവറയച്ചനും പ്രാർത്ഥനയുടെ അമ്മയായ എവുപ്രാസ്യമ്മയും ഗാർഹിക സഭയുടെ പ്രവാചകയായ മറിയം ത്രേസ്യയും ഭാരത സഭയുടെ പ്രത്യേകിച്ച് സീറോമലബാർ സഭയുടെ കെടാവിളക്കുകൾ ആണ്.

ഒരു വ്യക്തി വിശുദ്ധൻ അഥവാ വിശുദ്ധ ആകുന്നതോടുകൂടി ദൈവമായി  തീരുകയോ മാലാഖയായി മാറുകയോ ചെയ്യുന്നില്ല. ഒരു നല്ല മനുഷ്യ ജീവിതത്തിനും ക്രൈസ്തവസാക്ഷ്യത്തിനും സഭ നൽകുന്ന അംഗീകാര മുദ്രയാണ് വിശുദ്ധപദവി.  ദൈവൈക്യത്തിലും സഹോദര സ്നേഹത്തിലും ജീവിച്ച പുണ്യവ്യക്തിത്വങ്ങളെ മാതൃകയും മധ്യസ്ഥരും എന്ന നിലയിൽ പരിചയപ്പെടുത്തി കൊടുക്കുന്ന സഭയുടെ ഔദ്യോഗിക പ്രവർത്തിയാണ് വിശുദ്ധ പദവി പ്രഖ്യാപനം. ഇവരുടെ ജീവിത വഴികൾ നമുക്കും സ്വർഗ്ഗത്തിൽ എത്തിച്ചേരാനുള്ള മാർഗ്ഗദീപങ്ങൾ ആണെന്നാണ് സഭ പ്രഖ്യാപിക്കുന്നത്. സീറോമലബാർ സഭയിലെ ഈ നാലു വിശുദ്ധരുടെയും ജീവിതത്തെ മനസ്സിലാക്കുന്നതിലൂടെ, നമ്മുടെ ജീവിതം ദൈവത്തിന് പ്രീതികരവും സമൂഹത്തിന് മാതൃകാപരവും കുടുംബത്തിന് അനുഗ്രഹദായകവുമാക്കിതീർക്കുവാൻ ഉപകരിക്കും എന്നതിൽ സംശയമില്ല.

വിശുദ്ധ അൽഫോൻസാമ്മ

വിശുദ്ധ തോമാശ്ലീഹായുടെ പാദസ്പർശനമേറ്റ ഭാരത മണ്ണിൽ മണ്മറഞ്ഞു പോയ പുണ്യാത്മാക്കൾക്കിടയിൽ സഹനത്തിന്റെ മാലാഖയായി  സൗരഭ്യം പരത്തി ആത്മീയ തേജസ്സോടെ ശോഭിച്ചു നിൽക്കുന്ന വി. അൽഫോൻസാമ്മ ഭാരതസഭയിലെ പ്രഥമ വിശുദ്ധയാണ്. 1910 ഓഗസ്റ്റ് 1ന് കോട്ടയം ജില്ലയിലെ കുടമാളൂരിലെ മുട്ടത്തുപാടത്ത് കുടുംബത്തിൽ ജോസഫിന്റെയും മേരിയുടെയും നാലാമത്തെ മകളായി അന്നക്കുട്ടി എന്ന അൽഫോൻസാ ജനിച്ചു.  മൂന്നു മാസങ്ങൾക്കുശേഷം അവളുടെ മാതാവ് മരിച്ചു. പിന്നീട് വളർത്തിയത് അമ്മയുടെ സഹോദരിയായ അന്നമ്മ ആണ്.  മുട്ടുചിറയിലുള്ള മുരിക്കൻ  ഭവനത്തിൽ വളരെ ചിട്ടയിലും നിയന്ത്രണത്തിലും പേരമ്മ അന്നക്കുട്ടിയെ വളർത്തി. വിവാഹ പ്രായമായപ്പോൾ അവളുടെ പേരമ്മ സൽസ്വഭാവിയായ ഒരാളെ കൊണ്ട് അന്നക്കുട്ടിയെ വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചു . ക്രിസ്തുവിന്റെ മണവാട്ടി ആകാൻ താല്പര്യമുണ്ടായിരുന്ന അന്നക്കുട്ടി അതിന് തയ്യാറായില്ല. ഒടുവിൽ  1927 മെയ് 24ന്  അവൾ ഭരണങ്ങാനത്തുള്ള ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സിസ്റ്റേഴ്സിന്റെ മഠത്തിൽ ചേർന്നു. കന്യാസ്ത്രീ ആകുന്നതിന്റെ  ആദ്യപടിയായി 1928 ഓഗസ്റ്റ് 2ന് അന്നക്കുട്ടി ശിരോവസ്ത്രം സ്വീകരിച്ചു. ആ ദിവസം വി. അൽഫോൻസ് ലിഗോരിയുടെ തിരുനാൾദിനം ആയിരുന്നതിനാൽ അൽഫോൻസാ എന്ന നാമമാണ് അവൾക്ക് നൽകപ്പെട്ടത്. 1930 മെയ്‌ 19ന് ഭരണങ്ങാനം ഫൊറോന പള്ളിയിൽ വച്ച് ചങ്ങനാശ്ശേരി രൂപതാ മെത്രാൻ ആയിരുന്ന മാർ ജെയിംസ്
കാളശ്ശേരിയിൽ നിന്നും സഭാവസ്ത്രം സ്വീകരിക്കുകയും ചെയ്തു. തുടർന്ന് കോട്ടയം ജില്ലയിലെ വാകക്കാട് എന്ന സ്ഥലത്തെ ക്ലാരമഠം വക പ്രൈമറി സ്കൂളിൽ അദ്ധ്യാപികയായി പ്രവർത്തിച്ചു. എന്നാൽ അനാരോഗ്യം നിമിത്തം ഒരു വർഷം മാത്രമാണ് ആ സ്ഥാനത്തു തുടരുവാൻ സാധിച്ചത്. 1935 ഓഗസ്റ്റ് 12ന് ചങ്ങനാശ്ശേരി ക്ലാരമഠത്തിൽ നോവിഷ്യേറ്റിനായി പ്രവേശിച്ചു. അവിടെയും കഠിനമായ രോഗങ്ങൾ  അൽഫോൻസയെ  പിന്തുടർന്നു. വിശുദ്ധ  ചാവറ പിതാവിന്റെ മധ്യസ്ഥതയാൽ ഒരിക്കൽ അവൾ അത്ഭുതകരമായി സൗഖ്യം പ്രാപിച്ചു. എന്നാൽ പിന്നീടും വിവിധതരത്തിലുള്ള അസുഖങ്ങളാൽ അൽഫോൻസാ ഏറെ സഹനങ്ങൾ ഏറ്റുവാങ്ങി. ടൈഫോയിഡും ന്യുമോണിയയും ഒന്നിനുപുറകെ ഒന്നായി പിടികൂടിയിരുന്നു. 1945 ആയപ്പോഴേക്കും രോഗങ്ങൾ അതികലശലായി.  ആമാശയവീക്കവും ഉദരസംബന്ധമായ അസുഖങ്ങളും വല്ലാതെ അലട്ടി. രോഗാവസ്ഥയുടെ പാരമ്യതയിൽ 1946 ജൂലൈ 28ന് ഭരണങ്ങാനം ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് മഠത്തിൽ വച്ച് സിസ്റ്റർ അൽഫോൻസാ കർത്താവിൽ നിദ്ര പ്രാപിച്ചു. 1953 ഡിസംബർ 2ന് ദൈവദാസിയായും 1984 നവംബർ 9ന് ധന്യയായും അവൾ ഉയർത്തപ്പെട്ടു. 40 വർഷങ്ങൾക്കുശേഷം 1986 ഫെബ്രുവരി 8ന് അൽഫോൻസാമ്മയെ വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.  2008 ഒക്ടോബർ 12ന് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ അൽഫോൻസാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കുകയും ചെയ്തു.

വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ

കേരളത്തിലെ നവോത്ഥാന പ്രക്രിയയ്ക്ക് നേതൃത്വം നൽകിയ പ്രമുഖരിൽ ഒരാളാണ് ആണ് വിശുദ്ധ ചാവറ അഥവാ ചാവറയച്ചൻ. സീറോമലബാർ കത്തോലിക്കാ സഭയിലെ സി എം ഐ (കാർമ്മലൈറ്റ്സ്  ഓഫ് മേരി ഇമ്മാക്കുലേറ്റ്) സന്യാസസഭയുടെ സ്ഥാപകരിലൊരാളും ആദ്യത്തെ സുപ്പീരിയർ ജനറലും ആയിരുന്നു ചാവറ പിതാവ്. കത്തോലിക്കാ പുരോഹിതൻ എന്ന നിലയിൽ മാത്രമല്ല, ഒരു സാമുദായിക പരിഷ്കർത്താവ്, വിദ്യാഭ്യാസ പ്രവർത്തകൻ, ജീവകാരുണ്യ പ്രവർത്തകൻ എന്നീ നിലകളിലെല്ലാം അദ്ദേഹം ശ്രദ്ധ നേടിയിട്ടുണ്ട്. 1986 ഫെബ്രുവരി എട്ടിന് വി. ജോൺ പോൾ മാർപാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 2014 നവംബർ 23ന് ഫ്രാൻസിസ് മാർപാപ്പാ ചാവറയച്ചനെ വിശുദ്ധൻ എന്ന് നാമകരണം ചെയ്തു. ഇപ്പോഴത്തെ ആലപ്പുഴ ജില്ലയിലെ കൈനകരിയിൽ കുര്യാക്കോസിന്റെയും മറിയത്തിന്റെയും മകനായി 1805 ഫെബ്രുവരി പത്തിന് അദ്ദേഹം ജനിച്ചു. കൈനകരി സെന്റ് ജോസഫ് പള്ളി വികാരിയുടെ കീഴിലാണ് പൗരോഹിത്യത്തിന് പഠിച്ചു തുടങ്ങിയത്. 1818 പള്ളിപ്പുറത്തെ സെമിനാരിയിൽ ചേർന്നു. തോമസ് പാലക്കൽ മല്പാൻ ആയിരുന്നു റെക്ടർ. 1829 നവംബർ 29-ന് അദ്ദേഹം പുരോഹിതനായി ചേന്നങ്കരി പള്ളിയിൽ ആദ്യമായി വി. കുർബാന അർപ്പണം നടത്തി. 1830ൽ  ചാവറയച്ചൻ മാന്നാനത്തേക്ക് പോയി. പിന്നീട് അദ്ദേഹത്തിന്റെ പ്രധാന കർമ്മമണ്ഡലം ഇപ്പോൾ കോട്ടയം ജില്ലയിലുള്ള ഈ ഗ്രാമമായിരുന്നു. പുരോഹിത വൃത്തിയോടൊപ്പം സാമൂഹ്യ പ്രവർത്തനങ്ങളും കൈകാര്യം ചെയ്ത ഒരു വിദ്യാഭ്യാസ പ്രവർത്തകൻ കൂടിയായിരുന്നു അദ്ദേഹം. ജാതിയുടെയും മതത്തിന്റെയും പേരിൽ അസമത്വം നിലനിന്നിരുന്ന അക്കാലത്ത് പാവപ്പെട്ട ദളിത് വിദ്യാർത്ഥികൾക്ക് പഠന സൗകര്യമൊരുക്കുകയും സൗജന്യഭക്ഷണം നൽകുകയും ചെയ്തുകൊണ്ട് കേരളത്തിലെ നവോത്ഥാന ചരിത്രത്തിൽ പുതിയൊരു അദ്ധ്യായം എഴുതിച്ചേർക്കാൻ ചാവറയച്ചന് കഴിഞ്ഞു. ഒരു പള്ളിക്ക് ഒരു പള്ളിക്കൂടം എന്ന പേരിൽ എല്ലാ പള്ളികൾക്കുമൊപ്പം വിദ്യാലയങ്ങൾ നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് 1864ൽ അദ്ദേഹം കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ വികാരി ജനറൽ ആയിരിക്കെ പുറപ്പെടുവിച്ചു. കേരളത്തിലെ വിദ്യാഭ്യാസ ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു ഈ ഉത്തരവ്. വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനായി കോട്ടയത്തെ മാന്നാനത്ത് ഒരു മുദ്രണാലയം അദ്ദേഹം സ്ഥാപിച്ചു. നസ്രാണി ദീപിക എന്ന പത്രം അച്ചടിച്ചത് മാന്നാനത്തെ ഈ സെന്റ് ജോസഫ് പ്രസ്സിൽ ആയിരുന്നു. 1871 ജനുവരി മൂന്നിന് കൂനമ്മാവിൽ വച്ച് കുര്യാക്കോസ് ഏലിയാസച്ചൻ അന്തരിച്ചു. അവിടെ അദ്ദേഹം ഉപയോഗിച്ചിരുന്ന മുറി കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളിയിലെ ചരിത്ര മ്യൂസിയത്തിൽ ഇപ്പോഴും സംരക്ഷിക്കപ്പെടുന്നു. 1889 മെയ്മാസത്തിൽ കൂനമ്മാവിൽ നിന്നും തിരുശേഷിപ്പുകൾ  മാന്നാനത്തെ സീറോമലബാർ ദയറാ പള്ളിയിൽ കൊണ്ടുപോയി സംസ്കരിച്ചു.

വിശുദ്ധ എവുപ്രാസ്യമ്മ

ചാവറയച്ചൻ സ്ഥാപിച്ച സി എം സി സന്യാസിനി സഭയിലെ അംഗമായിരുന്നു സി. എവുപ്രാസ്യമ്മ. തൃശ്ശൂർ ജില്ലയിലെ കാട്ടൂർ ഗ്രാമത്തിൽ എലുവത്തിങ്കൽ ചേർപ്പുക്കാരൻ വീട്ടിൽ അന്തോണിയുടെയും കുഞ്ഞേത്തിയുടെയും മകളായാണ് റോസ എന്ന എവുപ്രാസ്യമ്മ ജനിച്ചത്. ഒമ്പതാം വയസ്സിൽ തന്നെ കർമ്മലീത്ത സഭയിൽ അംഗമായി. പിന്നീട് സഭാവസ്ത്രം സ്വീകരിച്ച എവുപ്രാസ്യമ്മ ഒല്ലൂർ സെന്റ് മേരീസ് മഠത്തിൽ 45 വർഷത്തോളം താമസിച്ച് ദൈവഹിതപ്രകാരം പ്രവർത്തിച്ചു.1987ൽ സഭ ദൈവദാസിയായി പ്രഖ്യാപിച്ചു. 2002 ജൂലൈ 5ന് ധന്യയായി  പ്രഖ്യാപിച്ചു. 2006 ഡിസംബർ 3ന് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 2014 നവംബർ 23ന് ഫ്രാൻസിസ് മാർപാപ്പ എവുപ്രാസ്യമ്മയെ വിശുദ്ധ എന്ന് നാമകരണം ചെയ്തു. ഒല്ലൂരിലെ അമ്മ, പ്രാർത്ഥിക്കുന്ന അമ്മ, സ്നേഹിക്കുന്ന അമ്മ എന്നപേരുകളിലെല്ലാം വി. എവുപ്രാസ്യമ്മ അറിയപ്പെടുന്നു. ‘മരിച്ചാലും മറക്കില്ലാട്ടോ’ എന്ന മധുരമൊഴികളോടെ ചെയ്ത വാഗ്ദാനം വി. എവുപ്രാസ്യമ്മ ഇന്നും അനസ്യൂതം തുടർന്നു കൊണ്ടിരിക്കുന്നു.

വിശുദ്ധ മറിയം ത്രേസ്യ

സീറോമലബാർ കത്തോലിക്കാ സഭയിൽ നിന്നും വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ട നാലാമത്തെ വ്യക്തിയാണ് വി. മറിയം ത്രേസ്യ അഥവാ മദർ മറിയം ത്രേസ്യ. തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട പുത്തൻചിറ ഫൊറോന പള്ളി ഉൾപ്പെടുന്ന പുത്തൻചിറ എന്ന ഗ്രാമത്തിലാണ് മറിയം ത്രേസ്യ ജനിച്ചത്. ചിറമ്മൽ മങ്കിടിയാൻ തോമൻ, താണ്ടാ ദമ്പതികളുടെ മൂന്നാമത്തെ മകളായി 1876 ഏപ്രിൽ 26 നായിരുന്നു ജനനം. പനയോല കൊണ്ട് മേഞ്ഞ ജന്മ ഗൃഹം ഇന്നും അതേ നിലയിൽ തന്നെ സംരക്ഷിച്ചു പോരുന്നുണ്ട്. ജന്മഗൃഹം ഒരു തീർത്ഥാടനകേന്ദ്രമായി വിശ്വാസികൾ കണക്കാക്കുന്നു. ഗാർഹിക സഭയുടെ പ്രവാചക എന്നാണ് മറിയം ത്രേസ്യാമ്മ അറിയപ്പെടുന്നത്. കാരണം അമ്മ ജീവിച്ചിരുന്നപ്പോളെല്ലാം 
നടത്തിയ പ്രേക്ഷിത പ്രവർത്തനങ്ങൾ കുടുംബങ്ങളെ കേന്ദ്രീകരിച്ചുള്ളതായിരുന്നു. ക്ലേശിക്കുന്ന ഓരോ കുടുംബങ്ങളും സന്ദർശിച്ച് ദൈവസ്നേഹം ദൈവവചനവും പകർന്നുനൽകി ദൈവത്തിന് സാക്ഷ്യമേകുന്നതായിരുന്നു വിശുദ്ധയുടെ ജീവിതം. പ്രാഥമിക വിദ്യാഭ്യാസം മാത്രമാണ് മറിയം ത്രേസ്യക്ക് ലഭിച്ചത്. പന്ത്രണ്ടാം വയസ്സിൽ അമ്മ മരിച്ചപ്പോൾ മുതൽ മുഴുവൻ സമയം പ്രാർഥനയിലാണ് മറിയം ത്രേസ്യ ചെലവഴിച്ചത്. ആത്മീയ പിതാവ് ജോസഫ് വിതയത്തിലച്ചൻ പണിയിച്ചു കൊടുത്ത ഏകാന്ത ഭവനത്തിൽ തന്റെ മൂന്നു കൂട്ടുകാരികളുമൊത്ത് മറിയം ത്രേസ്യ  താമസം തുടങ്ങി. വൈകാതെ ഈ കൂട്ടായ്മ ഒരു സന്യാസ സമൂഹത്തിന്റെ  രൂപഭാവങ്ങൾ ഉൾക്കൊണ്ടു. അന്നത്തെ തൃശ്ശൂർ മെത്രാനായിരുന്ന റവ. ഡോ. ജോൺ മേനാച്ചേരി 1914 മെയ് 13ന് ഏകാന്ത ഭവനം സന്ദർശിക്കുകയും അവരുടെ ജീവിത മാതൃകയിൽ സംതൃപ്തൻ ആവുകയും ചെയ്തു. 1914 മെയ് 14ന് ജോസഫ് വിതയത്തിൽ അച്ചന്റെയും മറ്റു ചില വൈദികരുടെയും നാട്ടുകാരുടെയും  സാന്നിധ്യത്തിൽ ഏകാന്ത ഭവനത്തെ തിരുക്കുടുംബ സഭ അഥവാ ഹോളി ഫാമിലി കോൺവെന്റ് എന്ന പുതിയ സന്യാസ സമൂഹമായി അംഗീകരിച്ചു. 1926 ജൂൺ 8ന് കുഴിക്കാട്ടുശ്ശേരി മഠത്തിൽ വച്ച് അമ്മ  നിര്യാതയായി. മഠത്തിന്റെ അടുത്തുള്ള പള്ളിയിലാണ് മൃതശരീരം അടക്കം ചെയ്തിട്ടുള്ളത്. 1973 ഒക്ടോബർ 5ന് ദൈവദാസി എന്ന് നാമകരണം ചെയ്തു. 1999 ജൂൺ 28ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ധന്യ എന്ന് നാമകരണം ചെയ്തു. 2000 ഏപ്രിൽ 9ന് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 2019 ഒക്ടോബർ 13ന് ഫ്രാൻസിസ് മാർപാപ്പ മറിയം ത്രേസ്യയെ വിശുദ്ധ എന്ന് നാമകരണം ചെയ്തു. ജൂൺ 8നാണ് വിശുദ്ധയുടെ തിരുനാൾ ആഘോഷിക്കുന്നത്.

– റവ. ഡോ. തോമസ് ആദോപ്പിള്ളിൽ 
(പ്രസിഡണ്ട്, സീറോമലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ ട്രിബ്യൂണൽ &  പോസ്റ്റുലേറ്റർ ജനറൽ)

Latest Updates

POPULAR Views

FEATUERD Views

കരങ്ങളിലൂടെ ആത്മാവിലേക്ക്

വിശുദ്ധ വിൻസെന്റ് ഡി പോൾ നടന്നുനീങ്ങിയ ജീവകാരുണ്യത്തിന്റെയും സമർപ്പണത്തിന്റെയും സേവനത്തിന്റെയും അസ്തിത്വത്തിലേക്കുള്ള...

യൗസേപ്പിതാവിന്റെ അന്ത്യനിമിഷങ്ങള്‍

ലോകത്തിലെ ഒരു മനുഷ്യനും ലഭിച്ചിട്ടില്ലാത്ത ഭാഗ്യമരണമായിരുന്നു യൗസേപ്പിതാവിന് ലഭിച്ചത്. കാരണം വിശുദ്ധന്‍ മരിച്ചത് പരിശുദ്ധ കന്യാമറിയത്തിന്റെയും ഈശോയുടെയും സാന്നിധ്യത്തിലായിരുന്നു.

വിശുദ്ധ യൌസേപ്പിതാവിനെക്കുറിച്ച്

ജോസഫിന്റെ അടുക്കലേക്ക് പോകുക. വിശുദ്ധജോസഫിനോട് പ്രത്യേക ആത്മവിശ്വാസത്തോടെ സഹായം തേടുക.കാരണം സാര്‍വത്രികസഭയുടെ രക്ഷാധികാരിയായതിനാല്‍ അദ്ദേഹത്തിന്റെ സംരക്ഷണം ഏറ്റവും ശക്തമാണ്. പിയൂസ് ഒമ്പതാമന്‍ പാപ്പ

യൗസേപ്പിതാവിന്റെ ഏഴു സന്തോഷങ്ങള്‍

ജീവിതം എപ്പോഴും സുഖദു:ഖ സമ്മിശ്രമാണ്.  ഒരു ദു:ഖം വന്നുപോകുമ്പോഴായിരിക്കും ഒരു സന്തോഷം പടി കടന്നുവരുന്നത്. ഒരു സന്തോഷം ഉമ്മറത്തിരിക്കുമ്പോഴായിരിക്കും ഒരു സങ്കടം പടിവാതില്‍ക്കല്‍ അകത്തേക്ക് കയറാന്‍ കാത്തുനില്ക്കുന്നത്.

മാർ യൗസേപ്പ്: രക്ഷാകരപദ്ധതിയുടെ സേവകനും ദൈവപിതാവിന്റെ നിഴലും

കത്തോലിക്കാ സഭയുടെ രക്ഷകർത്താവ് - മദ്ധ്യസ്ഥൻ, തൊഴിലാളികളുടെ മദ്ധ്യസ്ഥൻ, വിമോചനത്തിന്റെ രക്ഷാധികാരി, നല്ല മരണത്തിന്റെ മദ്ധ്യസ്ഥൻ തുടങ്ങി പല നാമങ്ങളിൽ വണങ്ങപ്പെടുന്ന യൗസേപ്പിതാവിനോട് ആഴമേറിയ ആദരവും ഭക്തിയുമാണുള്ളത്.

വിശുദ്ധരോടുള്ള വണക്കവും പൊതുജന ഭക്തിയുടെ രൂപങ്ങളും

കത്തോലിക്കാസഭയുടെ പൊതു പൈതൃകമാണ് വിശുദ്ധരോടുള്ള വണക്കം. വിശുദ്ധരെ വണങ്ങുന്നത് വഴി അവരുടെ...

ദുക്റാനതിരുനാള്‍

നാം ഭാരതീയരാണ് എന്ന് അഭിമാനിക്കുന്നതുപോലെ തന്നെ പറയേണ്ട കാര്യമാണ് നാം "മാര്‍തോമാക്രി...

അന്നമോളും യൗസേപ്പിതാവും

"അന്നമോളെ, മോളുടെ കാറ്റിക്കിസം ടീച്ചര്‍ വിളിച്ചിട്ട് എന്താ പറഞ്ഞത്?" "അമ്മേ, ഞാനീഫോണൊന്ന് പപ്പായ്ക്ക്...