ദൈവത്തിൽ വിശ്വസിക്കുന്നവരുടെ അടിസ്ഥാന ബോധ്യമാണ് ലോകത്തിലുള്ള ഓരോ വ്യക്തിയും ദൈവത്തിൽനിന്നു വരുന്നു എന്നത്. അതുകൊണ്ടുതന്നെ മനുഷ്യന്റെ ഉള്ളിന്റെ ഉള്ളിൽ എന്നും ദൈവത്തോട് അടങ്ങാത്ത ഒരു അഭിവാഞ്ഛയുണ്ട്. ഈ ദാഹത്തെ തല്ലിക്കെടുത്തുവാൻ ഒരു കാലത്തിനും പ്രത്യേകിച്ച് ആധുനികതയ്‌ക്കോ, പീഡനങ്ങൾക്കോ, ഞെരുക്കങ്ങൾക്കോ സാധിക്കില്ല. കാരണം ഒരോ മനുഷ്യവ്യക്തിയുടെയും ആത്മാവിൽ ദൈവാംശം വസിക്കുന്നു എന്നതുതന്നെ. അനാദിമുതലേ ദൈവം തനിക്കായി ഒരുപറ്റം മനുഷ്യരെ മാറ്റിനിറുത്തുന്നത് പതിവാണെന്ന് വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ഒരു മഹാസമുദ്രത്തിലെ വളരെ ചെറിയ ശതമാനം ജലംമാത്രമാണ് ഉപ്പായി മാറുന്നത്. മനുഷ്യമക്കളുടെ അന്നത്തിനു രുചിപകരുക എന്ന ദൗത്യം ആണ് ഉപ്പായി മാറിയ കടൽ വെള്ളത്തിനുള്ളത്. അതുപോലെ 700 കോടി ജനങ്ങൾ തിങ്ങിപാർക്കുന്ന ഈ ഭൂമിയിൽനിന്ന് വളരെ ചെറിയ ഒരു ശതമാനം വ്യക്തികളെമാത്രമെ ദൈവത്തിനും ദൈവജനത്തിനുമായി ജീവിതം മാറ്റിവയ്ക്കാൻ ദൈവം തിരഞ്ഞെടുക്കുന്നുള്ളൂ. അപ്രകാരം ദൈവം തിരഞ്ഞെടുക്കുന്നതിനെ ‘ദൈവവിളി’ എന്ന് നാം സാധാരണഭാഷയിൽ പറയുന്നു.
ബ്രഹ്മചര്യം എന്നാൽ ബ്രഹ്മത്തിൽ ചരിക്കുക എന്നാണ്. അതായത് തന്റെ ഹൃദയം ദൈവത്തിൽ ഊന്നി ജീവിക്കുക എന്ന്. ചുരുക്കിപറഞ്ഞാൽ മറ്റൊരു ക്രിസ്തുവായിതീരുക. ബ്രഹ്മചര്യവ്രതം ജീവിക്കുന്ന ഒരു വ്യക്തിയെ ചൂണ്ടി അവൻ അല്ലെങ്കിൽ അവൾ എന്തിനാണ് ഇത്ര നല്ല ജീവിതം പാഴാക്കിക്കളയുന്നത് എന്നു പലരും ചോദിക്കാറുണ്ട്. പൂർണബോധ്യത്തോടെ ബ്രഹ്മചര്യ വ്രതം എടുക്കുന്ന ഓരോ സമർപിതവ്യക്തിയും ഈ ഭൂമിയിൽ ക്രിസ്തു ലോകത്തിന് എങ്ങനെ ആയിരുന്നോ അതേപോലെ എല്ലാവർക്കും എല്ലാമായി മാറുന്നു. ലോകമേ തറവാട് എന്ന കവിമൊഴി പോലെ അവരുടെ ജീവിതം രൂപാന്തരപ്പെടുന്നു.
ഈ ആധുനികയുഗത്തിലും സമർപ്പിതജീവിതത്തിന് പ്രാധാന്യം ഉണ്ടോ, ആരെങ്കിലും ഈ ജീവിതം തിരഞ്ഞെടുക്കാൻ ധൈര്യം കാണിക്കുമോ എന്നു പലരും ചോദിക്കാറുണ്ട്. ഇത്തരം ചോദ്യങ്ങൾക്കുള്ള മറുപടി തീർച്ചയായും എല്ലാക്കാലത്തും ദൈവം തനിക്കായി ഒരുപറ്റം ആൾക്കാരെ മാറ്റിനിർത്തും എന്നുതന്നെയാണ്. തിരഞ്ഞെടുക്കപ്പെട്ട ജനതയായ ഇസ്രായേൽ ദൈവത്തിൽനിന്ന് അകന്ന് അന്യദേവൻമാരുടെ പിന്നാലെ പോയി എന്നുപരിതപിക്കുന്ന ഏലിയാപ്രവാചകനു ദൈവം ഇപ്രകാരമാണ് മറുപടി കൊടുക്കുന്നത്: ”എന്നാൽ, ബാലിന്റെ മുൻപിൽ മുട്ടുമടക്കുകയോ അവനെ ചുംബിക്കുകയോ ചെയ്യാത്ത ഏഴായിരം പേരെ ഞാൻ ഇസ്രായേലിൽ അവശേഷിപ്പിക്കും” (1 രാജാ 19: 18). തീർച്ചയായും പിതാവായ ദൈവത്താൽ ആകർഷിക്കപ്പെടാതെ ഒരു വ്യക്തിക്കും ദൈവത്തിനായി ജീവിതം മാറ്റിവയ്ക്കുക സാധ്യമല്ല. ക്രിസ്തുവിന്റെ കാലത്തും വിശുദ്ധ കുർബാന എന്ന മഹാരഹസ്യത്തെക്കുറിച്ച് പ~ിപ്പിക്കുമ്പോൾ ക്രിസ്തുവിനോട്‌ചേർന്നുനിന്ന അനേകം ശിഷ്യഗണങ്ങൾ ഗുരുവിനെ ഉപേക്ഷിച്ചു പടിയിറങ്ങി പോകുന്നുണ്ട്. ഈ വചനം ക~ിനമാണ്, ഇത് ശ്രവിക്കാൻ ആർക്കു കഴിയും എന്നു പിറുപിറുത്ത ശിഷ്യഗണങ്ങളെ നോക്കി അവിടന്ന് പറയുന്നത് ”പിതാവിൽനിന്നു വരം ലഭിച്ചാലല്ലാതെ എന്റെ അടുക്കലേക്കു വരാൻ ആർക്കും സാധിക്കുകയില്ല” എന്നാണ് (യോഹ 6: 65).
പൗരോഹിത്യ, സമർപ്പിത വിളികൾ ആധുനിക കാലഘട്ടത്തിൽ നേരിടുന്ന വെല്ലുവിളികൾ പ്രധാനമായും നാലുവിധമാണ്.
1. ബാഹ്യലോകത്തുനിന്ന് കടന്നുവരുന്ന പ്രതിസന്ധികളും പ്രലോഭനങ്ങളും.
2. സമർപ്പിത വ്യക്തിത്വങ്ങൾ ചൂടോ, തണുപ്പോ ഇല്ലാതെ മന്ദോഷ്ണരായിതീരുന്നത്.
3. തങ്ങളുടേതായ തുരുത്തുകളിൽ ഒതുങ്ങിപോകുന്ന സമർപ്പിതസമൂഹങ്ങളും സമർപ്പിത വ്യക്തിത്വങ്ങളും.
4. കാലത്തിന്റെ മാറ്റങ്ങളെയും വ്യത്യസ്തതകളെയും ഉൾക്കൊള്ളാൻ കഴിയാതെ പഴമയിൽ അള്ളിപ്പിടിച്ചു കിടക്കുന്ന സമർപ്പിതസമൂഹങ്ങൾ.
ബാഹ്യലോകത്തുനിന്ന് കടന്നുവരുന്ന പ്രതിസന്ധികളും പ്രലോഭനങ്ങളും
ദൈവത്തിനായി ജീവിതം നീക്കിവച്ചിരിക്കുന്നവർക്കുനേരെ പലപ്പോഴും ലോകം ഒത്തിരി ആരോപണങ്ങൾ ഉന്നയിക്കുക പതിവാണ്. ചിലരുടെ തികച്ചും വ്യക്തിപരമായ വീഴ്ചകളെ പർവതീകരിച്ചു കാണിച്ചുകൊണ്ട് സമർപ്പിതസമൂഹത്തെ മുഴുവൻ ആക്ഷേപിക്കുന്നവരും ‘സമർപ്പിതർ അടിമകൾ ആണ്, അബലകൾ ആണ്’, എന്നൊക്കെ ആരോപണങ്ങൾ ഉന്നയിച്ച് എങ്ങനെ എങ്കിലും ഈ ജീവിതത്തിൽനിന്ന് കുറച്ചുപേരെ പിന്തിരിപ്പിക്കണം എന്ന് ചിന്തിച്ച് ഇറങ്ങി തിരിക്കുന്നവരും ഒക്കെ ഇന്നുധാരാളം ഉണ്ട്. പലപ്പോഴും ഇത്തരക്കാർ സംഘടനകളായും ഗ്രൂപ്പുകളായും മുളച്ചുപൊങ്ങുകയും സമർപ്പിതരുടെ രക്ഷകരായും സംരക്ഷകരായും അവതരിക്കുകയും ചെയ്യാറുണ്ട്. യഥാർഥത്തിൽ സത്യത്തിന്റെ ഒരു അംശംപോലും മനസ്സിലാക്കാതെ എടുത്തുചാട്ടം നടത്തുന്ന ഈ കപടസംരക്ഷകർ ഓർമിപ്പിക്കുന്നത് പുഴയുടെ മുകളിലെ മരക്കൊമ്പിൽ ഇരുന്ന കുരങ്ങൻ വെള്ളത്തിൽ ചലിക്കുന്ന മത്സ്യങ്ങളെ ഓർത്ത് വെപ്രാളപ്പെടുകയും പാവം മത്സ്യം മുങ്ങി മരിക്കുകയാണെന്നു കരുതി അവയെ പുറത്തെടുത്ത് രക്ഷിക്കാൻ പരിശ്രമിക്കുകയും ചെയ്ത കഥയാണ്.
കേരള ചരിത്രത്തിലുടനീളം, പള്ളികളോടുചേർന്ന് പള്ളിക്കൂടങ്ങൾ സ്ഥാപിച്ചു ജാതി മത വ്യത്യാസം ഇല്ലാതെ വിദ്യ പകർന്നും മുറിവുകൾ വച്ചുകെട്ടിയും നൊമ്പരങ്ങളിൽ ആശ്വാസംപകർന്നും അനാഥരായ കുഞ്ഞുങ്ങൾക്ക് അമ്മയായും വാർദ്ധക്യംമൂലം ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ടപ്പെട്ടവർക്കു മക്കളായും മാനസിക വൈകല്യംമൂലം സമൂഹത്തിന്റെ പിന്നാമ്പുറത്തേക്ക് വലിച്ചെറിഞ്ഞവരെ ഇരുകൈകളും നീട്ടി സ്വീകരിച്ച് അവരെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ചും ആയിരക്കണക്കിന് സമർപ്പിതർ ഈ സമൂഹമധ്യത്തിൽതന്നെ ഉണ്ട്. എന്നിട്ടും ഈ കപടസംരക്ഷകർ സമർപ്പിതരെ നോക്കി ‘നിങ്ങൾ ബന്ധനത്തിൽ ആണെന്ന്’ പറയുമ്പോൾ അത് കരുതികൂട്ടിയുള്ള അജണ്ടകളുടെ പ്രതിധ്വനികളാണെന്നു മാത്രം കരുതേണ്ടിയിരിക്കുന്നു.
സമർപ്പിത വ്യക്തിത്വങ്ങൾ ചൂടോ തണുപ്പോ ഇല്ലാതെ മന്ദോഷ്ണരായിതീരുന്നു
സമർപ്പിത വ്യക്തികളുടെ ഉള്ളിൽ ഉണ്ടായിരുന്ന ആദ്യ സ്‌നേഹം കൈമോശം വന്നിരിക്കുന്നു. ചൂടോ തണുപ്പോ ഇല്ലാതെ മന്ദോഷ്ണരായി തീരുന്നു (വെളി 2: 4, 3: 15 16) എന്നു ചുരുക്കം. ഒത്തിരിയേറെ തീക്ഷ്ണതയോടും സ്‌നേഹത്തോടുംകൂടി ക്രിസ്തുവിനെ അനുഗമിക്കാൻ സന്യാസ സമൂഹങ്ങളുടെ പടികൾ കടന്നുവരുന്ന പല വ്യക്തികളും കാലം മുന്നോട്ട് പോകുംതോറും ദൈവസ്‌നേഹത്തിൽനിന്നും സഹോദരസ്‌നേഹത്തിൽ നിന്നും അകന്നകന്നു പോകുന്നതു സമർപ്പിത ജീവിതത്തെ അതികഠിനമാക്കുന്നു. അപരന്റെ ദൈവവിളിയുടെ കാവൽക്കാരായി മാറേണ്ടവർതന്നെ പലപ്പോഴും തങ്ങളുടെ സംശയത്തിന്റെ ഭാണ്ഡക്കെട്ട് തുറന്നുവിട്ട് സ്വന്തം സഹോദരങ്ങൾക്ക് എതിരെ ആരോപണങ്ങൾ ഉതിർത്ത് അവരുടെ ദൈവവിളി തന്നെ നശിപ്പിക്കുമ്പോൾ വിശുദ്ധ ഗ്രന്ഥത്തിന്റെ ആദ്യ താളുകളിൽ ദൈവം കായേനോട് പരിഭവിക്കുന്നതുപോലെ നമ്മോടും പരിഭവിക്കാൻ കാരണമാകുന്നു.
തങ്ങളുടേതായ തുരുത്തുകളിൽ ഒതുങ്ങിപോകുന്ന സമർപ്പിതസമൂഹങ്ങളും സമർപ്പിത വ്യക്തിത്വങ്ങളും
ആധുനികതയുടെ കുത്തൊഴുക്കിൽ ഒരു പരിധിവരെ പല സമർപ്പിതസമൂഹങ്ങളും വ്യക്തികളും ആടിയുലയുന്നത് എടുത്തുപറയേണ്ട ഒന്നാണ്. പതിറ്റാണ്ടുകളായി ദൈവജനത്തിനിടയിൽ ഇറങ്ങി അവരുടെ സുഖദുഃഖങ്ങളിൽ പങ്കാളികളായി അവരോടൊപ്പം സഞ്ചരിച്ചിരുന്ന സമർപ്പിതർ ഇന്ന് സന്യാസസമൂഹങ്ങളുടെ സ്ഥാപനങ്ങൾ ആകുന്ന വലിയ ചുമരുകൾക്കുള്ളിൽമാത്രം ഒതുങ്ങിപോകുന്നത് ഒത്തിരി വേദനാജനകമാണ്. ക്രിസ്തു കാണിച്ചുതന്ന മാതൃകയിൽനിന്ന് പലപ്പോഴും നാം വ്യതിചലിച്ചു പോകുന്നതിനാൽതന്നെ ദൈവജനത്തിനും സമർപ്പിതർക്കും ഇടയിൽ വലിയ ഒരു വിടവ് കാലംതന്നെ സൃഷ്ടിച്ചെടുത്തു എന്നത് ഒരു പച്ചയായ യാഥാർഥ്യവും എത്രയും വേഗം തിരുത്തപ്പെടേണ്ടതുമായ ഒരു ശൈലിയുമാണ്. കാലത്തിന്റെ മാറ്റങ്ങളെയും വ്യത്യസ്തതകളെയും ഉൾക്കൊള്ളാൻ കഴിയാതെ പഴമയിൽ അള്ളിപ്പിടിച്ച് കിടക്കുന്ന സമർപ്പിതസമൂഹങ്ങൾ.
നൂറ്റിയൻപതും നൂറും എൺപതും വർഷങ്ങൾക്ക്മുമ്പ് സ്ഥാപിതമായ പല സന്യാസസമൂഹങ്ങളും വ്യക്തികൾക്കും സമൂഹത്തിനും നന്മ നൽകുന്ന കാലത്തിന്റെ മാറ്റങ്ങളെ ഉൾക്കൊള്ളാൻ കഴിയാതെ പാരമ്പര്യങ്ങളിൽ മാത്രം അള്ളിപ്പിടിച്ച് കിടക്കുന്നു. ‘ഞങ്ങൾ ഇങ്ങനെയാണ്, ചെയ്തിരുന്നത് അതുകൊണ്ട് നിങ്ങളും ഇങ്ങനെ തന്നെ ചെയ്തിരിക്കണം’ എന്ന ശാഠ്യം പല സന്യാസസമൂഹങ്ങളുടെയും അകത്തളങ്ങളിൽ മാറ്റൊലി കൊള്ളുന്നുണ്ട്. നൂറ്റാണ്ടുകളും പതിറ്റാണ്ടുകളുമായി എല്ലാവരെയും ഒരേ അച്ചിൽതന്നെ വാർത്തെടുക്കാൻ പരിശ്രമിക്കുന്നത് ഈ ആധുനികകാലത്ത് ഒത്തിരി പ്രതിസന്ധികൾ സമൂഹ ജീവിതത്തിലേയ്ക്ക് ക്ഷണിച്ചുവരുത്തുന്നുണ്ട്.
ക്രിസ്തുശിഷ്യരിൽ പന്ത്രണ്ടു പേരും പന്ത്രണ്ടു സ്വഭാവം ഉള്ളവരായിരുന്നു. സ്വന്തം ഗുരു ഏകാന്തതയിൽ ഇരുന്നു പ്രാർഥിക്കുമ്പോഴും ഒന്നു പ്രാർഥിക്കാൻ അറിയാതെ പരസ്പരം മത്സരിച്ചും കലഹിച്ചും നടന്നവരാണ് ശിഷ്യഗണം. തിരുസഭയുടെ തലവനാകേണ്ടിയിരുന്ന പത്രോസ് എടുത്തു ചാട്ടക്കാരൻ, യോഹന്നാനും യാക്കോബും സ്ഥാനമോഹികൾ, തോമസ് അത്ര പെട്ടന്ന് ഒന്നും വിശ്വസിക്കാത്തവൻ (സംശയാലു), യൂദാസ് പണപ്പെട്ടിയിൽ കയ്യിട്ടുവാരുന്നവൻ… സ്വന്തം ശിഷ്യഗണം ഇങ്ങനെയൊക്കെ ആയിരുന്നിട്ടും ഓരോരുത്തരെയും അവരായിരിക്കുന്ന അവസ്ഥയിൽ അംഗീകരിച്ച്, സ്‌നേഹിച്ച് മൂന്നു വർഷക്കാലം ക്രിസ്തു അവരെ കൂടെ കൊണ്ടുനടന്നു… മുകളിൽ പറഞ്ഞ ശിഷ്യഗണത്തിന്റെ എല്ലാ സവിശേഷതകളും ഇന്നും ക്രിസ്തുവിന്റെ അനുയായികളിൽ പ്രതിഫലിച്ചുനില്ക്കുന്നു എന്നത് അതിശയിക്കുന്ന ഒന്നല്ല. കാരണം മനുഷ്യമക്കൾ എന്നും ഇങ്ങനെയൊക്കെയാണ്. ഓരോ വ്യക്തിയെയും ചെത്തിമിനുക്കി എടുക്കുക എന്നത് സമയമെടുത്തു ക്ഷമയോടെയും സ്‌നേഹത്തോടെയും ചെയ്യേണ്ട ഒന്നാണ്. ഓരോരുത്തരുടെയും ഉള്ളിൽ ദൈവം നിക്ഷേപിച്ചിരിക്കുന്ന താലന്തുകൾ വ്യത്യസ്തങ്ങളായവയാണ്. അതുകൊണ്ടുതന്നെ ഓരോ വ്യക്തിയിലെയും താലന്തുകൾ കണ്ടെത്തി അവ വളർത്തിയെടുക്കാൻ പരിശ്രമിച്ചാൽ സമർപ്പിതരായ വ്യക്തികൾ കൂടുതൽ സന്തുഷ്ടരായി മാറും. നിർബന്ധ ബുദ്ധിയും ശാ~്യങ്ങളും പരസ്പരമുള്ള വിടവുകളുടെ അകലങ്ങൾ കൂട്ടാൻ മാത്രമാണ് കാരണമാകുന്നത്.
പൗരോഹിത്യ, സമർപ്പിതസമൂഹങ്ങൾ കാലഘട്ടങ്ങളുടെ മാറ്റങ്ങൾക്ക് അനുസരിച്ച് വരുത്തേണ്ട രൂപഭേദങ്ങൾ
1. സാങ്കേതിക വിദ്യയിലും നവമാധ്യമരംഗത്തുമുള്ള പരിജ്ഞാനം വർധിപ്പിക്കുക
ഇന്റർനെറ്റിന്റെ സഹായത്തോടെ വിവരസാങ്കേതികവിദ്യയും നവമാധ്യമങ്ങളും ഉദയംചെയ്തപ്പോൾ ഭൂരിഭാഗം വൈദികരും സന്യസ്തരും വല്ലാത്ത ഒരു ഭയത്തോടെ മാത്രമാണ് ഈ പുതിയ സാധ്യതകളെ നോക്കികാണുന്നത്. ഇന്നുപിച്ചവയ്ക്കാൻ തുടങ്ങുന്ന കുഞ്ഞുങ്ങൾ പോലും സ്മാർട്ട് ഫോൺ കൈകാര്യം ചെയ്യുമ്പോൾ പല സമർപ്പിതർക്കും വൈദികർക്കും ഇതിൽ ഒന്നും വലിയ പരിജ്ഞാനം ഇല്ല എന്നതു വിചിന്തനത്തിന് കാരണമാക്കേണ്ട ഒന്നാണ്. ഇന്റർനെറ്റും ദൈവത്തിന്റെ ദാനം ആണ്. നവമാധ്യമങ്ങളെ ഫലപ്രദമായി കൈകാര്യംചെയ്താൽ ലോകത്തിന്റെ അതിർത്തികൾ വരെ ക്രിസ്തുവിന്റെ സുവിശേഷം എത്തിക്കാൻ ഉതകുന്ന ഏറ്റവും നല്ല സാധ്യതയാണത്. ദൗർഭാഗ്യവശാൽ ഈ ഡിജിറ്റൽ യുഗത്തിലും നവമാധ്യമങ്ങളോടുംഇന്റർനെറ്റിനോടുമുള്ള ഭയം നമ്മിൽ പലരിൽനിന്നും അകന്നുപോകാത്തതിന് കാരണം ഈ പുതിയ സാധ്യതയിലുള്ള പരിജ്ഞാനക്കുറവാണ്. പരിശീലനകാലംമുതൽ വിവരസാങ്കേതികവിദ്യയിലും നവമാധ്യമ രംഗത്തുമുള്ള പരിജ്ഞാനം വർധിപ്പിക്കുവാനുതകുന്ന പരിശീലനകോഴ്‌സുകൾ സംഘടിപ്പിക്കുകയും സമയാസമയങ്ങളിൽ അതിൽ തന്നെ അപ്‌ഡേഷനുകൾ നടത്തുകയുംചെയ്യണം. വിവേകത്തോടെയും വിവേചനത്തോടെയും നവമാധ്യമങ്ങളെ കൈകാര്യംചെയ്യാൻ പഠിപ്പിക്കണം. ഡിജിറ്റൽ നേറ്റീവ്‌സിൽ നിന്ന് ഡിജിറ്റൽ വിസ്ഡത്തിലേയ്ക്ക് വളരാൻ നാം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യണം. കാരണം ജ്ഞാനം ഉള്ള വ്യക്തി ഒരിക്കലും വഴിതെറ്റി പോകില്ല.
2. പുരോഹിതരും സമർപ്പിതരും കാലഘട്ടത്തിന്റെ പ്രവാചകദൗത്യം ഏറ്റെടുക്കുന്നവരായിരിക്കണം
സമൂഹത്തിൽ നടമാടുന്ന തിന്മകൾക്ക് എതിരേ വിവേകത്തോടെയും ഉത്തരവാദിത്വത്തോടെയും ശബ്ദിക്കുവാനുള്ള ആർജവം ഓരോ പുരോഹിതസമർപ്പിതവ്യക്തികൾക്കും ഉണ്ടാകണം. പ്രതികരണങ്ങൾ ജാതി മത രാഷ്ട്രീയ വ്യത്യാസങ്ങൾക്ക് അതീതമായിരിക്കണം. തങ്ങളുടെ സത്‌പേരിനും സ്ഥാനമാനങ്ങൾക്കും സ്ഥാപനങ്ങൾക്കും എന്തെങ്കിലും കോട്ടം സംഭവിച്ചാലോ എന്ന് കരുതി തങ്ങളുടെ പ്രവാചകദൗത്യം മറന്നുപോവുകയും തെറ്റു തെറ്റാണെന്ന് ചൂണ്ടിക്കാണിക്കാനുള്ള ആർജവം ഇല്ലാതാവുകയും ചെയ്താൽ നാം ദൈവത്തെക്കാൾ അധികം നമ്മെയും നമ്മുടെ സ്ഥാപനങ്ങളെയും ആണ് സ്‌നേഹിക്കുന്നത് എന്ന് ചുരുക്കം. ഇന്ന് നാം പൊതിഞ്ഞു സൂക്ഷിക്കുന്ന സത്‌പേരും സ്ഥാനമാനങ്ങളും സ്ഥാപനങ്ങളും കാലത്തിന്റെ കുത്തൊഴുക്കിൽ ഒലിച്ചു പോകില്ല എന്ന് ആരറിഞ്ഞു…
3. പുതുതലമുറയുടെ ആശയങ്ങളോട് പ്രതികരിക്കാൻ മടിക്കരുത്
മുതിർന്നവരുടെ വാക്കുകൾ വിവേകം നിറഞ്ഞതാണെങ്കിലും പുതുതലമുറയെ കേൾക്കാനും അവരുടെ ആശയങ്ങളോടുള്ള തുറവിയോടെ പ്രതികരിക്കാനും സാധിച്ചാൽ രണ്ടു തലമുറകൾക്ക് ഇടയിലുള്ള വിടവ് ഇല്ലാതായിത്തീരും. ത്രിത്വത്തിൽ പരസ്പരം മാത്സര്യം ഇല്ല. അതുപോലെ അധികാരം സേവനത്തിനു വേണ്ടിയാണ്. അധികാരത്തിന്റെ ആധ്യാത്മികത ത്രിത്വത്തിന്റെ ആധ്യാത്മികതയുമായി യോജിച്ചുപോകുന്ന ഒന്നാണ്..
4. സമർപ്പിതരും പുരോഹിതരും സാമൂഹികതിന്മകൾക്ക് എതിരേ അവബോധം നല്കുന്നവരും മാതൃകാപരമായ ജീവിതംനയിക്കുന്നവരും ആയിരിക്കണം.
പുരോഹിതരും സമർപ്പിതരും സമകാലിക സാമൂഹിക സംഭവങ്ങളോടു ക്രിയാത്മകമായി പ്രതികരിക്കാൻ ആർജവമുള്ളവർ ആയിരിക്കണം. തങ്ങളുടെ സേവനമേഖലയിൽ തനിച്ചായിരിക്കുമ്പോഴും ജനമധ്യത്തിൽ ആയിരിക്കുമ്പോഴും മാതൃകാപരമായ പെരുമാറ്റം മാത്രമേ ഉണ്ടാകാവൂ, പ്രത്യേകിച്ചു സ്ത്രീകളോടും കുട്ടികളോടും ഇടപഴകുമ്പോൾ. ഒരു പുരോഹിതന് അല്ലെങ്കിൽ സന്യാസിനിക്ക് തങ്ങളുടെ ജീവിതാന്തസ്സിൽകൂടി കൈവന്നിരിക്കുന്ന അധികാരം എപ്പോഴും സേവനത്തിനുള്ളതാണ്. മനുഷ്യത്വരഹിതമായ തീരുമാനങ്ങളും അഹന്ത നിറഞ്ഞ വാക്കുകളും ദൈവജനത്തെ തങ്ങളിൽനിന്നും ഒപ്പം ദൈവത്തിൽനിന്നും അകറ്റികളയാൻ ഇടയാക്കും. നന്മചെയ്യാനും സ്‌നേഹത്തിൽ വളരാനും മറ്റുള്ളവരെ ഉപദേശിക്കുന്ന ഒരു പുരോഹിതൻ ഒരു തിന്മക്കും കീഴ്‌പ്പെട്ടവനാകരുത്.
പലപ്പോഴും ലോകസുഖങ്ങളിൽ മുഴുകികഴിയുന്നവർക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതാണെങ്കിലും ക്രൈസ്തവ സന്യസ്തരുടെ വിശ്വാസവും ജീവിതരീതിയും വിശുദ്ധിയോടെ കാത്തുസൂക്ഷിക്കാൻ സന്യാസജീവിതത്തിന്റെ ഏറ്റവും വലിയ മാതൃകയായ ക്രൂശിതനായ ക്രിസ്തുവിലേക്ക് കണ്ണുകൾ ഉയർത്താൻ ഓരോ സമർപ്പിത വ്യക്തിക്കും കഴിയട്ടെ!
സി. സോണിയ തെരേസ് ഡി.എസ്.ജെ


