ദു:ഖവെള്ളി ഒന്നിന്റെയും അവസാനമല്ല ആരംഭം മാത്രമാണെന്ന് സീറോമലബാര്‍ സഭമേജര്‍ആര്‍ച്ചുബിഷപ്പ് മാര്‍റാഫേല്‍ തട്ടില്‍ പിതാവ്. കുടമാളൂര്‍ സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസക്കോപ്പല്‍ ദേവാലയത്തില്‍ നടന്ന ദു:ഖവെള്ളിതിരുക്കര്‍മ്മങ്ങളില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.
വിശ്വാസജീവിതത്തിലെ ഏറ്റവും വികാരസാന്ദ്രമായ ദിനമാണ് ദു:ഖവെള്ളി. കര്‍ത്താവിന്റെ മഹത്വപൂര്‍ണ്ണമായ മരണത്തിന്റെ ഓര്‍മ്മ സാഘോഷം കൊണ്ടാടുന്നദിവസം. കര്‍ത്താവിന്റെ പീഡാസഹനവും ഉത്ഥാനവും ആഘോഷിക്കുന്ന ഈ വേളയില്‍ നമ്മുടെ മുമ്പില്‍ ഒരു ചക്രവാളമുണ്ട്. പുതിയൊരു ഉദയനക്ഷത്രമുണ്ട്. നമ്മുടെ സംഘര്‍ഷങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ഒരു മറുപടിയുണ്ട്. അത് കര്‍ത്താവിന്റെ ഉത്ഥാനമാണ്.
പീഡാനുഭവ ചരിത്രത്തിലേക്ക് കര്‍ത്താവിനെ എത്തിച്ചതില്‍ വളരെ പ്രധാനപ്പെട്ട പങ്കുവഹിച്ച കഥാപാത്രമാണ് യൂദാസ്. കര്‍ത്താവിനോടു കൂടെ കൂട്ടുചേരാന്‍ യൂദാസിനെ പ്രേരിപ്പിച്ചത് രണ്ടു കാര്യങ്ങളാണ്. യേശു പ്രവര്‍ത്തിച്ച അത്ഭുതങ്ങളും അതുവഴിയുള്ള സാമ്പത്തിക സാധ്യതയും. യൂദാസിനെ കുറ്റക്കാരനായി നാം എണ്ണുന്നുണ്ടെങ്കിലും യൂദാസിനെ കുറ്റക്കാരനാക്കിയ കാരണങ്ങള്‍ എന്റെ ജീവിതത്തിലുണ്ടോയെന്ന് നാം ഓരോരുത്തരും ആത്മശോധന നടത്തണം.
വിജയിച്ചാല്‍ മതി സാക്ഷ്യം വേണ്ട എന്ന കാഴ്ചപ്പാടാണ് നമുക്ക് പൊതുവെയുളളത്. യൂദാസും അങ്ങനെ ചിന്തിച്ച ഒരാളാണ്. വഴിവിട്ട രീതിയില്‍ പണം സമ്പാദിക്കുമ്പോള്‍ നമ്മുടെ വീടുകള്‍ അക്കല്‍ദാമകളുടെ തുടര്‍ച്ചയാവുകയാണ് ചെയ്യുന്നത്. പല കുടുംബങ്ങളിലും സമാധാനമില്ല സന്തോഷമില്ല,സ്വസ്ഥതയില്ല. നമ്മുടെ പൂര്‍വ്വികര്‍ അനുഭവിച്ച സമാധാനവും സന്തോഷവും തറവാടിത്തവും ഇന്ന് നമുക്ക് അനുഭവി്ക്കാന്‍ കഴിയാതെ പോകുന്നതിന് കാരണവും ഇതുതന്നെയാണ്.ദു:ഖവെള്ളിയാഴ്ച നമുക്ക് നല്കുന്ന ദു:ഖം പണത്തിന്റെ ആധിപത്യം നേടിയ വലിയൊരു വിജയത്തിന്റെ ദു:ഖമാണ്.
തടിതപ്പാനും താല്‍ക്കാലിക നേട്ടങ്ങള്‍ക്കും രക്ഷപ്പെടാനും വേണ്ടി പീലാത്തോസിനെപോലെ വിധി പ്രസ്താവിക്കുന്നവരാണ് നമ്മള്‍ ഓരോരുത്തരും. പ്രീതിപിടിച്ചുപറ്റാനായി വഴിവിട്ട് എല്ലാം ചെയ്തുകൊടുത്തിരുന്ന ആളായിരുന്നു പീലാത്തോസ്. പീലാത്തോസിന് ഒരിക്കലും സമാധാനമുണ്ടായിരുന്നില്ല.കര്‍ത്താവ് മരിച്ചുവെന്ന് കേട്ടപ്പോള്‍ ഏറ്റവും അധികം മനസ്സമാധാനം നഷ്ടപ്പെട്ടതും കര്‍ത്താവ് മൂന്നാം ദിവസം ഉയിര്‍ത്തെണീറ്റു എന്ന കേട്ടപ്പോള്‍ ഏറ്റവും അധികമായി അസ്വസ്ഥത അനുഭവിച്ചതും പീലാത്തോസായിരുന്നു. പീലാത്തോസിനെപ്പോലെയുള്ളവര്‍ നമുക്ക് ചുറ്റിനുമുണ്ട്. ക്രൈസ്തവജീവിതത്തിലും അത്തരക്കാരുണ്ട്.
പണം വാങ്ങിക്കാതെ കര്‍ത്താവിനെ ഉപേക്ഷിച്ചുകളഞ്ഞ പത്രോസിനെക്കുറിച്ചും പരാമര്‍ശിക്കേണ്ടതുണ്ട്. സ്വയം പിടിച്ചുനില്ക്കാനായി കര്‍ത്താവിനെ ഉപേക്ഷിക്കുന്ന പത്രോസിന്റെ സ്വാധീനവും നമ്മുടെ ജീവിതത്തിലുണ്ട്.
നേതൃത്വശുശ്രൂഷയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നവരെല്ലാം അറിയേണ്ട ഒരു കാര്യമുണ്ട് നിന്റെ കഴിവുകൊണ്ടല്ല കഴിവുകേടുകൊണ്ടാണ് ദൈവം നി്‌ന്നെ ആ പദവിയിലേക്ക് വിളിച്ചിരിക്കുന്നത്. ഇങ്ങനെയൊരു തിരിച്ചറിവുണ്ടാകുമ്പോഴേ മറ്റുള്ളവരെ സഹായിക്കാന്‍ നമുക്ക് കഴിയുകയുള്ളൂ.
ശിമയോനും വെറോനിക്കയും കടന്നുപോയ കഥാപാത്രങ്ങളല്ല ഇന്നുംതുടരുന്ന കഥാപാത്രങ്ങളാണ്. ജീവിതത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വലിയ കുരിശുകള്‍ ചുമക്കാനുളള അവസരമാണ് ഓരോ ദു:ഖവെള്ളിയാഴ്ചകളും. ശിമയോന്റെയും വേറോനിക്കയുടെയും സ്ഥാനത്ത് നില്ക്കാനുളള അവസരമാണ്. കുടുംബങ്ങളുടെ പ്രാരബ്ധങ്ങളുടെ നടുവില്‍ കര്‍ത്താവിന്റെ മുഖം തുടയ്ക്കുന്ന വെളുത്ത ശീലകളാകുക. ചിലപ്പോള്‍ ഭര്‍ത്താവാം, ഭാര്യയാകാം.. ചിലപ്പോള്‍ മക്കളാകാം.. എല്ലാം നമുക്ക് പ്രതികൂലമാകുമ്പോള്‍ രക്തംവാര്‍ന്നൊഴുകുന്ന മുഖം തുടയ്ക്കുന്ന വെള്ളശീലകളാകാന്‍ കഴിയണം. നിങ്ങളുടെ മുഖത്തെല്ലാം കര്‍ത്താവിന്റെ ഛായയുണ്ട്. കാരണം ജീവിതത്തിലെ സങ്കടങ്ങളുടെ നിമിഷങ്ങളില്‍ നിങ്ങള്‍ കര്‍ത്താവിനെ ഓര്‍മ്മിച്ചവരാണ്. കര്‍ത്താവിന്റെ മുഖച്ഛായയോടുകൂടി ജീവിക്കാനുളള കൃപയ്ക്കുവേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.
അകത്ത് സഹോദരങ്ങള്‍ തമ്മില്‍ പടപൊരുതുന്നതുകൊണ്ടാണ് നമ്മുടെ സമൂഹം അധോഗതിയിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് മറക്കാനും പൊറുക്കാനുമുളള കൃപ നമുക്കുണ്ടാകണം. മനസ്തപിച്ച നല്ല കളളന്റെ മനോഭാവം നമുക്കുണ്ടാകണം.
നിക്കേദേമൂസും അരിമത്തിയാക്കാരന്‍ ജോസഫും നമ്മുടെജീവിതത്തില്‍ ഒരുപാട് പാഠങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. ആവശ്യമില്ലാത്ത എത്രയോ സാധനങ്ങള്‍ സൂൂക്ഷിച്ചു വച്ചിരി്ക്കുന്നവരാണ് നമ്മള്‍. അതൊക്കെ മറ്റുള്ളവര്‍ക്കായി വിട്ടുകൊടുക്കാന്‍ കഴി്ഞ്ഞാല്‍ കല്ലറ യേശുവിനുവേണ്ടി വിട്ടുകൊടുത്ത അരിമത്തിയാക്കാരന്‍ ജോസഫിന്റെ തുടര്‍ച്ചക്കാരാവുകയാണ് നമ്മള്‍. മുന്‍കൂട്ടിവാങ്ങിച്ച കല്ലറ കര്‍ത്താവിന്റെ കല്ലറയ്ക്കായി വി്ട്ടുകൊടുക്കാന്‍ ജോസഫ് ഔദാര്യം കാണിച്ചു.
ഏല്പിക്കപ്പെട്ട ഉത്തരവാദിത്തം പൂര്‍ത്തിയായി കഴിയുമ്പോള്‍ തമ്പുരാന്‍ നമുക്ക് നല്കുന്ന കിരീടമാണ് മരണമെന്നും തട്ടില്‍പിതാവ് പറഞ്ഞു.


