ജൂബിലി വർഷം 2025: പ്രതീക്ഷയുടെ തീർഥാടകർ

Published on

‘പ്രതീക്ഷയുടെ തീർഥാടകർ’ എന്ന മുഖ്യപ്രമേയവുമായി സാർവത്രിക സഭ മറ്റൊരു ജൂബിലി വർഷത്തിലേക്ക് പ്രവേശിക്കുകയാണ്. ഈശോയുടെ ജനനത്തിന്റെ 2025 വർഷങ്ങൾ ആണ് ജൂബിലി വർഷം എന്ന പേരിൽ ആഘോഷിക്കുന്നത്. ‘പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല’ (Spes non Confundit) എന്ന തിരുവെഴുത്ത് വഴി 2024 മെയ് ഒമ്പതാം തീയതി കർത്താവിന്റെ സ്വർഗാരോഹണ തിരുനാൾ ദിവസമാണ് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ നടന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പ 2025 ജൂബിലി വർഷം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2024 ഡിസംബർ 24 -ാം തീയതി അതേ ബസിലിക്കയുടെ “വിശുദ്ധ വാതിൽ’ തുറക്കുന്നതോടെ 2025 ജൂബിലി വർഷത്തിന് തുടക്കമാകും. ലോകത്തിലെ സകല ദേവാലയങ്ങളുടെയും മാതൃ ദേവാലയം എന്നറിയപ്പെടുന്ന വിശുദ്ധ ജോൺ ലാറ്ററൻ ബസിലിക്കയുടെ വിശുദ്ധ വാതിൽ 2024 ഡിസംബർ 29 ന് തുറക്കുന്നതോടെ ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള കത്തീഡ്രലുകളിൽ പ്രാദേശിക മെത്രാന്മാരുടെ നേതൃത്വത്തിൽ പരിശുദ്ധ കുർബാന അർപ്പിച്ചുകൊണ്ട് അതാതു രൂപതകളിൽ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. രൂപതാതലത്തിലുള്ള ജൂബിലി ആഘോഷങ്ങൾ 2025 ഡിസംബർ 28 നും ആഗോളസഭയിലെ ജൂബിലി സമാപനം 2026 ജനുവരി ആറിനും നടക്കും.

റവ. ഡോ. ജോഷി തോമസ് കുളത്തുങ്കൽ

ജൂബിലി ബൈബിൾ പശ്ചാത്തലത്തിൽ

‘ജൂബിലി’ ഹീബ്രുപദമായ ‘യോബെൽ (yobel)’ എന്ന വാക്കിൽ നിന്നാണ് ഉരുത്തിരിഞ്ഞത്. ‘ആട്ടുകൊമ്പു’ എന്നാണ് ഇതിനർഥം; കാരണം, കാഹളമായി ഉപയോഗിച്ചിരുന്ന ആ കൊമ്പാണ് ജൂബിലി വർഷത്തിന്റെ ആരംഭം എല്ലാവരേയും സൂചിപ്പിക്കുന്നത്. ലേവ്യരുടെ പുസ്തകം ജൂബിലി വർഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട് (ലേവ്യർ 25 : 8-10). ഓരോ അമ്പതാംവർഷവും ജൂബിലി വർഷമായി ആചരിച്ചിരുന്നു. നാൽപ്പത്തിയൊമ്പതാം വർഷത്തിലെ പാപപരിഹാരദിനത്തിലാണ് ജൂബിലി വർഷം ആരംഭിക്കുന്നത്. ഇതിന്റെ ആരംഭം അറിയിക്കുവാനായി പ്രത്യേകം കാഹളം മുഴക്കിയിരുന്നു. ജൂബിലി വർഷം സ്വാതന്ത്ര്യത്തിന്റെ വർഷമായിരുന്നു. പണയം വച്ചതും കടം മേടിച്ചതും മോഷ്ടിച്ചതുമായ വസ്തുക്കൾ ഉടമസ്ഥന് തിരികെ നൽകുന്ന സമയം. വിലയിലും അളവുതൂക്കങ്ങളിലുമുള്ള അനീതി ജൂബിലിവർഷത്തിൽ പരിഹരിച്ചിരുന്നു. ജൂബിലി വർഷത്തിൽ വിതയും കൊയ്ത്തും നിരോധിക്കപ്പെട്ടിരുന്നു. പഴയനിയമ പശ്ചാത്തലത്തിൽ ജൂബിലി വർഷം വിശ്രമത്തിന്റെയും ജീവിതയാത്രയിലെ തിരിഞ്ഞു നോട്ടത്തിന്റെയും വർഷമാണ്, പുനഃസ്ഥാപീകരണത്തിന്റെയും അനുരഞ്ജനത്തിന്റെയും വർഷമാണ്. പഴയനിയമത്തിലും പുതിയ നിയമത്തിലും കാണുന്ന ‘കർത്താവിന് സ്വീകാര്യമായ വത്സരം’ (ഏശയ്യ 61 ,2; ലൂക്ക 4, 19) എന്നത് വിശുദ്ധ വർഷമായ ജൂബിലി വർഷത്തെയാണ് സൂചിപ്പിക്കുന്നത് ഇവിടെ വിശുദ്ധവർഷം എന്നത് ദൈവകൃപയും കരുണയും ഓർക്കുവാനുള്ള വർഷമാണ്. മുൻകാല അടിമത്തത്തിന്റെ അനുഭവങ്ങൾ ഉൾക്കൊണ്ടുകൊണ്ട് സമ്പൂർണ്ണ വിമോചനത്തിന്റെ ചിന്തയിൽ സന്തോഷിക്കുവാനുള്ള സമയമാണ് ജൂബിലി വർഷം.

സഭയുടെ ചരിത്രത്തിൽ

സഭാചരിത്രത്തിലെ ആദ്യ ജൂബിലി 1300 -ാം വർഷത്തിൽ, ബോണിഫസ് എട്ടാമൻ പാപ്പയുടെ കാലത്താണ് നടന്നത്. അന്നു മുതൽ ഓരോ 100 വർഷത്തിലും ജൂബിലി വർഷം സഭയിൽ നിർബന്ധമായി. 1342 ൽ ക്ലമെന്റ് ആറാമൻ മാർപാപ്പ 100 വർഷത്തെ ജൂബിലി എന്നത് ഓരോ 50 വർഷത്തിലുമായി മാറ്റി. പോൾ രണ്ടാമൻ മാർപാപ്പയാണ് ജൂബിലി വർഷത്തെ 25 വർഷത്തിലൊരിക്കലാക്കിയത്. രണ്ടായിരമാണ്ടിലെ മഹാ ജൂബിലി ആണ് മൂന്നു വർഷത്തെ പ്രത്യേക ഒരുക്കത്തോടുകൂടി സഭയിൽ വിപുലമായി ആഘോഷിച്ചത്. രണ്ടു വർഷത്തെ തയ്യാറെടുപ്പുകൾക്ക് ശേഷമാണ് 2025 ജൂബിലി വർഷത്തിലേക്ക് നാം ഇപ്പോൾ പ്രവേശിക്കുന്നത്. രണ്ട് തരത്തിലുള്ള ജൂബിലി ആഘോഷങ്ങളാണ് സഭയിലുള്ളത്. സാധാരണ ജൂബിലി, അസാധാരണ ജൂബിലി. ഓരോ 25 വർഷം കൂടുമ്പോഴും നടക്കുന്നതാണ് സാധാരണ ജൂബിലി. ഇതുകൂടാതെ മാർപാപ്പ എപ്പോഴൊക്കെ ജൂബിലി പ്രഖ്യാപിക്കുന്നുവോ അതൊക്കെ അസാധാരണ ജൂബിലിയായി കണക്കാക്കപ്പെടുന്നു. 2015 ൽ ഫ്രാൻസിസ് മാർപാപ്പ ‘കരുണയുടെ അസാധാരണ ജൂബിലി വത്സരമായി പ്രഖ്യാപിച്ചിരുന്നുവല്ലോ?

2025 ജൂബിലി: ഫ്രാൻസിസ് മാർപാപ്പയുടെ ആദ്യ വെളിപ്പെടുത്തൽ

2022 ഫെബ്രുവരി 11 ാം തീയതി നവ സുവിശേഷവൽക്കരണത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ അധ്യക്ഷനായ ആർച്ചുബിഷപ്പ് റീനോ ഫിസിക്കെല്ലയ്ക്ക് അയച്ച കത്തിലാണ് ആദ്യമായി ജൂബിലിയെപ്പറ്റിയുള്ള അനൗദ്യോഗികമായ പ്രഖ്യാപനം പരിശുദ്ധ മാർപാപ്പ നടത്തിയത്. കോവിഡ് മഹാമാരി കാരണം സംശയത്തിന്റെയും ഭയത്തിന്റെയും വികാരങ്ങൾ സൃഷ്ടിച്ച, പ്രത്യാശ നഷ്ടപ്പെട്ട ഒരു ലോകത്തിൽ തുറന്ന മനസോടെയും വിശ്വാസയോഗ്യമായ ഹൃദയത്തോടെയും ദീർഘവീക്ഷണത്തോടെയും ഭാവിയിലേക്ക് നോക്കിക്കൊണ്ട് പുതിയ ശക്തിയും ഉറപ്പും നേടാൻ എല്ലാവരെയും സഹായിക്കണം എന്ന ചിന്തയോടെ ആണ് മാർപാപ്പ ഈ ജൂബിലി വർഷത്തിനു ആഹ്വാനം ചെയ്യുന്നത്. അതുകൊണ്ടാണ് ജൂബിലിയുടെ മുദ്രാവാക്യമായി ‘പ്രതീക്ഷയുടെ തീർഥാടകർ’ എന്ന ആപ്തവാക്യം തിരഞ്ഞെടുത്തിരിക്കുന്നത്. 2023, 2024 വർഷങ്ങൾ ജൂബിലിക്കുള്ള ഒരുക്കത്തിന്റെ വർഷങ്ങളായി മാർപാപ്പ ഈ കത്തിലൂടെ പ്രഖ്യാപിച്ചു. പഠനം, പ്രാർഥന, തീർഥാടനം എന്നീ മൂന്നു വാക്കുകൾ ആണ് ജൂബിലി ആഘോഷിക്കുമ്പോൾ നാം മനസ്സിൽ ഉറപ്പിക്കണ്ടത്. ഇതിൽ ആദ്യ രണ്ടു വാക്കുകൾക്കാണ് ഒരുക്കത്തിന്റെ വർഷം പ്രാധാന്യം നൽകിയത്.

2023: കൗൺസിൽ വർഷം (Year of the Council)

ബൗദ്ധികമായ ഒരുക്കമാണ് കൗൺസിൽ വർഷാചരണത്തിലൂടെ മാർപാപ്പ ലക്ഷ്യം വച്ചത്. രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ നാല് പ്രധാന പ്രമാണരേഖകൾ സഭാമക്കളിലേക്ക് എത്തിക്കുകയും അത് അവരെ പഠിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ഈ വർഷത്തിന്റെ ഉദ്ദേശം. ആരാധനക്രമം (Sacrosanctum Concilium: The Constitution ഓൺ the Sacred Liturgy), ജനതകളുടെ പ്രകാശം (Lumen Gentium: Dogmatic Constitution on the Church), ദൈവാവിഷ്കരണം (Dei Verbum: Dogmatic Constitution on Divine Revelation),സഭ ആധുനിക ലോകത്തിൽ (Gaudium ഏത് Spes: Pastoral Constitution on the Church ഇൻ the Modern World) എന്നീ നാല് പ്രമാണ രേഖകളാണ് 2023 ൽ പഠന വിഷയമാക്കുവാൻ മാർപാപ്പ തന്നത്. രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ സമാപനം മുതൽ എല്ലാ മാർപാപ്പമാരും സുനഹദോസ് പിതാക്കന്മാർ കണ്ടെത്തിയിരിക്കുന്ന സത്യങ്ങൾ പഠിക്കുവാൻ നമ്മെ ഉദ്ബോധിപ്പിച്ചിട്ടുണ്ട്. ‘രണ്ടാം വത്തിക്കാൻ സുനഹദോസിന്റെ പ്രമാണരേഖകൾ കൃത്യതയില്ലാത്ത, വ്യക്തതയില്ലാത്ത, ഉപരിപ്ലവമായ പ്രസിദ്ധീകരണങ്ങളുടെ ഒരു കൂമ്പാരത്തിന് അടിയിൽപ്പെട്ട് കുഴിച്ചുമൂടപ്പെട്ടു’ എന്ന് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ പ്രമാണരേഖകൾ വായിക്കുന്നത് അതിന്റെ യഥാർഥ ആത്മാവിനെ കണ്ടെത്തുവാൻ നമ്മെ പ്രാപ്തരാക്കുമെന്ന് മാർപാപ്പ ഓർമിപ്പിക്കുന്നു.

2024: പ്രാർഥനാ വർഷം (Year of Prayer)

ദൈവജനത്തിന്റെ ആത്മീയമായ ഒരുക്കമാണ് പ്രാർഥനാ വർഷത്തിലൂടെ മാർപാപ്പ ലക്ഷ്യം വച്ചത്. ഈ ആത്മീയ ഒരുക്കത്തിന് സഹായകരമാകുന്ന രീതിയിൽ ‘ഞങ്ങളെ പ്രാർഥിക്കുവാൻ പഠിപ്പിക്കുക’ എന്ന തലക്കെട്ടോടെ വത്തിക്കാനിലെ സുവിശേഷവൽക്കരണ ഡിക്കാസ്റ്ററി തന്നെ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജൂബിലി വർഷത്തിലേക്ക് പ്രവേശിക്കുന്ന ഓരോ ക്രിസ്ത്യാനിക്കും പ്രാർത്ഥന ഒരു വഴികാട്ടിയായി ആയി മാറുന്നു, വിശുദ്ധ വാതിലിലേക്ക് പ്രവേശിക്കുന്ന ഒരു തീർഥാടനം ആയിത്തീരുന്നു. ദൈവവുമായുള്ള നമ്മുടെ ബന്ധത്തിന്റെ ഉജ്ജ്വല പ്രകടനമായ പ്രാർഥനയിലൂടെ ജൂബിലി വർഷം പ്രദാനം ചെയ്യുന്ന കൃപയും കരുണയും സ്വീകരിക്കാൻ നമ്മുടെ ഹൃദയങ്ങളെ ഒരുക്കുക എന്ന ലക്ഷ്യമാണ് പ്രാർഥനാ വർഷത്തിൽ പാപ്പാ വിഭാവനം ചെയ്തത്. നിശബ്ദതയുടെ ആനന്ദവും പരിത്യാഗത്തിന്റെ സമാധാനവും അനുഭവിക്കുവാനുള്ള വിളിയാണ് ഈ വർഷം ഓരോ വിശ്വാസിക്കും ലഭിച്ചത്.

2025 ജൂബിലിയുടെ ലക്ഷ്യം

ഈ ജൂബിലിവർഷത്തിന് മൂന്നു ലക്ഷ്യങ്ങളാണ് പ്രധാനമായിട്ടുള്ളത്. ഒന്നാമതായി ‘ക്രിസ്തുവിനെ ആഘോഷിക്കുക’ (To celebrate Jesus). ഈശോയെ കൂടുതൽ വ്യക്തമായി അറിയുവാനും കൂടുതൽ ആത്മാർത്ഥമായി സ്നേഹിക്കാനും കൂടുതൽ അടുത്ത് പിന്തുടരുവാനും നാം ശ്രദ്ധയോടും ഫലപ്രദമായും ശ്രമിക്കണം. ജീവിതത്തിൽ ഇതിനുള്ള പരിശ്രമങ്ങൾ തുടങ്ങണം. രണ്ടാമതായി ‘തിരുസഭയെ ആഘോഷിക്കുക’ (To സെലിബ്രറ്റി Church). സഭാപ്രബോധനങ്ങളിൽ ആഴത്തിലുള്ള അവബോധം ഉണ്ടാകുന്നതിനും അതിലൂടെ സഭയോടുള്ള നമ്മുടെ പ്രതിബദ്ധത നവീകരിക്കുന്നതിനും, അതിലൂടെ സഭാകൂട്ടായ്മയിൽ ഒന്നിച്ച് വളരുന്നതിനും വ്യക്തിപരമായ താത്പര്യങ്ങളും ആഗ്രഹങ്ങളും മാറ്റിവച്ചുകൊണ്ട്, സഭയോടൊത്തു ചിന്തിക്കുവാനുള്ള ആഹ്വാനമാണ് ഈ ജൂബിലി വർഷം നൽകുന്നത്. മൂന്നാമതായി ‘വിശ്വാസത്തെ ആഘോഷിക്കുക’ (To celebrate ഔർ Faith). ദൈവം തന്ന വലിയ ദാനങ്ങൾ, കഴിവുകൾ എന്നിവ പ്രാവർത്തികമാക്കിക്കൊണ്ടും സഭാജീവിതത്തിൽ ഭാഗഭാക്കായിക്കൊണ്ടും, മൂല്യാധിഷ്ഠിത ജീവിതം നയിച്ചുകൊണ്ടും ജീവിതം തന്നെ ഒരു സാക്ഷ്യമാക്കി രൂപാന്തരപ്പെടുത്തി വിശ്വാസത്തെ ആഘോഷിക്കുക.

‘പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല’: Papal Bull of ഇൻഡിക്ഷന്

‘പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല’ (Spes non Confundit: Hope does not disappoint: tdmam 5, 5) എന്ന തിരുവെഴുത്ത് ഉപയോഗിച്ച് ജൂബിലി വർഷം 2025 ഔദ്യോഗികമായി ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചു. 2024 മെയ് ഒമ്പതാം തീയതി പുറത്തിറക്കിയ ഈ രേഖ മാനവരാശി്ക്കുള്ള പ്രത്യാശയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്. വിശ്വാസവും പ്രത്യാശയും ഒന്നിച്ചു പോകുന്നുവെന്നും പ്രത്യാശ നമ്മളെ ഒരിക്കലും നിരാശരാക്കുന്നില്ല എന്നും ഫ്രാൻസിസ് മാർപാപ്പ അടിവരയിട്ട് പറയുന്നു. ലോകത്തിൽ അന്ധകാരം അധികമായി വർദ്ധിക്കുന്ന ഒരു സാഹചര്യത്തിൽ, നിരാശ നമ്മെ വേട്ടയാടുമ്പോൾ പ്രത്യാശയോടെ മുമ്പോട്ടു പോകുവാനാണ് ഈ പ്രബോധനം നമ്മെ സഹായിക്കുന്നത്. ഫ്രാൻസിസ് മാർപാപ്പ പറയുന്നു: ‘ജൂബിലി നമുക്ക് പ്രത്യാശയിൽ നവീകരിക്കപ്പെടുവാനുള്ള അവസരം ആയിരിക്കണം. നമുക്കെതിരെ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റുകൾ ഒരിക്കലും ജയിക്കില്ല. കാരണം പ്രത്യാശയിൽ നമ്മൾ ഉറച്ചുനിൽക്കുന്നു. അത് ക്രിസ്തുവിൽ ജീവിക്കാനും പാപത്തെ അതിജീവിക്കുവാനും നമ്മെ പ്രാപ്തരാക്കുന്നു’.

പ്രത്യാശയുടെ ജൂബിലിവർഷത്തിൽ, എല്ലാവരും ഈശോയുമായുള്ള വ്യക്തിപരമായ അനുഭവത്തിനായി സമയം കണ്ടെത്തണമെന്നും പരിശുദ്ധ പിതാവ് പ്രത്യേകം ഉദ്ബോധിപ്പിക്കുന്നുണ്ട്. ഈ വിശുദ്ധ വർഷത്തിൽ റോമിലേക്കും, അതത് രൂപതകളുടെ കത്തീഡ്രൽ പള്ളികളിലേക്കും തീർഥാടനം നടത്തണമെന്ന് ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്യുന്നു. തീർഥാടനത്തിന്റെ അനുഗ്രഹങ്ങൾ അദ്ദേഹം ഉയർത്തി കാട്ടുന്നുണ്ട്. അനുരഞ്ജന കൂദാശയാണ് അത്തരം ഒരു യാത്രയുടെ തുടക്കമെന്ന് പാപ്പാ സൂചിപ്പിക്കുന്നു. ജൂബിലി തീർഥാടനം വിശ്വാസികൾക്ക് സമ്പൂർണ്ണ ദണ്ഡവിമോചനം ലഭിക്കുവാനുള്ള അവസരവും നൽകുന്നു.

ജൂബിലി വർഷം കടങ്ങൾ ക്ഷമിക്കുന്നതിനും മാപ്പ് നൽകുന്നതിനും സമാധാനത്തിനും മറ്റ് രാജ്യങ്ങളുമായുള്ള ഐക്യത്തിനും നയതന്ത്ര ശ്രമങ്ങൾ വർദ്ധിപ്പിക്കുന്നതിനും ലോകത്തിലെ വിവിധ രാജ്യങ്ങളിലെ സർക്കാരുകളെ പ്രോത്സാഹിപ്പിക്കുന്നു. ലോകത്തിലെ ദരിദ്രരിലേക്ക് നമ്മുടെ ശ്രദ്ധ തീവ്രമാക്കാൻ ഈ രേഖയിലൂടെ മാർപാപ്പാ നമ്മെ ക്ഷണിക്കുന്നു. വാക്കുകളാൽ മാത്രമല്ല, മറിച്ച് അവർക്ക് പ്രതീക്ഷ നൽകുന്ന പ്രവൃത്തികളാണ് നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത്. പാപ്പാ ഓർമിപ്പിക്കുന്നു.

ജൂബിലി ലോഗോയുടെ അർഥം

നാലു വ്യത്യസ്ത മനുഷ്യർ ഒരേ ബിന്ദുവിലേക്ക് കടന്നുവരുന്ന ചിത്രീകരണം ഭൂമിയുടെ നാലു കോണുകളിൽ നിന്ന് വരുന്ന മുഴുവൻ മനുഷ്യരാശിയെയും പ്രതിനിധീകരിക്കുന്നു. എല്ലാ ജനപദങ്ങളെയും ഒന്നിപ്പിക്കേണ്ട ഐകദാർഢ്യവും സാഹോദര്യവും സൂചിപ്പിക്കുവാൻ അവർ പരസ്പരം ആലിംഗനം ചെയ്യുന്നു. കുരിശിനെ പുണരുന്ന ആളുകളാണ് ജൂബിലിയുടെ ലോഗോയിൽ ആദ്യം കാണുന്നത്. എന്നാൽ ആ കുരിശിന്റെ അടിഭാഗം നങ്കൂരത്തിന്റെ രൂപമാണ്. ജീവിതത്തിന്റെ തീർഥാടനം എപ്പോഴും ശാന്തമായ വെള്ളത്തിലല്ലെന്ന് സൂചിപ്പിക്കുന്നതിന് പ്രക്ഷുബ്ധമായ തിരമാലകളും ലോഗോയിൽ കാണാം. കുരിശ് ചലനാത്മകമാണ്. ദൈവസാന്നിധ്യത്തിന്റെ ഉറപ്പും പ്രത്യാശയുടെ സുരക്ഷിതത്വവും വാഗ്ദാനം ചെയ്യുന്നതിനായി തീർഥാടകരുടെ നേരെ ചരിഞ്ഞിരിക്കുന്ന കുരിശും വളരെ പ്രത്യേകത നിറഞ്ഞതാണ്. ദൈനംദിന ജീവിതസാഹചര്യങ്ങളിലും അനുദിന സംഭവവികാസങ്ങളിലും പ്രത്യാശയിലേക്കുള്ള ഒരു വലിയ തുറവി ആവശ്യമാണ്. ഈ പ്രത്യാശയെ എടുത്തുകാണിക്കുന്നതാണ് ജൂബിലിയുടെ മുദ്രാവാക്യം ലത്തീൻ ഭാഷയിൽ ആലേഖനം ചെയ്തിരിക്കുന്നത് (Peregri-nantes in Spem).

ജൂബിലിവർഷ ആഘോഷങ്ങൾ

ജൂബിലി വർഷ ആഘോഷങ്ങൾ മൂന്നു തലങ്ങളിലായിട്ടാണ് നടക്കുന്നത്. സാർവത്രിക സഭാ തലം, രൂപതാ തലം, ഇടവക തലം. രൂപതാധ്യക്ഷൻ പ്രഖ്യാപിക്കുന്ന തീർഥാടന കേന്ദ്രങ്ങൾ ആത്മീയ ഒരുക്കത്തോടെ സന്ദർശിക്കുന്ന വിശ്വാസികൾക്ക് സഭ നിഷ്കർഷിക്കുന്ന ദണ്ഡവിമോചനം ലഭിക്കുന്നുവെന്നതും ഈ ജൂബിലി വർഷത്തിന്റെ സവിശേഷതയാണ്. ദൈവത്തിന്റെ അതിരില്ലാത്ത കരുണയെ ദൈവജനം അനുഭവിച്ചറിയേണ്ട സമയമാണ് ജൂബിലി വർഷം എന്നതിനാൽ കുമ്പസാരത്തിന്റെ പ്രാധാന്യം വർഷം മുഴുവൻ വിശ്വാസികളെ ഓർമ്മിപ്പിക്കേണ്ടതും കൂദാശ സ്വീകരിക്കുവാൻ കൂടുതൽ അവസരങ്ങൾ സഭയിൽ ഒരുക്കേണ്ടതും ഏറെ ആവശ്യമാണ്. വിശുദ്ധ വാതിൽ തുറക്കപ്പെടുന്ന ദേവാലയത്തിലും പ്രത്യേകമായി പ്രഖ്യാപിക്കപെട്ട പുണ്യസ്ഥലങ്ങളിലും ഭക്ത്യാദരവോടെ പ്രവേശിച്ച്, വിശുദ്ധ കുർബാനയുടെ ആരാധനയിൽ പങ്കെടുത്തുകൊണ്ടും വിശുദ്ധ കുമ്പസാരമെന്ന കൂദാശ സ്വീകരിച്ചുകൊണ്ടും തുടർന്ന് വിശ്വാസപ്രമാണം ചൊല്ലി, മാർപാപ്പയുടെ നിയോഗത്തിനായി സ്വർഗസ്ഥനായ പിതാവേ എന്ന പ്രാർഥന നടത്തി, പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടി പ്രാർഥിച്ചുകൊണ്ടും പൂർണ്ണദണ്ഡവിമോചനം പ്രാപിക്കാൻ ഉള്ള അവസരം ജൂബിലി വർഷത്തിൽ ഓരോ വിശ്വാസികൾക്കുമുണ്ട്. കൂടാതെ, രോഗം, കാരാഗൃഹവാസം തുടങ്ങി വിവിധ കാരണങ്ങളാൽ തീർഥാടനം സാധ്യമല്ലാത്തവർക്കു ദണ്ഡവിമോചനം ലഭിക്കാൻ ഉള്ള അവസരങ്ങളെക്കുറിച്ചു വത്തിക്കാനിലെ അപ്പോസ്തോലിക പെനിറ്റെൻഷറിയിൽ നിന്നും 2024 മെയ് 13 ാം തീയതി പുറത്തിറക്കിയ ഉത്തരവിൽ വിശദമായി പരാമർശിക്കുന്നുണ്ട്. സഭ നിർദ്ദേശിക്കുന്ന രീതിയിൽ കരുണയുടെ പ്രവൃത്തികൾ ചെയ്തും പ്രായശ്ചിത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടും ദണ്ഡവിമോചനം നേടാവുന്നതാണ്.

ഉപസംഹാരം

പ്രാചീനകാലം മുതൽ കൈ്രസ്തവ സമൂഹത്തിൽ ജൂബിലി, ദൈവകരുണയുടെ മഹാപ്രവാഹമായി ആഘോഷിക്കപ്പെടുന്നു. വിശുദ്ധവത്സരത്തിന്റെ പ്രത്യേക പ്രാധാന്യം, ദൈവത്തിന്റെ ക്ഷമയിലൂടെയും കരുണയിലൂടെയും വിശ്വാസികളെ ശക്തിപ്പെടുത്തുന്നതാണ്. ജീവിതത്തിൽ സമാനമായ അനിശ്ചിതത്വവും പ്രതിസന്ധികളും ഉണ്ടായാലും ക്രൈസ്തവ പ്രത്യാശ ആരെയും നിരാശപ്പെടുത്തുന്നില്ല എന്ന ആശയം കാലഘട്ടത്തിന്റെ ആവശ്യകതയാണ്. അല്ലെങ്കിൽ ഈ ജൂബിലി വർഷം, മറ്റേതൊരു വർഷത്തെയും പോലെ കടന്നുപോകും. മറിച്ച് ശക്തിപ്പെടേണ്ടതിന്റെയും, ശക്തിപ്പെടുത്തേണ്ടതിന്റെയും സന്ദേശമാണ് ഈ ജൂബിലി വർഷം നമുക്ക് പ്രദാനം ചെയ്യുന്നത്. പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ വിഭാവനം ചെയ്ത ജൂബിലി വർഷം നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ഉണ്ടാകട്ടെ എന്ന് നമുക്ക് ആശംസിക്കാം. ജൂബിലി വർഷം ഒരു അനുഗ്രഹമാക്കി മാറ്റാൻ പ്രതീക്ഷയുടെ തീർഥാടകരായി നമുക്ക് ഒരുമിച്ചു സഞ്ചരിക്കാം.

Latest Updates

POPULAR Views

FEATUERD Views

ദൈവവിളി: അസ്തിത്വത്തിലേക്കുള്ള അനന്തയാത്ര 

തന്റെ അസ്തിത്വത്തിന്റെ പൂര്‍ണ്ണത പ്രാപിക്കാനായി ജീവിതസാഹചര്യങ്ങളുടെയും ദൈവീക ഇടപെടലുകളുടെയും പശ്ചാത്തലത്തില്‍, പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടും വ്യക്തമായ അറിവോടും കൂടെ ഒരാള്‍ തിരഞ്ഞെടുക്കുന്ന ജീവിതാവസ്ഥയാണ് ദൈവവിളി. ഇത് കേവലം ഒരു തൊഴിലോ ജീവിതരീതിയോ അല്ല, മറിച്ച് ദൈവത്തോടും മനുഷ്യരോടുമുള്ള ഉത്തരവാദിത്തപരമായ പ്രതികരണമാണ്.

ക്രിസ്ത്യന്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നതില്‍ മാനേജുമെന്റുകള്‍ നേരിടുന്ന പ്രതിസന്ധികൾ

ക്രിസ്ത്യന്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നതില്‍ മാനേജ്‌മെന്റുകള്‍ നേരിടുന്ന ബുദ്ധിമുട്ട് എന്താണെന്ന് വ്യക്തമാക്കുന്നുണ്ട്. സര്‍ക്കാര്‍ എങ്ങനെ  ക്രിയാത്മകമായി ഇടപെടേണ്ടെന്ന് പറയുന്നുണ്ട്. ക്രിസ്ത്യന്‍ ന്യൂനപക്ഷ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിച്ച് പൊതു സമൂഹത്തിന് കൃത്യമായ ബോധ്യം നല്‍കാന്‍ ജെ. ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ  പ്രസ്തുത ഭാഗം വായിക്കുന്നത് അഭികാമ്യമായിരിക്കും.പ്രസ്തുത ഭാഗം ചുവടെ ചേര്‍ക്കുന്നു

EWS സംവരണം

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന  സംവരണേതര വിഭാഗങ്ങള്‍ക്കായി (EWS) നടപ്പിലാക്കിയ 10 ശതമാനം...

മലയോര മേഖലയുടെ വികസനം

ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷന്‍ മലയോര മേഖല സംബന്ധിച്ച 36...

ജെ. ബി. കോശി കമ്മീഷന്റെ പരിവര്‍ത്തിത ക്രൈസ്തവ  ശിപാര്‍ശകള്‍  പഠനം

 *കേരളത്തിലെ പരിവര്‍ത്തിത ക്രൈസ്തവ വിഭാഗത്തിന്റെ സമൂലമായ ഉന്നമനത്തിനുതകുന്ന മാഗ്‌നാകാര്‍ട്ടയാണ് ജസ്റ്റിസ് ജെബി...

വിദ്യാഭ്യാസ ന്യൂനപക്ഷ സംവരണ വിഷയങ്ങള്‍

ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പൊതുവായ പ്രശ്‌നങ്ങളെ വിശദമായി അവതരിപ്പിക്കുന്ന ഭാഗമാണ് ജെ ബി...

കുട്ടനാടിനെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള ശുപാർശകൾ

ജസ്റ്റിസ് (റിട്ട) ജെ ബി കോശി കമ്മീഷന്‍  റിപ്പോര്‍ട്ടില്‍ കുട്ടനാടുമായി ബന്ധപ്പെട്ട്...

ജെ. ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്: അഭിമാനപൂര്‍വം സീറോമലബാര്‍ സഭ

ജെ. ബി. കോശി കമ്മീഷനുവേണ്ടി സീറോമലബാര്‍സഭ ഇത്രയേറെ കഷ്ടപ്പെട്ടെങ്കിലും സഭയ്ക്കു പ്രയോജനപ്രദമായ ശിപാര്‍ശകളില്‍ വളരെ കുറച്ചു മാത്രമേ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടുള്ളൂ. എങ്കിലും കേരളത്തിലെ ക്രിസ്ത്യാനികളുടെ പിന്നാക്കാവസ്ഥ ചൂണ്ടിക്കാണിക്കാന്‍ ഒരു ആധികാരിക രേഖ ലഭിച്ചതില്‍ സന്തോഷമുണ്ട്. കൂടാതെ ഈ കമ്മീഷന്റെ നിയമനം സഭയ്ക്ക് സ്വയം വിലയിരുത്തലിനും പഠനത്തിനും നിമിത്തമായി.

നോമ്പുകാലം: ശ്രവണത്തിന്റെയും ഉപവാസത്തിന്റെയും മാനസാന്തരത്തിന്റെയും സമയം

പ്രിയ സഹോദരീസഹോദരന്മാരെ,മാതൃസഹജമായ കരുതലാൽ പ്രചോദിതയായി ദൈവത്തിന്റെ രഹസ്യം നമ്മുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവാക്കി...

സ്വാതന്ത്ര്യം ആഘോഷമാവട്ടെ, പക്ഷേ കടമകള്‍ വിസ്മൃതിയിലാവരുത്

അവകാശങ്ങള്‍ക്കുവേണ്ടി ആര്‍ത്തുവിളിക്കുകയും കടമകളെക്കുറിച്ച് മൗനം ഭജിക്കുകയും ചെയ്യുന്നത് മനുഷ്യന്റെ സ്വാര്‍ഥപ്രകൃതിയില്‍ അടിസ്ഥാനമിട്ട ഒരു സംസ്‌കാരമാണ്. ജോലിസമയത്ത് കൈവലിക്കുകയും കൂലിസമയത്ത് കൈനീട്ടുകയും ചെയ്യുന്നത് ഈ സംസ്‌കാരത്തിന്റെ മലിനമുഖമാണ്.

സമുദായശക്തീകരണം സഭയുടെ വളര്‍ച്ചയ്ക്ക്

'നിന്റെ അമ്മ, ജലാശയത്തിനടുത്തു നട്ടിരിക്കുന്ന മുന്തിരിച്ചെടിപോലെയാണ്. ധാരാളമായി വെള്ളം കിട്ടിയതുമൂലം അതു...

പ്രത്യാശയുടെ ജൂബിലിവര്‍ഷം

എഡി 1300 മുതല്‍ ഓരോ 25 വര്‍ഷം കൂടുമ്പോഴും ആചരിച്ചുപോരുന്ന ജൂബിലിവത്സരത്തിന്...