വിശുദ്ധ പത്രോസ് സഭയുടെ അജപാലകനാകുന്നതിന് മുമ്പ് കർത്താവ് വിശുദ്ധ പത്രോസിനോട് ചോദിച്ച ചോദ്യം പത്രോസേ നീ ഇവരെക്കാൾ അധികമായി എന്നെ സ്നേഹിക്കുന്നുണ്ടോയെന്ന് മാത്രമായിരുന്നു. മൂന്നു തവണ ചോദിച്ചതും അത് ലക്ഷ്യത്തിലെത്തിയതുമൊക്കെ ഇപ്പോൾ നമ്മുടെ എല്ലാവരുടെയും മനസ്സുകളിലുണ്ട്.
അഭിവന്ദ്യ റാഫേൽ തട്ടിൽ പിതാവിന്റെ പ്രഭാഷണങ്ങളും വചനപ്രഘോഷണങ്ങളും നമ്മെ എല്ലാവരെയും കൂടുതൽ സ്നേഹത്തിലേക്കും പ്രത്യാശയിലേക്കും നയിക്കുന്നതാണ്. ക~ിനാദ്ധ്വാനിയായ ഒരു അജപാലകനാണ് മാർ റാഫേൽ തട്ടിൽ.
ഷംഷാബാദ് ആസ്ഥാനമായി ഇന്ത്യയുടെ മൂന്നിൽ രണ്ട് ഭാഗങ്ങളെയും ഉൾക്കൊള്ളുന്ന ഒരു വലിയ രൂപത മാർപാപ്പ സ്ഥാപിച്ചപ്പോൾ വിശാലമായ ആ പ്രദേശത്തെല്ലാം ഓടിനടന്ന് ഇന്ത്യയിലും വിദേശത്തുമൊക്കെ പോയി വിശ്വാസസമൂഹങ്ങളെ സംഘടിപ്പിച്ചതും ആ രൂപതയ്ക്ക് ഇന്നത്തെ രീതിയിലുള്ള നിയതമായ ഒരു രൂപം കൊടുത്തതുമെല്ലാം നമ്മൾ നന്ദിയോടെ ഓർമ്മിക്കുന്നു. അദ്ദേഹത്തിന്റെ പ്രേഷിതയാത്രകൾ വിശുദ്ധ പൗ ലോസ് ശ്ലീഹായുടെ പ്രേഷിതയാത്രകളെക്കാളും കൂടുതലായിരുന്നുവെന്നാണ് ഞാൻ കരുതുന്നത്. അത്രമാത്രം വിശാലമാണല്ലോ നമ്മുടെ രാജ്യം തന്നെ.
ആഴമായ വചനധ്യാനത്തിന്റെയും പ്രാർത്ഥനയുടെയും പിൻ ബലത്തിൽ പിതാവ് ഏറ്റെടുത്തിരിക്കുന്ന ഈ നിയോഗം ഏറ്റവും അനുഗ്രഹപ്രദമാകാൻ പ്രാർത്ഥിക്കുന്നു.
പിതാവിന്റെ ആത്മീയതയുടെ ആഴം ഈ സഭയെ കൂടുതൽ ചടുലാത്മകമാക്കും എന്നതിൽ യാതൊരു സംശയവുമില്ല. മതേതരത്വത്തിനും മതമൈ ത്രിക്കും നവോത്ഥാനത്തിനും ക്രൈസ്തവർ നല്കിയ സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടേണ്ടതാണ്.
അഭിവന്ദ്യ തട്ടിൽ പിതാവ് നമ്മുടെ ഈ വലിയ സമൂഹത്തിന്റെ അമരക്കാരനാകുമ്പോൾ അദ്ദേഹത്തെ തേടിവരുന്ന വെല്ലുവിളികളും ഏറെയാണ്. അതോടൊപ്പം അദ്ദേഹത്തിന് ലഭിക്കുന്ന ദൈവകൃപയും അളവില്ലാത്തതാണ്. വ്യത്യസ്തമായ സാഹചര്യങ്ങളിൽ വിശ്വാസം ജീവിക്കാനും സമാധാനപൂർണ്ണമായ സമൂഹത്തെ കെട്ടിപ്പടുക്കാനുമുള്ള ഈ ജനത്തിന്റെമുന്നോട്ടുള്ള യാത്രയിൽ തട്ടിൽപിതാവിന്റെ നേതൃത്വം നമുക്കെല്ലാവർക്കും ഉപകാരപ്രദമാകട്ടെ.


