പിതാക്കന്മാരുടെ ജോലി ജനങ്ങളെ ദൈവത്തിലേക്ക് അടുപ്പിക്കുക, ദൈവസന്ദേശം അവർക്ക് കൊടുക്കുക എന്നെല്ലാമാണ്. എന്നാൽ അതിനൊപ്പം കേരളത്തിൽ ക്രൈസ്തവസഭ ചെയ്ത ജനസേവനം നമുക്കെല്ലാവർക്കും അറിയാവുന്നതാണ്. പള്ളിക്കൊപ്പം പള്ളിക്കൂടം എന്ന് ആദ്യം പറഞ്ഞത് പള്ളിക്കാരു തന്നെ യായിരുന്നു. ജാതിനോക്കാതെ, കുട്ടികളെ സ്‌കൂളിൽ കയറ്റി ആദ്യമായി പ~ിപ്പിച്ചത് കുര്യാക്കോസ് ചാവറയച്ചനായിരുന്നു.
ചില ജാതികൾക്ക് അറിയില്ലാത്ത ഭാഷ- സംസ്‌കൃതം -പ~ിപ്പിച്ചതും അദ്ദേഹമായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിൽ സ്ഥാപിച്ചതും ക്രൈസ്തവമിഷനറിമാരായിരുന്നു. അതിന് മുമ്പ് ഗുരുമുഖത്തുനിന്നും അല്ലാതെയും വിദ്യ അഭ്യസിച്ചിരുന്നുവെങ്കിലും ഒരുസ്ഥാപനം സ്ഥാപിച്ച് ശമ്പളം കൊടുത്ത് വിദ്യാഭ്യാസം നല്കിയിരുന്നത് കത്തോലിക്കാ മിഷനറിമാരായിരു ന്നു. അതുവരെ ശമ്പളം കൊടുത്ത് ഒരു പ്രഫഷനാക്കി ടീച്ചിംങിനെ മാറ്റുന്ന രീതിയുണ്ടായിരുന്നില്ല. അതുപോലെ ഉച്ചഭക്ഷണം കൊടുത്തുതുടങ്ങി.
1980 മുതൽ പല പാർട്ടികളും തമ്മിൽ ഇതേച്ചൊല്ലി തർക്കിക്കുന്നുണ്ട് ആരാണ് ഇതാദ്യം കൊണ്ടുവന്നതെന്ന്. പക്ഷേ അതിനും 130,170 വർഷം മുമ്പ് കത്തോലിക്കാ ദേവാലയങ്ങൾ പാവപ്പെട്ട കുട്ടികൾക്ക് ഭക്ഷണം കൊടുത്തു തുടങ്ങിയിരുന്നു. ഇങ്ങനെ പലതരം സേവനങ്ങൾ ചെയ്ത സ്ഥാപനമാണ് കത്തോലിക്കാ സഭ. വിദ്യാഭ്യാസ മേഖലയിലും ആരോഗ്യമേഖലയിലും സഭയുടെ നിരവധിയായ ആക്ടിവിറ്റീസ് ഞാൻ കാണുന്നുണ്ട്.
കേരളത്തിൽ ഇക്കാര്യത്തിൽ വലിയ മാറ്റം കൊണ്ടുവന്നു. മാത്രവുമല്ല ഇത് എല്ലാവർക്കും വേണ്ടിയായിരുന്നു. ജാതിയോ മതമോ ഭാഷയോ പ്രശ്നമായിരുന്നില്ല. ക്രിസ്ത്യാനികളാകണമെന്ന നിർബന്ധമുണ്ടായിരുന്നില്ല. വ്യക്തിക്ക് പ~ിക്കാൻ കഴിവുണ്ടെങ്കിൽ പള്ളി ആ സേവനം ചെയ്തിരുന്നു. ഇതൊന്നും ചെറിയ കാര്യങ്ങളല്ല. ഇതാണ് നമ്മുടെ രാജ്യത്തിന്റെ വലിയ ഭാഗ്യം, പ്രത്യേകിച്ച് കേരളത്തിന്റെ.
കേരളത്തിലെ വിവിധ ക്രൈസ്തവസഭകൾ നല്കിയ ഇത്തരം പങ്കിനെക്കുറിച്ച് ആർക്കും നിഷേധിക്കാനാവില്ല. നമ്മൾ ഇത് അംഗീകരിക്കണം ആദരിക്കണം. ഹിന്ദുവായ ഞാൻ മൂന്ന് ക്രിസ്ത്യൻ സ്‌കൂളിലും ഒരു ക്രിസ്ത്യൻ കോളജിലുമാണ് പ~ിച്ചത്. അവിടെ നിന്ന് എനിക്ക് പലകാര്യങ്ങളും പ~ിക്കാൻ സാധിച്ചു. ബൈബിൾ ഞാൻ വായിച്ചത് സാഹിത്യം പോലെയായിരുന്നു. ക്രിസ്ത്യൻ മൂല്യങ്ങളും വിശ്വാസവും ഇതിനൊപ്പം കടന്നുവന്നു. ഞങ്ങളുടെ മതമേതായാലും ഇതൊക്കെ മനസ്സിലാക്കിയിട്ടാണ് ഈ രാജ്യത്ത് ഞങ്ങൾക്ക് ജീവിക്കാൻ സാധിക്കുന്നത്. ക്രൈസ്തവരുടെ ഒരു ചടങ്ങിൽ പങ്കെടുക്കാൻ എനിക്ക് ഇതുവരെയും ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടില്ല. അതോടൊപ്പം മതസൗഹാർദ്ദത്തിന്റെ ഭാഗമായി ഒരുമിച്ച് നില്ക്കാനും. വിവേകാനന്ദനെ വായിച്ചുവളർന്ന ഒരു കുട്ടിക്കാലമായിരുന്നു എന്റേത്.
എന്റെ ഹിന്ദു എത്തിക്സും ഹിന്ദുമൂല്യങ്ങളും അങ്ങനെ പകർന്നുകിട്ടിയതാണ്. അദ്ദേഹം എപ്പോഴും പറഞ്ഞിരുന്ന ഒരു കാര്യം എന്റെ മനസ്സിൽ വല്ലാതെ തട്ടിയിട്ടുണ്ട് ചിക്കാഗോയിലെ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞതാണ് അത്: ‘എനിക്ക് എന്റെ വിശ്വാസത്തിൽ സത്യമുണ്ട്. നിങ്ങൾക്ക് നിങ്ങളുടെ വിശ്വാസത്തിൽ സത്യമുണ്ട്, ഞാൻ നിങ്ങളുടെ സത്യത്തെ ബഹുമാനിക്കുന്നു. നിങ്ങൾ എന്റെ സത്യത്തെയും ബഹുമാനിക്കുക.’
ഇത്ര ബഹുസ്വരത നമ്മുടെ രാജ്യത്തുള്ളപ്പോൾ നമ്മൾ സാഹോദര്യത്തോടെ ജീവിക്കണമെന്നുണ്ടെങ്കിൽ ആ ബഹുമാനം മറ്റുള്ളവർക്കും അവരുടെ വിശ്വാസത്തിനും നല്കിയിരിക്കണം. കുട്ടിക്കാലത്ത് ഞങ്ങൾ ക്രിസ്തുമസ് ആഘോഷിച്ചിരുന്നത് ക്രിസ്ത്യൻ സുഹൃത്തുക്കളുടെ വീടുകളിലായിരുന്നു. ഇതിലൊന്നും ബുദ്ധിമുട്ട് ആർക്കും അനുഭവപ്പെട്ടിരുന്നില്ല. പക്ഷേ ഭാരതത്തിലും ലോകത്തിലും മതത്തിന്റെ പേരിലുള്ള സംഘർഷങ്ങൾ കൂടിക്കൂടി വന്നുകൊണ്ടിരിക്കുന്നു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഗാസയുദ്ധത്തിലും രണ്ടുമതങ്ങളെ സംബന്ധിച്ച ടെൻഷൻ വർദ്ധിച്ചുകൊണ്ടിരിക്കുന്നു.
മണിപ്പൂരിൽ എന്താണ് സംഭവിച്ചതെന്ന് ഭാരതത്തിലുള്ള എല്ലാവർക്കും അറിയാം. ഞാൻ ഇത്തവണത്തെ ക്രിസ്തുമസ് ആഘോഷിച്ചത് 19 മണിപ്പൂരി വിദ്യാർത്ഥികൾക്കൊപ്പമായിരുന്നു. അവർക്ക് സ്വന്തം നാട്ടിലോ വീട്ടിലോ പോയി ക്രിസ്തുമസ് ആഘോഷിക്കാനുള്ള സാധ്യതയുണ്ടായിരുന്നില്ല. കാരണം അതാണ് അവരുടെ സംസ്ഥാനത്തിന്റെ സ്ഥിതി. അങ്ങനെയൊരു സ്ഥിതിയിൽ മണിപ്പൂരിലെ കുട്ടികളെ കേരളത്തി ന്റെ വലിയ മനസ്സ് സ്വീകരിച്ചു. ഇങ്ങനെയാണ് നാം ജീവിക്കേണ്ടത്. ഭാരതത്തെക്കുറിച്ച് വലിയ അറിവുള്ള ആളാണ് മാർ റാഫേൽ തട്ടിൽ. സമാധാനത്തിനും സൗഹാർദ്ദത്തിനും വേണ്ടി അദ്ദേഹം പ്രവർത്തിക്കട്ടെ.


