കർത്താവിന്റെ അടുക്കലേക്ക് പീലിപ്പോസ് നഥാനിയേലിനെ കൊണ്ടുവന്നപ്പോൾ കർത്താവ് നഥാനിയേലിനെ നോക്കി പറഞ്ഞു ഇതാ നിഷ്‌ക്കപടനായ ഇസ്രായേൽക്കാരൻ. തട്ടിൽ പിതാവിനെ തിരഞ്ഞെടുത്തു കഴിഞ്ഞപ്പോൾ എല്ലാവർക്കും സന്തോഷമായി.
എന്തുകൊണ്ട് തട്ടിൽ പിതാവ് എന്ന ചോദ്യത്തിന് സിനഡ് പി താക്കന്മാർക്കെല്ലാം വ്യക്തമായ മറുപടിയുണ്ട്. കാരണം ദൈവജനം മുഴുവൻ പ്രാർത്ഥിക്കുകയായിരുന്നു. പിതാക്കന്മാർ പ്രാർത്ഥിക്കുകയായിരുന്നു. മറ്റ് മാനദണ്ഡങ്ങളൊന്നും നോക്കാതെ പരിശുദ്ധാത്മാവിന്റെ പ്രേരണയനുസരിച്ച് തട്ടിൽ പിതാവിനെ തിരഞ്ഞെടുക്കുകയായിരുന്നു. അതാണ് ഞങ്ങളുടെസന്തോഷവും അഭിമാനവും.
വളരെ വർഷങ്ങൾക്ക് മുമ്പ് തൂങ്കുഴി പിതാവ് പറഞ്ഞത് പൂർത്തിയായതായിട്ടാണ് റാഫേൽ തട്ടിൽ പിതാവിന്റെ തിരഞ്ഞെടുപ്പിനെ ഞാൻ കാണുന്നത്. സഭയുടെ തലവനും പിതാവുമായിട്ടാണ് തട്ടിൽ പിതാവ് നിയമിതനായിരിക്കുന്നത്. സഭ രൂപീകരിച്ചപ്പോൾ യേശു സഭയ്ക്കൊരു ഘടന കൊടുത്തു.
ആ ഘടനയുടെ ഭാഗമായി ശിഷ്യഗണം മുഴുവനുമുണ്ട്. ലൂക്കായുടെ സുവിശേഷത്തിൽ കാണുന്നതുപോലെ 72 പേരും പന്ത്രണ്ടു പേരുമുണ്ട്. പിന്നെ എക്സിക്യൂട്ടീവ്സ് ആയി പത്രോസും യാക്കോബും യോഹന്നാനുമുണ്ട്. പിന്നെ പത്രോസിനെ പ്രത്യേക തലവനായി തിര ഞ്ഞെടുക്കുകയും ചെയ്തു.
ഗാർഹികസഭ മുതൽ സാർവത്രികസഭ വരെ തലവന്മാരും പിതാക്കന്മാരുമുണ്ട്. അതിനൊരു മാനദണ്ഡമായി ഈശോ പറഞ്ഞത് അഞ്ചുകാര്യങ്ങളാണ്. ഇടയനും അജഗണവുമാകണം, തായ്തണ്ടും ശിഖരങ്ങളുമാകണം, മൂലക്കല്ലും അതിൽ പണിതുയർത്തുന്ന ഭവനവുമാകണം. ശിരസും അവയവവുമാകണം. മണവാളനും മണവാട്ടിയുമാകണം. യേശുവിനെ പ്രതിനിധീകരിക്കുന്ന പിതാവും തലവനോടുംകൂടി കൂടിച്ചേരുമ്പോൾ, മാർപാപ്പയോട് ചേർന്നുനില്ക്കുന്ന കൂട്ടായ്മയിൽ മേജർ ആർച്ച് ബിഷപ്പിനോടുംരൂപതാധ്യക്ഷനോടും ചേർന്നുനില്ക്കുന്ന കൂട്ടായ്മയിൽ, അവിടെയാണ് സഭ സഭയാകുന്നത്.
സീറോമലബാർസഭാംഗങ്ങൾ എല്ലാവരും ഒരുമിച്ച് പറയുകയാണ് തട്ടിൽ പിതാവേ ഞങ്ങൾ എല്ലാവരും പിതാവിന്റെ കൂടെയുണ്ട്.വിധേയത്വത്തോടുകൂടി ഞങ്ങൾ സീറോമലബാർസഭയുടെ കൂട്ടായ്മയിൽ ഒരുമിച്ചുനിലക്കും. അക്കാര്യത്തിൽ യാതൊരു സംശയവുമില്ല.


