സഭാസംവിധാനത്തിൽ നേതൃത്വം വഹിക്കുന്നവരെ ഇടയന്മാർ എന്നാണ് വിളിക്കുന്നത്. തിരഞ്ഞെടുപ്പിലൂടെയോ നിയമനത്തിലൂടെയോ ആണ് ഇടയന്മാർ നിയോഗിക്കപ്പെടുന്നത്. ഓരോ കാലഘട്ടത്തിനും അനുയോജ്യരായവരെയാണ് ദൈവം തന്റെ അജഗണത്തിന് ഇടയന്മാരായി നല്കുന്നുവെന്നതാണ് സഭയുടെ പാരമ്പര്യവും വിശ്വാസവും.
ഈ തത്വം ഒരിക്കൽക്കൂടി അന്വർത്ഥമാക്കുന്ന കാഴ്ചയാണ് അഭിവന്ദ്യ റാഫേൽ തട്ടിൽ പിതാവിന്റെ തിരഞ്ഞെടുപ്പിലൂടെ നാം കണ്ടത്. വളരെ പ്രധാനപ്പെട്ടതും ഗൗരവമേറിയതുമായ ഉത്തരവാദിത്തങ്ങളാണ് റാഫേൽ തട്ടിൽ പിതാവിൽ നിക്ഷിപ്തമായിരിക്കുന്നത്.
ഇന്ത്യക്ക് അകത്തും പുറത്തുമായി 34 രൂപതകളുള്ള വ്യക്തിഗത സഭയാണ് കത്തോലിക്കാസഭയുടെ ഭാഗമായ സീറോമലബാർസഭ. പ്രേഷിതരംഗത്തും മിഷൻ പ്രവർത്തന രംഗത്തും ഭാരതസഭയ്ക്ക് സീറോ മലബാർസഭ നല്കുന്ന സേവനം നിസ്തുലമാണ്. മാത്രമല്ല കേരളത്തിനും പൊതുസമൂഹത്തിനും സീറോ മലബാർ സഭാംഗങ്ങൾ നല്കുന്ന സേവനം സമാനതകളില്ലാത്തതുമാണ്.
അങ്ങനെ പലകാരണങ്ങളാൽ സമ്പുഷ്ടവും സമ്പന്നവുമായ സീറോ മലബാർ സഭയുടെ സാരഥ്യം അഭിവന്ദ്യ റാഫേൽ തട്ടിൽ പിതാവിൽ വന്നു ചേർന്നിരിക്കുന്നത് തീർച്ചയായും ദൈവനിശ്ചയമാണെന്നാണ് എന്റെ ബോധ്യം. വ്യക്തിപരമായി തട്ടിൽ പിതാവിനെ അടുത്തറിയില്ലെങ്കിലും ഈ ദിവസങ്ങളിൽ കണ്ടതും കേട്ടതും അറിഞ്ഞതും മനസ്സിലാക്കിയതുമായ കാര്യങ്ങളുടെ പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ വ്യക്തിത്വത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ബൈബിളിൽ രേഖപ്പെടുത്തിയ, തന്റെ അടുക്കൽ വന്ന നഥാനിയേലിനെ കണ്ട് യേശു പറഞ്ഞ വചനമാണ് എന്റെ ഓർമ്മയിൽ വരുന്നത്. ‘ഇതാ നിഷ്‌ക്കപടനായ ഒരു യഥാർത്ഥ ഇസ്രായേൽക്കാരൻ.’
അതെ, നിഷ്‌ക്കളങ്കനായ ഒരു തൃശൂർക്കാരൻ. ആഴത്തിൽ പ്രതിബദ്ധതയുള്ള ഒരുക്രിസ്തുശിഷ്യൻ. ഹൃദയം തുറന്ന് എല്ലാവരെയും സ്നേഹിക്കുകയും എല്ലാവരുമായി സംവദിക്കുകയും ചെയ്യുന്ന ഒരു മനുഷ്യസ്നേഹി. ഇങ്ങനെയുള്ള വിശേഷണങ്ങൾ പിതാവിന് ഏറ്റവും യോജിച്ചതായി എനിക്ക് തോന്നുന്നു.
അദ്ദേഹം നല്കിയ പല സന്ദേശങ്ങളും വചന വിചിന്തനങ്ങളും ആമുഖങ്ങളും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. അതിൽ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന സ്ഥാനാരോഹണശുശ്രൂഷാ മധ്യേ നല്കിയ സന്ദേശത്തിലെ ഒരു ഭാഗമാണ്.
തന്റെ സ്വതസിദ്ധമായ ശൈലിയിൽ പിതാവ് പറഞ്ഞത് ഏതാണ്ട് ഇപ്രകാരമാണ്. എന്റെ ദൗത്യം ലളിതമായി പറഞ്ഞാൽ അടിച്ചുതൂത്തുവാരി വൃത്തിയാക്കലിന്റെയും നഷ്ടപ്പെട്ടുപോയ ആടിനെ അന്വേഷിച്ചു ള്ള തത്രപ്പാടിന്റെയും ഒരു ദൗത്യം എന്നാണ്. എത്ര മനോഹരമായിട്ടാണ് ഈ വ്യാഖ്യാനം അദ്ദേഹം നല്കിയിരിക്കുന്നത്. ലളിതമെന്ന് തോന്നാമെങ്കിലും എത്ര അർത്ഥസമ്പുഷ്ടമാണ് ഈ വാക്കുകൾ. അതെ ദൈവഭവനം വെടിപ്പാക്കുന്നതിന്റെയും അകന്നുപോയ ദൈവജനത്തെ തിരികെ കൊണ്ടുവരുന്നതിന്റെയും അതിവിശിഷ്ടവും അതിസങ്കീർണ്ണവുമായ അങ്ങയുടെ ദൗത്യത്തിന് എല്ലാവിധ ഭാവുകങ്ങളും.
നാഥനും ജീവദാതാവുമായ പരിശുദ്ധാത്മാവാണ് സഭയുടെ ചൈതന്യം. നിത്യചൈതന്യവും പരിശുദ്ധാത്മാവാണ്. ഐക്യത്തിന്റെയും കൂട്ടായ്മയുടെയും നിദാനവും പരിശുദ്ധാത്മാവാണ്. സഭാസമൂഹം നിരന്തരം വിളിക്കപ്പെടുന്നത് നവീകരണത്തിനാണ്.
ആത്മാവിന്റെ പ്രേരണകൾക്കും പ്രചോദനങ്ങൾക്കും ചലനങ്ങൾ ക്കും നമ്മൾ എപ്പോഴും തുറവിയുള്ളവരായിരിക്കുക എന്നതാണ് ഏറ്റവും പ്രസക്തമായ കാര്യം. ഐക്യവും വൈവിധ്യവും പരിശുദ്ധാത്മാവിന്റെ ദാനങ്ങളാണ്. രണ്ടും അംഗീകരിക്കുകയും പരിപോഷിപ്പിക്കുകയും സമ്പന്നമാക്കുകയും ചെയ്യേണ്ട ഒരു കാലഘട്ടത്തിലാണ് നമ്മൾ എല്ലാവരും ജീവിക്കുന്നത്.
സത്യത്തിൽ, കാർക്കശ്യത്തിന്റെ വടി പ്രയോഗിക്കുന്നതിനെക്കാൾ അനുരഞ്ജനത്തിന് ഉതകുന്ന കാരുണ്യത്തിന്റെ ഔഷധം പുരട്ടുകയെന്നതാണ് സുവിശേഷം മുന്നോട്ടുവയ്ക്കുന്ന ഇന്നത്തെ ഏറ്റവും വലിയ വെല്ലുവിളി. കരിസ്മാറ്റിക് ചൈതന്യം കൂടുതൽ സ്വായത്തമാക്കിയ ഒരു പിതാവാണ് തട്ടിൽപിതാവെന്നാണ് ഞാൻ കരുതുന്നത്. അതുതന്നെയാണ് അദ്ദേഹത്തിന്റെ കരുത്തും. ആ കരുത്തിലാണ് സഭയും പൊതുസമൂഹവും കൂടുതൽ പ്രതീക്ഷ വയ്ക്കുന്നത്.
എല്ലാ വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ദൈവത്തിന് ഏറ്റവും ഇഷ്ടപ്പെടുന്ന ഇടയനായി ഈ കാലഘട്ടത്തിൽ സേവനം ചെയ്യുവാൻ, നേതൃത്വം നല്കുവാൻ അങ്ങേയ്ക്ക് എന്റെ എല്ലാവിധ ഭാവുകങ്ങളും.. കേരള ലത്തീൻ സഭയുടെയും പ്രത്യേകിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ അനുമോദനവും പ്രാർത്ഥനയും.



