ഫൊറോനാ വികാരിമാരുടെ അവകാശങ്ങളും കടമകളും

Published on

രൂപതകളുടെ വലിപ്പവും ഇടവകകളുടെ എണ്ണവും വർദ്ധിച്ചുവന്നതിനനുസരിച്ച് അജപാലന സൗകര്യത്തിനായി രൂപതയെ പല പ്രവിശ്യകളായി തിരിക്കുന്ന പതിവ് സഭയിൽ വന്നു. ഇപ്രകാരം തിരിക്കുന്ന പ്രവിശ്യകളിൽ ചില വൈദികരെ അജപാലന കാര്യങ്ങളുടെ മേൽനോട്ടത്തിനായും ശരിയായ നടത്തിപ്പിനായും നിയമിച്ചു തുടങ്ങി. പൗരസ്ത്യ കാനൻ നിയമസംഹിതയിൽ (CCEO) ഇത്തരം പ്രവിശ്യകളെ പ്രോട്ടോപ്രസ്ബിറ്ററേറ്റ് എന്നും ഇതിന്റെ അധികാരിയായി നിയമിക്കപ്പെടുന്ന വൈദികനെ പ്രോട്ടോപ്രസ്ബിറ്റർ എന്നും വിളിക്കുന്നു. സാധാരണയായി നാം ഇവരെ ഫൊറോന വികാരിമാർ എന്നാണ് വിളിക്കുന്നത്, പൗരസ്ത്യ കാനൻ നിയമസംഹിതയിൽ കാനോന 276 മുതൽ 278 വരെയാണ് ഫൊറോനാ വികാരിമാരെ പറ്റി പ്രതിപാദിക്കുന്നത്.

പല ഇടവകകൾ ഉൾക്കൊള്ളുന്ന ഒരു ഫൊറോനയുടെ (ditsrict) ചുമതല ഏൽപ്പിക്കപ്പെടുകയും നിയമം നിശ്ചയിച്ചിരിക്കുന്ന ജോലികൾ രൂപതാ മെത്രാന്റെ നാമത്തിൽ അവിടെ നിർവഹിക്കുകയും ചെയ്യുന്ന ഒരു വൈദികനാണ് ഫൊറോനാ വികാരി. ഫൊറോനാ വികാരിയെ നിയമിക്കുവാനുള്ള അധികാരം രൂപതാ മെത്രാന് മാത്രമാണ് ഉള്ളത്. മെത്രാന്റെ പേരിൽ ഭരണം നടത്തേണ്ട ആൾ എന്ന നിലയ്ക്ക് ഫൊറോനാ വികാരി സഭാ കാര്യങ്ങളിൽ നല്ല അറിവും വിശ്വാസതീഷ്ണതയും ഉള്ള വൈദികൻ ആയിരിക്കണം. പൊതുനിയമം അനുസരിച്ച് സാധാരണഗതിയിൽ ഫൊറോനാ വികാരി സ്ഥാനം ഒരു ഇടവകയോട് സ്ഥിരമായി യോജിപ്പിക്കപ്പെടുന്നില്ല. എന്നാൽ ഓരോ സഭയുടെയും പ്രത്യേക നിയമത്തിൽ വ്യത്യസ്തമായ ഒരു നിയമം ഉണ്ടാക്കാവുന്നതാണ്. നമ്മുടെ സഭയുടെ പ്രത്യേക നിയമമനുസരിച്ച് ഫൊറോനകൾ സ്ഥിരമായി നിശ്ചിത ഇടവക ദേവാലയങ്ങളെ കേന്ദ്രീകരിച്ചാണ് അറിയപ്പെടുക. (art. 17, PLSMC) പ്രസ്തുത ദേവാലയങ്ങളോട് അനുബന്ധിച്ചാണ് ഫൊറോന കാര്യാലയങ്ങൾ പ്രവർത്തിക്കുന്നത്. ഫൊറോന വികാരിമാരുടെ കാലാവധി അതത് രൂപതകളിലെ വികാരിമാരുടെ കാലാവധി തന്നെയാണ്. വൈദിക സമിതിയോട് ആലോചിച്ചതിനു ശേഷം അജപാലന പ്രവർത്തന ആവശ്യപ്രകാരം ഫൊറോനകൾ സ്ഥാപിക്കുകയും പുനഃ സംവിധാനം ചെയ്യുകയും നിർത്തലാക്കുകയും ചെയ്യുന്നത് രൂപതാ മെത്രാനാണ്.

രൂപതാ മെത്രാന്റെ ഉത്തരവാദിത്വങ്ങളിലും കടമകളിലും ഒരു പരിധിവരെ പങ്കുപറ്റുകയും ഈ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിൽ മെത്രാനെ സഹായിക്കുകയും ആണ് ഫൊറോന വികാരിമാരുടെ കടമ. പൊതു നിയമം (can. 278) വിശദമായി പ്രതിപാദിക്കുന്ന ഫൊറോന വികാരിയുടെ അവകാശങ്ങളും കടമകളും താഴെപ്പറയുന്നവയാണ്. പൊതുവായ അജപാലന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, വൈദികർ തങ്ങളുടെ ജീവിതാവസ്ഥയ്ക്ക് അനുയോജ്യമായ ജീവിതം നയിക്കുന്നതും കടമകൾ ശ്രദ്ധാപൂർവ്വം നിർവഹിക്കുന്നതും സുഗമമാക്കുക, വിശുദ്ധ കുർബാനയും യാമ പ്രാർത്ഥനകളും ആരാധനക്രമ പുസ്തകങ്ങളിലെ നിർദ്ദേശങ്ങൾക്കനുസൃതം ആഘോഷിക്കപ്പെടുന്നതെന്ന് ഉറപ്പുവരുത്തുക, പള്ളികളുടെയും വിശുദ്ധ വസ്തുക്കളുടെയും ഭംഗിയും ശുചിത്വവും പ്രത്യേകിച്ച് വിശുദ്ധ കുർബാനയുടെ ആഘോഷത്തിലും ദിവ്യകാരുണ്യം സൂക്ഷിക്കുന്നതിലും ശ്രദ്ധാപൂർവ്വം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുക, ഇടവക രജിസ്റ്ററുകൾ കൃത്യമായി എഴുതി സൂക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുക, സഭാ വസ്തുക്കൾ ശ്രദ്ധാപൂർവ്വം ഭരിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുക, വൈദികമന്ദിരം വേണ്ടത്ര ശ്രദ്ധയോടെ സൂക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുക.

അജപാലന കാര്യങ്ങൾക്കായും വിശുദ്ധ വിജ്ഞാനത്തിനായും മേലധ്യക്ഷൻ തീരുമാനിക്കുന്ന മീറ്റിങ്ങുകളിൽ ഫൊറോനയിലുള്ള വൈദികർ സംബന്ധിക്കുവാൻ ഏർപ്പാട് ചെയ്യേണ്ടത് ഫൊറോന വികാരിയാണ്. തന്റെ ഫൊറോനയിലുള്ള വൈദികർക്ക് ആധ്യാത്മിക സഹായങ്ങൾ ലഭ്യമാക്കുവാൻ ശ്രദ്ധിക്കുകയും വളരെ വിഷമകരമായ സാഹചര്യങ്ങളിലോ പ്രശ്നങ്ങളിലോ പെട്ട് വലയുന്നവരോട് പ്രത്യേക താൽപര്യം കാണിക്കേണ്ടതും ഫൊറോന വികാരിയാണ്. ഗുരുതരമായി രോഗബാധിതരെന്ന് താൻ അറിഞ്ഞ ഇടവക വികാരിമാർക്ക് ആധ്യാത്മികവും ഭൗതികവുമായ സഹായം ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് ഫൊറോന വികാരിയാണ്. തന്റെ ഫൊറോനയിൽ പെട്ട വൈദികർ മരിച്ചാൽ വേണ്ടവിധത്തിലുള്ള സംസ്കാര ശുശ്രൂഷകൾ ലഭിക്കുന്നുണ്ടെന്ന് ഫൊറോന വികാരി ശ്രദ്ധിക്കേണ്ടതാണ്. വികാരിമാരുടെ മരണത്തിന്റെ രോഗത്തിന്റെയോ അവസരത്തിൽ സഭാവക രജിസ്റ്ററുകൾ, രേഖകൾ, വിശുദ്ധ വസ്തുക്കൾ, മറ്റു സാധനങ്ങൾ എന്നിവ നശിക്കാതെ സൂക്ഷിക്കാൻ ഫൊറോന വികാരി നടപടിയെടുക്കേണ്ടതാണ്. രൂപതാ മെത്രാൻ നടത്തിയിരിക്കുന്ന ക്രമീകരണ പ്രകാരം ഇടവകകൾ സന്ദർശിക്കാൻ ഫൊറോനാ വികാരി കടപ്പെട്ടിരിക്കുന്നു.

ഈ അധികാരങ്ങൾക്കും കടമകൾക്കും പുറമേ കാനൻ നിയമത്തിൽ മറ്റു പല സ്ഥലങ്ങളിലും ഫൊറോനാ വികാരിമാരുടെ കടമകളെ കുറിച്ചുള്ള സൂചനകൾ കാണാം. ഇടവക വികാരിമാരെ നിയമിക്കുമ്പോൾ ഫൊറോനാ വികാരിയോട് അഭിപ്രായം ചോദിക്കാവുന്നതാണ് (can.285.3). രൂപതാ യോഗത്തിൽ അംഗം എന്ന നിലയിൽ ഫൊറോനാ വികാരിക്ക് അതിൽ സംബന്ധിക്കേണ്ട ഉത്തരവാദിത്വമുണ്ട് (can.238.1n.5). ഇതിനും പുറമേ സീറോമലബാർ സഭയുടെ പ്രത്യേക നിയമം ഫൊറോന വികാരിയുടെ ചില അവകാശങ്ങൾ കൂടി എടുത്തു കാണിക്കുന്നുണ്ട് (art. 19, PLSMC). തന്റെ ഫൊറോന അതിർത്തിക്കുള്ളിൽ രൂപതാ മെത്രാൻ നിയമിച്ച ഇടവക വികാരിയുടെ സ്ഥാനാരോഹണ കർമ്മം നടത്തേണ്ടത് ഫൊറോന വികാരിയാണ്. മനസ്സമ്മതത്തിനു മുമ്പ് വിവാഹം വിളിച്ചു ചൊല്ലുവാൻ ഉള്ള അനുവാദം കൊടുക്കേണ്ടത് ഫൊറോന വികാരിയാണ്. വിവാഹത്തിനുമുമ്പ് മൂന്നുതവണ വിവാഹ പരസ്യം നടത്തേണ്ടതാണ് എങ്കിലും അവയിൽ രണ്ടു വിവാഹ പരസ്യങ്ങൾ കുറവ് ചെയ്യുവാൻ ഫൊറോനാ വികാരിക്ക് അധികാരം ഉണ്ട്. ഫൊറോന തലത്തിൽ നടത്തപ്പെടുന്ന വൈദിക സമ്മേളനങ്ങളിൽ അധ്യക്ഷത വഹിക്കേണ്ടത് ഫൊറോനാ വികാരിയാണ്. ഇതിനും പുറമേ ഓരോ രൂപതയുടെയും പ്രത്യേക നിയമത്തിൽ ഫൊറോനാ വികാരിമാരുടെ കൂടുതൽ അധികാരങ്ങളും കടമകളും രൂപതാ മെത്രാന് കൂട്ടിച്ചേർക്കാവുന്നതാണ്.

ഫാ. ജോഷി കുളത്തുങ്കൽ

Latest Updates

POPULAR Views

FEATUERD Views

മനസ്സമ്മതത്തിനുമുൻപായി വിവാഹം വിളിച്ചുചൊല്ലാനുള്ള അനുമതി

സിവിൽ രജിസ്ട്രേഷൻ നടത്തിയ വിവാഹം രജിസ്റ്ററിൽ രേഖപ്പെടുത്തുന്നവിധം സീറോമലബാർസഭാംഗങ്ങളുടെ വിവാഹം ആശീർവദിക്കുന്നതുമായി ബന്ധപ്പെട്ട്...

മനസമ്മതത്തിന്റെ കാനോനിക വശങ്ങള്‍

പൗരസ്ത്യസഭകളുടെ അതിപുരാതനമായ പാരമ്പര്യത്തില്‍ വിവാഹത്തിനുമുമ്പുള്ള വിവാഹവാഗ്ദാനം അതാതു സ്വയാധികാരസഭയുടെ പാരമ്പര്യങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും അധിഷ്ഠിതമാണ്

പാസ്റ്ററല്‍ കൗണ്‍സില്‍

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ നിര്‍ദേശങ്ങളില്‍നിന്ന് രൂപംകൊണ്ട രൂപതാതലത്തിലുള്ള ഒരു ആലോചനാസമിതിയാണ് അജപാലനസമിതി...

ആദ്‌ലിമിനാ സന്ദര്‍ശനവും പൗരസ്ത്യസഭകളും

ആദിമ ക്രൈസ്തവരുടെ ആരംഭം മുതലേയുള്ള പാരമ്പര്യമാണ് അപ്പസ്‌തോലന്മാരായ  വി. പത്രോസിന്റെയും വി....

ഹ്രസ്വമായ നീതിന്യായ നടപടിക്രമം

വിവാഹത്തിന്റെ അസാധുത്വം തെളിയിക്കുന്ന നടപടിക്രമങ്ങള്‍ പരിഷ്‌കരിച്ചുകൊണ്ട് രണ്ട് മോത്തു പ്രോപ്രിയോകള്‍ ഫ്രാന്‍സിസ്...

വിവാഹത്തിന്റെ കൗദാശിക സ്വീകരണത്തിന് മുൻപിൽ രജിസ്‌ട്രേഷൻ

മാമോദീസ സ്വീകരിച്ച ഒരു സ്ത്രീയും പുരുഷനും തമ്മിൽ ജീവിതകാലം മുഴുവനുമുള്ള പങ്കാളിത്തം...

സ്വഭാവിക വ്യക്തികളും നൈയാമിക വ്യക്തികളും

പൗരസ്ത്യ കാനന്‍നിയമത്തില്‍ പ്രതിപാദിക്കുന്ന സ്വഭാവിക വ്യക്തികളെക്കുറിച്ചും (Physical Persons)  നൈയാമിക വ്യക്തികളെക്കുറിച്ചും...

രൂപതാ പ്രൊക്കുറേറ്റര്‍നിയമനം; യോഗ്യതകളും ചുമതലകളും

രൂപതയിലെ സാമ്പത്തികകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി സഭാനിയമത്തില്‍ രണ്ടു തരത്തിലുള്ള സംവിധാനങ്ങള്‍ ആണ്...

സ്വയധികാരസഭയും റീത്തും

പൗരസ്ത്യ കാനൻനിയമത്തിൽ പരാമർശിക്കുന്ന സ്വയധികാരസഭയും റീത്തും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കാമോ? പൗരസ്ത്യ കാനൻനിയമസംഹിതയിൽ...

മാർപാപ്പയുടെ പദവികളും അധികാരങ്ങളും

കത്തോലിക്കസഭയുടെ പുതിയ ഇടയനായി പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ പാപ്പ സ്ഥാനമേറ്റിരിക്കുന്ന...

രൂപതാ കൂരിയായും പ്രവർത്തനങ്ങളും

രൂപതാമെത്രാനെ അദ്ദേഹത്തിന്റെ ഭരണനിർവഹണചുമതലയിലും അജപാലന ധർമ്മത്തിലും സഹായിക്കുന്നതിനുളള സംവിധാനമാണ് 'രൂപതാ കൂരിയാ'(eparchial...

രൂപതാ പ്രൊക്കുറേറ്ററും ഫിനാൻസ് കൗൺസിലും

ഈശോയുടെ മൗതിക ശരീരമായി വിളിച്ചു ചേർക്കപ്പെട്ട ദൈവജനമാണ് സഭ. ഇത് ഒരു...