ആദിമ ക്രൈസ്തവരുടെ ആരംഭം മുതലേയുള്ള പാരമ്പര്യമാണ് അപ്പസ്‌തോലന്മാരായ വി. പത്രോസിന്റെയും വി. പൗലോസിന്റെയും കബറിടങ്ങളിലേക്ക് തീര്‍ഥയാത്ര നടത്തുന്നതും അവരുടെ കബറിടങ്ങള്‍ വണങ്ങുന്നതും. ലത്തീന്‍ ഭാഷയില്‍ ad limina aposotlorum എന്ന വാചകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ to the thresholds of the aposltles’ എന്നാണ്. അപ്പസ്‌തോലന്മാരുടെ കബറിടങ്ങളിലേക്കുള്ള സന്ദര്‍ശനം എന്നാണ് ‘ആദ്‌ലിമിനാ സന്ദര്‍ശനം’ (ad limina Visit) എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. അപ്പസ്‌തോലന്മാരായ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ കബറിടം സന്ദര്‍ശിച്ചു വണങ്ങുക എന്നതാണ് ഈ സന്ദര്‍ശനത്തിന്റെ പ്രധാന ഉദ്ദേശം.
സഭയുടെ നെടുംതൂണുകളായ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുശേഷിപ്പുകള്‍ വണങ്ങുതിനായും പത്രോസിന്റെ പിന്‍ഗാമിയായ മാര്‍പാപ്പയെ സന്ദര്‍ശിക്കുന്നതിനായും അഞ്ചുവര്‍ഷത്തിലൊരിക്കല്‍ റോമില്‍ സന്ദര്‍ശനം നടത്തുന്ന പതിവു ലത്തീന്‍ സഭയിലെ എല്ലാ മെത്രാന്മാരും നിര്‍വഹിക്കുന്നുണ്ട്. ലത്തീന്‍ കാനന്‍ നിയമമനുസരിച്ച് എല്ലാ മെത്രാന്മാരും അഞ്ചുവര്‍ഷത്തിലൊരിക്കല്‍ നിര്‍ബന്ധമായും റോം സന്ദര്‍ശിക്കുകയും വി. പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ കബറിടങ്ങള്‍ സന്ദര്‍ശിക്കുകയും മാര്‍പാപ്പയുമായി കൂടിക്കാഴ്ച്ചനടത്തുകയും രൂപതയുടെ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനറിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യണമെന്ന് CIC cc 399-400 കാനോനകള്‍ അനുശാസിക്കുന്നുണ്ട്.
പൗരസ്ത്യസഭകള്‍ക്കായുള്ള കാനന്‍നിയമവും ഇപ്രകാരമുള്ള സന്ദര്‍ശനത്തെപറ്റി വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്കുന്നുണ്ട്. ‘പാത്രിയാര്‍ക്കല്‍ സഭയുടെ അധികാരസീമക്കുള്ളില്‍ അധികാരം വിനിയോഗിക്കുന്ന രൂപതാമെത്രാന്‍, സിംഹാസനാരോഹണത്തിനുശേഷം അഞ്ചുവര്‍ഷത്തിനുള്ളില്‍ കഴിയുമെങ്കില്‍ പാത്രിയാര്‍ക്കീസിനോടുകൂടി, വി. പത്രോസ് വി.പൗലോസ് ശ്ലീഹന്മാരുടെ കബറിടങ്ങള്‍ വണങ്ങുന്നതിനും സാര്‍വത്രികസഭയില്‍ പരമാധികാരമുള്ള വി. പത്രോസിന്റെ പിന്‍ഗാമിയെ സന്ദര്‍ശിക്കുന്നതിനുമായി റോമാ സന്ദര്‍ശനം നടത്തേണ്ടതാണ്.’ (CCEO c. 208 §1)
ഇതിന്‍പ്രകാരം പാത്രിയാര്‍ക്കല്‍- മേജര്‍ ആര്‍ക്കിഎപ്പിസ്‌ക്കോപ്പല്‍ സഭകളുടെ അതിര്‍ത്തിക്കുള്ളില്‍ അധികാരം വിനിയോഗിക്കുന്ന രൂപതാ മെത്രാന്മാര്‍, സ്ഥാനാരോഹണത്തിനു ശേഷം അഞ്ചുവര്‍ഷത്തിനുള്ളില്‍ ഈ സന്ദര്‍ശനം പാത്രിയാര്‍ക്കീസിനോടൊപ്പം അല്ലെങ്കില്‍ മേജര്‍ ആര്‍ച്ചുബിഷപ്പിനോടൊപ്പം നടത്തണം. എന്നാല്‍ അവര്‍ ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും ഈ സന്ദര്‍ശനം നടത്തണമെന്ന് കാനന്‍ നിയമം അനുശാസിക്കുന്ന ില്ല. അതേസമയം പാത്രിയാര്‍ക്കല്‍ മേജര്‍ ആര്‍ക്കിഎപ്പിസ്‌ക്കോപ്പല്‍ സഭകളുടെ അതിര്‍ത്തിക്കു പുറത്തുള്ള രൂപതാമെത്രാന്മാര്‍ അഞ്ചുവര്‍ഷത്തിലൊരിക്കല്‍ റോമാ സന്ദര്‍ശനം നടത്താന്‍ കടപ്പെട്ടവരാണെന്നു പൗരസ്ത്യകാനന്‍ നിയമം അനുശാസിക്കുന്നു. (CCEO c. 208 §2)
പൗരസ്ത്യസഭകളിലെ ആദ്‌ലിമിനാ സന്ദര്‍ശനം സംബന്ധിച്ചുള്ള എല്ലാക്രമീകരണങ്ങളും വത്തിക്കാനില്‍ നടത്തുന്നത് പൗരസ്ത്യസഭകള്‍ക്കു വേണ്ടിയുള്ള കാര്യാലയമാണ്. 2022 മാര്‍ച്ച് 19നു ഫ്രാന്‍സിസ് മാര്‍പാപ്പ വിളംബരംചെയ്ത ‘പ്രെഡിക്കാത്തേ ഇവാന്‍ഗേലിയും’ എന്ന അപ്പസ്‌തോലിക് പ്രബോധനമാണ് നിലവില്‍ ഇതിനെകുറിച്ചുള്ള നിയമങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത് (Predicatae evang-elium) പിന്തുടര്‍ച്ചാവകാശമുള്ള മെത്രാനോ (CoAdjathur Bishop), സഹായമെത്രാനോ ഈ സന്ദര്‍ശനം നടത്താന്‍ കടമയില്ല. രൂപത മെത്രാന്മാര്‍ക്കാണ് ഇപ്രകാരം കടമയുള്ളത്. ആദ്‌ലിമിനാ സന്ദര്‍ശനത്തിലൂടെ മെത്രാന്മാര്‍ തമ്മിലും സഭയുടെ പിതാവും തലവനുമായ മാര്‍പാപ്പയോടുമുള്ള കൂട്ടായ്മയുടെയും പരസ്പരമുളള ഇടപാടുകളുടെയും ആശയവിനിമയവുമാണ് ഇത്തരം സന്ദര്‍ശനങ്ങളില്‍ നടക്കുന്നത്. ആദ്‌ലിമിനാ സന്ദര്‍ശനങ്ങളില്‍ നടക്കുന്ന മൂന്നുകാര്യങ്ങളെകുറിച്ച് (PE art. 38) വിശദീകരിക്കുന്നു.
1. വി. പത്രോസ്- വി.പൗലോസ് ശ്ലീഹന്മാരുടെ കബറിടം സന്ദര്‍ശിച്ച് വണങ്ങുക.
2. വി. പത്രോസിന്റെ പിന്‍ഗാമിയായ മാര്‍പാപ്പയുമായി കൂടിക്കാഴ്ച്ചനടത്തുക.
3. റോമന്‍ കൂരിയായുടെ വിവിധ കാര്യാലയങ്ങള്‍ സന്ദര്‍ശിച്ചു കൂടിക്കാഴ്ച്ചകള്‍ നടത്തുക എന്നിവയാണ്.
ചുരുക്കത്തില്‍ പൗരസ്ത്യസഭകള്‍ക്ക് ആദ്‌ലിമിനാ സന്ദര്‍ശനം സഭയുടെ ഭരണപരമായ ഒരു പ്രവൃത്തിമാത്രമല്ല, മറിച്ചു, സാര്‍വത്രികസഭയോടും സഭയുടെ പിതാവും തലവനുമായ മാര്‍പാപ്പയോടുമുള്ള ഐക്യവും വിധേയത്വവും പ്രഖ്യാപിക്കുന്ന അവസരമാണ്. പത്രോസിന്റെ പിന്‍ഗാമി മറ്റു അപ്പസ്‌തോലന്മാരാല്‍ സ്ഥാപിക്കപ്പെട്ട സഭകളിലെ തലവന്മാരെയും മെത്രാന്മാരെയും സ്വീകരിക്കുമ്പോള്‍ അത് ആദിമസഭയില്‍ അപ്പസ്‌തോലന്മാര്‍ ഒരുമിച്ചു കൂടുമ്പോഴുള്ള കൂട്ടായ്മയുടെയും പങ്കുവയ്ക്കലിന്റെയും മനോഹരമായ വേദിയായി മാറുകയും ചെയ്യുന്നു. കൂടാതെ റോമിലെ പത്രോസ് പൗലോസ് ശ്‌ളീഹന്മാരുടെ കബറിടം സന്ദര്‍ശിക്കുന്ന പൗരസ്ത്യ സഭകളിലെ മെത്രാന്മാര്‍ ഈശോയ്ക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ച ഈ മഹാ അപ്പസ്‌തോലന്മാര്‍ തെളിച്ച വിശ്വാസദീപം ലോകത്തിന്റെ അതിര്‍ത്തികള്‍ വരെ നിര്‍ഭയം എത്തിക്കാനുള്ള അവരുടെ ദൗത്യത്തിന്റെ പ്രാചോദനവും ഊര്‍ജ്ജവും സ്വീകരിക്കുന്ന മനോഹരമായ അവസരമായി ഈ സന്ദര്‍ശനം മാറുന്നു.
റവ. ഡോ. ജോസഫ് മറ്റത്തില്‍


