Alexia Gonzalez barros
കഴുത്തുവേദനയും കൈവേദനയുമായിട്ടായിരുന്നു തുടക്കം. വിട്ടുമാറാത്ത വേദന കൂടുതല്‍ വിശദമായ മെഡിക്കല്‍ പരിശോധനകള്‍ക്ക് വിധേയമായി. ഒടുവില്‍ റിസള്‍ട്ട് വന്നു. മാരകമായ ട്യൂമര്‍. അന്ന് അലക്‌സിയ ഗോണ്‍സാലസിന് വെറും പതിമൂന്നു വയസുമാത്രമായിരുന്നു പ്രായം. ഈ ചെറുപ്രായത്തില്‍ ഒരു കൊച്ചുപെണ്‍കുട്ടിക്ക് ഇത്രയും ഗുരുതരമായ രോഗംവന്നല്ലോ എന്ന സങ്കടം അവളെ അറിയാവുന്നവരെയെല്ലാം പൊതിഞ്ഞു. അവളും തുടക്കത്തില്‍ വിഷമിച്ചു. അതുകൊണ്ട് അവള്‍ ഇങ്ങനെ പ്രാര്‍ഥിച്ചു. ‘അസുഖം ഭേദമാകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതും പ്രാര്‍ഥിക്കുന്നതും. ഇനി അതല്ല അസുഖം ഭേദമാകാനല്ല നിന്റെ ആഗ്രഹമെങ്കില്‍ നിന്റെ ഇഷ്ടംപോലെ നടക്കട്ടെ’. നിരുപാധികമായ കീഴടങ്ങള്‍. ദൈവഹിതത്തിന് സമ്പൂര്‍ണസമര്‍പ്പണം. അതാണ് അലക്‌സിയ ഗോണ്‍സാലസ് ചെയ്തത്. എങ്ങനെ ലഭിച്ചു ഒരു പതിമൂന്നുകാരിക്ക് ഇത്രയും ആത്മീയപക്വത? ദൈവവിശ്വാസം?
സ്‌പെയ്‌നിലെ മാഡ്രിഡില്‍ 1971 മാര്‍ച്ച് ഏഴിന് ആഴപ്പെട്ട ദൈവവിശ്വാസമുള്ള ഒരു കത്തോലിക്കാകുടുംബത്തിലായിരുന്നു അലക്‌സിയായുടെ ജനനം. ഓപ്പൂസ് ദേയി മൂവ്‌മെന്റുമായി അടുത്തുസഹകരിച്ചവരായിരുന്നു മാതാപിതാക്കളായ ഫ്രാന്‍സിസ്‌ക്കോയും മോഞ്ചയും. ആ ദമ്പതികളുടെ ഏഴുമക്കളില്‍ ഇളയവളായിരുന്നു അലക്‌സിയ. കാവല്‍മാലാഖയോടുള്ള ഭക്തിയിലാണ് അലക്‌സിയ വളര്‍ന്നുവന്നത്. ഹ്യൂഗോ എന്നാണ് തന്റെ കാവല്‍മാലാഖയ്ക്ക് അവള്‍ പേരിട്ടിരുന്നത്. എട്ടാം വയസില്‍ പ്രഥമദിവ്യകാരുണ്യസ്വീകരണം നടത്തിയ അലക്്‌സിയായ്ക്ക് ആ വര്‍ഷം തന്നെ അവിസ്മരണീയമായ ഒരു നിമിഷത്തിന് സാക്ഷിയാകാനുള്ള അവസരമുണ്ടായി. വത്തിക്കാനില്‍ മാതാപിതാക്കള്‍ക്കൊപ്പം എത്തിയ അലക്‌സിയായ്ക്ക് പൊതുദര്‍ശനവേളയില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാ്പ്പയില്‍ നിന്ന് ആശീര്‍വാദം സ്വീകരിക്കാന്‍ സാധിച്ചതായിരുന്നു അത്. പാപ്പയെനേരില്‍ കാണാനും അനുഗ്രഹം സ്വീകരിക്കാനുംസാധിച്ചതിന്റെ സന്തോഷവും ഓര്‍മയും മരണംവരെ അവള്‍ക്കൊപ്പമുണ്ടായിരുന്നു. അങ്ങനെ ഒരു കൗമാരക്കാരിയുടെ ജീവിതം സ്വച്ഛവും ശാന്തവുമായി കടന്നുപോകുന്നഅവസരത്തിലായിരുന്നു വേദനയുടെ രൂപത്തില്‍ രോഗം അവളുടെ ജീവിതത്തിലേക്ക് കടന്നുവന്നത്. നട്ടെല്ലിനായിരുന്നു ട്യൂമര്‍. നാലു ഓപ്പറേഷനുകള്‍ ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ അവള്‍ക്ക് നടത്തേണ്ടിവന്നു. അതിന്റെ ഫലമായി അവള്‍ പക്ഷാഘാതത്തിന് കീഴടങ്ങി. പത്തുമാസം മാത്രമേ രോഗനിര്‍ണ്ണയം നടത്തിയതിനു ശേഷം അവള്‍ ജീവിച്ചിരുന്നുള്ളൂ. പക്ഷേ ആ പത്തുമാസം കഠിനവേദനകളുടേതായിരുന്നു. സഹനങ്ങളുടേതായിരുന്നു. എന്നാല്‍ ഈ കാലയളവ് മുഴുവന്‍ അവള്‍ ജീവി്ച്ചത് സന്തോഷത്തോടും വിശ്വാസത്തോടും കൂടിയായിരുന്നു.
വേദനയ്ക്കിടയിലും താന്‍ ദൈവത്തിന്റെ കരങ്ങളിലാണെന്ന് അലക്‌സിയ ഉറച്ചുവിശ്വസിച്ചിരുന്നു. അതുകൊണ്ടാണ് അവള്‍ ഇപ്രകാരം പ്രാര്‍ഥിച്ചത്. ‘യേശുവേ എനിക്ക് സുഖംപ്രാപിക്കണം. പക്ഷേ നിനക്കതു വേണ്ടെങ്കില്‍ എനിക്കും വേണ്ട’. തനിക്കുസംഭവിച്ചതെല്ലാം വിശ്വാസത്തോടെയാണ് അവള്‍ വീക്ഷിച്ചത്. അതുകൊണ്ട് മറ്റുള്ളവര്‍ക്ക് കഷ്ടപ്പാടെന്ന് തോന്നുന്നപലതും അവള്‍ക്ക് കഷ്ടപ്പാടായിരുന്നില്ല. 1985 ല്‍ സ്‌പെയ്‌നിലെ പാംപ്ലോനയിലെ യൂണിവേഴ്‌സിറ്റി ഓഫ് നവാരെ ക്ലീനിക്കില്‍വച്ചായിരുന്നു അലക്‌സിയായുടെ അന്ത്യം. വെറും പതിനാലാം വയസില്‍. അലക്‌സിയായുടെ സഹനജീവിതവും ആത്മീയതയും അനേകരെ അന്നുമുതല്‌ക്കേ പ്രചോദിപ്പിച്ചിരുന്നു. 1993 ല്‍ മാഡ്രിഡ് അതിരൂപതയില്‍ നാമകരണനടപടികള്‍ക്ക് തുടക്കം കുറിക്കപ്പെട്ടു. 2018 ജൂലൈ അഞ്ചിന് ഫ്രാന്‍സിസ് മാര്‍പാപ്പ അലക്‌സിയായെ ധന്യയായി പ്രഖ്യാപിച്ചു. അനുദിനജീവിതത്തിലെ സാധാരണസംഭവങ്ങളെയും ദൈവകരങ്ങളില്‍ നിന്ന് നന്ദിയോടെ സ്വീകരിക്കാന്‍ സാധിച്ചാല്‍ നമ്മുടെ ജീവിതം വിശുദ്ധീകരിക്കപ്പെടുക തന്നെ ചെയ്യും. എത്രകാലം ജീവിച്ചിരുന്നു എന്നത് അത്രമേല്‍ പ്രധാനമല്ല. മറിച്ച് ജീവിച്ചിരിക്കുന്ന കാലമത്രയും ദൈവഹിതത്തിന് അനുസരിച്ചുജീവിക്കുക എന്നതാണ് പ്രധാനം.
വിനായക് നിർമ്മൽ



