പൗരസ്ത്യ കത്തോലിക്കാ സഭകളുടെ പാരമ്പര്യത്തിൽ, പാത്രിയർക്കീസും മെത്രാന്മാരുടെ സിനഡും തമ്മിലുള്ള പരസ്പര കൂട്ടായ്മയും സഹകരണവും സഭാഭരണത്തിന്റെ അടിസ്ഥാന ഘടകങ്ങളാണ്. സഭയുടെ പിതാവും തലവനുമായി പാത്രിയർക്കീസ് നേതൃത്വം നൽകുമ്പോൾ, മെത്രാൻമാരുടെ സിനഡ് സഭയുടെ കൂട്ടായ ഉത്തരവാദിത്വവും ഐക്യവും പ്രകടമാക്കുന്നു. ഈ രണ്ടു ഘടകങ്ങൾ തമ്മിലുള്ള സഹകരണം സഭയുടെ ക്രമബദ്ധമായ ഭരണത്തിനും ഐക്യത്തിനും അത്യന്താപേക്ഷിതമാണ്.
എന്നാൽ, ഈ ബന്ധം ഗുരുതരമായി തകരുകയും അത് പരിഹരിക്കാനാവാത്ത അവസ്ഥയിലെത്തുകയും ചെയ്താൽ എന്തു ചെയ്യണം? പ്രത്യേകിച്ച്, സഭയുടെ തുടർഭരണത്തിന് പുതിയ നേതൃത്വം അനിവാര്യമാണെന്ന് വ്യക്തമായിരിക്കെ, സ്വമേധയാ രാജിവയ്ക്കാൻ പാത്രിയർക്കീസ് തയ്യാറാകാത്ത സാഹചര്യത്തിൽ, സഭയ്ക്ക് എന്ത് കാനോനിക മാർഗമാണ് ലഭ്യമാകുക? പൗരസ്ത്യ സഭകളുടെ കാനോനിക നിയമസംഹിതയായ CCEO-യിൽ ഇതുസംബന്ധിച്ച് വ്യക്തമായ ഒരു നടപടിക്രമം ഇതുവരെ ഉണ്ടായിരുന്നില്ല.
ഈ നിയമവിടവ് പരിഹരിക്കുന്നതിനാണ് 2026 ഓഗസ്റ്റ് 29ന് ലിയോ പതിനാലാമൻ മാർപാപ്പ “പരസ്പര ഐക്യം” (Mutua Concordia) എന്ന പേരിൽ ഒരു അപ്പസ്തോലിക ലേഖനം സ്വമേധയാ (Motu Proprio) പ്രസിദ്ധീകരിച്ചത്. ഇതിലൂടെ CCEO-യിലെ കാനോനകൾ 106, 126 എന്നിവയിൽ സുപ്രധാനമായ ഭേദഗതികൾ വരുത്തി. പാത്രിയർക്കീസും അദ്ദേഹത്തിന്റെ സഭയിലെ മെത്രാൻമാരുടെ സിനഡും തമ്മിലുള്ള ബന്ധം ഗുരുതരവും പരിഹരിക്കാനാവാത്തതുമായ വിധത്തിൽ തകരുകയും, സഭയുടെ നേതൃത്വത്തിൽ ഒരു മാറ്റം അനിവാര്യമാവുകയും ചെയ്യുന്ന അസാധാരണ സാഹചര്യത്തിൽ, പാത്രിയർക്കീസ് സ്വമേധയാ രാജിവയ്ക്കാത്ത പക്ഷം, നേതൃത്വമാറ്റത്തിനായി മെത്രാൻമാരുടെ സിനഡ് സ്വീകരിക്കേണ്ട പ്രത്യേക കാനോനിക നടപടിക്രമമാണ് ഈ ഭേദഗതിയിലൂടെ ഉൾപ്പെടുത്തിയിരിക്കുന്നത്.
അതിനാൽ, “പരസ്പര ഐക്യം” ഒരു പ്രത്യേക സഭയിലെ പ്രതിസന്ധിക്ക് താൽക്കാലികമായി നൽകിയ പരിഹാരമായി കാണേണ്ടതല്ല; മറിച്ച്, അസാധാരണമായ നേതൃത്വപ്രതിസന്ധികളിൽ സഭയുടെ കൂട്ടായ്മയും ക്രമബദ്ധമായ ഭരണവും സംരക്ഷിക്കുന്നതിന് മെത്രാൻമാരുടെ സിനഡിനെ പ്രാപ്തമാക്കുന്ന വ്യക്തമായ കാനോനിക നടപടിക്രമത്തിന്റെ അഭാവം പരിഹരിക്കുന്ന ഘടനാപരമായ നിയമപരിഷ്കാരമായാണ് ഇതിനെ മനസ്സിലാക്കേണ്ടത്.
മാർപാപ്പയ്ക്കു നിലവിലുള്ള പരമാധികാരത്തിൽ കുറവൊന്നും വരുത്താതെ, കൂട്ടായ ഉത്തരവാദിത്വത്തിൽ മെത്രാൻമാരുടെ സിനഡിന് ഉചിതമായ നടപടികൾ സ്വീകരിക്കുന്നതിനുള്ള വ്യക്തമായ കാനോനിക മാർഗ്ഗം ഈ ഭേദഗതിയിലൂടെ ഉൾചേർത്തിരിക്കുകയാണ്.
സിനഡ്വിളിച്ചുകൂട്ടുന്നതിനുള്ളബദൽകാനോനികസംവിധാനം
നിയമാനുസൃതമായി മെത്രാന്മാരുടെ സിനഡ് വിളിച്ചുകൂട്ടുന്നതിനുള്ള പാത്രിയർക്കീസിന്റെ അധികാരവും കടമയും വ്യക്തമാക്കുന്നതാണ് കാനോന 106-ലെ ഒന്നും രണ്ടും ഖണ്ഡികകൾ. എന്നാൽ, പാത്രിയർക്കീസ് ഈ ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ വീഴ്ച വരുത്തുകയോ അതിനു കഴിയാതെ വരികയോ ചെയ്യുന്ന സാഹചര്യത്തിൽ, സിനഡ് വിളിച്ചുകൂട്ടുന്നതിനുള്ള അധികാരം സഭയിലെ മെത്രാന്മാരിൽ മെത്രാൻപട്ടത്തിൽ ഏറ്റവും മുതിർന്നതും വോട്ടവകാശമുള്ളതുമായ അംഗത്തിന് നൽകിക്കൊണ്ട് കാനോന 106-ൽ പുതിയതായി §3 ചേർത്തിരിക്കുന്നു. (കാനോന 102 §3 ലെ വ്യവസ്ഥപ്രകാരം 80 വയസ്സ് പൂർത്തിയാകാത്ത മെത്രാന്മാർക്കാണ് വോട്ടവകാശമുള്ളത്.)
ഈ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന ഏറ്റവും മുതിർന്ന മെത്രാനും സിനഡ് വിളിച്ചുകൂട്ടുന്നതിൽ പരാജയപ്പെടുകയാണെങ്കിൽ, മെത്രാൻപട്ടത്തിൽ അടുത്ത മുതിർന്നതും വോട്ടവകാശമുള്ളതും ഈ ഉത്തരവാദിത്വം നിർവഹിക്കാൻ പ്രാപ്തനുമായ മെത്രാനിലേക്ക് ഈ അധികാരം ക്രമാനുഗതമായി കൈമാറപ്പെടും.
ഇതിലൂടെ, പാത്രിയർക്കീസിന്റെ നേതൃത്വത്തിൽ സിനഡ് വിളിച്ചുകൂട്ടാൻ കഴിയാത്ത അസാധാരണ സാഹചര്യത്തിലും മെത്രാന്മാരുടെ സിനഡിന് നിയമാനുസൃതമായി സമ്മേളിക്കാനുള്ള വ്യക്തമായ കാനോനിക സംവിധാനം ഉറപ്പാക്കുന്നു. അതിനാൽ, കാനോന 126-ൽ നിർദ്ദേശിക്കുന്ന നടപടിക്രമങ്ങൾ പ്രായോഗികമായി നടപ്പിലാക്കുന്നതിനുള്ള അനിവാര്യമായ കാനോനിക സംവിധാനമാണ് കാനോന 106 §3-ലൂടെ രൂപപ്പെടുത്തിയിരിക്കുന്നത്.
കാനോന 126-ലെപ്രധാനമാറ്റങ്ങൾ
നിലവിലുള്ള പാത്രിയർക്കീസ് കാലം ചെയ്യുകയോ രാജിവയ്ക്കുകയോ ചെയ്യുമ്പോഴാണ് പാത്രിയാർക്കൽ സിംഹാസനം ഒഴിവാകുന്നത്. ഇതുസംബന്ധിച്ച വ്യവസ്ഥകൾ കാനോന 126-ലെ ഒന്നും രണ്ടും ഖണ്ഡികകളിൽ നൽകിയിട്ടുണ്ട്. ഇപ്പോൾ വരുത്തിയ ഭേദഗതിയിലൂടെ ഇതോടൊപ്പം മൂന്ന് പുതിയ ഖണ്ഡികകൾ കൂടി (കാനോന 126 §§3–5) ചേർത്തിരിക്കുന്നു.
നിയമാനുസൃതം വിളിച്ചു കൂട്ടപ്പെട്ട സിനഡിന്റെ അജണ്ടയിൽ പുതിയൊരു വിഷയം ഉൾപ്പെടുത്തുന്നതിന് മൂന്നിലൊന്ന് അംഗങ്ങളുടെ സമ്മതം മതി എന്ന് കാനോന 108 §3 വ്യവസ്ഥ ചെയ്യുന്നു. പൊതു നിയമത്താൽ പാത്രിയർക്കീസിനോ മെത്രാന്മാർക്കോ മറ്റു വ്യക്തികൾക്കോ ആയി നിശ്ചയിക്കപ്പെട്ടിരിക്കുന്ന അവകാശങ്ങൾക്ക് അർഹമായ പരിഗണന നൽകിക്കൊണ്ട് തന്നെ ഒരു പ്രത്യേക കാര്യത്തിന് വേണ്ടി അംഗങ്ങളിൽ മൂന്നിലൊരു ഭാഗമെങ്കിലും ആവശ്യപ്പെടുമ്പോൾ പാത്രിയർക്കീസ് മെത്രാൻമാരുടെ സിനഡ് വിളിച്ചു കൂട്ടണം എന്ന് കാനോനാ 106 §1 അനുശാസിക്കുന്നു. ഇപ്രകാരം വിളിച്ചു കൂട്ടപ്പെട്ട സിനഡിൽ കാനോന 108 §3 ലെ വ്യവസ്ഥ പ്രകാരം പാത്രിയർക്കീസിന്റെ രാജി അജണ്ടയിൽ ഉൾപ്പെടുത്തി പാത്രിയർക്കീസ് രാജിവയ്ക്കണമെന്ന് സിനഡിന് ആവശ്യപ്പെടാം (കാനോന 126 §3).
എന്നാൽ അദ്ദേഹം അതിന് തയ്യാറാകുന്നില്ലെങ്കിൽ സിനഡിന് ഒരു പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടി, മുമ്പ് സൂചിപ്പിച്ച പ്രകാരം, മെത്രാൻ പട്ടത്തിൽ ഏറ്റവും മുതിർന്ന, വോട്ടവകാശം ഉള്ള മെത്രാന് സ്വീകരിക്കാം. ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്ന മെത്രാന്റെ അധ്യക്ഷതയിൽ പാത്രിയർക്കീസിനെ തൽസ്ഥാനത്തുനിന്ന് നീക്കുന്നതിന് രഹസ്യ വോട്ടെടുപ്പ് നടത്തുകയും മൂന്നിൽ രണ്ട് അംഗങ്ങൾ അനുകൂലമായി വോട്ട് ചെയ്താൽ അദ്ദേഹം ഇക്കാര്യം മാർപാപ്പയെ അറിയിക്കുകയും വേണം. എന്നാൽ, വോട്ടെടുപ്പിന് മുമ്പ് പാത്രിയർക്കീസിന് സിനഡിന്റെ മുമ്പാകെ തന്റെ ഭാഗം വിശദീകരിക്കാനും സ്വയം പ്രതിരോധിക്കാനും ന്യായമായ അവസരം നൽകണം (കാനോന 126 §4). ഈ അവസരം ഏതു രീതിയിൽ നൽകണമെന്നത് കാനോന 126 §4-ൽ വ്യക്തമാക്കിയിട്ടില്ല.
സിനഡിന്റെ തീരുമാനത്തിന് മാർപാപ്പയുടെ അംഗീകാരം (assent) ലഭിക്കുന്നതോടെ പാത്രിയർക്കൽ പദവി ഒഴിവായതായി കണക്കാക്കപ്പെടും. തുടർന്ന്, കാനോനിക നിയമം അനുശാസിക്കുന്നതനുസരിച്ച് പുതിയ പാത്രിയർക്കീസിനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കാം.
ഇങ്ങനെ നീക്കം ചെയ്യപ്പെടുന്ന പാത്രിയർക്കീസിന് സ്ഥാനിക നാമവും ആരാധനാക്രമ അനുഷ്ഠാന അവസരങ്ങളിൽ ഉള്ള പ്രത്യേക സ്ഥാനവും അദ്ദേഹത്തിൻറെ പദവിക്ക് അനുസൃതമായ താമസ സൗകര്യങ്ങളും മറ്റു സംവിധാനങ്ങളും നൽകുന്നത് സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുന്നതിനും സിനഡിന് അധികാരം നൽകുന്നതാണ് 126ാം കാനോയിലെ അഞ്ചാമത്തെ ഖണ്ഡിക.
ഭേദഗതി നേരിട്ട് പാത്രിയാർക്കൽ സഭകളെ സംബന്ധിക്കുന്ന കാനോനകളിലാണ് വരുത്തിയിരിക്കുന്നതെങ്കിലും, ഇതിലെ ഈ നടപടിക്രമങ്ങൾ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭകൾക്കും ബാധകമാണ് (കാനോന 152).
ഉപസംഹാരം
പാത്രിയർക്കീസും സിനഡും തമ്മിലുള്ള കൂട്ടായ്മ ഗുരുതരമായി തകരുന്ന അസാധാരണ സാഹചര്യത്തിൽ, പൗരസ്ത്യ സഭയുടെ സിനഡൽ ഘടനയ്ക്കുള്ളിൽ തന്നെ ക്രമബദ്ധവും കാനോനികവുമായ ഒരു പരിഹാരമാർഗം ഒരുക്കുക എന്നതാണ് ഈ ഭേദഗതിയുടെ പ്രധാന ലക്ഷ്യം.
മുറിവേറ്റ കൂട്ടായ്മ പുനഃസ്ഥാപിക്കുക, പൗരസ്ത്യ സഭകളുടെ സിനഡൽ സ്വഭാവം സംരക്ഷിക്കുക, റോമൻ മാർപാപ്പയുമായുള്ള കൂട്ടായ്മയിൽ സഭയുടെ ഐക്യവും ക്രമവും ഉറപ്പാക്കുക, തുടങ്ങിയവയാണ് ഈ നിയമപരിഷ്കാരത്തിന്റെ ആത്യന്തിക ലക്ഷ്യങ്ങൾ.
റവ. ഡോ. ജോർജ് തെക്കേക്കര



