വിവാഹത്തിന്റെ അസാധുത്വം തെളിയിക്കുന്ന നടപടിക്രമങ്ങള്‍ പരിഷ്‌കരിച്ചുകൊണ്ട് രണ്ട് മോത്തു പ്രോപ്രിയോകള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ 2015 സെപ്റ്റംബര്‍ എട്ടാം തീയതി പ്രസിദ്ധീകരിക്കുകയുണ്ടായി. Mitis Iudex Dominus Iesus എന്ന മോത്തു പ്രോപ്രിയോ ലത്തീന്‍ സഭയ്ക്ക് വേണ്ടിയും Mitis et misericors Iesus എന്ന മോത്തു പ്രോപ്രിയോ പൗരസ്ത്യ സഭകള്‍ക്ക് വേണ്ടിയും ഉള്ളതാണ്. 2014- 2015 വര്‍ഷങ്ങളില്‍ റോമില്‍ നടന്ന കുടുംബത്തെ പറ്റിയുള്ള സിനഡില്‍ വിവാഹത്തിന്റെ അസാധുത്വം തെളിയിക്കുന്ന നടപടിക്രമങ്ങള്‍ ലളിതമാക്കണമെന്നും നടപടിക്രമങ്ങളുടെ കാലതാമസം കുറയ്ക്കണമെന്നുള്ള മെത്രാന്മാരുടെ ആവശ്യം കണക്കിലെടുത്തുകൊണ്ടാണ് ഈ മാറ്റങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വരുത്തിയത്. സഭാകോടതികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാതെ വരുകയും വിവാഹകേസുകളിലുള്ള തീരുമാനങ്ങളില്‍ കാലതാമസം വരുകയും ചെയ്യുമ്പോള്‍ കേസിലെ കക്ഷികള്‍ക്ക് നീതി നിഷേധിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇത്തരം സാഹചര്യങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് വിവാഹം അസാധുവായി പ്രഖ്യാപിക്കുവാന്‍ നിലവിലുള്ള സാധാരണ നടപടിക്രമങ്ങള്‍ക്കും രേഖാമൂലമായ നടപടിക്രമങ്ങള്‍ക്കും പുറമേ ഹ്രസ്വമായ മറ്റൊരു നടപടിക്രമം കൂടി ഫ്രാന്‍സിസ് മാര്‍പാപ്പ വിഭാവനം ചെയ്യുന്നത്. പൗരസ്ത്യസഭകളുടെ പരിഷ്‌കരിച്ച കാനോനിക നിയമം 1369 മുതല്‍ 1373 വരെയുള്ള കാനോകളിലാണ് ഹ്രസ്വമായ നടപടിക്രമത്തെ പറ്റി പ്രതിപാദിക്കുന്നത്.
ഈ നടപടിക്രമം ഉപയോഗിക്കണമെങ്കില്‍ ചില പ്രത്യേക നിബന്ധനകള്‍ പാലിക്കപ്പെടേണ്ടതായിട്ടുണ്ട്. അതിനാല്‍ തന്നെ എല്ലാ കേസുകളും ഹ്രസ്വ നടപടിക്രമത്തിലൂടെ പരിഹരിക്കുവാന്‍ സാധ്യമല്ല. ഒന്നാമതായുള്ള ഒരു നിബന്ധന, സഭാകോടതിയുടെ മുന്‍പാകെയുള്ള പരാതിയുടെ പ്രാഥമികമായ അവതരണത്തില്‍ തന്നെ വിവാഹത്തിന്റെ അസാധുത്വം തെളിയിക്കുന്ന വളരെ വ്യക്തമായ കാരണങ്ങള്‍ ഉണ്ടായിരിക്കണം. അതോടൊപ്പം പ്രധാനപ്പെട്ട തെളിവുകള്‍, മറ്റു രേഖകള്‍ എന്നിവ ഹാജരാക്കിയിരിക്കണം. വിശ്വാസരാഹിത്യം, ഹ്രസ്വമായ വിവാഹ ജീവിതം, പ്രത്യുല്പാദനം ഒഴിവാക്കാന്‍ നടത്തിയ ഗര്‍ഭചിദ്രം, വിവാഹേതര ബന്ധങ്ങള്‍, പകരുന്ന രോഗങ്ങള്‍, കുട്ടികള്‍ ഉണ്ടാകാത്ത സ്ഥിതി, മുന്‍ വിവാഹത്തില്‍ കുട്ടികള്‍ ഉണ്ടെന്നുള്ള കാര്യം മനപ്പൂര്‍വ്വം പങ്കാളിയില്‍ നിന്ന് മറച്ചുവയ്ക്കല്‍, നിര്‍ബന്ധിച്ച് വിവാഹത്തിന് സമ്മതിപ്പിക്കല്‍, വിവാഹത്തിന്റെ കടമകളും ഉത്തരവാദിത്വങ്ങളും മനസ്സിലാക്കാന്‍ പറ്റാത്ത മാനസിക അവസ്ഥ എന്നിവയെല്ലാം ഹ്രസ്വമായ നടപടിക്രമം അവലംബിക്കുന്നതിനുള്ള കാരണങ്ങളാണ്. പരാതിയുടെ ഉള്ളടക്കം ശരിയായി വിലയിരുത്തി പ്രസ്തുത കേസ് ഹ്രസ്വനടപടിക്രമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമോ എന്ന് തീരുമാനിക്കേണ്ടത് ജുഡീഷ്യല്‍ വികാരിയാണ്.
മറ്റൊരു നിബന്ധന, സഭാ കോടതിയില്‍ സമര്‍പ്പിക്കുന്ന പരാതിയില്‍ ഇരു കൂട്ടരും ഒപ്പുവയ്ക്കണമെന്നുള്ളതാണ്. രണ്ടു കക്ഷികളുടെയും സമ്മതം കൂടാതെ ഹ്രസ്വമായ നടപടിക്രമം അവലംബിക്കാന്‍ ആവുകയില്ല. പരാതിക്കാരന്‍ സമര്‍പ്പിക്കുന്ന പരാതി ഹ്രസ്വമായ നടപടിക്രമത്തിന്റെ പരിധിയില്‍ വരുന്നുണ്ടെന്ന് ജുഡീഷ്യല്‍ വികാരി വിലയിരുത്തുകയും അതേസമയം എതിര്‍കക്ഷിയുടെ ഒപ്പ് പരാതിയില്‍ ഇല്ലാതിരിക്കുകയും ചെയ്താല്‍ എതിര്‍കക്ഷിയുടെ സമ്മതം ജുഡീഷ്യല്‍ വികാരി ചോദിച്ചറിയണം. എതിര്‍ഭാഗം മറുപടിയൊന്നും നല്‍കുന്നില്ലെങ്കില്‍ പ്രസ്തുത കേസ് ഹ്രസ്വനടപടി ക്രമത്തിലൂടെ പൂര്‍ത്തിയാക്കുവാന്‍ സാധിക്കുകയില്ല. വിവാഹം അസാധുവാക്കുന്ന കാരണത്തില്‍ (ground) ഇരുകൂട്ടര്‍ക്കും യോജിപ്പില്ലെങ്കിലും ഹ്രസ്വമായ നടപടിക്രമം ഉപയോഗിക്കാന്‍ പാടുള്ളതല്ല.
ഹ്രസ്വനടപടിക്രമത്തിലെ മറ്റൊരു പ്രധാന സ്വഭാവം, രൂപതാ മെത്രാന്‍ ആയിരിക്കും പ്രസ്തുത കേസിലെ ജഡ്ജി എന്നതാണ്. ഹ്രസ്വ നടപടിക്രമത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം രൂപതാ മെത്രാനില്‍ നിക്ഷിപ്തമാണ്. എന്നിരുന്നാലും കേസിന്റെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കുന്നത് ജുഡീഷ്യല്‍ വികാരിയോ മറ്റൊരു ജഡ്ജിയോ ആയിരിക്കും. അതിനുശേഷം തന്റെ തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പ് രൂപതാ മെത്രാന്‍ കാനോന്‍ നിയമ വിദഗ്ധരുടെ ഉപദേശം തേടേണ്ടതാണ്. ഏതെങ്കിലും കാരണത്താല്‍ ഹ്രസ്വനടപടിക്രമത്തിലൂടെ ഒരു വിവാഹത്തിന്റെ അസാധുത്വം തെളിയിക്കാന്‍ ആയില്ലെങ്കില്‍ രൂപതാ മെത്രാന് അസാധുത്വം തെളിയിക്കപ്പെട്ടിട്ടില്ല എന്ന വിധി നല്‍കുവാന്‍ കഴിയുകയില്ല. മറിച്ച് സാധാരണ നടപടിക്രമത്തിലേക്ക് മേല്‍പ്പറഞ്ഞ വിവാഹ കേസ് മാറ്റിവിടുകയാണ് ചെയ്യേണ്ടത്.
ഇരു കൂട്ടരും സംയുക്തമായി സമര്‍പ്പിക്കുന്ന പരാതി ആയതിനാല്‍ ഹ്രസ്വ നടപടിക്രമത്തിലെ കേസുകള്‍ക്ക് അപ്പീലിന് സാധ്യതയില്ല. എങ്കിലും ഡിഫന്‍ഡര്‍ ഓഫ് ദ ബോണ്ടിനോ പാര്‍ട്ടികള്‍ക്കോ തക്കതായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ അപ്പീല്‍ നല്‍കാവുന്നതാണ്. നിയമം അനുശാസിക്കുന്ന സമയത്തിനുള്ളില്‍ അപ്പീല്‍ നല്‍കിയില്ലെങ്കില്‍ പ്രസ്തുത വിവാഹം അസാധുവാണെന്ന ഡിക്രി രൂപതാ മെത്രാന്‍ പുറപ്പെടുവിക്കുന്നതാണ്. ഹ്രസ്വ നടപടിക്രമത്തിന്റെ നിബന്ധനകള്‍ക്കുള്ളില്‍ വരുന്ന ഒരു വിവാഹ കേസ് അതേ നടപടി ക്രമത്തില്‍ തന്നെ ചെയ്യേണ്ടതാണ്. എന്നാല്‍ എല്ലാ കേസുകളും ഹ്രസ്വനടപടി ക്രമത്തിലൂടെ തീര്‍പ്പാക്കണമെന്ന ഉദ്ദേശ്യവും ശരിയല്ല. വിവാഹ തകര്‍ച്ചകളില്‍പെട്ടു കഴിയുന്ന അനേകംവ്യക്തികളോടുള്ള സഭയുടെ അജപാലനപരമായ കരുതലിന്റെയും കരുണയുടെയും അടയാളമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ വിഭാവനം ചെയ്ത ഈ ഹ്രസ്വ നടപടിക്രമം.
റവ. ഡോ. ജോഷി കുളത്തുങ്കല്‍


