തമിഴകത്തെ രാജാവായിരുന്ന മസ്ദായ് തോമാശ്ലീഹായുടെ സുവിശേഷപ്രഘോഷണത്തില്‍ പ്രകോപിതനായി ശ്ലീഹായെ വധിക്കാന്‍ തീരുമാനിച്ചു. അതിനായി ശ്ലീഹായെ രാജാവിന്റെ മുന്‍പില്‍ കൊണ്ടുവരുന്നതും ചോദ്യം ചെയ്യുന്നതും ശിക്ഷയ്ക്ക് വിധിക്കുന്നതും ‘തോമയുടെ നടപടികളി’ല്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്:
അവന്‍ തടവറയിലേക്ക് കടന്നപ്പോള്‍ കാവല്‍ക്കാര്‍ കലഹിക്കുന്നതുകേട്ടു. ഈ മന്ത്രവാദി തന്റെ ക്ഷുദ്രപ്രയോഗങ്ങള്‍കൊണ്ട് ഈ കതകുകള്‍ തുറന്ന് തടവുകാരെ രക്ഷപ്പെടുത്തുവാന്‍ ശ്രമിക്കുന്നതെന്ത്? എന്തുതെറ്റാണ് ഇയാളോട് നാം ചെയ്തിട്ടുള്ളത്? നമുക്കുപോയി മസ്ദായി രാജാവിനോട് ഇക്കാര്യം പറയാം. പ്രധാന കാവല്‍ക്കാരന്‍ ഇതുപറഞ്ഞപ്പോള്‍ യൂദാ നിശബ്ദനായി ശ്രദ്ധിക്കുകമാത്രം ചെയ്തു. അവര്‍ രാവിലെ എഴുന്നേറ്റ് രാജസമക്ഷം എത്തി ഇപ്രകാരം പറഞ്ഞു: ‘ ഞങ്ങളുടെ യജമാനനായ രാജാവേ ഒന്നുകില്‍ ഈ മന്ത്രവാദിയെ വിട്ടുകളയുക. അല്ലെങ്കില്‍ അവനെ മറ്റൊരു ജയിലിലേക്കു മാറ്റുക. അവനെ സൂക്ഷിക്കാന്‍ ഞങ്ങള്‍ക്കുസാധിക്കുന്നില്ല. രണ്ടുപ്രാവശ്യം അങ്ങേഭാഗ്യം തടവുകാരെ കാത്തു. അല്ലായിരുന്നുവെങ്കില്‍ അവരെല്ലാം രക്ഷപ്പെടുമായിരുന്നു. ഞങ്ങള്‍ കതകുകള്‍ അടച്ചിരുന്നു. അങ്ങയുടെ ഭാര്യയും മകനും മറ്റാളുകളും സദാ അയാളോടുകൂടിയാണ്.’ ഇക്കാര്യങ്ങള്‍ കേട്ട മസ്ദായി രാജാവ് തടവറവാതിലില്‍ ഇട്ട മുദ്ര നോക്കുവാനായി ഉടന്‍പുറപ്പെടുകയും താന്‍ വച്ചിരിക്കുന്നതുപോലെ കാണുകയും ചെയ്തു. അവന്‍ തടവറസൂക്ഷിപ്പുകാരോട് പറഞ്ഞു: നിങ്ങളെന്തിനു നുണപറഞ്ഞു? വാതില്‍മുദ്രകള്‍ അതുപോലിരിക്കുന്നു. അപ്പോള്‍ തേര്‍സ്യയും മിഗ്‌ദോണിയായും വന്നുവെന്നു നിങ്ങള്‍ പറയുന്നത് എങ്ങനെ? ‘സൂക്ഷിപ്പുകാര്‍ പറഞ്ഞു: ‘ ഞങ്ങള്‍ അങ്ങയോട് സത്യം പറഞ്ഞു.’
മസ്ദായി രാജാവ് പോയി തന്റെ ന്യായാസനത്തിങ്കല്‍ ഇരുന്നു. എന്നിട്ട് യൂദായെ പിടിച്ചുകൊണ്ടുവരുവാന്‍ ആളയച്ചു. അവര്‍ അവനെ പിടിച്ചുകൊണ്ടുവന്ന് വസ്ത്രം ഉരിഞ്ഞു. പകരം ഒരു അരക്കച്ച ചുറ്റി മസ്ദായിയുടെ മുന്നില്‍നിര്‍ത്തി. മസ്ദായി അവനോടു ചോദിച്ചു, ‘ നീ അടിമയോ സ്വതന്ത്രനോ’ യൂദാ പ്രതിവചിച്ചു. ‘ ഞാനൊരു അടിമയാണ്. പക്ഷേ അങ്ങേക്ക് എന്റെമേല്‍ യാതൊരധികാരവുമില്ല.’ മസ്ദായി അവനോടു ചോദിച്ചു: ‘ എപ്രകാരമാണ് നീ ഓടിയെത്തി ഈ രാജ്യത്ത് അഭയം പ്രാപിച്ചത്’ യൂദാ അവനോടുപറഞ്ഞു’ ഞാനിവിടെ വന്നത് തിരുവചനങ്ങളാല്‍ അനേകര്‍ക്കു ജീവന്‍നല്കുന്നതിനുവേണ്ടിയാണ്. പക്ഷേ, ഇപ്പോള്‍ അങ്ങയുടെ കൈകളാല്‍ ഞാനീ ലോകം വിട്ടുപോകേണ്ടിവരും.’ മസ്ദായി ചോദിച്ചു. ‘ ആരാണ് നിന്റെ യജമാനന്‍? എന്താണവന്റെ പേര്? നീ ഏതു രാജ്യക്കാരനാണ്? യൂദാ അവനോട് പറഞ്ഞു ‘ എന്റെ രാജാവ് നിന്റെയും യജമാനനാണ്. അവന്‍ ഈ ലോകംമുഴുവന്റെയും യജമാനനും ഭൂവിഭാഗങ്ങളുടെയെല്ലാം കര്‍ത്താവുമാണ്.’ മസ്ദായി വീണ്ടും ചോദിച്ചു. ‘ അവന്റെ പേര് എന്താണ്? ‘ യൂദാ ഉത്തരിച്ചു.’ അങ്ങേക്കിപ്പോള്‍ ഈ സമയത്ത് അവന്റെ യഥാര്‍ഥനാമം ഗ്രഹിക്കാന്‍ സാധ്യമല്ല. എങ്കിലും അവനു നല്കപ്പെട്ട നാമം ഈശോമിശിഹാ എന്നാണ്.’ മസ്ദായി അവനോടുപറഞ്ഞു: ‘ നിന്നെ നശിപ്പിക്കാന്‍ എനിക്കു തിടുക്കമില്ലായിരുന്നു. നിന്നോടു ക്ഷമകാണിച്ചു. എന്നാല്‍ നീ പിന്നെയും ദുഷ്‌ക്കര്‍മ്മങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ്. നിന്റെ ക്ഷുദ്രപ്രവര്‍ത്തനങ്ങളെക്കുറിച്ചു നാടുമുഴുവന്‍ സംസാരമാണ്. ഞാന്‍ എന്തെങ്കിലും ചെയ്താല്‍ നിന്റെ പ്രവൃത്തികള്‍ നിന്നെ അനുധാവനം ചെയ്യത്തക്കരീതിയിലേ ആയിരിക്കൂ. അങ്ങനെ ഞങ്ങളുടെ രാജ്യം അവയില്‍നിന്നു വിമുക്തമാക്കപ്പെടും’. യൂദാ പറഞ്ഞു ‘എന്നെ അനുധാവനം ചെയ്യുമെന്നു അങ്ങ്പറയുന്ന ഈ ക്ഷുദ്രപ്രയോഗങ്ങളൊന്നും ഈ ലോകത്ത് ഇല്ലാതാകില്ല.’
അവന്‍ ഇതെല്ലാം പറഞ്ഞപ്പോള്‍ മസ്ദായി രാജാവ് അവനെ ബന്ധിച്ച് അവനെ കൊല്ലാന്‍ എന്താജ്ഞ നല്കണമെന്നതിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ അവിടെ കൂടിയ ജനാവലിയെ അദ്ദേഹം ഭയപ്പെട്ടു. രാജപ്രധാനികളടക്കം പലരും കര്‍ത്താവില്‍ വിശ്വസിച്ചിരുന്നു. മസ്ദായി രാജാവ് യൂദായെ പട്ടണത്തിന്റെ പുറത്തേക്കുകൊണ്ടുപോയി ആയുധങ്ങളുമായി ഒരുപറ്റം സൈനികര്‍ അവരെ അനുഗമിച്ചു. മസ്ദായി രാജാവ് യൂദായില്‍നിന്ന് എന്തെങ്കിലും പഠിക്കുവാന്‍ ശ്രമിക്കുകയായിരിക്കുമെന്ന് ജനക്കൂട്ടം കരുതി. അതുകൊണ്ട് അവര്‍ അവിടെത്തന്നെ നിന്നുകൊണ്ട് അവര്‍ പോകുന്നത് വീക്ഷിച്ചു. ഏകദേശം അരമൈല്‍ ദൂരം പോയപ്പോള്‍ മസ്ദായി രാജാവ് യൂദായെ തന്റെ കൂടെയുണ്ടായിരുന്ന ഒരു പ്രഭുവിനും കുറെ പട്ടാളക്കാര്‍ക്കുമായി ഏല്പിച്ചുകൊടുത്തുകൊണ്ടുപറഞ്ഞു. ‘ഈ മലയുടെ മുകളിലേക്കുപോയി അവനെ കൊല്ലുക.’



