സിവിൽ രജിസ്ട്രേഷൻ നടത്തിയ വിവാഹം രജിസ്റ്ററിൽ രേഖപ്പെടുത്തുന്നവിധം
സീറോമലബാർസഭാംഗങ്ങളുടെ വിവാഹം ആശീർവദിക്കുന്നതുമായി ബന്ധപ്പെട്ട് സീറോ മലബാർ മെത്രാൻസിനഡിന്റെ രണ്ടു തീരുമാനങ്ങൾ മുൻപു നല്കിയിരുന്നല്ലോ. അവ നടപ്പാക്കുന്നതിൽ നമ്മുടെ രൂപതകളിൽ ഏകോപനമില്ലാതിരുന്നതിനാൽ പലയിടത്തും ആശയക്കുഴപ്പം ഉണ്ടായതായി മനസ്സിലാക്കുന്നു. അതിന്റെ പശ്ചാത്തലത്തിൽ, ഇക്കാര്യത്തിൽ നടപ്പിലാക്കേണ്ട സിനഡു നിർദ്ദേശിച്ച ഏകീകൃത നടപടിക്രമാണ് താഴെക്കൊടുത്തിരിക്കുന്നത്.
- മനസ്സമ്മതത്തിനുമുൻപായി വിവാഹം വിളിച്ചുചൊല്ലാൻ അനുമതി നല്കാനുള്ള നടപടിക്രമം
മനസമ്മതത്തിനുമുൻപു വിവാഹപരസ്യം ആരംഭിക്കുകയും വിവാഹത്തിനുമുൻപു മൂന്നു പ്രാവശ്യം പൂർത്തിയാക്കുകയും ചെയ്യുന്നതിനാണ് അനുമതിനല്കുന്നത്. ഇപ്രകാരം അനുമതി ലഭിക്കുന്നതിനു സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ താഴെക്കൊടുക്കുന്നു:
നിശ്ചിത അപേക്ഷാഫോറത്തിലാണ് വിവാഹാർഥികൾ അപേക്ഷ സമർപ്പിക്കേണ്ടത്. ഈ അപേക്ഷാഫോറം എല്ലാ ഇടവകകളിലും ലഭ്യമാകുന്നതാണ്.
ഈ അനുവാദം ആർക്കാണോ ആവശ്യമായിരിക്കുന്നത്, ആ വ്യക്തിയാണ് (ഒന്നാം കക്ഷി) അനുവാദത്തിനുളള നടപടിക്രമം ആരംഭിക്കേണ്ടത്. ഇതിനായുള്ള ഫോറം പൂരിപ്പിച്ചു കക്ഷികളുടെയും അവരുടെ മാതാപിതാക്കൾ അല്ലെങ്കിൽ രക്ഷിതാക്കൾ എന്നിവരുടെയും ഒപ്പോടുകൂടെ ഒന്നാം കക്ഷി തന്റെ ഇടവകവികാരിക്ക് (ഒന്നാം വികാരി) സമർപ്പിക്കുന്നു.
അപേക്ഷാഫോറത്തിൽ ഒപ്പിടാനുള്ള ആരെങ്കിലും സ്ഥലത്തില്ലാത്ത സാഹചര്യം വന്നാൽ സമയത്തിന്റെ കുറവുണ്ടെങ്കിൽ അവർക്കു ഒപ്പിടുന്നതിനായി അപേക്ഷ സ്കാൻചെയ്തു അയച്ചുകൊടുക്കുകയും അവർ ഒപ്പിട്ടു സ്കാൻചെയ്തു തിരിച്ചയക്കുന്ന അപേക്ഷ ഒന്നാം കക്ഷി ഒന്നാം വികാരിക്കു നല്കുകയും ചെയ്യുന്നു.
അപേക്ഷ ലഭിച്ചാലുടൻ, ഒന്നാം വികാരി ഫോറം പരിശോധിച്ച് അതിൽ കൊടുത്തിരിക്കുന്ന വിവരങ്ങൾ പൂർണ്ണമാണെന്ന് ഉറപ്പുവരുത്തുകയും വിവാഹം വിളിക്കുചൊല്ലേണ്ട തീയതികൾ അപേക്ഷകരോട് ആലോചിച്ചു നിശ്ചയിക്കുകയും ചെയ്യുന്നു. അതിനുശേഷം, അദ്ദേഹം ഫോറത്തിൽ ഒപ്പിട്ട് പള്ളിയുടെ സീലും വച്ച് ഒന്നാം കക്ഷി വഴി രണ്ടാം കക്ഷിയുടെ വികാരിക്കു (രണ്ടാം വികാരി) കൈമാറേണ്ടതാണ്.
ഒന്നാം വികാരി ഒപ്പിട്ട അപേക്ഷാഫോറം ലഭിക്കുന്നമുറയ്ക്കു രണ്ടാം വികാരി അപേക്ഷാഫോറത്തിൽ തന്റെ സമ്മതം രേഖപ്പെടുത്തി ഒപ്പിട്ടു സീൽവയ്ക്കുന്ന തോടെ അനുവാദം ലഭിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാകുന്നു. രണ്ടാം വികാരി ഈ അനുമതിയുടെ ഒരു പകർപ്പ് ഇടവകരേഖകളിൽ സൂക്ഷിക്കേണ്ടതും അനുമതിയുടെ അസൽ രണ്ടാം കക്ഷി മുഖേന ഒന്നാം വികാരിക്കു നല്കേണ്ടതു മാണ്.
ഈ നടപടികൾ പൂർത്തിയാകുമ്പോൾ അനുമതിപത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന തീയതികളിൽ വിവാഹത്തിന്റെ വിളിച്ചുചൊല്ലൽ രണ്ട് ഇടവകകളിലും ആരംഭിക്കേണ്ടതാണ്.
- സിവിൽ രജിസ്ട്രേഷൻ നടത്തിയതിനുശേഷം പള്ളിയിൽ വിവാഹം നടത്തുമ്പോൾ രജിസ്റ്ററിൽ രേഖപ്പെടുത്തുന്ന വിധം
കുടുംബവിസ ലഭിക്കുന്നതിനായിമാത്രം, ബന്ധപ്പെട്ട രൂപതാധ്യക്ഷന്റെ മുൻകൂർ അനുമതിയോടെ ദൈവാലയത്തിൽവച്ചു വിവാഹം പരികർമംചെയ്യുന്നതിനുമുൻപ് സിവിൽ രജിസ്ട്രേഷൻ നടത്താൻ 2023 സെപ്റ്റംബർ 21ലെ മേജർ ആർച്ചുബിഷപ്പിന്റെ ഡിക്രി വഴി (Prot. No. 1007/2023) അനുമതി നല്കിയിരുന്നു.
ഇത്തരത്തിൽ ആദ്യം സിവിൽ രജിസ്ട്രേഷൻ നടത്തിയ വിവാഹങ്ങൾ പിന്നിടു പള്ളിയിൽ കൂദാശാപരമായി നടത്തുമ്പോൾ, ഇടവകയിലെ വിവാഹ രജിസ്റ്ററിൽ ഏതു തീയതിയാണ് രേഖപ്പെടുത്തേണ്ടത് (സിവിൽ രജിസ്ട്രഷൻ തീയതിയോ അതോ പള്ളിയിലെ വിവാഹത്തിന്റെ തീയതിയോ) എന്നതിനെക്കുറിച്ചു പലരും വ്യക്തത തേടുകയുണ്ടായി. ഇക്കാര്യത്തിൽ മെത്രാൻസിനഡു വ്യക്തത നല്കിയിരിക്കുന്നത് ഇനി പറയുംപ്രകാരമാണ്. ഇത്തരം എല്ലാ വിവാഹങ്ങളിലും, പള്ളിയിൽ വിവാഹം കൂദാശാപരമായി നടത്തിയ തീയതി മാത്രമാണ് വിവാഹ രജിസ്റ്ററിൽ വിവാഹതീയതിയായി രേഖപ്പെടുത്തേണ്ടത്. മുൻകൂട്ടി നടത്തിയ സിവിൽ രജിസ്ട്രേഷൻ തീയതി രജിസ്റ്ററിലെ റിമാർക്സ് കോളത്തിൽ മാത്രം രേഖപ്പെടുത്തിയാൽ മതിയാകും.
അതുപോലെതന്നെ, ഇടവക വികാരിമാർ വിവാഹ സർട്ടിഫിക്കറ്റുകൾ നല്കുമ്പോൾ പള്ളിയിൽ കൂദാശാപരമായി നടത്തിയ വിവാഹത്തിന്റെ തീയതി മാത്രമേ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്താവൂ എന്നും സിവിൽ രജിസ്ട്രേഷൻ തീയതി ഉൾപ്പെടുത്തിയുള്ള സർട്ടിഫിക്കറ്റ് നല്കാൻ പാടില്ല എന്നും പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. ഈ രീതിയിൽ നടത്തുന്ന കൂദാശാപരമായ വിവാഹങ്ങളുടെ വിവരങ്ങൾ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണസ്ഥാപനത്തിലേക്ക് കൊടുക്കേണ്ടതുമില്ല.
ഫാ. എബ്രഹാം കാവിൽപുരയിടത്തിൽ
മേജർ ആർക്കിഎപ്പിസ്കോപ്പൽ ചാൻസലർ


