പൗരസ്ത്യ കത്തോലിക്കാ സഭകള്‍ക്ക്, പ്രത്യേകിച്ച് പാത്രിയര്‍ക്കല്‍, മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയുള്ള സഭകള്‍ക്ക്, സവിശേഷമായ ഒരു ഭരണസംവിധാനമാണ് പൗരസ്ത്യ സഭകളുടെ കാനന്‍ നിയമസംഹിത (CCEO) വിഭാവനം ചെയ്യുന്നത്. ഈ സംവിധാനത്തില്‍ സഭയുടെ ഭരണ കാര്യങ്ങളില്‍ സുപ്രധാനമായ സ്ഥാനമാണ് സ്ഥിരം സിനഡിന് (Permanent Synod) ഉള്ളത്. പ്രധാന സഭാവിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇടയ്ക്കിടെ കൂടുന്ന മെത്രാന്മാരുടെ സിനഡില്‍ നിന്ന് വ്യത്യസ്തമായി, ദൈനംദിന ഭരണകാര്യങ്ങളില്‍ സഭാതലവനെ സഹായിക്കുന്ന ഒരു സ്ഥിരസമിതിയാണിത്. സഭാനടത്തിപ്പില്‍ പാത്രിയര്‍ക്കീസിനോടോ മേജര്‍ആര്‍ച്ചുബിഷപ്പിനോടോ ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന മെത്രാന്മാരുടെ ഒരു സംഘാതസമിതിയാണിത്. ഭരണകാര്യങ്ങളില്‍ ഉപദേശങ്ങളും അഭിപ്രായങ്ങളും കൊടുത്തു പാത്രിയര്‍ക്കീസിനെയോ മേജര്‍ആര്‍ച്ചുബിഷപ്പിനെയോ സഹായിക്കുന്ന സമിതിയാണ് സ്ഥിരം സിനഡ്. സഭാസംബന്ധമായ പല കാര്യങ്ങളിലും നിയമാനുസൃതം ചെയ്യുന്നതിന് പാത്രിയര്‍ക്കീസ് അല്ലെങ്കില്‍ മേജര്‍ ആര്‍ച്ചുബിഷപ് സ്ഥിരം സിനഡിന്റെ സമ്മതമോ (consent) കൂടിയാലോചനയോ (counsel) ആവശ്യമായ കാര്യങ്ങളില്‍ വാങ്ങേണ്ടതാണ് എന്ന് പൗരസ്ത്യ കാനന്‍ നിയമസംഹിതയില്‍ പറഞ്ഞിട്ടുണ്ടോ അവയല്ലാം പാലിക്കാന്‍ ഈ അധികാരികള്‍ കടപ്പെട്ടവരാണ്. ബിഷപ്പുമാരുടെ സിനഡ് (Synod of Bishops) കൃത്യമായ ഇടവേളകളില്‍ കൂടുന്ന പ്രധാന നിയമനിര്‍മ്മാണ സഭയാണെങ്കില്‍, സ്ഥിരം സിനഡ് വര്‍ഷം മുഴുവന്‍ പ്രവര്‍ത്തിക്കുകയും സഭാഭരണത്തില്‍ തുടര്‍ച്ച ഉറപ്പാക്കുകയും ചെയ്യുന്നു. അധികാരം കേവലം ശ്രേണീപരമായല്ല, മറിച്ച് മെത്രാന്മാരുടെ കൂട്ടായ ആലോചനയിലൂടെയും സഹകരണത്തിലൂടെയുമാണ് നടപ്പിലാക്കേണ്ടതെന്ന പൗരസ്ത്യ സഭകളുടെ സിനഡല്‍ പാരമ്പര്യത്തെ ഇത് ഉയര്‍ത്തിപ്പിടിക്കുന്നു.
കത്തോലിക്കാ പൗരസ്ത്യ സഭാനിയമാവലിയിലെ CCEO c. 115 അനുസരിച്ച് സവിശേഷമായ രീതിയിലാണ് സ്ഥിരം സിനഡിന്റെ ഘടന നിശ്ചയിച്ചിരിക്കുന്നത്. അഞ്ച് അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഈ സമിതിയുടെ അധ്യക്ഷന്‍ പാത്രിയര്‍ക്കീസോ അല്ലെങ്കില്‍ മേജര്‍ആര്‍ച്ചുബിഷപ്പോ ആണ്. അദ്ദേഹത്തെക്കൂടാതെ അഞ്ച് വര്‍ഷത്തെ നിശ്ചിത കാലാവധിയിലേക്ക് നിയോഗിക്കപ്പെടുന്ന നാല് മെത്രാന്മാരാണ് ഇതില്‍ അംഗങ്ങളായിരിക്കുന്നത്. ഈ നാല് മെത്രാന്മാരെ തിരഞ്ഞെടുക്കുന്നതിലും കൃത്യമായ മാനദണ്ഡങ്ങള്‍ നിയമം അനുശാസിക്കുന്നുണ്ട്. അംഗങ്ങളില്‍ മൂന്നു പേരെ ബിഷപ്പുമാരുടെ സിനഡ് തിരഞ്ഞെടുക്കുമ്പോള്‍, നാലാമത്തെ അംഗത്തെ പാത്രിയര്‍ക്കീസോ മേജര്‍ആര്‍ച്ചുബിഷപ്പോ നേരിട്ടു നിയമിക്കുകയാണ് ചെയ്യുന്നത്. കൂടാതെ, തിരഞ്ഞെടുക്കപ്പെട്ട മെത്രാന്മാരില്‍ ചുരുങ്ങിയത് രണ്ടുപേരെങ്കിലും രൂപതാ മെത്രാന്മാരായിരിക്കണം (Eparchial Bishops) എന്നത് നിര്‍ബന്ധമാണ്. സിനഡിന്റെ പ്രവര്‍ത്തനങ്ങളില്‍ തടസ്സമില്ലാത്ത തുടര്‍ച്ച ഉറപ്പാക്കുന്നതിനായി, അംഗങ്ങള്‍ക്ക് പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ പകരം വരാനായി നാല് പകരക്കാരെയും (Substitutes) മെത്രാന്മാരുടെ സിനഡ് മുന്‍കൂട്ടി നിശ്ചയിക്കുന്നു. ഈ ക്രമീകരണം വഴി സ്ഥിരം സിനഡിന്റെ ഭരണം എപ്പോഴും സുഗമമായി മുന്നോട്ടുപോകുന്നു.
സ്ഥിരം സിനഡ് വിളിച്ചുകൂട്ടാനുള്ള ഉത്തരവാദിത്തം പാത്രിയര്‍ക്കീസിനോ മേജര്‍ആര്‍ച്ചുബിഷപ്പിനോ ആണ് (CCEO c 116 ങ്ങ1). അദ്ദേഹം തന്നെയായിരിക്കും അധ്യക്ഷന്‍. സഭാതലവന് പങ്കെടുക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍, പകരക്കാരനെ ഉള്‍പ്പെടുത്തി അംഗസംഖ്യ അഞ്ചായി നിലനിര്‍ത്തിയ ശേഷം മെത്രാന്‍പട്ടം സ്വീകരിച്ച സീനിയോറിറ്റി അനുസരിച്ച് ഏറ്റവും മുതിര്‍ന്ന മെത്രാന്‍ അധ്യക്ഷത വഹിക്കും. ഏതെങ്കിലും അംഗത്തിന്റെ വ്യക്തിപരമായ കാര്യങ്ങളോ അദ്ദേഹത്തിന്റെ രൂപതയോ ഓഫീസോ സംബന്ധിച്ച കാര്യങ്ങളോ ആണ് ചര്‍ച്ച ചെയ്യുന്നതെങ്കില്‍, ആ മെത്രാന്റെ ഭാഗം കേള്‍ക്കുമെങ്കിലും അദ്ദേഹം തീരുമാനമെടുക്കുന്ന പ്രക്രിയയില്‍ പങ്കാളിയാവില്ല.
സ്ഥിരം സിനഡിന്റെ നടപടിക്രമങ്ങളിലും വോട്ടെടുപ്പ് രീതികളിലും തികഞ്ഞ സുതാര്യതയും കൂട്ടായ ഉത്തരവാദിത്തവും ഉറപ്പാക്കാന്‍ പൗരസ്ത്യ സഭാനിയമാവലി കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. CCEO c 117 അനുസരിച്ച്, സിനഡിന്റെ തീരുമാനങ്ങളില്‍ അധ്യക്ഷനും പങ്കെടുത്ത എല്ലാ അംഗങ്ങളും ഒപ്പിടേണ്ടത് അനിവാര്യമാണ്. ഇത് എടുത്ത തീരുമാനങ്ങള്‍ മെത്രാന്മാരുടെ ഒരു സംഘാതസമിതിയുടെ കൂട്ടായ ബോധ്യമാണെന്ന്് വ്യക്തമാക്കുന്നു. വ്യക്തികളെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ വോട്ടെടുപ്പ് രഹസ്യമായിരിക്കണമെന്ന് കാനന്‍ 118 നിഷ്‌കര്‍ഷിക്കുന്നു; എന്നാല്‍ മറ്റ് ഏത് വിഷയത്തിലായാലും ഒരു അംഗമെങ്കിലും ആവശ്യപ്പെട്ടാല്‍ വോട്ടെടുപ്പ് രഹസ്യമായി തന്നെ നടത്തേണ്ടതാണ്. ഇത് അംഗങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെയും വോട്ടെടുപ്പിന്റെ വിശ്വാസ്യതയെയും സംരക്ഷിക്കുന്നു.
സഭാനിയമങ്ങള്‍ അനുശാസിക്കുന്ന വിവിധ ഭരണപരമായ കാര്യങ്ങളില്‍ പാത്രിയര്‍ക്കീസിനോ മേജര്‍ആര്‍ച്ചുബിഷപ്പിനോ തീരുമാനമെടുക്കുന്നതിന് മുന്‍പ് സ്ഥിരം സിനഡിന്റെ സമ്മതമോ അല്ലെങ്കില്‍ ആലോചനയോ തേടേണ്ടത് സഭയുടെ കൂട്ടായ ഭരണശൈലിയുടെ ഭാഗമാണ്. സഭയുടെ പൊതുവായ ബിഷപ്പുമാരുടെ സിനഡ് നടക്കുമ്പോഴാണ് ഇത്തരമൊരു വിഷയം ഉയരുന്നതെങ്കില്‍പ്പോലും കാനന്‍ 119 അനുസരിച്ച് അതിന്റെ തീരുമാനമെടുക്കാനുള്ള അധികാരം സാധാരണഗതിയില്‍ സ്ഥിരം സിനഡില്‍ തന്നെ നിക്ഷിപ്തമായിരിക്കും. എന്നാല്‍ സഭാതലവന്‍ ഉചിതമെന്ന് കരുതുന്ന പക്ഷം, സ്ഥിരം സിനഡിന്റെ സമ്മതത്തോടെ അത്തരം വിഷയങ്ങള്‍ ബിഷപ്പുമാരുടെ സിനഡിന് കൈമാറാവുന്നതുമാണ്.
വര്‍ഷത്തില്‍ ചുരുങ്ങിയത് രണ്ടുതവണയെങ്കിലും നിശ്ചിത സമയങ്ങളില്‍ സ്ഥിരം സിനഡ് നിര്‍ബന്ധമായും സമ്മേളിക്കണമെന്ന് കാനന്‍ 120 വ്യക്തമാക്കുന്നു. ഇതിന് പുറമെ, സഭാതലവന് ആവശ്യമായി തോന്നുമ്പോഴോ നിയമപരമായി സിനഡിന്റെ അഭിപ്രായം തേടേണ്ട വിഷയങ്ങള്‍ ഉടലെടുക്കുമ്പോഴോ എപ്പോള്‍ വേണമെങ്കിലും സിനഡ് വിളിച്ചുകൂട്ടാവുന്നതാണ്. ഗുരുതരമായ കാരണങ്ങളാല്‍ ഇത്തരമൊരു സിനഡ് രൂപീകരിക്കാന്‍ സാധിക്കാത്ത സാഹചര്യം ഉണ്ടായാല്‍, ബിഷപ്പുമാരുടെ സിനഡ് ഈ വിവരം വത്തിക്കാനിലെ പൗരസ്ത്യ കാര്യാലയത്തെ അറിയിക്കേണ്ടതുണ്ട്. ഇത്തരം അസാധാരണ സാഹചര്യങ്ങളില്‍, പാത്രിയര്‍ക്കീസിനോടൊപ്പം ചേര്‍ന്ന് തീരുമാനങ്ങളെടുക്കാന്‍ രണ്ട് മെത്രാന്മാരെ (ഇതില്‍ ഒരാള്‍ രൂപതാ മെത്രാനായിരിക്കണം) സിനഡ് പ്രത്യേകം നിയോഗിക്കുന്നതാണ് (CCEO c 121).
ചുരുക്കത്തില്‍, പാത്രിയര്‍ക്കല്‍, മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ സഭകളുടെ ഭരണക്രമത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ് സ്ഥിരം സിനഡ്. സഭാതലവനെ ദൈനംദിന ഭരണകാര്യങ്ങളില്‍ സഹായിക്കുന്നതിലൂടെ, പൗരസ്ത്യ സഭകളുടെ ആദിമകാലം മുതലുള്ള സവിശേഷതയായ ‘സിനഡാലിറ്റി’ അഥവാ കൂട്ടായ ഭരണശൈലിയാണ് ഇവിടെ പ്രാവര്‍ത്തികമാകുന്നത്. നിയമപരമായ കൃത്യതയോടെയുള്ള ഇതിന്റെ ഘടനയും സമ്മതം, ആലോചന തുടങ്ങിയ വ്യക്തമായ പ്രവര്‍ത്തനശൈലികളും സഭാഭരണത്തില്‍ സുതാര്യതയും പങ്കാളിത്തവും ഉറപ്പാക്കുന്നു. അധികാരം കേവലം ഒരാളില്‍ കേന്ദ്രീകരിക്കപ്പെടാതെ, മെത്രാന്മാരുടെ കൂട്ടായ്മയിലൂടെയും പരസ്പരമുള്ള ആലോചനകളിലൂടെയും സഭയുടെ നന്മയ്ക്കായി വിനിയോഗിക്കപ്പെടുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ഈ സംവിധാനം. ചുരുക്കത്തില്‍, സഭയുടെ അച്ചടക്കവും ആത്മീയ ദൗത്യവും പരിരക്ഷിക്കുന്നതിനും സഭാംഗങ്ങള്‍ക്കിടയില്‍ ഐക്യവും കൂട്ടായ്മയും നിലനിര്‍ത്തുന്നതിനും സ്ഥിരം സിനഡ് ഒരു സുപ്രധാന ചാലകശക്തിയായി നിലകൊള്ളുന്നു.
റവ. ഡോ. ജോസഫ് മറ്റത്തില്‍



