രൂപതയിലെ വൈദികസമിതിയെക്കുറിച്ചും അവയിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പിനെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരിക്കാമോ?
വൈദികസമിതി (Presbyteral Council) രൂപതയിലെ എല്ലാ വൈദികരെയും പ്രതിനിധീകരിക്കുന്ന വൈദികരുടെ ഒരു സംഘമാണ്. രൂപതയിലെ അജപാലനരംഗത്തെ ആവശ്യങ്ങളെയും രൂപതയുടെ നന്മയെയും സംബന്ധിച്ച കാര്യങ്ങളിൽ രൂപതാമെത്രാനെ ഉപദേശംവഴി സഹായിക്കുന്ന സമിതികളിൽ ഒന്നാണ് വൈദികസമിതി. ഇപ്രകാരമുള്ള വൈദികസമിതി എല്ലാ രൂപതകളിലും ഉണ്ടായിരിക്കണമെന്ന് പൗരസ്ത്യ നിയമസംഹിത നിഷ്കർഷിച്ചിട്ടുണ്ട് (CCEO c 264). രൂപതയിലെ എല്ലാ വിഭാഗങ്ങളിലുംപെട്ടെ വൈദികർക്കു പ്രാതിനിധ്യം ലഭിക്കത്തക്കവിധമായിരിക്കണം ഇൗ സമിതി രൂപീകരിക്കേണ്ടത്. സഭയുടെ പൊതുനിയമങ്ങൾക്കും സ്വയാധികാരസഭയുടെ പ്രത്യേകനിയമങ്ങൾക്കും വിരുദ്ധമാകാതെ രൂപതാമെത്രാന്റെ അംഗീകാരമുള്ള നിയമാവലി അതാതു രൂപതകളിലെ വൈദികസമിതിക്കു ഉണ്ടായിരിക്കേണ്ടതാണ് (CCEO c. 265). മൂന്നു വിധത്തിലാണ് വൈദികസമിതിയിലേക്ക് അംഗങ്ങൾ തിരഞ്ഞെടുക്കപ്പെടുന്നത്.
- ഓരോ സ്വയാധികാരസഭയുടെയും പ്രത്യേകനിയമപ്രകാരം ഒരു നിശ്ചിതഭാഗം അംഗങ്ങളെ വൈദികസമിതിയിലേക്ക് വൈദികർതന്നെയാണ് തിരഞ്ഞെടുക്കേണ്ടത് (CCEO c. 266, 1°). ഇതനുസരിച്ച് സീറോമലബാർസഭയുടെ പ്രത്യേക നിയമം അനുശാസിക്കുന്ന പ്രകാരം അമ്പതുശതമാനത്തിൽ കുറയാത്ത അംഗങ്ങളെ വൈദികസമിതിയിലേക്ക് ആ രൂപതയിലെ വൈദികർ തെരഞ്ഞെടുക്കണമെന്ന് നിഷ്കർഷിച്ചിരിക്കുന്നു (Art. 15).
- തങ്ങൾ വഹിക്കുന്ന ഉദ്യോഗത്താൽ ചില വൈദികർ വൈദികസമിതിയിൽ അംഗങ്ങളാകാറുണ്ട്. ഉദാ. രൂപതയിലെ കൂരിയ അംഗങ്ങൾ. തങ്ങളുടെ ഉദ്യോഗത്താൽതന്നെ ചിലർ ഈ സമിതിയിൽ അംഗങ്ങളാണ് എന്ന് നിയമം നിശ്ചയിച്ചിട്ടുണ്ടെങ്കിൽ ഇവർ (Ex- officio members) അംഗങ്ങൾ ആയി കണക്കാക്കപ്പെടും. (CCEO c 266, 2°).
- വൈദിക സമിതിയിലേക്ക് മെത്രാന് ഏതാനും അംഗങ്ങളെ സ്വതന്ത്രമായി നിയമിക്കാനും അവകാശമുണ്ട് (CCEO c. 266, 3°).
മുകളിൽ പറഞ്ഞിരിക്കുന്ന പ്രകാരം ഈ മൂന്നു ഗണത്തിൽപെടുന്നവരാണ് വൈദിക സമിതിയിൽ അംഗങ്ങളായിരിക്കുന്നത്.
വൈദിക സമിതിയിലേക്കു തെരഞ്ഞെടുക്കാനും വോട്ടുചെയ്യുന്നതിനും തെരഞ്ഞെടുക്കപ്പെടാനും (Active and Passive Voice) രൂപതയിൽ അംഗങ്ങളായ എല്ലാ വൈദികർക്കും പുറമേ, രൂപതയിൽ സ്ഥിരമായോ താത്ക്കാലികമായോ താമസമാക്കിയിരിക്കുകയും രൂപതയിൽ ഏതെങ്കിലും സേവനം നിർവഹിക്കുകയും ചെയ്യുന്ന മറ്റു വൈദികർക്കും അവകാശമുണ്ട്. ഇതിനുപുറമേ, വൈദിക സമിതിയുടെ രൂപതാ നിയമാവലി പ്രകാരം രൂപതയിൽ സ്ഥിരവാസസ്ഥാനമോ താല്ക്കാലിക വാസസ്ഥാനമോ ഉള്ള മറ്റു വൈദികർക്കും വൈദികസമിതിയിലേക്കു തെരഞ്ഞെടുക്കുന്നതിനും തെരഞ്ഞെടുക്കപ്പെടുന്നതിനുമുള്ള അവകാശം കൊടുക്കാവുന്നതാണ് (CCEOc. 267). രൂപതയിലെ നിയമാവലി രൂപീകരിക്കുമ്പോൾ രൂപതയിലെ എല്ലാ വിഭാഗങ്ങളിലുമുള്ള വൈദികർക്കും പ്രാതിനിധ്യമുണ്ടാകുന്ന രീതിയിലായിരിക്കണം അവ ക്രമീകരിക്കേണ്ടത് എന്നു പൊതുനിയമം അനുശാസിക്കുന്നുണ്ട് (CCEOc. 268).
വൈദികസമിതി രൂപതാമെത്രാനുമായി അഭേദ്യമായ ബന്ധം പുലർത്തുന്ന സമിതിയായിരിക്കണമെന്നും പൊതുനിയമം ഓർമിപ്പിക്കുന്നു. വൈദിക സമിതി വിളിച്ചുകൂട്ടുന്നതും അതിന് അധ്യക്ഷ്യംവഹിക്കുന്നതും അതിൽ ചർച്ചചെയ്യേണ്ട കാര്യങ്ങൾ അംഗങ്ങളിൽനിന്നു സ്വീകരിക്കുന്നതും രൂപതാമെത്രാനാണ്.
പ്രധാനപ്പെട്ട കാര്യങ്ങളിൽ, പ്രത്യേകിച്ചു പൊതുനിയമത്തിൽ വ്യക്തമായി പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ, വൈദികസമിതിയോട് മെത്രാൻ ആലോചന നടത്തിയിരിക്കണം. ഉദാഹരണത്തിന് രൂപതായോഗം വിളിച്ചുകൂട്ടുക (CCEO C. 236), , ഫൊറോനാകൾ സ്ഥാപിക്കുക, അവയുടെ അതിർത്തികൾക്കു മാറ്റംവരുത്തുക (CCEO C. 276) വ്യക്ത്യധിഷ്ഠിതമായ ഇടവകകൾ സ്ഥാപിക്കുക (ഇഇഋഛ ര 280 ങ്ങ1), പുതിയ ഇടവകകൾ സ്ഥാപിക്കുക, അവയുടെ അതിർത്തികൾക്കു മാറ്റംവരുത്തുക (CCEO c. 280 §1), മുതലായവ ഏതാനും ഉദാഹരണങ്ങളാണ്.
വൈദികസമിതിയുടെ തലവൻ രൂപതാ മെത്രാനായതിനാൽ അദ്ദേഹത്തെ കൂടാതെ വൈദികസമിതി ചേരാൻ അംഗങ്ങൾക്കു അവകാശമില്ല. സമിതിയിൽ ചർച്ചചെയ്ത വിഷയങ്ങൾ പരസ്യപ്പെടുത്താൻ രൂപതാമെത്രാനുമാത്രമാണ് അധികാരമുള്ളത് (CCEO c. 280 §2).
തിരഞ്ഞെടുക്കപ്പെടുന്നവരോ നിയമിക്കപ്പെടുന്നവരോ ആയ അംഗങ്ങളുടെ കാലാവധി നിയമാവലിയിൽ വ്യക്തമാക്കിയിരിക്കണം. അഞ്ചുവർഷത്തിനുള്ളിൽ സമിതി മുഴുവനുമോ കുറെ ഭാഗമെങ്കിലുമോ പുതുക്കപ്പെടുന്ന വിധത്തിൽ നിയമാവലിയിൽ നിയമങ്ങൾ കൃത്യമായി നിശ്ചയിക്കേണ്ടതാണ് (CCEO c. 270 §1). രൂപതാസിംഹാസനത്തിൽ ഒഴിവുണ്ടാകുമ്പോൾ വൈദികസമിതി ഇല്ലാതാകുകയും അതിന്റെ ചുമതലകൾ രൂപതാ ആലോചനാസമിതി (College of Eparchial Consultors) നിർവഹിക്കുകയുംചെയ്യുന്നു. രൂപതാഭരണം കാനോനികമായി ഏറ്റെടുത്തതിനുശേഷം ഒരു വർഷത്തിനുള്ളിൽ രൂപതാ മെത്രാൻ പുതിയ വൈദികസമിതിയെ രൂപവത്ക്കരിക്കേണ്ടതാണ്. ചില പ്രത്യേക സാഹചര്യങ്ങളിൽ, അതായത് രൂപതയുടെ പൊതുനന്മയെ ഹനിക്കുന്ന വിധത്തിൽ ഈ സമിതി പ്രവർത്തിക്കുകയോ, അവകാശങ്ങൾ ദുരുപയോഗിക്കുകയോ ചെയ്താൽ വൈദികസമിതി പിരിച്ചുവിടാനുള്ള അധികാരം മെത്രാനുണ്ട്. എന്നാൽ താൻ അംഗമായിരിക്കുന്ന അതിരൂപതയിലെ മെത്രാപ്പോലിത്തായുമായി ആലോചിച്ചുവേണം അത്തരം തീരുമാനമെടുക്കാൻ. അതിരൂപതയിലെ വൈദികസമിതിയുടെ കാര്യത്തിൽ ഈ ആലോചന നടത്തേണ്ടത് ആ അതിരൂപതയുടെ കീഴിൽ വരുന്ന ഏറ്റവും മുതിർന്ന രൂപതാ മെത്രാനുമായിട്ടാണ്. പിരിച്ചുവിട്ട വൈദികസമിതിക്കു പകരം പുതിയ സമിതി ഒരുവർഷത്തിനുള്ളിൽ രൂപവത്ക്കരിക്കേണ്ടതുമാണ്.
റവ. ഡോ. ജോസഫ് മറ്റത്തിൽ


