രൂപതാ പ്രൊക്കുറേറ്റര്‍നിയമനം; യോഗ്യതകളും ചുമതലകളും

Published on

രൂപതയിലെ സാമ്പത്തികകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി സഭാനിയമത്തില്‍ രണ്ടു തരത്തിലുള്ള സംവിധാനങ്ങള്‍ ആണ് വിഭാവനം ചെയ്തിരിക്കുന്നത്. അതില്‍ ഒന്നാമത്തേത് രൂപതാ ധനകാര്യസ്ഥന്‍ അഥവാ പ്രൊക്കുറേറ്റര്‍ രണ്ടാമത്തേത് രൂപതാ ധനകാര്യസമിതി. ഇതില്‍ ധനകാര്യസ്ഥനെ പറ്റിയാണ് നാം ഇവിടെ പ്രതിപാദിക്കുന്നത്..

രൂപതാ ആലോചനസംഘത്തോടും ധനകാര്യകൗണ്‍സിലിനോടും ആലോചിച്ചതിനു ശേഷം രൂപതാ ധനകാര്യസ്ഥനായി ഒരാളെ നിയമിക്കേണ്ടത് രൂപതാ മെത്രാന്റെ ചുമതലയാണ് (Can. 262 §1). മുകളില്‍ പറഞ്ഞ സമിതികളോട് ആലോചിക്കാതെയാണ് നിയമനം എങ്കില്‍ രൂപതാ ധനകാര്യസ്ഥന്റെ നിയമനം അതില്‍ തന്നെ അസാധുവാണ്. ഇവിടെ മെത്രാന് ഈ സമിതികളുടെ സമ്മതം ആവശ്യമില്ല. അതുകൊണ്ടുതന്നെ ധനകാര്യസ്ഥനെ നിയമിക്കുവാനുള്ള സ്വാതന്ത്ര്യം പൂര്‍ണമായി രൂപതാമെത്രാനില്‍ നിക്ഷിപ്തമായിരിക്കുന്നു. പക്ഷേ ധനകാര്യസ്ഥനെ നിയമിക്കുന്നതില്‍ രൂപതാ മെത്രാന്‍ ഉപേക്ഷ വരുത്തുകയാണെങ്കില്‍ അയാളെ നിയമിക്കുവാന്‍ അതിരൂപതാ മെത്രാപ്പോലീത്തായിക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ് (can.159,n.7). 

സാമ്പത്തിക കാര്യങ്ങളില്‍ അറിവും പരിചയവുമുള്ള സത്യസന്ധനായ ഏതൊരു ക്രൈസ്തവ വിശ്വാസിക്കും രൂപതാ പ്രൊക്കുറേറ്ററായി നിയമിക്കപ്പെടുവാന്‍ യോഗ്യതയുണ്ട്. അതിനാല്‍ വൈദികര്‍ തന്നെ ധനകാര്യസ്ഥനായി നിയമിക്കപ്പെടണം എന്ന് നിയമം അനുശാസിക്കുന്നില്ല. ക്രൈസ്തവവിശ്വാസി എന്നു പറഞ്ഞിരിക്കുന്നതിനാല്‍ അകത്തോലിക്കാ പൗരസ്ത്യ സഭയിലുള്ള ഒരാള്‍പോലും ഈ സ്ഥാനത്തേക്ക് നിയമിക്കപ്പെടാവുന്നതാണ്. അതേസമയം തന്നെ രൂപതാ മെത്രാനുമായി നാലാം കരിന്തല ഉള്‍പ്പടെവരെ രക്തബന്ധമോ ചാര്‍ച്ചാബന്ധമോ ഉള്ളവര്‍ ഈ പദവിയിലേക്ക് വരുന്നത് ഒഴിവാക്കപ്പെട്ടിരിക്കുന്നു (ref. can. 263 §§23).

രൂപതാ ധനകാര്യസ്ഥന്‍ നിയമിക്കപ്പെടുന്നത് പ്രത്യേകനിയമം നിശ്ചയിച്ചിരിക്കുന്ന ഒരു കാലാവധിയിലേക്കാണ്. സീറോമലബാര്‍സഭയുടെ പ്രത്യേക നിയമപ്രകാരം മൂന്നുവര്‍ഷത്തേക്കാണ് ധനകാര്യസ്ഥന്‍ നിയമിക്കപ്പെടുന്നത് (art.13, PLSMC). മൂന്നുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ രൂപതാ മെത്രാന് വേണമെങ്കില്‍ മറ്റൊരു മൂന്നു വര്‍ഷത്തേക്ക് കൂടി അദ്ദേഹത്തെ നിയമിക്കാവുന്നതാണ്. രൂപതാ മെത്രാന്റെ അഭിപ്രായത്തില്‍ ഗൗരവമായ കാരണം ഉള്ളപ്പോള്‍ മാത്രമല്ലാതെ ഔദ്യോഗിക കാലാവധിമധ്യേ അദ്ദേഹത്തെ നീക്കം ചെയ്യാന്‍ അനുവാദമില്ല. അപ്രകാരം നീക്കംചെയ്യണമെങ്കില്‍ അതിനു മുമ്പായി രൂപതാ മെത്രാന്‍ രൂപത ആലോചനസംഘത്തോടും ധനകാര്യകൗണ്‍സിലിനോടും ആലോചന നടത്തിയിരിക്കേണ്ടതാണ് (can. 262 §2).

ഒരു രൂപതയെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ചുമതലകളാണ് രൂപതാ ധനകാര്യസ്ഥന്‍ നിര്‍വഹിക്കേണ്ടത്. രൂപത വക വസ്തുവകകളുടെ മേല്‍നോട്ടവും ഭരണവും സൂക്ഷിപ്പുമെല്ലാം മെത്രാന്റെ നിര്‍ദ്ദേശപ്രകാരവും ധനകാര്യകൗണ്‍സിലുമായി ആലോചിച്ചും പൊതുനിയമം അനുസരിച്ച് നടത്തേണ്ടത് സാധാരണഗതിയില്‍ ധനകാര്യസ്ഥന്റെ ചുമതലയാണ്. രൂപതാധ്യക്ഷന് വിധേയമായി രൂപതയുടെ ഭൗതിക വസ്തുക്കളുടെമേല്‍ ഭരണം നടത്തുക, രൂപത മുഴുവനുംഉള്ള വസ്തുക്കളുടെ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കുക, അവയുടെ സംരക്ഷണത്തിനും സുരക്ഷയ്ക്കും വര്‍ദ്ധനവിനും വേണ്ടത് ചെയ്യുക, പ്രാദേശിക ഭരണാധികാരികളുടെ വീഴ്ചയ്ക്ക് പരിഹാരം കാണുക, നിയമാനുസൃത ഭരണാധികാരി ഇല്ലാത്ത സഭാസ്വത്തുക്കള്‍ നേരിട്ടു ഭരിക്കുക എന്നിവ ധനകാര്യസ്ഥന്റെ പ്രധാന ചുമതലകളാണ് (can. 262 §2). രൂപതാവക സ്ഥാവരജംഗമവസ്തുക്കളുടെ വരവ് ചെലവ് കണക്കുകള്‍ അദ്ദേഹം തയ്യാറാക്കുകയും സൂക്ഷിക്കുകയും ചെയ്യേണ്ടതാണ്. അത് ധനകാര്യ കൗണ്‍സിലിലേക്കും രൂപതാധ്യക്ഷനോ രൂപതാ ആലോചനസമിതിയോ ആവശ്യപ്പെടുന്ന സമയത്തും സമര്‍പ്പിക്കേണ്ടതാണ്(can. 262 §4). സാമ്പത്തികഭരണത്തെ സംബന്ധിച്ച് പ്രതിമാസം രൂപതാധ്യക്ഷനും രൂപതാകുരിയായക്കും കണക്ക് സമര്‍പ്പിക്കുന്നതും ഉചിതമാണ്. ധനകാര്യസ്ഥന്‍ രൂപത മുഴുവനും ഉള്ള പള്ളിവകവസ്തുക്കളുടെ നടത്തിപ്പില്‍ ശ്രദ്ധാലുവുമായിരിക്കണം. രൂപതയിലെ പള്ളികളിലേയും സ്ഥാപനങ്ങളിലെയും കണക്കുകള്‍ പരിശോധിക്കുന്നതിനുള്ള ചുമതലയും അദ്ദേഹത്തിനുണ്ട്.

രൂപതയിലെ ഭൗതികസ്വത്തിന്റെ കാര്യനിര്‍വഹണത്തിനായുള്ള സാമ്പത്തിക കാര്യാലയത്തിന്റെ തലവനും ധനകാര്യസ്ഥനാണ്. രൂപതാവക ഭൗതികവസ്തുക്കളെ സംബന്ധിക്കുന്ന രേഖകള്‍, സ്ഥാവരജംഗമവസ്തുക്കളുടെ ഇനം തിരിച്ചുള്ള മുറിചാര്‍ത്തു (inventory),  മറ്റ് സ്ഥാപനങ്ങളുടെ മുറിചാര്‍ത്തു, വരവ് ചെലവ് കണക്കുകള്‍, മുതലായവ ഈ ഓഫീസില്‍ അദ്ദേഹം സൂക്ഷിക്കേണ്ടതാണ്. ധനകാര്യസ്ഥന്‍ നിയമനത്താല്‍ തന്നെ രൂപതാ ധനകാര്യകൗണ്‍സിലില്‍ അംഗമായിരിക്കും(can. 263 §2). സാധാരണയായി കൗണ്‍സിലിന്റെ സെക്രട്ടറിയായി അദ്ദേഹം വര്‍ത്തിക്കുന്നു. നിയമനത്താല്‍ തന്നെ ധനകാര്യസ്ഥന്‍ രൂപതാ കച്ചേരിയിലെയും അംഗമാണ്. രൂപതയുടെ ദൈനംദിന ഭരണത്തില്‍ രൂപതാമെത്രാന് വേണ്ട ആലോചന കൊടുക്കുവാനുള്ള അവകാശവും കടമയും അദ്ദേഹത്തില്‍ നിക്ഷിപ്തമാണ്. രൂപതായോഗത്തില്‍ അംഗം എന്ന നിലയില്‍ രൂപതാ ധനകാര്യസ്ഥന് അതില്‍ സംബന്ധിക്കേണ്ട ഉത്തരവാദിത്തവുമുണ്ട്. (can. 238.n. 2). രൂപതാ മെത്രാന്‍ സ്ഥാനം ഒഴിവാകുമ്പോഴും രൂപതാ ധനകാര്യസ്ഥന്‍ തല്‍സ്ഥാനത്ത് തുടരുകയും രൂപതാ അഡ്മിനിസ്‌ട്രേറ്ററുടെ കീഴില്‍ ഭരണം നടത്തുകയും വേണം. രൂപത അഡ്മിനിസ്‌ട്രേറ്ററിനെ നീക്കം ചെയ്യാന്‍ ആവശ്യമായ അതേ നടപടിക്രമം തന്നെ രൂപതാ ധനകാര്യസ്ഥനെ നീക്കം ചെയ്യുവാനും ആവശ്യമാണ്. പുതിയ മെത്രാന്‍ സ്ഥാനം ഏറ്റെടുക്കുമ്പോള്‍ പഴയ ധനകാര്യസ്ഥന്‍ വീണ്ടും നിയമിക്കപ്പെടുന്നില്ല എങ്കില്‍ അദ്ദേഹത്തിന്റെ സ്ഥാനം ഒഴിവാകുന്നു. തന്റെ ഭരണത്തിന്റെ കണക്ക് പുതിയ മെത്രാനെ ബോധ്യപ്പെടുത്തുവാന്‍ അദ്ദേഹത്തിന് ഉത്തരവാദിത്വമുണ്ട് (ref. can. 232).

റവ. ഡോ.ജോഷി കുളത്തുങ്കല്‍

Latest Updates

POPULAR Views

FEATUERD Views

മനസ്സമ്മതത്തിനുമുൻപായി വിവാഹം വിളിച്ചുചൊല്ലാനുള്ള അനുമതി

സിവിൽ രജിസ്ട്രേഷൻ നടത്തിയ വിവാഹം രജിസ്റ്ററിൽ രേഖപ്പെടുത്തുന്നവിധം സീറോമലബാർസഭാംഗങ്ങളുടെ വിവാഹം ആശീർവദിക്കുന്നതുമായി ബന്ധപ്പെട്ട്...

മനസമ്മതത്തിന്റെ കാനോനിക വശങ്ങള്‍

പൗരസ്ത്യസഭകളുടെ അതിപുരാതനമായ പാരമ്പര്യത്തില്‍ വിവാഹത്തിനുമുമ്പുള്ള വിവാഹവാഗ്ദാനം അതാതു സ്വയാധികാരസഭയുടെ പാരമ്പര്യങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും അധിഷ്ഠിതമാണ്

പാസ്റ്ററല്‍ കൗണ്‍സില്‍

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ നിര്‍ദേശങ്ങളില്‍നിന്ന് രൂപംകൊണ്ട രൂപതാതലത്തിലുള്ള ഒരു ആലോചനാസമിതിയാണ് അജപാലനസമിതി...

ആദ്‌ലിമിനാ സന്ദര്‍ശനവും പൗരസ്ത്യസഭകളും

ആദിമ ക്രൈസ്തവരുടെ ആരംഭം മുതലേയുള്ള പാരമ്പര്യമാണ് അപ്പസ്‌തോലന്മാരായ  വി. പത്രോസിന്റെയും വി....

ഹ്രസ്വമായ നീതിന്യായ നടപടിക്രമം

വിവാഹത്തിന്റെ അസാധുത്വം തെളിയിക്കുന്ന നടപടിക്രമങ്ങള്‍ പരിഷ്‌കരിച്ചുകൊണ്ട് രണ്ട് മോത്തു പ്രോപ്രിയോകള്‍ ഫ്രാന്‍സിസ്...

വിവാഹത്തിന്റെ കൗദാശിക സ്വീകരണത്തിന് മുൻപിൽ രജിസ്‌ട്രേഷൻ

മാമോദീസ സ്വീകരിച്ച ഒരു സ്ത്രീയും പുരുഷനും തമ്മിൽ ജീവിതകാലം മുഴുവനുമുള്ള പങ്കാളിത്തം...

സ്വഭാവിക വ്യക്തികളും നൈയാമിക വ്യക്തികളും

പൗരസ്ത്യ കാനന്‍നിയമത്തില്‍ പ്രതിപാദിക്കുന്ന സ്വഭാവിക വ്യക്തികളെക്കുറിച്ചും (Physical Persons)  നൈയാമിക വ്യക്തികളെക്കുറിച്ചും...

സ്വയധികാരസഭയും റീത്തും

പൗരസ്ത്യ കാനൻനിയമത്തിൽ പരാമർശിക്കുന്ന സ്വയധികാരസഭയും റീത്തും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കാമോ? പൗരസ്ത്യ കാനൻനിയമസംഹിതയിൽ...

മാർപാപ്പയുടെ പദവികളും അധികാരങ്ങളും

കത്തോലിക്കസഭയുടെ പുതിയ ഇടയനായി പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ പാപ്പ സ്ഥാനമേറ്റിരിക്കുന്ന...

ഫൊറോനാ വികാരിമാരുടെ അവകാശങ്ങളും കടമകളും

രൂപതകളുടെ വലിപ്പവും ഇടവകകളുടെ എണ്ണവും വർദ്ധിച്ചുവന്നതിനനുസരിച്ച് അജപാലന സൗകര്യത്തിനായി രൂപതയെ പല...

രൂപതാ കൂരിയായും പ്രവർത്തനങ്ങളും

രൂപതാമെത്രാനെ അദ്ദേഹത്തിന്റെ ഭരണനിർവഹണചുമതലയിലും അജപാലന ധർമ്മത്തിലും സഹായിക്കുന്നതിനുളള സംവിധാനമാണ് 'രൂപതാ കൂരിയാ'(eparchial...

രൂപതാ പ്രൊക്കുറേറ്ററും ഫിനാൻസ് കൗൺസിലും

ഈശോയുടെ മൗതിക ശരീരമായി വിളിച്ചു ചേർക്കപ്പെട്ട ദൈവജനമാണ് സഭ. ഇത് ഒരു...