മദ്യപാനം ഒരു വ്യക്തിയുടെ നിയന്ത്രണത്തിന് പുറത്തുപോകുന്ന അവസ്ഥയെയാണ് മദ്യപാനാസക്തി (Alcoholism)എന്ന് വിളിക്കുന്നത്. ആസക്തിയുടെ പ്രധാന ലക്ഷണങ്ങള്‍ നിയന്ത്രണമില്ലായ്മയാണ് അഥവാ അമിതമായി കുടിക്കുകയാണ്. മദ്യം കഴിക്കാനായി മനസ്സ് എപ്പോഴും വെമ്പല്‍ കൊള്ളുക(craving). മദ്യം കിട്ടാതാകുമ്പോള്‍ കൈകാലുകള്‍ വിറയ്ക്കുക, വിയര്‍ക്കുക, ഉറക്കമില്ലായ്മ, ദേഷ്യം എന്നിവ ഉണ്ടാവുക(Withdrawl Symptoms) എല്ലാറ്റിലും മുന്‍ഗണന മദ്യപാനത്തിന് കൊടുക്കുക .ഇവിടെയാണ് മന:ശാസ്ത്രചികിത്സാ സമീപനത്തിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നത്.
മദ്യപാനം മരണത്തിലേക്കെത്തുന്ന സിറോസിസ് (Alcoholic Cirrhosis) എന്ന അസുഖത്തിന് കാരണമാകുന്നുവെന്ന യാഥാര്‍ഥ്യവും അംഗീകരിക്കുക. സാധാരണ മരണമല്ല, വര്‍ഷങ്ങളോളം രോഗബാധിതനായി കിടക്കേണ്ടിവരുന്നു. ഓര്‍മ്മകള്‍ നശിച്ച് ഉറ്റവരെയും ഉടയവരെയും തിരിച്ചറിയാനാകാതെ വഴിയില്‍ അലഞ്ഞുതിരിയുന്ന അവസ്ഥയ്ക്കും മദ്യം കാരണമാകുന്നുവെന്ന യാഥാര്‍ഥ്യവും അംഗീകരിക്കുക. യാഥാര്‍ഥ്യങ്ങള്‍ അംഗീകരിക്കുന്നത് മനഃസമാധാനം കളയും എന്നതുകൊണ്ട് ഈ യാഥാര്‍ഥ്യങ്ങളെ നിഷേധിക്കാനോ (Denial)അവയില്‍ നിന്ന് ഒളിച്ചോടാനോ ഉള്ള വാസന ഉണ്ടെന്നത് ശ്രദ്ധിക്കുക.
യാഥാര്‍ഥ്യങ്ങള്‍ ഒരിക്കല്‍ അംഗീകരിച്ചാല്‍ മദ്യപാനം നിര്‍ത്തുന്നതിനുള്ള തീരുമാനം എടുക്കുക. തുടര്‍ന്ന് ഒരു മാനസികാരോഗ്യവിദഗ്ധനെ കാണുക. കാരണം മദ്യം പെട്ടെന്ന് ശരീരത്തില്‍ ചെല്ലാതായാല്‍ വിറയലും മറ്റും അനുഭവപ്പെട്ടേക്കാം.ഇത് ഒഴിവാക്കാന്‍ മരുന്നുകള്‍ ആവശ്യമാണ്. മാത്രമല്ല മദ്യപാനം പെട്ടെന്ന്് നിര്‍ത്തുമ്പോള്‍ മറ്റു പല അസ്വസ്ഥതകളും ഉണ്ടായേക്കാം. അതുകൊണ്ടാണ് പലരും ഒരിക്കല്‍ നിര്‍ത്തിയതിനുശേഷം വീണ്ടും മദ്യം കഴിക്കുന്നത്. എന്നാല്‍ ഈ അസ്വസ്ഥതകളെ ഒഴിവാക്കാന്‍ മരുന്നുകള്‍ക്ക് സാധിക്കും. അതുകൊണ്ട് തുടര്‍ന്നു കുടിക്കണം എന്ന തോന്നല്‍ ഉണ്ടാവുകയില്ല.
മദ്യപാനം മൂലം ശരീരത്തിലുണ്ടായിട്ടുള്ള മാലിന്യങ്ങള്‍ മുഴുവന്‍ കഴുകിപ്പോകാന്‍ ഒരാഴ്ച സമയമെടുക്കും. ഈ സമയം മാലിന്യങ്ങള്‍ ഒഴുക്കിക്കളയുന്ന മരുന്ന്, വൈറ്റമിന്‍ ബി, വിശ്രമം, നല്ല ആഹാരം, ധാരാളം വെള്ളം എന്നിവയെല്ലാം വേണം. ചികിത്സയില്‍ വൈദഗ്ധ്യം നേടിയിട്ടുള്ളത് സൈക്യാട്രിസ്റ്റുകളാണ്. ചികിത്സയുടെ ഈ ഘട്ടത്തെ ഡിറ്റോക്‌സിഫിക്കേഷന്‍ (Detoxification) എന്നു പറയുന്നു. ഒരിക്കല്‍ രോഗി ഈ ഘട്ടം തരണം ചെയ്താല്‍ വീണ്ടും മദ്യപാനം തുടങ്ങാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ആവശ്യമാണ്. മദ്യത്തിനോടുള്ള ആസക്തി കുറയ്ക്കുന്ന മരുന്നുകള്‍ (Anti craving Drugs) ഇന്ന്് ലഭ്യമാണ്. ഈ മരുന്നുകള്‍ ക്രമമായി കഴിച്ചാല്‍ നല്ലൊരു ശതമാനം പേരിലും മദ്യവിമുക്ത ജീവിതം സാധ്യമാണ്.
മദ്യം നിര്‍ത്തിയാല്‍ ജീവിതത്തില്‍ അതിനു പകരം വെക്കാന്‍ എന്തുണ്ട് എന്ന ചോദ്യം മദ്യപരെ വളരെയധികം അലട്ടാറുണ്ട്്. രോഗിക്ക് ഈയവസരത്തില്‍ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹായം വിലപ്പെട്ടതാണ്. പുതിയ തൊഴില്‍, വിനോദവേളകള്‍, സുഹൃദ്ബന്ധങ്ങള്‍ എന്നിവ വികസിപ്പിച്ചെടുക്കാന്‍ അയാള്‍ക്ക് സഹായം വേണ്ടിവരും. അതുപോലെ കൗണ്‍സലിംഗിനും സഹായം ചെയ്തുകൊടുക്കണം. സുഹൃത്തുക്കളില്‍ നിന്നുള്ള പ്രലോഭനവും മദ്യം വിളമ്പുന്ന ചടങ്ങുകളും കഴിയുന്നതും ഒഴിവാക്കുക,. മദ്യപാനം നിര്‍ത്തി ഏറെ നാളുകള്‍ കഴിഞ്ഞ് തികഞ്ഞ ആത്മവിശ്വാസം കൈവരിച്ചതിനുശേഷം മാത്രം ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കുന്നതായിരിക്കും അഭികാമ്യം.
മദ്യം നിര്‍ത്തി ഏറെ നാളുകള്‍ക്കുശേഷം ഒരിക്കല്‍ കുടിച്ചാല്‍ അതിനെ ഒരു അവസരത്തിലെ കുടി മാത്രമായി ഒതുക്കുക. ഒരിക്കല്‍ കുടിച്ചുപോയി, അതുകൊണ്ട് ഇനി കുടി തുടരാം എന്നത് അപകടം പിടിച്ച ന്യായവാദമാണ്. ഒരിക്കല്‍ കുടിച്ചു എന്നു കരുതി വീണ്ടും കുടിക്കണമെന്നില്ല. കുടുംബാംഗങ്ങള്‍ വിശേഷിച്ചു ഭാര്യമാര്‍ സൗമ്യതയോടും പരിഗണനയോടും കൂടി മദ്യപന്മാരെ സമീപിക്കുന്നത് മദ്യപാനം നിര്‍ത്താന്‍ അവര്‍ക്ക് പ്രചോദനമായേക്കും. ഒരിക്കല്‍ മദ്യപാനം നിര്‍ത്തിയാല്‍ അതിനെ പ്രോത്സാഹിപ്പിക്കാന്‍ കൂടുതല്‍ സ്‌നേഹവും ശ്രദ്ധയും കാണിക്കുകയും വേണം.ആള്‍ക്കഹോള്‍ അനോണിമസ് ഗ്രൂപ്പ് (A A Group) മദ്യപാനത്തില്‍ നിന്നും മോചനം നേടാന്‍ ശ്രമിക്കുന്നവരുടെ ഒരു കൂട്ടായ്മയാണ്. പരസ്പര ആശയവിനിമയത്തിലൂടെയും അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നതിലൂടെയും പലര്‍ക്കും ഇതില്‍ നിന്നും പ്രയോജനം ലഭിക്കാറുണ്ട്.
ആത്മീയത മദ്യപാനികള്‍ക്ക് വലിയൊരു ഔഷധമാണ്. പ്രസിദ്ധനായ മനഃശാസ്ത്രജ്ഞന്‍ കാള്‍ ഗുസ്താവ് യുംങ് എല്ലാതരത്തിലുള്ള ചികിത്സാവിധിയിലൂടെയും ഒരു മദ്യപാനിയെ കടത്തിവിട്ടതിനുശേഷം ഫലം ലഭിക്കാതെ വന്നപ്പോള്‍, പിന്നീട് ആത്മീയതയിലേക്ക് നയിച്ചപ്പോള്‍ വലിയ ഫലമുള്ളതായി അദ്ദേഹം വിവരിക്കുന്നുണ്ട്. മദ്യവിമുക്തജീവിതം ഒരു പുനരുത്ഥാനമാണ്. ദീര്‍ഘകാലം ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞ മദ്യത്തില്‍ നിന്നുള്ള മോചനം നീണ്ട പ്രക്രിയയാണ്; പ്രയാസമേറിയതുമാണ്. പക്ഷേ ദൃഢനിശ്ചയംകൊണ്ടും ഉത്സാഹം കൊണ്ടും അത് സാധ്യമാണ്. മദ്യമില്ലാത്ത ജീവിതം ഒരിക്കല്‍ ശീലിച്ചുതുടങ്ങിയാല്‍ പിന്നീട് അനവധി പേര്‍ അതാസ്വദിച്ചു തുടങ്ങുന്നു. സമൂഹത്തില്‍ പുതിയ സ്ഥാനം, ജീവിതത്തിന് പുതിയ അര്‍ഥം എന്നിവ അത് നല്കുന്നു.
റവ. ഡോ.സിജോണ്‍ കുഴിക്കാട്ടുമ്യാലില്‍



