‘മനുഷ്യരുടെ എല്ലാ പാപങ്ങളും ദൂഷണങ്ങളും ക്ഷമിക്കപ്പെടും; എന്നാല്‍ ആത്മാവിനെതിരായ ദൂഷണം ക്ഷമിക്കപ്പെടുകയില്ല’ (മത്തായി 12:31) എന്ന സുവിശേഷ വാക്യം പലപ്പോഴും വിശ്വാസികളില്‍ ആശങ്കയുണ്ടാക്കാറുണ്ട്. ദൈവത്തിന് ക്ഷമിക്കാന്‍ കഴിയാത്ത ഒരു പാപമുണ്ടോ? എന്നാല്‍, ദൈവത്തിന്റെ കരുണയുടെ ആഴത്തെക്കുറിച്ചും മനുഷ്യന്റെ ഹൃദയകാഠിന്യത്തിന്റെ ഗൗരവത്തെക്കുറിച്ചും ചിന്തിക്കാന്‍ നമ്മെ ക്ഷണിക്കുന്നതാണ് ഈ വചനം.
1. ദൈവികപ്രവൃത്തിയെ പൈശാചികമായി ചിത്രീകരിച്ചപ്പോള്‍
അന്ധനും ഊമനുമായ ഒരു പിശാചുബാധിതനെ യേശു സുഖപ്പെടുത്തുന്നതോടെയാണ് ഈ രംഗം ആരംഭിക്കുന്നത്. അത്ഭുതം കണ്ട ജനക്കൂട്ടം വിസ്മയത്തോടെ ചോദിച്ചു: ‘ഇവനായിരിക്കുമോ ദാവീദിന്റെ പുത്രന്?’ (മത്തായി 12:23). യേശുവില്‍ മിശിഹായുടെ സാന്നിധ്യം തിരിച്ചറിയാനുള്ള വിശ്വാസത്തിന്റെ സാധ്യതയാണ് ഈ ചോദ്യത്തില്‍ പ്രതിഫലിച്ചത്. എന്നാല്‍ ഫരിസേയര്‍ യേശുവിനെതിരെ ആരോപണമുന്നയിക്കുന്നു: ഈച്ചകളുടെ അധിപന്’ (Lord of the fyes) എന്ന അര്‍ഥം വരുന്ന ബെല്സെബൂളിനെക്കൊണ്ടാണ് ഇവന് പിശാചുക്കളെ പുറത്താക്കുന്നത്’ (മത്തായി 12:24). അതായത്, ദൈവത്തിന്റെ ആത്മാവിന്റെ ശക്തിയാല്‍ നിര്‍വഹിക്കപ്പെട്ട മോചനപ്രവൃത്തിയെ അവര്‍ പൈശാചികശക്തിയുടെ പ്രവര്‍ത്തനമായി ചിത്രീകരിച്ചു. ബേല്‍സെബൂല്‍ എന്ന പേര് സുവിശേഷങ്ങളില്‍ പിശാചുക്കളുടെ തലവനെ സൂചിപ്പിക്കുന്ന നിലയിലാണ് ഉപയോഗിക്കുന്നത് (മത്തായി 12:24; മര്‍ക്കോസ് 3:22; ലൂക്കാ 11:15). ഈ ആരോപണത്തിന് മറുപടിയായി യേശു സാത്താന്റെ രാജ്യം തന്നോടുതന്നെ ഭിന്നിച്ചാല്‍ അതിന് നിലനില്ക്കാനാവില്ലെന്ന് വ്യക്തമാക്കുന്നു (മത്തായി 12:25-26). തുടര്‍ന്ന് അവിടുന്ന് പ്രഖ്യാപിക്കുന്നു: ‘ഞാന്‍ ദൈവത്തിന്റെആത്മാവിനാല് പിശാചുക്കളെ പുറത്താക്കുന്നുവെങ്കില്‍ ദൈവരാജ്യം നിങ്ങളെ സമീപിച്ചിരിക്കുന്നു’ (മത്തായി 12:28) യേശുവിന്റെ അത്ഭുതങ്ങള്‍ കേവലം രോഗസൗഖ്യങ്ങള്‍ മാത്രമായിരുന്നില്ല; തിന്മയുടെ അധികാരത്തിനെതിരായ ദൈവരാജ്യത്തിന്റെ ഇടപെടലുകളായിരുന്നു.
2. പരിശുദ്ധാത്മാവിനെതിരായ ദൂഷണം എന്താണ്?
ദൈവത്തിന്റെ സത്യവും നന്മയും വ്യക്തമായി വെളിപ്പെടുമ്പോള്‍ അവയെ തിരിച്ചറിയാനുള്ള സാധ്യതയെ മനഃപൂര്‍വം നിരസിക്കുകയും ദൈവത്തിന്റെ പ്രവൃത്തിയെ തിന്മയായി മുദ്രകുത്തുകയും ചെയ്യുന്ന ഹൃദയകാഠിന്യമാണ് ഈ സംഭവത്തിന്റെ കേന്ദ്രപ്രമേയം. ഇത് അറിവില്ലായ്മയില്‍നിന്നുണ്ടാകുന്ന തെറ്റിനെയും സംശയത്തെയും ബലഹീനതയെയും സൂചിപ്പിക്കുന്നില്ല. മറിച്ച്, ദൈവത്തിന്റെ രക്ഷാകരമായ പ്രവര്‍ത്തനത്തോടുള്ള ബോധപൂര്‍വമായ എതിര്‍പ്പാണ് ഇവിടെ പ്രധാനമായും വെളിപ്പെടുന്നത്. യോഹന്നാന് 16:8 പ്രകാരം പരിശുദ്ധാത്മാവ് ലോകത്തെ പാപത്തെക്കുറിച്ച് ബോധ്യപ്പെടുത്തുന്നു. യോഹന്നാന് 15:26ല്‍ അവിടുന്ന് ക്രിസ്തുവിന് സാക്ഷ്യം നല്കുന്ന ആത്മാവാണ്. അതിനാല്‍, പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്തെ നിരസിക്കുന്നത് മനുഷ്യനെ മാനസാന്തരത്തിലേക്കും സത്യത്തിലേക്കും നയിക്കുന്ന ദൈവികപ്രവര്ത്തനത്തോടുള്ള എതിര്‍പ്പാണ്.
വിശുദ്ധ അഗസ്റ്റിന്റെ ദൈവശാസ്ത്രവ്യാഖ്യാനത്തില്, പരിശുദ്ധാത്മാവിനെതിരായ ദൂഷണം എന്നത് ദൈവത്തിന്റെ കരുണയോടും പാപമോചനത്തോടുമുള്ള നിരാസമാണ്. പരിശുദ്ധാത്മാവാണ് നമ്മില്‍ പാപബോധവും അവിടുത്തെ ദാനമായ ക്ഷമയും നല്‍കുന്നത്. ജീവിതത്തിന്റെ അവസാനം വരെ ആ സൗജന്യ ദാനത്തെ നിഷേധിക്കുന്ന ഹൃദയം സ്വയം ദൈവത്തിന്റെ കരുണയില്‍ നിന്ന് അകന്നുപോകുന്നു.’
വിശുദ്ധ അത്തനാസിയോസ് ഈ വചനത്തെ ഇങ്ങനെ വ്യാഖ്യാനിക്കുന്നു:
‘പുത്രനായ മിശിഹാ തന്റെ ബലഹീനതയില്‍ (മനുഷ്യശരീരത്തില്‍) കാണപ്പെടുമ്പോള്‍ അവിടുത്തെ തെറ്റിദ്ധരിക്കുന്നത് ദൈവകരുണയാല്‍ മൂടപ്പെടാം. എന്നാല്‍ ദൈവത്വത്തിന്റെ പൂര്ണവെളിപ്പെടുത്തലായ പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയെ ബോധപൂര്‍വ്വം നിഷേധിക്കുന്നവന് രക്ഷയുടെ വാതില്‍ സ്വയം അടയ്ക്കുകയാണ് ചെയ്യുന്നത്.’
ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം, ദൈവത്തിന്റെ കരുണയ്ക്ക് അതീതമായ പാപമുണ്ടെന്നല്ല യേശു പഠിപ്പിക്കുന്നത്; ദൈവത്തിന്റെ കരുണ സ്വീകരിക്കാന്‍ മനുഷ്യന് ഉറച്ചുനില്‍ക്കുന്ന വിസമ്മതത്തിന്റെ ഗൗരവമാണ് അവിടുന്ന് വെളിപ്പെടുത്തുന്നത്. അരികിലുള്ള ദൈവരാജ്യത്തെ തിരസ്കരിക്കലാണത്. മാനസാന്തരത്തിലേക്ക് മനുഷ്യനെ നയിക്കുന്ന പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്തെ നിരന്തരം നിരസിക്കുന്ന വ്യക്തി ദൈവത്തില്‍നിന്ന് അകന്നുപോകുന്നു. ‘ഇന്ന് അവന്റെ സ്വരം നിങ്ങള്‍ ശ്രവിക്കുന്നെങ്കില്‍ നിങ്ങളുടെ ഹൃദയങ്ങള്‍ കഠിനമാക്കരുത്’ എന്ന സങ്കീര്‍ത്തകന്റെ മുന്നറിയിപ്പ് (സങ്കീര്‍ത്തനം 95:7-8) ഈ സാഹചര്യത്തില്‍ ഏറെ പ്രസക്തമാണ്. ഹെബ്രായര്‍ 3:12-13ലും പാപത്തിന്റെ വഞ്ചനയാല്‍ ഹൃദയം കഠിനമാകുന്നതിനെക്കുറിച്ച് മുന്നറിയിപ്പു നല്കുന്നുണ്ടു്. ദൈവത്തിന്റെ ക്ഷമയുടെ വാതില്‍ അടഞ്ഞിരിക്കുന്നതുകൊണ്ടല്ല, ആ വാതിലിലൂടെ പ്രവേശിക്കാന്‍ മനുഷ്യന് വിസമ്മതിക്കുന്നതുകൊണ്ടാണ് ഈ പാപം കൂടുതല്‍ ഗുരുതരമാകുന്നത്.
റവ.ഡോ.ടോം ഓലിക്കരോട്ട്



