സുവിശേഷത്തിന്റെ ശക്തി കാലാതീതമാണെന്ന് തെളിയിച്ച ഫ്രാന്‍സിസ്

Published on

1226 ഒക്ടോബര്‍ മൂന്നിന് സ്വര്‍ഗപ്രാപ്തനായ വിശുദ്ധ ഫ്രാന്‍സിസിന്റെ എണ്ണൂറാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് 2026 ജനുവരി 10 മുതല്‍ 2027 ജനുവരി 10 വരെ ഫ്രാന്‍സിസ്‌കന്‍ ജൂബിലി വര്‍ഷം ആചരിക്കുന്നു.

 ചില ജീവിതങ്ങള്‍ ചരിത്രത്തിന്റെ താളുകളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നവയല്ല; അവ ഓരോ കാലഘട്ടത്തോടും സംസാരിക്കുകയും പുതിയ തലമുറകള്‍ക്ക് വഴികാട്ടുകയും ചെയ്യുന്നവയാണ്. അത്തരമൊരു മഹത്തായ ജീവിതസാക്ഷ്യമാണ് അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റേത്. ഭൗതികസമ്പത്തിന്റെയും അധികാരത്തിന്റെയും ആധിപത്യത്തിനപ്പുറം സുവിശേഷത്തിന്റെ ലാളിത്യവും സ്‌നേഹത്തിന്റെ ശക്തിയുംകൊണ്ട് ലോകത്തെ സ്പര്‍ശിച്ച വിശുദ്ധനാണ് അസീസിയിലെ ഫ്രാന്‍സിസ്.  അതുകൊണ്ടാണ് ഫ്രാന്‍സിസിന്റെ  നാമം എട്ടു നൂറ്റാണ്ടുകള്‍ക്കുശേഷവും മനുഷ്യഹൃദയങ്ങളില്‍ ആദരവോടെ നിലനില്ക്കുന്നത്.

 സ്വന്തം ജീവിതം സുവിശേഷത്തിന്റെ മൂല്യങ്ങള്‍ക്കനുസൃതമായി പുനഃക്രമീകരിച്ച വ്യക്തിയായിരുന്നു അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസ്. ക്രിസ്തുവിന്റെ സ്‌നേഹവും കരുണയും നമ്മുടെ കുടുംബങ്ങളിലും സമൂഹത്തിലും പൊതുജീവിതത്തിലും എത്രമാത്രം പ്രകടമാകുന്നുണ്ട് എന്ന ചോദ്യമാണ് വിശുദ്ധ ഫ്രാന്‍സിസിന്റെ ജീവിതം നമ്മുടെ മുമ്പില്‍ ഉയര്‍ത്തുന്നത്.

സമ്പത്തിനെ തിന്മയായി കാണുകയല്ല, മറിച്ച് സമ്പത്തിനോടുള്ള അനാരോഗ്യകരമായ ആസക്തിയില്‍നിന്ന് മനുഷ്യനെ സ്വതന്ത്രനാക്കുന്നതായിരുന്നു ഫ്രാന്‍സിസിന്റെ ജീവിതം. സമ്പത്ത് മനുഷ്യന്റെ സേവനത്തിനുള്ള ഉപാധിയാകുന്നതിനുപകരം മനുഷ്യന്‍ സമ്പത്തിന്റെ അടിമയായി മാറുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ജീവിതസാക്ഷ്യത്തിന് വലിയ പ്രസക്തിയുണ്ട്. 

 ക്രിസ്തീയ ആത്മീയത എന്നത് ദരിദ്രരുടെ യാഥാര്‍ഥ്യത്തില്‍നിന്ന് അകന്നുനിന്നുകൊണ്ടുള്ള ഒരു ഭക്തിപ്രകടനമല്ല; ദരിദ്രരുടെ വേദനകളെ സ്വന്തം ഉത്തരവാദിത്വമായി ഏറ്റെടുക്കുന്ന സുവിശേഷജീവിതമാണ്.

 മനുഷ്യനെ അവന്റെ സാമൂഹികപദവിയുടെയോ ആരോഗ്യാവസ്ഥയുടെയോ സമ്പത്തിന്റെയോ അടിസ്ഥാനത്തില്‍ വിലയിരുത്തുന്ന പ്രവണതകളെ അതിജീവിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് ക്രിസ്തീയ സാഹോദര്യത്തിന്റെ ആഴം വെളിപ്പെടുത്തിയത്. ദരിദ്രരെയും വയോജനങ്ങളെയും മറ്റും സഹായിക്കുന്നത് കേവലം സാമൂഹികസേവനമല്ല; ക്രിസ്തുവിനോടുള്ള നമ്മുടെ സ്‌നേഹത്തിന്റെ സാക്ഷ്യമാണ്. സഭയുടെ സാമൂഹികസേവനങ്ങളും കാരുണ്യപ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസ ആരോഗ്യരംഗങ്ങളിലെ ഇടപെടലുകളും ഈ സുവിശേഷദര്‍ശനത്തില്‍നിന്നാണ് ശക്തി ആര്‍ജിക്കേണ്ടത്. 

 സമാധാനം എന്നത് യുദ്ധത്തിന്റെ അഭാവം മാത്രമല്ല. നീതിയിലും പരസ്പരബഹുമാനത്തിലും ക്ഷമയിലും അനുരഞ്ജനത്തിലും അധിഷ്ഠിതമായ ബന്ധങ്ങളുടെ സൃഷ്ടിയാണത്. ‘pax et bonum സമാധാനവും സന്തുഷ്ടിയും ‘ എന്ന ആശംസ ഫ്രാന്‍സിസിന്റെ ആത്മീയതയുടെ മുഖമുദ്രയായിരുന്നു. വിശുദ്ധ ഫ്രാന്‍സിസിനെ ലോകമെമ്പാടും സവിശേഷമായി ആദരിക്കപ്പെടുന്ന വിശുദ്ധനാക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് സൃഷ്ടികളോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹമാണ്. അദ്ദേഹത്തിന്റെ ഈ സൃഷ്ടിസ്‌നേഹം സൃഷ്ടികളുടെ ഗീതം (Canticle of the Creatures) എന്ന സ്തുതിഗീതത്തില്‍ മനോഹരമായി പ്രകടമാകുന്നു. സൃഷ്ടികളെ സഹോദരീസഹോദരന്മാരായി അഭിസംബോധന ചെയ്യുന്ന ഈ ഗീതം, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ക്രൈസ്തവമായ ഒരു ആഴമേറിയ ദര്‍ശനമാണ് മുന്നോട്ടുവയ്ക്കുന്നത്.

ഇന്ന് കാലാവസ്ഥാവ്യതിയാനം, വനനശീകരണം, ജലക്ഷാമം, ജൈവവൈവിധ്യത്തിന്റെ നഷ്ടം, മലിനീകരണം തുടങ്ങിയ വെല്ലുവിളികള്‍ മനുഷ്യരാശിയുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്നുണ്ട്. ഈ പ്രതിസന്ധികളെ കേവലം ശാസ്ത്രീയമോ സാമ്പത്തികമോ ആയ പ്രശ്‌നങ്ങളായി മാത്രം കാണാനാവില്ല. അവയ്ക്ക് ധാര്‍മികവും ആത്മീയവുമായ മാനങ്ങളുമുണ്ട്. പ്രകൃതിയെ ചൂഷണം ചെയ്യാനുള്ള വസ്തുവായി കാണുന്ന മനോഭാവം മാറാതെ സുസ്ഥിരമായ വികസനം സാധ്യമല്ല.ഫ്രാന്‍സിസ് തന്റെ കാലത്തെ പൊതുധാരണകളെ ചോദ്യം ചെയ്യാന്‍ ധൈര്യം കാണിച്ചു. മറ്റുള്ളവര്‍ നിര്‍വചിച്ച വിജയത്തിന്റെ വഴിയിലൂടെ മാത്രം സഞ്ചരിക്കാതെ, ദൈവം തന്നില്‍നിന്ന് ആവശ്യപ്പെടുന്നതെന്താണെന്ന് തിരിച്ചറിയാന്‍ അദ്ദേഹം ശ്രമിച്ചു.  സഭയുടെ നവീകരണം അദ്ദേഹം ആദ്യം ആരംഭിച്ചത് സ്വന്തം ജീവിതത്തെ ക്രിസ്തുവിന്റെ മാതൃകയ്ക്കനുസൃതമായി പരിവര്‍ത്തനം ചെയ്തുകൊണ്ടാണ്.

സീറോമലബാര്‍ സഭയുടെ ജീവിതത്തിലും ദൗത്യത്തിലും അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് കാഴ്ചവച്ച ആത്മീയതയ്ക്ക് വലിയ പ്രസക്തിയുണ്ട്. കുടുംബബന്ധങ്ങളുടെ ശക്തീകരണം, വിശ്വാസത്തിന്റെ തലമുറകള്‍തോറുമുള്ള കൈമാറ്റം, യുവജനങ്ങളുടെ വിശ്വാസപരിശീലനം, കുടിയേറ്റസാഹചര്യങ്ങളിലെ അജപാലനപരമായ വെല്ലുവിളികള്‍, സാമൂഹികമായ ഉത്തരവാദിത്വം എന്നിവയിലെല്ലാം ഫ്രാന്‍സിസിന്റെ ജീവിതം നമ്മെ പ്രചോദിപ്പിക്കട്ടെ. സഭയുടെ വളര്‍ച്ച സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും വികസനത്തില്‍ മാത്രം അളക്കപ്പെടേണ്ടതല്ല; മറിച്ച്, ക്രിസ്തുവിന്റെ സ്‌നേഹവും കരുണയും എത്രമാത്രം മനുഷ്യരിലേക്ക് എത്തിക്കാന്‍ കഴിയുന്നു എന്നതിലാണ് അതിന്റെ യഥാര്‍ഥഫലം പ്രകടമാകുന്നത്. സുവിശേഷത്തിന്റെ ശക്തി കാലാതീതമാണെന്ന് തെളിയിച്ച വിശുദ്ധനാണ് അസീസിയിലെ ഫ്രാന്‍സിസ്.
വിശുദ്ധന്റെ മാധ്യസ്ഥ്യം വഴി, ക്രിസ്തുവിന്റെ സമാധാനം നമ്മുടെ ഹൃദയങ്ങളെയും കുടുംബങ്ങളെയും സഭയെയും ലോകത്തെയും നവീകരിക്കട്ടെ.

മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ

Latest Updates

POPULAR Views

FEATUERD Views

സർക്കുലർ ഒക്ടോബർ മിഷൻ മാസാചരണം

സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്താമാർക്കും...

സിനഡനന്തര സർക്കുലർ

സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്താമാർക്കും...

നിയമങ്ങള്‍ കരുണയുടെ ഒഴുക്ക് തടയരുത്…

ആധുനിക ഇന്ത്യയുടെ നിര്‍മിതിയിലും സമഗ്രമായ പുരോഗതിയിലും കത്തോലിക്കാസഭയും അതിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന...

ഇടയലേഖനം ദുക്‌റാന തിരുനാള്‍ – സഭാദിനം 2026

സീറോമലബാര്‍സഭയുടെ മേജര്‍ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്താമാര്‍ക്കും മെത്രാന്മാര്‍ക്കും...

സാങ്കേതിക മുന്നേറ്റങ്ങളിൽ മനുഷ്യൻ കേന്ദ്രമാകണം

ശാസ്ത്രസാങ്കേതികവിദ്യയുടെ വിപ്ലവകരമായ പുരോഗതിയിലൂടെ ലോകം അതിന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ഒരു...

വിദ്യാലയങ്ങള്‍ തണല്‍മരങ്ങളാകട്ടെ

പുതിയൊരു അധ്യയന വര്‍ഷത്തിന്റെ വാതില്‍ക്കല്‍ നാം എത്തിനില്‍ക്കുകയാണല്ലോ. വേനലവധിക്ക് ശേഷം വിദ്യാലയങ്ങളിലേക്ക്...

സീറോമലബാര്‍ സഭയുടെ വലിയ ഇടയന്‍ സപ്തതി നിറവില്‍

കാക്കനാട്:  മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവിന്റെ എഴുപതാം ജന്മദിനാഘോഷങ്ങള്‍...

ദൈവവിളി: സഭയുടെ ഹൃദയതാളവും പ്രേഷിതദൗത്യത്തിന്റെ ആത്മാവും

ദൈവവിളി എന്നത് കേവലം ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പല്ല, മറിച്ച് അനാദിയിലെ ദൈവത്തിന്റെ ഹൃദയത്തില്‍ രൂപംകൊണ്ട സ്‌നേഹപൂര്‍ണ്ണമായ ഒരു ക്ഷണമാണ്. 'നീ ഗര്‍ഭപാത്രത്തില്‍ രൂപപ്പെടുന്നതിനു മുന്‍പേ ഞാന്‍ നിന്നെ അറിഞ്ഞു; ജനിക്കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ ശുദ്ധീകരിച്ചു' (ജെറമിയ 1:5) എന്ന പ്രവാചകവചനം ഓരോ ദൈവവിളിയുടെയും ആഴമേറിയ ബൈബിള്‍പരമായ അടിസ്ഥാനം നമുക്ക് വെളിപ്പെടുത്തിത്തരുന്നു.  ദൈവത്തിന്റെ വലിയൊരു ദാനമാണ് ഓരോ വിളിയും.

ഈസ്റ്റര്‍: തളരാത്ത പ്രത്യാശയുടെയും അതിജീവനത്തിന്റെയും തിരുനാള്‍

 മരണത്തിന്റെ മേല്‍ വിജയം വരിച്ച ഉത്ഥിതനായ മിശിഹായുടെ സ്‌നേഹവും സമാധാനവും നിങ്ങളോടുകൂടെ...

കുരിശിന്റെ വഴിയിലൂടെ ഉത്ഥാനത്തിന്റെ പ്രകാശത്തിലേക്ക്…

സീറോ മലബാര്‍ സഭയുടെ ആരാധനാക്രമ വത്സരത്തിലെ ഏറ്റവും ചൈതന്യവത്തായ 'നോമ്പുകാലത്തിലൂടെ' നാം...

സിനഡനന്തര സര്‍ക്കുലര്‍

സീറോമലബാര്‍സഭയുടെ മേജര്‍ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്താമാര്‍ക്കും മെത്രാന്മാര്‍ക്കും വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും ത്‌ന്റെ അജപാലനശുശ്രൂഷയ്ക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന എല്ലാ ദൈവജനത്തിനും എഴുതുന്നത്.  കര്‍ത്താവിന്റെ കൃപ നിങ്ങളെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ.

പൗരസംസ്‌കാരം: അവകാശങ്ങളുടെ പ്രഘോഷണമല്ല, കടമകളുടെ സാക്ഷാത്കാരം

വിശുദ്ധ ഗ്രന്ഥം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് 'സ്വതന്ത്രരായി ജീവിക്കുവിന്‍; എന്നാല്‍ നിങ്ങളുടെ സ്വാതന്ത്ര്യത്തെ തിന്മയ്ക്കുള്ള മറയാക്കരുത്; ദൈവത്തിന്റെ ദാസന്മാരായി ജീവിക്കുവിന്‍' (1 പത്രോസ് 2:16) എന്നാണ്. സ്വാതന്ത്ര്യം എന്നത് ഉത്തരവാദിത്തങ്ങളില്‍ നിന്നുള്ള മോചനമല്ല, മറിച്ച് ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനുള്ള കരുത്താണ്. തന്റെ വ്യക്തിപരമായ നിലപാടുകളും പ്രവൃത്തികളും സമൂഹത്തിന്റെ പൊതുവായ സുസ്ഥിതിയെ എപ്രകാരം ബാധിക്കുന്നു എന്ന തിരിച്ചറിവാണ് പൗരബോധത്തിന്റെ ആണിക്കല്ല്.