സാമൂഹ്യവിരുദ്ധ വ്യക്തിത്വ വൈകല്യം (Anti-social Personality Disorder) പുരുഷന്മാരിലാണ് കൂടുതലായി കണ്ടുവരുന്നത്. ചെറുപ്പത്തിലേ കുട്ടികളില്‍ അന്തര്‍ലീനമായ തെറ്റായ സാമൂഹ്യവിരുദ്ധമായ പ്രവൃത്തി തിരുത്തപ്പെടാത്ത പക്ഷം (Conduct Disorder) അവരെ പതിനെട്ട് വയസ്സ് കഴിയുമ്പോള്‍ പലപ്പോഴും സാമൂഹ്യവിരുദ്ധമായ പെരുമാറ്റ ശൈലികളിലേക്ക് നയിക്കുന്നു. ഇവര്‍ പലപ്പോഴും മറ്റുളളവരുടെ വികാരങ്ങള്‍ക്ക് വിലകല്‍പ്പിക്കാതെ ക്രൂരമായി പെരുമാറുന്നു. സമൂഹത്തിലെ നിയമങ്ങളെ അവഗണിച്ചുകൊണ്ട് പെരുമാറു്ന്നു. വ്യക്തിബന്ധങ്ങള്‍ ദീര്‍ഘക്കാലം നിലനിര്‍ത്താന്‍ പ്രയാസപ്പെടുന്നു. പലപ്പോഴും അനിയന്ത്രിതമായകോപവും ദേഷ്യവും പ്രകടിപ്പിക്കുന്നു. ഇവര്‍ക്ക് ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ അവരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നില്ല. സ്വന്തം ജീവിതപ്രശ്‌നങ്ങള്‍ക്ക് ഇവര്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നു. ഇവര്‍ പലപ്പോഴും മറ്റുള്ളവരെ ചതിക്കുകയും അവരുടെ വേദനകണ്ടു സന്തോഷിക്കുകയും ചെയ്യുന്നു. ചിന്ത, വികാരം, പെരുമാറ്റ മാതൃക എന്നിവയില്‍ സ്ഥിരമായ വ്യതിയാനം ഉണ്ടാകുന്ന ഒരു വ്യക്തിത്വവൈകല്യമാണ് ആന്റി സോഷ്യല്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍.
കാരണങ്ങള്‍
കുട്ടിക്കാലത്തെ ദുരനുഭവങ്ങള്‍ പലപ്പോഴും ഇത്തരം വൈകല്യങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഇവരുടെ കുട്ടിക്കാലത്തെ കുടുംബപശ്ചാത്തലം വേണ്ടത്ര ധാര്‍മ്മികത, സ്‌നേഹം എന്നിവ ലഭിക്കാത്ത അവസ്ഥയിലൂടെ കടന്നുപോയ അവസ്ഥകള്‍ വ്യക്തിത്വവൈകല്യത്തിന് കാരണമാകുുണ്ട്. മാതാപിതാക്കളുടെ ഇടയിലെ സംഘര്‍ഷങ്ങളും മദ്യപാനശീലവും പലപ്പോഴും കുട്ടികളെ വിനാശകരമായി ബാധിക്കുന്നു. അതുപോലെ തിരിച്ചറിയപ്പെടാതെയും ചികിത്സിക്കപ്പെടാതെയും പോകുന്ന കുട്ടിക്കാലത്തെ പെരുമാറ്റ വൈകല്യങ്ങളും യൗവനാരംഭത്തില്‍ ഇത്തരം വ്യക്തിത്വ വൈകല്യത്തിലേക്ക് നയിക്കാം. ജൈവഘടകങ്ങളും, മസ്തിഷ്‌കത്തിലെ ഇംപള്‍സ് നിയന്ത്രണവുമായി ബന്ധപ്പെട്ട വ്യതിയാനങ്ങളും ഇത്തരം വൈകല്യങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
ചികിത്സാ സമീപനങ്ങള്‍
മനഃശാസ്ത്ര ചികിത്സ (Psychotherapy)ഇവിടെ പ്രധാനമായും ഉപയോഗിക്കുു.കൊഗ്നറ്റീവ് ബിഹേവിയര്‍ തെറാപ്പി(CBT) തെറ്റായ ചിന്താഗതികളും പെരുമാറ്റ രീതികളും തിരിച്ചറിഞ്ഞ് അവ മാറ്റിയെടുക്കാന്‍ സഹായിക്കുന്നു. ദേഷ്യം നിയന്ത്രിക്കാനും സാമൂഹിക മര്യാദകള്‍ പാലിക്കാനും ഇതിലൂടെ സാധിക്കും. അതുപോലെ വികാര നിയന്ത്രണത്തിനും ആക്രമണ സ്വഭാവം കുറയ്ക്കാനും ഡയലറ്റിക്കല്‍ ബിഹേവിയര്‍ തെറാപ്പി (DBT) പ്രയോജനപ്പെടുന്നു. ഇത്തരം പെരുമാറ്റ വൈകല്യങ്ങള്‍ക്ക് ഒപ്പം (comorbidity) അമിതമായ ദേഷ്യവും അക്രമവാസനയും, അതുപോലെ വിഷാദമോ അമിതമായ ഉത്കണ്ഠയോ ഉണ്ടെങ്കില്‍ മനോരോഗവിദഗ്ധന്റെ കീഴില്‍ ചികിത്സയും ആവശ്യമായി വരുന്നു.
റവ. ഡോ.സിജോണ് കുഴിക്കാട്ടുമ്യാലില്‍


