പേര്‍ഷ്യന്‍ സാമ്രാജ്യത്തോട് ചേര്‍ന്ന് പൗരസ്ത്യറോമാ സാമ്രാജ്യത്തിലെ ക്രൈസ്തവകേന്ദ്രം ആയിരുന്ന മൈഫര്‍ക്കാട്ടെ (മിയാഫര്‍ക്കിന്‍) മെത്രാനായിരുന്ന മാര്‍ മാറുത്ത, ക്രിസ്തുവര്‍ഷം 399 മുതല്‍ 410 വരെ ഈ ഔദ്യോഗികസ്ഥാനം വഹിക്കുന്നതിനു മുമ്പ് തന്നെ പ്രഗത്ഭനായ ഒരു ഭിഷഗ്വരന്‍ എന്ന നിലയില്‍ ഏറെ പ്രശസ്തനായിരുന്നു. ക്രിസ്തുവര്‍ഷം 381 ലെ കോണ്‍സ്റ്റാന്റിനോപ്പിള്‍ സാര്‍വത്രിക സൂനഹദോസിലും തുടര്‍ന്നു നടന്ന അന്ത്യോക്യന്‍ കൗണ്‍സിലിലും ഉള്ള അദ്ദേഹത്തിന്റെ പങ്കാളിത്തം ശ്രദ്ധേയമാണ്.റോമാ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായിരുന്ന തിയഡോഷ്യസ് രണ്ടാമന്‍ പേര്‍ഷ്യന്‍ സാമ്രാജ്യത്തിലേക്ക് പ്രതിനിധിയായി അയച്ച മാറുത്തയുടെ സൗമ്യതയും വിശുദ്ധിയും വൈദ്യശാസ്ത്രത്തിലെ അഗാധപാണ്ഡിത്യവും അദ്ദേഹത്തെ പേര്‍ഷ്യന്‍ ചക്രവര്‍ത്തിയായ യാസ്‌ദെഗെര്‍ദ് ഒന്നാമന് ഏറെ പ്രിയപ്പെട്ടവനാക്കി.
പൗരസ്ത്യ റോമസാമ്രാജ്യത്തിനും പേര്‍ഷ്യന്‍സാമ്രാജ്യത്തിനുമിടയിലെ സമാധാനത്തിന്റെ കണ്ണിയായി അങ്ങനെ മാര്‍ മാറുത്ത മാറി.പേര്‍ഷ്യന്‍ ചക്രവര്‍ത്തിയുമായുള്ള അദ്ദേഹത്തിന്റെ അടുപ്പം അവിടെ കൊടിയ പീഡനങ്ങള്‍ക്കു വിധേയരായിരുന്ന ക്രിസ്തീയസമൂഹത്തിന് ഏറെ പ്രധാനപ്പെട്ടതായി. യാസ്‌ദെഗെര്‍ദിന്റെ ക്രിസ്ത്യാനികളോടുള്ള ഇടപെടല്‍ കൂടുതല്‍ അനുഭാവപൂര്‍ണമാവുകയും രണ്ടു സാമ്രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാവുകയും ചെയ്തു. ക്രിസ്തുവര്‍ഷം 410 ല്‍ മാര്‍ മാറുത്തയും അന്നത്തെ സെലൂഷ്യ മെത്രാനായിരുന്ന ഇഷാഖും ചേര്‍ന്നാണ് പേര്‍ഷ്യന്‍ ചക്രവര്‍ത്തിയുടെ അനുവാദത്തോടെ സെലൂഷ്യാ സ്റ്റെസിഫോണ്‍ സിനഡ് വിളിച്ചുച്ചേര്‍ത്തത്. ഈ സിനഡില്‍ വെച്ചാണ് നിഖ്യാ സൂനഹദോസിന്റെ തീരുമാനങ്ങള്‍ ഔദ്യോഗികമായി പേര്‍ഷ്യന്‍ സഭ അംഗീകരിച്ചത്. പേര്‍ഷ്യന്‍ ചക്രവര്‍ത്തിമാരുടെ മതപീഡനകാലത്ത് വധിക്കപ്പെട്ട രക്തസാക്ഷികളുടെ തിരുശേഷിപ്പുകള്‍ മാര്‍ മാറുത്ത തന്റെ രൂപതാകേന്ദ്രമായ മൈഫര്‍ക്കാട്ടേക്ക് കൊണ്ടുവന്നു.
അതുകൊണ്ട് ‘രക്തസാക്ഷികളുടെ നഗരം’ എന്ന അര്‍ഥം വരുന്ന ‘മാര്‍ത്തിരോപോളിസ്’ എന്ന ഗ്രീക്ക് പേരില്‍ കൂടി മൈഫര്‍ക്കാട്ട് അറിയപ്പെടുന്നു. പേര്‍ഷ്യന്‍ സാമ്രാജ്യത്തില്‍ മതപീഡനകാലത്ത് ക്രിസ്ത്യാനികള്‍ നേരിട്ട കൊടിയ പീഡനങ്ങള്‍ വിവരിച്ചുകൊണ്ട് രക്തസാക്ഷികളെക്കുറിച്ചുള്ള ഒരു ഗ്രന്ഥം അദ്ദേഹം തയ്യാറാക്കി. നിഖ്യാ സൂനഹദോസിന്റെ കാനോനകള്‍ സുറിയാനി ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്തവരുടെ ഗണത്തിലും അദ്ദേഹം ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു.ക്രിസ്തുവര്‍ഷം 420 ല്‍ ഇഹലോക വാസം വെടിഞ്ഞ അദ്ദേഹത്തെ വിവിധ കത്തോലിക്കാ അകത്തോലിക്കാ പാരമ്പര്യങ്ങള്‍ വിശുദ്ധനായി വണങ്ങുന്നു.
റവ.ഡോ. അലക്സ് സെബാസ്റ്റ്യൻ കൊല്ലംകളം



