ചഞ്ചല വ്യക്തിത്വം അഥവാ അതിരില്ലാ വ്യക്തിത്വം പതിനെട്ടു വയസു മുതല്‍ മുപ്പത്തിയഞ്ചു വയസുവരെയുള്ള കാലഘട്ട’ത്തില്‍ താരതമേ്യന സ്ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നത്. ഈ വൈകല്യമുള്ളവര്‍ എപ്പോഴും അസ്വസ്ഥരായിരിക്കും. കൗമാരത്തില്‍ ആദ്യകാലം മുതല്‍ തന്നെ അഥവാ ബാല്യത്തില്‍ തന്നെ വൈകാരികമായി മറ്റുള്ളവരോട് ഇടപെടുന്ന രീതിയിലും സമ്മര്‍ദ്ദസാഹചര്യങ്ങളോടും പ്രതികരിക്കുന്ന രീതിയിലും പ്രകടമായ അസ്വഭാവികതയുള്ള ആളുകള്‍ക്കാണ് ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വവൈകല്യം ഉള്ളതായി വിലയിരുത്തപ്പെടുന്നത്.
ലക്ഷണങ്ങള്‍
അസ്ഥിരമായ വ്യക്തിബന്ധങ്ങള്‍, സ്ഥിരതയില്ലാത്ത തീരുമാനങ്ങളും കാഴ്ചപ്പാടുകളും ഇവര്‍ പ്രകടമാക്കുന്നു. നിയന്ത്രിക്കാന്‍ കഴിയാത്ത വികാരങ്ങള്‍ (impulsivity) തുടങ്ങിയവയാണ് ഈ വൈകല്യത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. ഒരാളെ ഇഷ്ടപ്പെട്ടുകഴിഞ്ഞാല്‍ അയാളെപ്പറ്റി പുകഴ്ത്തി മാത്രം സംസാരിക്കുന്നു. തീവ്രമായി ആരാധിക്കുന്ന പ്രകൃതം. എന്നാല്‍ വളരെ നിസ്സാര കാര്യത്തിന് അയാളുമായി പിണങ്ങുന്നു. തുടര്‍ന്ന് അയാളെപറ്റി കുറ്റങ്ങള്‍ മാത്രം പറയുന്ന അവസ്ഥ ഇത്തരക്കാര്‍ പ്രകടിപ്പിക്കുന്നു. ഇവര്‍ അമിതമായ എടുത്തുചാട്ടം കാണിക്കുന്നു.ഒരു കാര്യവും സാവകാശം ആലോചിച്ച് ചെയ്യുന്ന ശീലം ഇവര്‍ക്കില്ല. ഇവരുടെ പെരുമാറ്റത്തില്‍ ആവര്‍ത്തിച്ചുള്ള ആത്മഹത്യാശ്രമങ്ങളും ഭീഷണികളും കാണിക്കുന്നു, അതുപോലെ സ്വന്തം ശരീരത്തില്‍ മുറിവേല്‍പ്പിക്കാനുള്ള പ്രവണത ഇത്തരക്കാരില്‍ കൂടുതലാണ്. കയ്യിലെ രക്തക്കുഴല്‍ മുറിക്കുക, ഉറക്കഗുളികകള്‍ കൂടുതല്‍ കഴിക്കുക എന്നിവ പ്രകടിപ്പിക്കാം. ദേഷ്യം നിയന്ത്രിക്കാനുളള കഴിവില്ലായ്മ, മനസ്സിന്റെ വൈകാരികാവസ്ഥയില്‍ ചുരുങ്ങിയ സമയം കൊണ്ട് പ്രകടമായ മാറ്റങ്ങള്‍ വരിക (Micro psychotic Episode) ഇവര്‍ക്ക് പലര്‍ക്കും ഉപേക്ഷിക്കപ്പെടുമോ ഒറ്റപ്പെടുമോ എന്നുള്ള ഭീതി മനസ്സില്‍ നിഴലിക്കുന്നു. ഇവര്‍ വ്യക്തമായ ലക്ഷ്യബോധമില്ലായ്മ പ്രകടിപ്പിക്കും. വികാരങ്ങള്‍ സ്‌നേഹമായും ദുഃഖമായാലും, ദേഷ്യമായാലും അതിശക്തമായി പ്രകടിപ്പിക്കാനുള്ള പ്രവണത കാണിക്കുക,അപകടകരമായ ലൈംഗിക സ്വഭാവങ്ങള്‍ ഇവര്‍ പലപ്പോഴും പ്രകടിപ്പിക്കുന്നു.
കാരണങ്ങള്‍
പാരമ്പര്യമായി ഇത്തരം വ്യക്തിത്വവൈകല്യങ്ങളുള്ള കുടുംബങ്ങളില്‍ ജനിക്കുന്ന കുട്ടികളില്‍ സാധ്യത വളരെ കൂടുതലാണ്. കുട്ടിക്കാലത്ത് ഇത്തരം വ്യക്തികള്‍ അനുഭവിക്കുന്ന ശാരീരികമോ മാനസികമോ ലൈംഗികമോ ആയ പീഡനങ്ങള്‍ ഇത്തരം വൈകല്യത്തിലേക്ക് വഴിതെളിക്കാം. കുട്ടികളെ വളര്‍ത്തുന്നതിലുള്ള പാളിച്ചകള്‍, അവര്‍ ആഗ്രഹിക്കുന്നത് അപ്പോള്‍ തന്നെ ചെയ്തുകൊടുക്കുക (Instant Gratification) അവര്‍ക്ക് കഠിന ശിക്ഷകള്‍ നല്‍കുന്ന രീതി എന്നിവയും കാരണമാകാം. തലച്ചോറിലെ അമിഗ്ഡല, ലിംബിക് സിസ്റ്റം, ഫ്രോണ്ടല്‍ ലോബ് എന്നീ ഭാഗങ്ങളുടെ പ്രവര്‍ത്തന തകരാറും തലച്ചോറിലെ സെറോട്ടോണില്‍ എന്ന രാസ പദാര്‍ത്ഥത്തിന്റെ അളവ് കുറഞ്ഞ് നില്‍ക്കുന്നതും കാരണമായി ഗവേഷണങ്ങള്‍ തെളിയിക്കുന്നു.
ചികിത്സാസമീപനങ്ങള്‍
ഇവിടെ ഇത്തരം വ്യക്തികള്‍ മാനസിക വിഭ്രാന്തിയിലാണെന്ന് തോന്നുന്ന രീതിയില്‍ പ്രതികരിക്കുന്നത് വ്യക്തിത്വവൈകല്യംകൊണ്ടാണെന്ന് കുടുംബാംഗങ്ങള്‍ക്ക് മനസ്സിലാക്കി കൊടുക്കണം. മനഃശാസ്ത്ര ചികിത്സ പ്രധാനമായും ഡയലക്റ്റിക്കല്‍ ബിഹേവിയര്‍ തെറാപ്പി വളരെ ഉപകാരപ്രദമാണ്. ഇവര്‍ക്ക് നല്ലത്, ചീത്ത എന്ന രണ്ടുവിധത്തില്‍ മാത്രമെ ആളുകളെയും അനുഭവങ്ങളെയും ജീവിതത്തെ തന്നെയും കാണാന്‍ കഴിയൂ. ഈ ചിന്താരീതിയില്‍ മാറ്റം വരുത്താന്‍ സൈക്കോ തെറാപ്പി ഉപകാരപ്രദമാണ്. ബോഡിലൈന്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ ഉള്ള വ്യക്തിയില്‍ വിഷാദരോഗവും ഉത്കണ്ഠയും ഭാഗമായതിനാല്‍ (Commorbidity) ഔഷധചികിത്സയും ആവശ്യമായി വരും. ഇവിടെ ചികിത്സയില്‍ കുടുംബാംഗങ്ങള്‍ക്കുളള പങ്ക്, ഫാമിലി തെറാപ്പി എന്നിവയുടെ ആവശ്യകത ഇത്തരം വ്യക്തികള്‍ക്കൊപ്പം ജീവിക്കുന്നവര്‍ക്ക് മനസ്സിലാക്കി കൊടുക്കുകയും വേണം.
റവ. ഡോ. സിജോണ്‍ കുഴിക്കാട്ടുമ്യാലില്‍


