അതിതീവ്രതയുള്ള ഒരു സമ്മര്‍ദ്ദസാഹചര്യം അനുഭവിക്കുന്ന ഒരു വ്യക്തിയില്‍ രണ്ട് രീതിയില്‍ മാനസിക പ്രശ്‌നം സൃഷ്ടിക്കപ്പെടാം. ഒന്നാമതായി കുറച്ച് സമയം മാത്രം നീണ്ടുനില്‍ക്കുന്ന ഒരിക്കല്‍ മാത്രം സംഭവിച്ച, അസാധാരണമായ പെട്ടെന്നുണ്ടാകുന്നതുമായ സംഭവം. രണ്ടാമതായി ആവര്‍ത്തിച്ചുവരുന്ന, ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ക്ഷതാനുഭവം. സമ്മര്‍ദ്ദസാഹചര്യം നേരിട്ട് ചുരുങ്ങിയ സമയത്തിനുളളില്‍ പ്രത്യക്ഷ പ്പെടുന്ന മാനസിക പ്രശ്‌നങ്ങളെ തീക്ഷണസമ്മര്‍ദ്ദ പ്രതികരണം (Acute Stress Reaction) എന്നു പറയുന്നു. ഇവിടെ വാഹനാപകടം, പീഡനം, മര്‍ദ്ദനം തുടങ്ങിയ പ്രശ്‌നങ്ങള്‍ അനുഭവിച്ചവരിലാണ് ഇത് പ്രകടമാകുന്നത്. അസാധാരണമായ കടുത്ത മാനസിക സമ്മര്‍ദ്ദം ഉണ്ടായി, രണ്ട് ദിവസം മുതല്‍ നാലാഴ്ചവരെ നീണ്ടുനില്‍ക്കാം.
അസാമാന്യ സമ്മര്‍ദ്ദം ഉണ്ടായി ആറ് മാസത്തിനുള്ളില്‍ പ്രത്യക്ഷപ്പെടുന്ന ലക്ഷണങ്ങളെയാണ് ക്ഷതാനന്തര സമ്മര്‍ദ്ദരോഗം (Post Traumatic Stress) എന്നു പറയുന്നത്. ക്ഷതാനുഭവം ഉണ്ടായിട്ടുള്ള പുരുഷന്മാരില്‍ പതിമൂന്ന് ശതമാനം പേര്‍ക്കും സ്ത്രീകളില്‍ മുപ്പത് ശതമാനം പേര്‍ക്കും ഇത് സംഭവിക്കാം.
ലക്ഷണങ്ങള്‍
സംഭവിച്ച് പോയ കടുത്ത സമ്മര്‍ദ്ദ സാഹചര്യത്തിന്റെ അസുഖകരമായ ഓര്‍മകള്‍ ആവര്‍ത്തിച്ച് മനസ്സിലേക്ക് വരുന്നു. കഴിഞ്ഞ കാലത്ത് അനുഭവിച്ച അതേ വൈകാരിക തലത്തിലേക്ക് മനസ്സ് വീണ്ടും വീണ്ടും കടന്നുവരിക (Flashback) പേടിപ്പെടുത്തുന്ന സ്വപ്നങ്ങള്‍ (Nightmares) കഴിഞ്ഞുപോയ ക്ഷതാനുഭവത്തെ സംബന്ധിച്ച് കാണുക. ഭൂതകാലത്തെ കടുത്ത മാനസികസമ്മര്‍ദ്ദാവസ്ഥ വീണ്ടും ആവര്‍ത്തിക്കുന്നതായി അനുഭവപ്പെടുക (Reliving). കഴിഞ്ഞുപോയ ക്ഷതാനുഭവത്തിന്റെ ഓര്‍മ്മകളുണര്‍ത്തുന്ന ഏതെങ്കിലും വാര്‍ത്തകളോ ദൃശ്യങ്ങളോ കണ്ടാല്‍ കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുക, പലപ്പോഴും അത്തരം സംഗതികള്‍ ഒഴിവാക്കാന്‍ മനഃപൂര്‍വ്വം ശ്രമിക്കുക. കഴിഞ്ഞ മാനസികാഘാതത്തിന്റെ വിവരങ്ങള്‍ പലതും ഓര്‍ത്തെടുക്കാന്‍ പ്രയാസം അനുഭവിക്കുക. പലപ്പോഴും മറ്റുള്ളവരില്‍ നിന്നും അകന്നുനില്‍ക്കാന്‍ ശ്രമിക്കുക.
കാരണങ്ങള്‍
കടുത്ത വൈകാരിക പ്രാധാന്യമുള്ള സ്മരണകളെ നിര്‍ധാരണം ചെയ്യുന്ന അമിഗ്ഡല എന്ന തലച്ചോറിലെ ഭാഗം കൂടുതല്‍ ആയി പ്രവര്‍ത്തിക്കുകയും ഇത്തരം ഭാഗങ്ങളെ നിയന്ത്രിക്കേണ്ട മീഡില്‍ പ്രിഫോണ്ടല്‍ കോര്‍ട്ടെക്‌സ് എന്ന ഭാഗം വേണ്ടത്ര പ്രവര്‍ത്തിക്കാതിരിക്കുന്നതുമായ ഒരവസ്ഥ ഇവിടെ സംജാതമാകുന്നു. അതുപോലെ ഓര്‍മകളെ കൈകാര്യം ചെയ്യുന്ന ഹിപ്പോകാമ്പസിന്റെ പ്രവര്‍ത്തനവൈകല്യവും കാരണമാകുന്നു.
ചികിത്സാമാര്‍ഗ്ഗങ്ങള്‍
കൊഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പി (CBT)അസുഖത്തിന്റെ സ്വഭാവത്തെകുറിച്ച് രോഗിയെ ബോധ്യപ്പെടുത്തു..ഉത്കണ്ഠ കുറയ്ക്കാനുള്ള പരിശീലനം അതോടൊപ്പം, ദേഷ്യ നിയന്ത്രണം, ചിന്താവൈകല്യങ്ങള്‍ (Faulty cognitions ) മാറ്റിയെടുക്കുക തുടങ്ങിയവ ഇതിന്റെ ഭാഗമാണ്. അതുപോലെ മനോചലനാത്മക ചികിത്സയിലൂടെ (Psycho- Dynamic Therapy) മനോ സംഘര്‍ഷത്തിന് രോഗി നല്കിയിരിക്കുന്ന അര്‍ഥതലങ്ങള്‍ മനസിലാക്കി രോഗിയുടെ മനസിലെ അബോധസംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നു. അനുബന്ധ രോഗാവസ്ഥയായി (comorbidity) വിഷാദലക്ഷണങ്ങളുള്ളവര്‍ക്കും കടുത്ത ഉത്കണ്ഠയുള്ളവര്‍ക്കും മനോരോഗചികിത്സകന്റെ കീഴില്‍ ഔഷധ ചികിത്സയും ആവശ്യമായിവരുന്നു.
റവ. ഡോ സിജോണ്‍ കുഴിക്കാട്ടുമ്യാലില്‍


