എട്ടു നൂറ്റാണ്ടുകൾക്കുമുമ്പ് ഇറ്റലിയിലെ അസ്സീസിയിൽ ജീവിച്ച ഒരു സാധാരണ മനുഷ്യൻ ഇന്നും ലോകമനസ്സാക്ഷിയെ ഇത്രമാത്രം സ്വാധീനിക്കുന്നത് എന്തുകൊണ്ടാണ്? സമ്പത്തിന്റെയോ അധികാരത്തിന്റെയോ പിൻബലമില്ലാതെ, എളിമയും ദാരിദ്ര്യവും സ്നേഹവും ജീവിതാദർശങ്ങളാക്കി മാറ്റിയ ഫ്രാൻസിസ് എങ്ങനെയാണ് ചരിത്രത്തിലെ അനശ്വരസാന്നിധ്യമായിത്തീർന്നത്? സുവിശേഷം പ്രസംഗിക്കപ്പെടാനുള്ളതു മാത്രമല്ല, ജീവിക്കപ്പെടാനുള്ളതുകൂടിയാണെന്ന് സ്വന്തം ജീവിതംകൊണ്ട് തെളിയിച്ച വിശുദ്ധനാണ് അസ്സീസിയിലെ ഫ്രാൻസിസ്. വിശുദ്ധ ഫ്രാൻസിസിന്റെ എണ്ണൂറാം ചരമവാർഷികത്തോടനുബന്ധിച്ച് പ്രത്യേക ഫ്രാൻസിസ്കൻ ജൂബിലിവർഷമായി ആചരിക്കുമ്പോൾ വിശുദ്ധന്റെ സ്മരണ പുതുക്കുന്നതിനപ്പുറം, അദ്ദേഹത്തിന്റെ ആത്മീയദർശനം സമകാലിക ജീവിതത്തിൽ പ്രാവർത്തികമാക്കുന്നതിനുള്ള ആഹ്വാനമാണ് ഈ പ്രത്യേക അനുസ്മരണം.
ഫ്രാൻസിസിന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിപ്ലവം അദ്ദേഹത്തിന്റെ ഹൃദയത്തിൽ സംഭവിച്ച പരിവർത്തനമായിരുന്നു. സമ്പന്നമായ കുടുംബത്തിൽ ജനിച്ചുവളർന്ന അദ്ദേഹം ഭൗതികസുരക്ഷിതത്വങ്ങൾ ഉപേക്ഷിച്ച് ക്രിസ്തുവിനെ അനുഗമിക്കാൻ തീരുമാനിച്ചു. ദാരിദ്ര്യം അദ്ദേഹത്തിന് വെറുമൊരു ജീവിതസാഹചര്യമായിരുന്നില്ല; ദൈവത്തിൽ പൂർണമായി ആശ്രയിക്കാനും മനുഷ്യരെ നിസ്വാർഥമായി സ്നേഹിക്കാനുമുള്ള ആത്മീയമാർഗമായിരുന്നു. സമ്പത്തും സ്ഥാനമാനങ്ങളും വിജയത്തിന്റെ മാനദണ്ഡങ്ങളായി മാറിയ ഇന്നത്തെ ലോകത്തിൽ ഫ്രാൻസിസിന്റെ ജീവിതം ഉയർത്തുന്ന വെല്ലുവിളി അതീവ പ്രസക്തമാണ്. മനുഷ്യന്റെ മഹത്ത്വം അവൻ എന്തുമാത്രം സ്വന്തമാക്കുന്നു എന്നതിലല്ല, മറ്റുള്ളവർക്കുവേണ്ടി എത്രമാത്രം സ്വയം നൽകുന്നു എന്നതിലാണ്.
ക്രൂശിതനായ ക്രിസ്തുവിനോടുള്ള സ്നേഹമായിരുന്നു ഫ്രാൻസിസിന്റെ ആത്മീയതയുടെ ഹൃദയം. സാൻ ദമിയാനോയിലെ ക്രൂശിതരൂപത്തിനുമുമ്പിൽവച്ച് ലഭിച്ച ദൈവവിളി അദ്ദേഹത്തെ സഭയുടെ നവീകരണത്തിലേക്കു നയിച്ചു. എന്നാൽ സഭയെ നവീകരിക്കാനുള്ള ദൗത്യം അദ്ദേഹം ആരംഭിച്ചത് മറ്റുള്ളവരുടെ കുറവുകൾ ചൂണ്ടിക്കാട്ടിക്കൊണ്ടല്ല, സ്വന്തം ജീവിതത്തെ സുവിശേഷത്തിന് അനുരൂപമാക്കിക്കൊണ്ടാണ്. സഭയുടെ നവീകരണം സംബന്ധിച്ച ചർച്ചകൾ ശക്തമായിരിക്കുന്ന ഇക്കാലത്ത് ഈ മാതൃക പ്രത്യേകം ശ്രദ്ധേയമാണ്. യഥാർഥ നവീകരണം ആരംഭിക്കേണ്ടത് ഹൃദയങ്ങളിൽനിന്നാണ്.
സമാധാനത്തിന്റെ പ്രവാചകനെന്ന നിലയിലും ഫ്രാൻസിസ് ഇന്നത്തെ ലോകത്തോടു ശക്തമായി സംസാരിക്കുന്നു. യുദ്ധങ്ങളും സംഘർഷങ്ങളും മതപരമായ ധ്രുവീകരണങ്ങളും മനുഷ്യബന്ധങ്ങളെ തകർക്കുമ്പോൾ, സമാധാനം വെറുമൊരു ആഗ്രഹമല്ലെന്നും സൃഷ്ടിച്ചെടുക്കേണ്ട ജീവിതസംസ്കാരമാണെന്നും അദ്ദേഹത്തിന്റെ മാതൃക വ്യക്തമാക്കുന്നു. വ്യത്യസ്ത വിശ്വാസങ്ങളും സംസ്കാരങ്ങളും പുലർത്തുന്നവരോടുപോലും ആദരവോടെയും സൗഹൃദത്തോടെയും സംവദിക്കാൻ ഫ്രാൻസിസിനു കഴിഞ്ഞു. വിദ്വേഷത്തിന്റെ ഭാഷയ്ക്കു പകരം സൗഹൃദത്തിന്റെയും അനുരഞ്ജനത്തിന്റെയും ഭാഷ വീണ്ടെടുക്കാൻ അദ്ദേഹത്തിന്റെ ജീവിതം നമ്മെ ക്ഷണിക്കുന്നു.
ഫ്രാൻസിസ്കൻ ജൂബിലിവർഷം സഭയ്ക്കും ഓരോ വിശ്വാസിക്കും ആത്മപരിശോധനയുടെ അവസരമാകണം. നമ്മുടെ കുടുംബങ്ങളിൽ സ്നേഹവും ക്ഷമയും വളരുന്നുണ്ടോ? സഭാസ്ഥാപനങ്ങളിലും ഇടവകകളിലും ദരിദ്രർക്കും അവഗണിക്കപ്പെടുന്നവർക്കും അർഹമായ പരിഗണന ലഭിക്കുന്നുണ്ടോ? നമ്മുടെ ആരാധനയും പ്രാർഥനയും സഹജീവികളോടുള്ള കാരുണ്യമായി പരിവർത്തനം ചെയ്യപ്പെടുന്നുണ്ടോ? സഭയുടെ വളർച്ചയെ സ്ഥാപനങ്ങളുടെ വലുപ്പത്തിലൂടെയും പ്രവർത്തനങ്ങളുടെ ബാഹ്യവിജയത്തിലൂടെയും മാത്രമല്ല, ക്രിസ്തുവിന്റെ സ്നേഹം മനുഷ്യഹൃദയങ്ങളിലെത്തിക്കുന്നതിലുള്ള ഫലപ്രാപ്തിയിലൂടെയും വിലയിരുത്താൻ നമുക്കു കഴിയണം.
ഫ്രാൻസിസിനെ ആദരിക്കുന്നതിന്റെ ഏറ്റവും അർഥപൂർണമായ മാർഗം അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുന്നതല്ല, അദ്ദേഹം ജീവിച്ച സുവിശേഷം നമ്മുടെ ജീവിതത്തിലും ദൃശ്യമാക്കുന്നതാണ്. സ്വാർഥതയ്ക്കു പകരം പങ്കുവയ്ക്കലും അധികാരമോഹത്തിനു പകരം വിനീതസേവനവും വിദ്വേഷത്തിനു പകരം സാഹോദര്യവും സ്വീകരിക്കാനുള്ള ആഹ്വാനമാണ് അദ്ദേഹത്തിന്റെ ജീവിതം. അതുകൊണ്ടുതന്നെ ഫ്രാൻസിസ് ഭൂതകാലത്തിന്റെ വിശുദ്ധൻ മാത്രമല്ല, വർത്തമാനകാലത്തിന്റെ വഴികാട്ടിയും ഭാവിയിലേക്കുള്ള പ്രത്യാശയുടെ അടയാളവുമാണ്. ഈ ജൂബിലിവർഷം അദ്ദേഹത്തിന്റെ ജീവിതസാക്ഷ്യത്തെ നമ്മുടെ കാലത്തെ നവീകരിക്കുന്ന സുവിശേഷശക്തിയായി മാറ്റാനുള്ള അനുഗ്രഹീത അവസരമാകട്ടെ.



