പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പായുടെ ഏറ്റവും പുതിയ ശ്ലൈഹിക ഉപദേശമാണ് ‘ദൈവത്തെ സ്തുതിക്കുവിൻ’ (Laudate Deum). ഇന്ന് മാനവരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായ കാലാവസ്ഥാപ്രതിസന്ധിയാണ് ഈ പ്രബോധനത്തിന്റെ പ്രധാന പ്രമേയം. 2015-ൽ പ്രസിദ്ധീകരിക്കപ്പെട്ട ‘അങ്ങേക്കു സ്തുതി’ (Laudato Si) എന്ന ഹരിതചാക്രികലേഖനത്തിന്റെ തുടർച്ചയും കാലികവ്യാഖ്യാനവുമാണ് ഈ പ്രബോധനം. പ്രകൃതി സ്നേഹിയായിരുന്ന വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ തിരുനാൾ ദിനമായ 2023 ഒക്ടോബർ നാലാം തീയതിയാണ് ഫ്രാൻസീസ് മാർപാപ്പാ ഈ രേഖ ഒപ്പുവച്ചിരിക്കുന്നത്. ആറ് ഭാഗങ്ങളിലായി 73 ഖണ്ഡികകളുള്ള ഈ പഠനം അഭിസംബോധന ചെയ്തിരിക്കുന്നത് സുമനസ്സുള്ള ഏവരെയുമാണ്. തിരിച്ചുവരവ് സാധ്യമല്ലാത്ത രീതിയിൽ ലോകം തകർച്ചയുടെ വക്കിലെത്തി നില്ക്കുന്നുവെന്ന് മാർപാപ്പാ ഈ പ്രബോധനത്തിൽ പലതവണ ഓർമിപ്പിക്കുന്നുണ്ട്.
കാലാവസ്ഥവ്യതിയാനങ്ങൾ അനേകരുടെ ജീവിതങ്ങളെയും കുടുംബങ്ങളെയും ബാധിക്കുന്നുവെന്ന് ആമുഖഭാഗത്ത് നിരീക്ഷിക്കുന്ന പരി. പിതാവ് പ്രകൃതിയോടുള്ള ഏതൊരാക്രമണത്തിന്റെയും പ്രത്യാഘാതങ്ങൾ മനുഷ്യകുലത്തിന്റെ മുഴുവന്മേലും ഉണ്ടാകുമെന്ന് ഓർമ്മപ്പെടുത്തുന്നു (നമ്പർ 3). അത്യുഷ്ണം, കനത്തമഴ, മേഘവിസ്ഫോടനങ്ങൾ, ജലപ്രളയം, മഞ്ഞുവീഴ്ച, മഞ്ഞുരുകൽ, അന്തരീക്ഷമലിനീകരണം തുടങ്ങിയവ വരുത്തുന്ന ആഗോളകാലാവസ്ഥ പ്രതിസന്ധിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഒന്നാംഭാഗത്ത് ഇതിന്റെ മാനുഷിക കാരണങ്ങളും പരിണിതഫലങ്ങളും പാപ്പാ വിശദീകരിക്കുന്നു. ഇക്കാരണത്താൽ ഏതാനും വർഷങ്ങൾക്കുള്ളിൽ നിരവധി ജനങ്ങൾക്ക് പുതിയ താമസസ്ഥലത്തേക്ക് മാറേണ്ടിവരുമെന്ന് പാപ്പാ മുന്നറിയിപ്പു നല്കുന്നു. ശാസ്ത്രീയപഠനങ്ങളും സ്ഥിതിവിവരകണക്കുകളും ഉദ്ധരിച്ചുകൊണ്ട് യാഥാർത്ഥ്യങ്ങൾ വിവരിക്കുന്ന പാപ്പാ ഇക്കാര്യത്തിൽ വിശാലവും കൂട്ടായതുമായ കാഴ്ചപ്പാടുകൾ ആവശ്യമെന്ന് സമർത്ഥിക്കുന്നു.
സാങ്കേതികമേധാവിത്വവും ആണവബോംബിന്റെ നിർമ്മാണവും അധികാര ദുർവിനിയോഗവും നീതിപൂർവ്വകമായ അന്തർദ്ദേശീയ രാഷ്ട്രീയത്തിന്റെ ശിഥിലീകരണവും ക്ഷണിച്ചുവരുത്തുന്ന കാലാവസ്ഥാപ്രതിസന്ധിയെക്കുറിച്ചാണ് രണ്ടും മൂന്നും ഭാഗങ്ങളിൽ പ്രതിപാദിക്കുന്നത്. നമുക്കു വേണ്ടത് ആഗോളതലത്തിലുള്ള സഹകരണവും ബഹുരാഷ്ട്രധാരണകളുമാണ്. ഈ പശ്ചാത്തലത്തിലാണ്, 190-ഓളം രാജ്യങ്ങൾ പങ്കെടുക്കുന്ന കാലാവസ്ഥ ഉച്ചകോടി (COP= Conference ofParties) കളുടെ വളർച്ചയും പുരോഗതിയും പരാജയങ്ങളും മാർപാപ്പാ നാലാം ഭാഗത്ത് പഠനവിധേയമാക്കുന്നത്. ഈ പ്രബോധനം പുറത്തിറങ്ങിയതിന്റെ പിറ്റേ മാസം (നവംബർ 2023) ദുബായിൽ നടക്കാനിരുന്ന കാലാവസ്ഥാ ഉച്ചകോടിയെക്കുറിച്ച് പരി. പിതാവ് അഞ്ചാംഭാഗത്ത് പരാമർശിക്കുന്നുണ്ട്. കാലാവസ്ഥാപ്രതിസന്ധി കേവലം പാരിസ്ഥിതികപ്രശ്നം മാത്രമല്ല എന്നും മറിച്ച് ഇതൊരു മാനുഷിക-സാമൂഹികപ്രതിസന്ധി കൂടി ആണെന്നും പരി. പിതാവ് എടുത്തുപറയുന്നു. ഫോസിലേതര ഊർജ്ജസ്രോതസ്സുകൾ (കാറ്റ്, സൂര്യപ്രകാശം) കൂടുതലായി ഉപയോഗപ്പെടുത്തണം. താത്ക്കാലികവും പ്രാദേശികവുമായ പരിഹാരങ്ങളെക്കാൾ പൊതുവും ശാശ്വതവും ഫലപ്രദവുമായ പരിഹാരങ്ങളാണ് ഉണ്ടാകേണ്ടതെന്ന് പിതാവ് അനുസ്മരിപ്പിക്കുന്നു. വിശ്വാസത്തിലധിഷ്~ിതമായ ഉന്നതമായ ആത്മീയചിന്തകളാണ് പ്രബോധനത്തിന്റെ അവസാനഭാഗത്ത് പാപ്പാ പങ്കുവയ്ക്കുന്നത്.
”ഭൂമിയും അതിലെ സമസ്തവും ദൈവത്തിന്റേതാണ്” (ലേവ്യ 25,23) എന്ന അടിസ്ഥാനബോധ്യത്തിലൂന്നി നിന്നുകൊണ്ട് പ്രകൃതിയെ സംരക്ഷിക്കുക മനുഷ്യന്റെ പൊതു ഉത്തരവാദിത്വമാണെന്ന് മാർപാപ്പാ എടുത്തുപറയുന്നു. പ്രകൃതിയുടെ നിയമങ്ങൾ പാലിച്ചും പ്രകൃതിയുടെ സന്തുലിതാവസ്ഥ പരിരക്ഷിച്ചും പ്രപഞ്ചത്തിലെ എണ്ണിയാൽ തീരാത്ത പാരസ്പരികബന്ധങ്ങളെ മാനിച്ചും പ്രപഞ്ചത്തിൽ മനുഷ്യനുള്ള അതുല്യസ്ഥാനം അംഗീകരിച്ചും കൂട്ടായ്മയുടെയും അനുരഞ്ജനത്തിന്റെയും പാതേ മുന്നേറുവാനാണ് പരിശുദ്ധ പിതാവ് സുമനസ്സുള്ള സകലമനുഷ്യരെയും ആഹ്വാനം ചെയ്യുന്നത്. അതിനാവശ്യമായ മാറ്റങ്ങൾ മനുഷ്യരുടെ ജീവിതരീതിയിലും ബോധ്യങ്ങളിലും ഉണ്ടാകണം. പ്രപഞ്ചം ദൈവത്തിന്റെ അനന്തസ്നേഹത്തെ വെളിപ്പെടുത്തുന്നുവെന്നും ഉത്ഥിതനായ ഈശോ സ്രഷ്ടപ്രപഞ്ചത്തെയും തന്നോടു ചേർത്തുപിടിക്കുന്നുവെന്നും പാപ്പാ അനുസ്മരിപ്പിക്കുന്നു. ഈശോയോടൊപ്പം പ്രകൃതിയുടെ ഭംഗിയും ക്രമവും ആസ്വദിക്കുവാൻ നമുക്കു കഴിയണം. ആരോഗ്യകരമായ പരിസ്ഥിതിവിജ്ഞാനീയം ഇനിയും കൂടുതൽ വ്യാപകമാകണം. പ്രപഞ്ചം മാനവരാശിയുടെ പൊതുതറവാടാണ് എന്ന ചിന്ത ഈ പ്രബോധനത്തിലും പലതവണ പരി. പിതാവ് ആവർത്തിക്കുന്നുണ്ട്. ”മനുഷ്യൻ എന്ന് ദൈവത്തിന്റെ സ്ഥാനം അവകാശപ്പെടുവാൻ തുടങ്ങുന്നുവോ അന്ന് അവൻ തങ്ങളുടെതന്നെ ഏറ്റവും വലിയ ശത്രുക്കളായി മാറുകയായിരിക്കും ചെയ്യുക” (നമ്പർ 73) എന്ന ശക്തമായ താക്കീതോടെയാണ് ‘ലൗദാത്തെ ദേവും’ പരി. പിതാവ് സമാപിപ്പിക്കുന്നത്.
കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ച് പൊതുസമൂഹത്തിനുണ്ടായിരിക്കേണ്ട നിതാന്ത ജാഗ്രതയും സൃഷ്ടപ്രപഞ്ചത്തിലെ സന്തുലിതാവസ്ഥ നിലനിർത്തുവാൻ നാം പാലിക്കേണ്ട പൊതുഉത്തരവാദിത്വും ഈ പ്രബോധനം ആവർത്തിച്ച് ഓർമ്മപ്പെടുത്തുന്നു. ഫ്രാൻസിസ് പാപ്പായുടെ ധാർമ്മികധീരതയും പാരിസ്ഥിതികജ്ഞാനവും നീതിപൂർവ്വകമായ പൊതുനിലപാടുകളും കത്തോലിക്കാസഭയുടെ പരിസ്ഥിതി വീക്ഷണങ്ങളും വ്യക്തമാക്കുന്നതാണ് ഈ പ്രബോധനം. ഈശോയുടെ കണ്ണുകളിലൂടെ പ്രപഞ്ചത്തെ ആസ്വദിക്കുവാൻ നമുക്കു കഴിയട്ടെ. ആഗോളതാപനത്തിന്റെ ഒരംശമെങ്കിലും കുറയ്ക്കുവാൻ എനിക്കും നിങ്ങൾക്കും കഴിഞ്ഞാൽ അതൊരു പുതിയ മുന്നേറ്റമായിരിക്കും.
റവ. ഡോ. ഡൊമിനിക് വെച്ചുർ



