അന്തീക്വാ എത് നോവ: ‘നിർമ്മിതബുദ്ധിക്കും മനുഷ്യബുദ്ധിക്കും ഇടയിലുള്ള ബന്ധത്തെക്കുറിച്ചുള്ള കുറിപ്പ്’ എന്ന പേരിൽ, വിശ്വാസതിരുസംഘവും വിദ്യാഭ്യാസത്തിനും സംസ്കാരത്തിനും വേണ്ടിയുള്ള തിരുസംഘവും ചേർന്ന്, 2025 ജനുവരി 28ന് പുറത്തിറക്കിയ പുതിയ രേഖയാണിത്. ‘ആധുനികലോകത്തിൽ നിർമിതബുദ്ധി ഉയർത്തുന്ന മാനുഷികവും ധാർമികവുമായ വെല്ലുവിളികളെ അഭിസംബോധന ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ രേഖ പുറത്തിറക്കിയത്.
കത്തോലിക്കാ ദൈവശാസ്ത്ര വീക്ഷണത്തിൽ, നിർമിതബുദ്ധിയുടെ ധാർമികവും മാനുഷികവുമായ പ്രത്യാഘാതങ്ങളെ ഈ രേഖ വിലയിരുത്തുന്നു. മനുഷ്യന്റെ അന്തസ്സ്, സാങ്കേതികവിദ്യയുടെ ഉത്തരവാദിത്വപരമായ ഉപയോഗം, പൊതുനന്മയുടെ ഉന്നമനം എന്നിവയ്ക്ക് യൂസ് ഊന്നൽ നൽകുന്ന സഭയുടെ ദാർശനികവും ദൈവശാസ്ത്രപരവുമായ പാരമ്പര്യത്തിൽ വേരൂന്നിയതാണ് ഈ രേഖ. മനുഷ്യന്റെ വ്യക്തിത്വം, ധാർമ്മിക ഉത്തരവാദിത്വം, സമൂഹത്തിന്റെ ഭാവി എന്നിവയെക്കുറിച്ച് പ്രസക്തമായ ചോദ്യങ്ങൾ ഉയർത്തിയ നിർമിതബുദ്ധിയുടെ ദ്രുതഗതിയിലുള്ള പുരോഗതികളെ ഇത് അഭിസംബോധന ചെയ്യുന്നു.
മനുഷ്യന്റെ പുരോഗമനം കൂടുതൽ കാര്യക്ഷമമാക്കാനോ, എന്നാൽ, ദുരുപയോഗം ചെയ്താൽ ഗുരുതരമായ അപകടസാധ്യതകൾ സൃഷ്ടിക്കാനോ കഴിയുന്ന ശക്തമായ ഒരു ഉപകരണമായാണ് സഭ നിർമിതബുദ്ധിയെ കാണുന്നത്. മനുഷ്യന്റെ അന്തസ്സിനെ ബഹുമാനിക്കുകയും, നീതി പ്രോത്സാഹിപ്പിക്കുകയും സമഗ്രമായ മനുഷ്യവികസനം സാധ്യമാക്കുകയും ചെയ്യുന്ന വിധത്തിൽ നിർമിതബുദ്ധിയുടെ വികസനത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു സമതുലിതമായ സമീപനമാണ് ഈ രേഖ ആവശ്യപ്പെടുന്നത്.
ദൈവത്തിന്റെ സമ്മാനമായ മനുഷ്യബുദ്ധിയുടെ അനന്തസാധ്യതകളുടെ വിശാലമായ പശ്ചാത്തലത്തിൽ ആണ് നിർമിതബുദ്ധിയെ നാം മനസ്സിലാക്കേണ്ടത്. ശാസ്ത്രീയവും സാങ്കേതികവുമായ പുരോഗതികൾ സർവ്വസൃഷ്ടികളുടെയും സംരക്ഷണത്തിനും പൊതുനന്മയ്ക്കും വേണ്ടി ഉത്തരവാദിത്വത്തോടെ ഉപയോഗിക്കുകയാണെങ്കിൽ, സഭ അതിന് സമ്പൂർണമായ പിന്തുണ നൽകുമെന്ന് ഈ രേഖ സൂചിപ്പിക്കുന്നു. അതേസമയം മനുഷ്യബുദ്ധിയെ അനുകരിക്കാനും, സ്വയം തീരുമാനങ്ങൾ എടുക്കാനുമുള്ള നിർമിതബുദ്ധിയുടെ കഴിവിനെക്കുറിച്ചുള്ള ആശങ്കകൾ ഈ രേഖ ഉയർത്തുന്നു. ഇത് പൊതുവ്യവഹാരങ്ങളിൽ ധാർമികമായ ചിന്താക്കുഴപ്പങ്ങളിലേക്കും, സത്യത്തിന് എതിരായ പ്രതിസന്ധിയിലേക്കും നയിച്ചേക്കാം.
നിർമിതബുദ്ധിയുടെ വികസനത്തിലും ഉപയോഗത്തിലും ധാർമ്മിക ഉത്തരവാദിത്വത്തിന്റെ പ്രാധാന്യം ഈ രേഖ അടിവരയിടുന്നു. നിർമ്മിതബുദ്ധി മനുഷ്യപുരോഗതിക്ക് ശക്തമായ ഒരു ഉപകരണമാകുമ്പോഴും, അത് എല്ലായ്പ്പോഴും പൊതുനന്മയ്ക്കും മനുഷ്യന്റെ അന്തസ്സിനോടുള്ള ആദരവിനും ഉപകരിക്കപ്പെടണം. മനുഷ്യന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം, കൃത്രിമ നിർമ്മിതികൾ വഴിയുള്ള ചൂഷണം, മനുഷ്യവിഭവശേഷിയുടെ ദ്രവീകരണം എന്നിവ പോലുള്ള ദോഷകരമായ കാര്യങ്ങൾക്കായി നിർമ്മിതബുദ്ധി ദുരുപയോഗം ചെയ്യുന്നതിനെതിരെയും ഈ രേഖ മുന്നറിയിപ്പ് നൽകുന്നു. നിർമ്മിതബുദ്ധിസംവിധാനങ്ങളുടെ രൂപകൽപ്പനയിലും വിന്യാസത്തിലും സുതാര്യത, ഉത്തരവാദിത്വം, മനുഷ്യാവകാശ സംരക്ഷണം എന്നിവ ഏറ്റവും ആവശ്യമാണെന്ന മുന്നറിയിപ്പും ഈ രേഖ നൽകുന്നുണ്ട്.
നിർമ്മിതബുദ്ധിയുടെ യുഗത്തിൽ മനുഷ്യന്റെ ബുദ്ധിശക്തിയെയും ജ്ഞാനത്തെയും കുറിച്ചുള്ള പുതുക്കിയ വിലയിരുത്തലിനും ഗുണഗ്രഹണത്തിനും ആഹ്വാനം ചെയ്തുകൊണ്ടാണ് ഈ രേഖ അവസാനിക്കുന്നത്. യഥാർഥ പുരോഗതി അളക്കുന്നത് സാങ്കേതിക പുരോഗതിയിലൂടെ മാത്രമല്ല, മറിച്ച് മനുഷ്യന്റെ അഭിവൃദ്ധിക്കും നീതിക്കും പൊതുനന്മയ്ക്കും അവ എത്രത്തോളം സംഭാവന ചെയ്യുന്നു എന്നതിലൂടെയാണ്. യുക്തി, ധാർമ്മികത, ആത്മീയത എന്നിവ സമന്വയിപ്പിക്കുന്ന ‘ഹൃദയത്തിന്റെ ജ്ഞാനം’ പ്രോത്സാഹിപ്പിക്കുക വഴി, സഭ നിർമ്മിതബുദ്ധിയുടെ ഉത്തരവാദിത്വപരമായ ഉപയോഗവും, അതിലൂടെ കൈവരുന്ന ലോക സമാധാനം, ഐകദാർഢ്യം, സമഗ്രവികസനം എന്നിവയും ലക്ഷ്യം വയ്ക്കുന്നു.
കത്തോലിക്കസഭയിലെ അംഗങ്ങൾക്ക് മാത്രമല്ല, സന്മനസ്സുള്ള എല്ലാ ആളുകൾക്കും നിർമിതബുദ്ധി ഉയർത്തുന്ന ധാർമിക വെല്ലുവിളികളെ മറികടക്കാൻ സമഗ്രമായ ഒരു വഴികാട്ടിയായി ഈ രേഖ മാറും എന്നതിൽ സംശയമില്ല. സഭയുടെ സമ്പന്നമായ ദാർശനികവും ദൈവശാസ്ത്രപരവുമായ പാരമ്പര്യത്തിൽ വേരൂന്നിയ, സാങ്കേതികവിദ്യയോടുള്ള മനുഷ്യകേന്ദ്രീകൃത സമീപനത്തിന് ഈ രേഖ ആഹ്വാനം ചെയ്യുന്നു; കൂടാതെ പൊതുനന്മയെ സേവിക്കുന്നതിനും മനുഷ്യന്റെ അന്തസ്സ് സംരക്ഷിക്കുന്നതിനും കൂടുതൽ നീതിയുക്തവും അനുകമ്പയുള്ളതുമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതിനും നിർമ്മിതബുദ്ധി ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യവും ഈ രേഖ ഊന്നിപ്പറയുന്നു.
റവ. ഡോ. രഞ്ജിത് ചക്കുംമൂട്ടിൽ


