ഭാവി ജനിപ്പിക്കുന്ന വിശ്വസ്തത: വൈദികജീവിതത്തിന്റെയും പരിശീലനത്തിന്റെയും നവദര്‍ശനം

Published on

2025 ഡിസംബര്‍ എട്ടാം തീയതി ലെയോ പതിനാലാമന്‍ പാപ്പ സാര്‍വ്വത്രികസഭയ്ക്കായി നല്കിയ ഭാവിയെ ജനിപ്പിക്കുന്ന വിശ്വസ്തത (A Fideltiy that Generates the Future) എന്ന അപ്പസ്‌തോലിക ലേഖനം സമകാലിക ലോകത്ത് പൗരോഹിത്യശുശ്രൂഷയെ പുനര്‍നിര്‍വ്വചിക്കുന്ന ഒരു പ്രവാചകശബ്ദമാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ വജ്ര ജൂബിലിവേളയില്‍ പുറപ്പെടുവിച്ച ഈ അപ്പസ്‌തോലികലേഖനം ആധുനികലോകത്ത് വൈദികര്‍ക്ക് തങ്ങളുടെ വിളിയും ദൗത്യവും ആഴപ്പെടുത്താനുള്ള വഴികാട്ടിയാണ്. സഭയുടെ ഭാവിയും പൗരോഹിത്യത്തിന്റെ ഭാവിയും പൗരോഹിത്യവിശ്വസ്തതയില്‍ അധിഷ്ഠിതമാണെന്ന് ഈ രേഖ സമര്‍ത്ഥിക്കുന്നു.

സഭയുടെ നവീകരണം വൈദികരുടെ ആത്മീയനവീകരണത്തെ ആശ്രയിച്ചിരിക്കുന്നു എന്ന സത്യം പാപ്പാ ഇവിടെ അടിവരയിടുകയാണ്. പൗരോഹിത്യ പരിശീലനവും പൗരോഹിത്യജീവിതവും വിശ്വസ്തത എന്ന മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ വിശദീകരിക്കുകയും വിലയിരുത്തുകയും ചെയ്യുന്നു. വിശ്വസ്തത എന്നത് മാറ്റമില്ലാത്ത അവസ്ഥയല്ല, മറിച്ച് ഭാവിയെ സൃഷ്ടിക്കുന്ന സര്‍ഗാത്മകമായജീവിതമാണ്. വിശ്വസ്തത എന്നത് ദൈവകൃപയും മാനസാന്തരത്തിന്റെ നിരന്തരയാത്രയുമാണ്.

1. വിശ്വസ്തതയും ശുശ്രൂഷയും

പൗരോഹിത്യ വിളി ക്രിസ്തുവുമായുള്ള വ്യക്തിപരമായ കൂടിക്കാഴ്ചയില്‍ നിന്ന് തുടങ്ങുന്നതാണ്. ഗലീലി കടല്‍ത്തീരത്ത് പത്രോസിനോട് ചോദിച്ച ‘നീ എന്നെ സ്‌നേഹിക്കുന്നുവോ?’ എന്ന ചോദ്യം ഓരോ വൈദികനും അനുദിനം അഭിമുഖീകരിക്കണം. ഒരു വൈദികന്‍ ഇടയന്‍ ആകുന്നതിന് മുന്‍പ് ക്രിസ്തുവിന്റെ ശിഷ്യനാണെന്ന സത്യം മറക്കരുത്. വൈദികപരിശീലനം സെമിനാരിയില്‍ അവസാനിക്കുന്നില്ല. അത് ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന മാനുഷികവും ആത്മീയവും ബൗദ്ധികവുമായ നവീകരണ പ്രക്രിയയാണ്. സെമിനാരി പരിശീലനം കേവലം പഠനമല്ല, മറിച്ച് യേശുവിനെപ്പോലെ സ്‌നേഹിക്കാന്‍ പഠിക്കുന്ന കളരി ആണ്. വൈദികന്‍ ജനങ്ങളെ ക്രിസ്തുവിലേക്ക് നയിക്കുന്ന പാലം ആയിരിക്കണം. ഇതിനായി മാനുഷികമായ പക്വതയും ആത്മീയമായ ദൃഢതയും ഒന്നുപോലെ സമ്മേളിക്കണം.

2. വിശ്വസ്തതയും സാഹോദര്യവും

വൈദിക സാഹോദര്യം എന്നത് വെറും ഒരു സൗഹൃദമല്ല, മറിച്ച് തിരുപ്പട്ടം എന്ന കൂദാശയിലൂടെ ലഭിക്കുന്ന സവിശേഷമായ ഒരു ദാനമാണ്. ഒരു വൈദികന് രണ്ട് തരം സാഹോദര്യങ്ങള്‍ ഉണ്ട്. ഒന്നാമതായി, മാമ്മോദീസാവഴി എല്ലാ വിശ്വസികളുമായും ഉള്ള സാഹോദര്യം. രണ്ടാമതായി, മെത്രാനുമായും സഹവൈദികരുമായും കൂദാശ വഴി ഉള്ള സാഹോദര്യം. വ്യക്തിവാദത്തെ സാഹോദര്യത്തിന് എതിരായ വലിയൊരു അപകടമായി പാപ്പാ ചൂണ്ടികാണിക്കുന്നു. ക്രിസ്തീയശുശ്രൂഷയില്‍ വ്യക്തിവാദത്തിന് സ്ഥാനമില്ല. വൈദികര്‍ തമ്മിലുള്ള സ്‌നേഹവും സഹകരണവും സുവിശേഷ പ്രഘോഷണത്തിന്റെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നു.

3. വിശ്വസ്തതയും സിനഡാലിറ്റിയും

അധികാരത്തിന്റെ ഏകപക്ഷീയമായ ശൈലിയില്‍ നിന്ന് പങ്കാളിത്തത്തിന്റെ സിനഡല്‍ ശൈലിയിലേക്ക് വൈദികര്‍ മാറണം. അല്മായരുടെ കൃപാവരങ്ങളെ തിരിച്ചറിയുകയും അവരെ സഭാദൗത്യത്തില്‍ പങ്കാളികളാക്കുകയും ചെയ്യുന്നത് വൈദികശുശ്രൂഷയെ ലഘൂകരിക്കുക മാത്രമല്ല, അത് കൂടുതല്‍ ഫലപ്രദമാക്കുകയും ചെയ്യുന്നു. വൈദികന്‍ ക്രിസ്തുവിനോട് സാദൃശ്യപ്പെടുന്നത് മറ്റുള്ളവര്‍ക്ക് മേല്‍ അധികാരം പ്രയോഗിക്കാനല്ല, മറിച്ച് ശുശ്രൂഷിക്കാനാണ്. സഭയിലെ ശുശ്രൂഷകള്‍ ഒരാളില്‍ മാത്രം കേന്ദ്രീകരിക്കുന്ന രീതിയില്‍ നിന്ന് മാറി, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ശൈലിയിലേക്ക് മാറണം.

4. വിശ്വസ്തതയും പ്രേഷിതദൗത്യവും

തന്നിലേക്ക് തന്നെ ചുരുങ്ങുന്ന വൈദികന്‍ പ്രേഷിത ചൈതന്യമില്ലാത്തവനായി മാറുന്നു. ജനങ്ങള്‍ക്കായി തന്നെത്തന്നെ നല്‍കുന്നതിലൂടെയാണ് വൈദികന്‍ തന്റെ യഥാര്‍ത്ഥ സ്വത്വം കണ്ടെത്തുന്നത്. കാര്യക്ഷമതാവാദത്തിന്റെ കെണിയില്‍ വീഴാതെയും നിഷ്‌ക്രിയരാകാതെയും, അജപാലന സ്‌നേഹത്താല്‍ ഉത്തേജിതനായി സുവിശേഷം പ്രസംഗിക്കണം. എളിമയുള്ളതും ലളിതവുമായ ജീവിതത്തിലൂടെ ക്രിസ്തുവിന് സാക്ഷ്യം വഹിക്കാന്‍ വൈദികര്‍ക്ക് സാധിക്കണം.

ഉപസംഹാരം: വിശ്വസ്തതയും ഭാവിയും

വൈദിക ദൈവവിളികളുടെ  കുറവ് പരിഹരിക്കാനും പ്രത്യാശയോടെ ഭാവിയെ നേരിടാനും പാപ്പാ ആഹ്വാനം നല്കുന്നു. ദൈവവിളികളുടെ കുറവില്‍ ഭയപ്പെടാതെ, സഭയില്‍ ഒരു പുതിയ പെന്തക്കുസ്തയ്ക്കായി പ്രാര്‍ഥിക്കണം. യുവജനങ്ങള്‍ക്ക് മൂന്നില്‍ സുവിശേഷത്തിന്റെ ധീരമായ നിര്‍ദ്ദേശങ്ങള്‍ വെക്കാന്‍ വൈദികര്‍ക്ക് കഴിയണം. വിശുദ്ധ ജോണ്‍ മരിയ വിയാനിയെപ്പോലെ, ക്രിസ്തുവിന്റെ ഹൃദയത്തിലെ സ്‌നേഹമായി സ്വയം സമര്‍പ്പിച്ച് സഭയുടെ ഭാവി പ്രകാശപൂര്‍ണ്ണമാക്കാന്‍ വൈദികര്‍ക്ക് സാധിക്കണം.

ഡോ. റോബി കൂന്താനിയില്‍

Latest Updates

POPULAR Views

FEATUERD Views

സമഗ്ര പരിസ്ഥിതിയും കുടുംബവും

2025 ഒക്ടോബര്‍ 04ന് പ്രസിദ്ധീകരിച്ച സമഗ്ര പരിസ്ഥിതിയും കുടുംബവും എന്ന  ലഘുഗ്രന്ഥം...

ഇന്‍ ഊണിത്താത്തെ ഫീദേയി (വിശ്വാസത്തിന്റെ ഐക്യത്തില്‍) 

എല്ലാ ക്രൈസ്തവര്‍ക്കിടയിലും ഐക്യവും അനുരഞ്ജനവും കൈവരിക്കുന്നതിനായി നാം ഒരുമിച്ച് നടക്കണം. വൈവിധ്യം ഇല്ലാത്ത ഐക്യം സ്വേച്ഛാധിപത്യവും ഐക്യം ഇല്ലാത്ത വൈവിധ്യം ശിഥിലീകരണവുമാണ് എന്ന് മാര്‍പാപ്പ ഈ പ്രബോധനത്തിലൂടെ അടിവരയിടുന്നു. ക്രൈസ്തവര്‍ക്കിടയിലെ ഐക്യം നമ്മെ ദരിദ്രരാക്കുന്നില്ല, മറിച്ച് സമ്പന്നരാക്കുന്നു.

ഊന കാറോ (ഒരു ശരീരം)

വിശ്വാസസംരക്ഷണത്തിനായുള്ള ഡിക്കാസ്റ്ററി പ്രസിദ്ധീകരിച്ച പ്രബോധനാത്മകമായ ഒരു രേഖയാണ് 'ഒരു ശരീരം' എന്ന...

വിശ്വാസിസമൂഹത്തിന്റെ അമ്മ (Mater Populi Fidelis)

2025 നവംബര്‍ നാലാം തീയതി വിശ്വാസകാര്യങ്ങള്‍ക്കായുള്ള കാര്യാലയം ലെയോ പതിനാലാമന്‍ പാപ്പായുടെ...

ദിലേക്‌സി തേ (ഞാന്‍ നിന്നെ സ്‌നേഹിച്ചു)

ലെയോ പതിനാലാമന്‍ പാപ്പായുടെ ആദ്യത്തെ അപ്പസ്‌തോലിക പ്രബോധനമാണ് ദിലേക്‌സി തേ (ഞാന്‍...

കുർബാനധർമം സ്വീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ

കുർബാനധർമം എന്തിനാണെന്നും അത് സ്വീകരിക്കാനുള്ള മാനദണ്ഡങ്ങൾ എന്തെല്ലാമാണെന്നും നമ്മെ ഓർമപ്പെടുത്തുന്ന പുതിയ...

ഫ്രാൻസിസ് പാപ്പായുടെ സഭാപ്രബോധനങ്ങൾ

തന്റെ പ്രബോധനങ്ങളിൽ തികച്ചും അജപാലനശൈലി പുലർത്തിയ വ്യക്തിയായിരുന്നു ഫ്രാൻസിസ് മാർപാപ്പ. നിർവചനങ്ങളും,...

അന്തീക്വാ എത് നോവ: നിർമിത ബുദ്ധിയുടെ ( AI ) ധാർമികതയെക്കുറിച്ചുള്ള വത്തിക്കാൻ രേഖ

അന്തീക്വാ എത് നോവ: 'നിർമ്മിതബുദ്ധിക്കും മനുഷ്യബുദ്ധിക്കും ഇടയിലുള്ള ബന്ധത്തെക്കുറിച്ചുള്ള കുറിപ്പ്' എന്ന...

പ്രവൃത്തികളും വാക്കുകളും

2014 ഫെബ്രുവരി 2ന് കൂദാശകളുടെ സാധുതാപരമായ പരികർമത്തിനു അവശ്യമായ ഘടകങ്ങളെ...

ഇതാണ് ദൈവാശ്രയം

സ്നേഹിക്കാനായി നമ്മെ പ്രേരിപ്പിക്കുന്ന ഏക ഘടകം ദൈവാശ്രയമാണ്' എന്ന വി. കൊച്ചുത്രേസ്യായുടെ...

മനുഷ്യ മഹത്ത്വവും ദുരിതവും (2023)

തത്ത്വശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും വിദഗ്ദനായിരുന്ന ബ്ലെയ്സ് പാസ്കലിന്റെ നാനൂറാം ജന്മദിന വാർഷികത്തിൽ ഫ്രാൻസീസ്...

‘ദിലേക്സിത് നോസ്’ (അവിടുന്ന് നമ്മെ സ്നേഹിച്ചു)

2024 ഒക്ടോബർ 24-ന് പ്രസിദ്ധീകരിച്ച ഫ്രാൻസിസ് പാപ്പായുടെ നാലാമത്തെ ചാക്രികലേഖനമാണ് "ദിലേക്സിത്...