2025 ഒക്ടോബര്‍ 04ന് പ്രസിദ്ധീകരിച്ച സമഗ്ര പരിസ്ഥിതിയും കുടുംബവും എന്ന ലഘുഗ്രന്ഥം ദരിദ്രരുടെയും ഭൂമിയുടെയും നിലവിളിക്ക് ഏറ്റവും ഉചിതമായ രീതിയില്‍ പ്രതികരിക്കണമെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനത്തെ മാനിച്ചുകൊണ്ട് വത്തിക്കാനിലെ അത്മായര്‍ക്കും കുടുംബങ്ങള്‍ക്കും സമഗ്രമാനവ പുരോഗതിക്കുമായുള്ള കാര്യാലയങ്ങള്‍ സംയുക്തമായി പുറപ്പെടുവിച്ചതാണ്. തന്റെ പ്രബോധനങ്ങളിലൂടെ ലെയോ പതിനാലാമന്‍ മാര്‍പാപ്പയും സൃഷ്ടിയെ ധ്യാനിക്കുന്നതിന്റെ പ്രാധാന്യം ഉറപ്പിച്ചുകൊണ്ട്, സ്രഷ്ടാവിന്റെ ആദിമപദ്ധതിയെ മനസ്സിലാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്നു.
സഭാപ്രബോധനങ്ങളെ ആധാരമാക്കി സമഗ്രപരിസ്ഥിതിയെ സംബന്ധിച്ച് കുടുംബങ്ങള്‍ക്ക് നിര്‍വഹിക്കാനുള്ള സവിശേഷമായ കടമയെ ഓര്‍മ്മപ്പെടുത്തുന്ന ഈ പ്രബോധനം, ഓരോ സൃഷ്ടിക്കും ദൈവത്തിന്റെ പദ്ധതിയില്‍ അതിന്റേതായ പ്രാധാന്യമുണ്ടെന്ന് ആവര്‍ത്തിക്കുന്നു. ദൈവം സൃഷ്ടിച്ചതെല്ലാം നല്ലതായതുകൊണ്ട് അവയെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ദൗത്യമാണ്. സൃഷ്ടികളില്‍ ഒന്നു മാത്രമായ മനുഷ്യന്‍ മറ്റ് ജീവജാലങ്ങള്‍ക്കൊപ്പമാണ് ഈ ഭൂമിയില്‍ വസിക്കുന്നതെന്ന യാഥാര്‍ഥ്യം വിസ്മരിക്കരുത്. പ്രപഞ്ചത്തോട് നമുക്കുള്ള ഉത്തരവാദിത്വം ഇതരജീവജാലങ്ങളോട് ചേര്‍ന്നുനിന്ന് വേണം നിര്‍വഹിക്കാന്‍. അതുകൊണ്ടുതന്നെ നമ്മുടെ പൊതുഭവനത്തെയും അതിലെ ഓരോ സൃഷ്ടിയെയും കരുതലോടെ സംരക്ഷിക്കുന്ന മൂല്യങ്ങളെ വളര്‍ത്തുകയും അവ തലമുറകളിലേക്ക് പകര്‍ന്നു നല്‍കുകയും ചെയ്യുന്നതില്‍ കുടുംബങ്ങള്‍ക്ക് സുനിശ്ചിതമായ പങ്കുണ്ട്. ലൗദാത്തോ സി ഉദ്‌ബോധിപ്പിക്കുന്നതുപോലെ നമ്മുടെ പൊതുഭവനത്തെ പരിപാലിച്ചുകൊണ്ട് സമഗ്ര മനുഷ്യവികസനം സാധ്യമാക്കുന്ന മനോഭാവങ്ങളും പ്രവര്‍ത്തനങ്ങളും സ്വീകരിക്കാന്‍ കുടുംബങ്ങളെ പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്നതാണ് ഈ ലഘുഗ്രന്ഥത്തിന്റെ ലക്ഷ്യം.
രണ്ടു ഭാഗങ്ങളായി തിരിച്ചിരിക്കുന്ന ഈ പ്രബോധനത്തിന്റെ ഒന്നാം ഭാഗം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രധാന രചനകളെ ആധാരമാക്കി സമഗ്ര പരിസ്ഥിതിയെക്കുറിച്ചുള്ള അടിസ്ഥാന ആശയങ്ങള്‍ അവതരിപ്പിക്കുന്നു. രണ്ടാം ഭാഗമാകട്ടെ, ലൗദാത്തോ സി യില്‍നിന്നും ഉള്‍ക്കൊണ്ട പ്രമേയങ്ങളെ ആധാരമാക്കി ഏഴ് അധ്യായങ്ങളായി ക്രമീകരിച്ചിരിക്കുന്നു. ഓരോ പ്രമേയവും വികസിപ്പിച്ചിരിക്കുന്നത് കുടുംബത്തെക്കുറിച്ചുള്ള സഭയുടെ പഠനവുമായി ബന്ധപ്പെട്ടാണ്. വിഷയാവതരണത്തിലും വിശകലനത്തിലും സമകാലീന മാര്‍പാപ്പമാരുടെ പഠനങ്ങളും ഉള്‍ക്കാഴ്ചകളും സമഗ്രമായി ഒരുമിച്ചു ചേര്‍ത്തിരിക്കുന്നതാണ് ഈ രേഖയെ വേറിട്ടുനിര്‍ത്തുന്ന പ്രധാന ഘടകം. വിശദീകരണം, പരിണതഫലങ്ങള്‍, വിചിന്തനത്തിനും ചര്‍ച്ചയ്ക്കുമായുള്ള ചോദ്യങ്ങള്‍, പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ എന്നിങ്ങനെ ഓരോ അധ്യായത്തിനും നാല് ഭാഗങ്ങളുണ്ട്.
സമഗ്രപരിസ്ഥിതി ദര്‍ശനത്തിന്റെ അടിസ്ഥാനങ്ങളായ സമഗ്ര പരിസ്ഥിതിശാസ്ത്രം, പൊതുനന്മ, അഖണ്ഡതയും സ്ഥിരതയും പോലുള്ള വിഷയങ്ങള്‍ വിശദീകരിക്കുന്ന ഒന്നാം ഭാഗത്തില്‍, Fratelli Tttui, Amorsi Laetitia, Gaudete te Exusltate എന്നീ പ്രബോധനങ്ങളില്‍ പ്രതിപാദിക്കുന്ന മനുഷ്യകുടുംബത്തെക്കുറിച്ചുള്ള സഭയുടെ പഠനങ്ങളെ ഉള്‍ച്ചേര്‍ത്തിരിക്കുന്നു. ഘമൗറമലേ ഉലൗാ അവതരിപ്പിക്കുന്ന താഴെതട്ടില്‍നിന്നുള്ള പ്രതിബദ്ധത എന്ന ആശയത്തെ വിശദീകരിച്ചുകൊണ്ടാണ് ഇത് സമാപിക്കുന്നത്.
ഈ ലഘു ഗ്രന്ഥത്തിന്റെ രണ്ടാം ഭാഗത്തിന് ഏഴ് അധ്യായങ്ങളുണ്ട്. ഭൂമിയുടെ നിലവിളി ശ്രവിക്കല്‍, ദരിദ്രരുടെയും ബലഹീനരുടെയും രോദനത്തിനുള്ള കാതോര്‍ക്കല്‍, പാരിസ്ഥിതിക ധനതത്വ ശാസ്ത്രത്തിന്റെ പ്രോത്സാഹനം, പാരിസ്ഥിതിക ജീവിതശൈലി, സമഗ്രപരിസ്ഥിതിയും വിദ്യാഭ്യാസവും, കുടുംബങ്ങളിലെ പാരിസ്ഥിതിക ആത്മീയത, സമൂഹജീവിതത്തില്‍ കുടുംബത്തിന്റെ പങ്കാളിത്തം തുടങ്ങിയ ഏഴ് വിഷയങ്ങളാണ് ഈ അധ്യായങ്ങളില്‍ പഠനവിഷയമാക്കുന്നത്. ഓരോ അധ്യായത്തിലെയും വിഷയാവതരണത്തില്‍ സഭാപഠനങ്ങളെ സംക്ഷിപ്തമായി ഉള്‍ക്കൊള്ളിക്കുന്നതില്‍ ശ്രദ്ധിച്ചിട്ടുണ്ട്. കേവല വിശകലനത്തേക്കാള്‍ ഉപരിയായി ചര്‍ച്ചയ്ക്കും വിചിന്തനത്തിനുമായി ഓരോ അധ്യായത്തിലും നല്‍കിയിട്ടുള്ള ചോദ്യങ്ങളും അവയെ തുടര്‍ന്നുവരുന്ന പ്രായോഗികനിര്‍ദ്ദേശങ്ങളും പ്രായോഗികജീവിതത്തിന്റെ വ്യത്യസ്തതലങ്ങളില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളുമാണ് ഓരോ അധ്യായത്തിലും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
സമഗ്രപരിസ്ഥിതി ദര്‍ശനത്തിന്റെ ഭാവാത്മകമായ ആവിഷ്‌കാരത്തിന് സാമ്പത്തികവും സാംസ്‌കാരികവും സാമൂഹികവുമായ വ്യത്യസ്ത ശാഖകളുടെ സമഗ്രമായ സമീപനം ഉള്‍ച്ചേര്‍ന്നിരിക്കുന്നു എന്നതാണ് ഈ ഗ്രന്ഥത്തിന്റെ പ്രധാന സവിശേഷത. കുടുംബങ്ങള്‍ സമഗ്ര പരിസ്ഥിതി ദര്‍ശനത്തെ ഹൃദയത്തില്‍ വഹിക്കട്ടെയെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകളില്‍ ഈ ലഘുഗ്രന്ഥത്തിന്റെ സാരാംശം അടങ്ങിയിട്ടുണ്ട് എന്ന സന്ദേശത്തോടെയാണ് ലഘുഗ്രന്ഥം ഉപസംഹരിക്കുന്നത്.
സജി മാത്യു കണയങ്കല്‍ CST


