ദൈവത്തിന്റെ സൃഷ്ടിയിലെ ഏറ്റവും ശ്രേഷ്ഠമായ രൂപമാണ് മനുഷ്യൻ. ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട ഓരോ മനുഷ്യനും യാതൊരു സാഹചര്യത്തിനും സാമൂഹികപദവിക്കും മനുഷ്യവിധികൾക്കും ഹനിക്കാനാവാത്ത അഭംഗുരമായ അന്തസ്സിന്റെ ഉടമയാണ്. ഈ ശാശ്വതസത്യത്തെയാണ് പരിശുദ്ധ പിതാവ് ലെയോ പതിനാലാമന്റെ ആദ്യ ചാക്രികലേഖനമായ ‘മാനവമഹത്വം’ അതിമനോഹരമായി അനാവരണം ചെയ്യുന്നത്. നമ്മുടെ പൊതുമാനവികതയുടെ മഹത്വം വീണ്ടും തിരിച്ചറിയാനും അതിനെ ആഘോഷിക്കാനുമുള്ള ഒരു ശക്തമായ ആഹ്വാനമാണ് പരിശുദ്ധ പിതാവു നടത്തിയിരിക്കുന്നത്.
ശാസ്ത്രസാങ്കേതികവിദ്യയുടെ അതിവേഗ വളർച്ചയും അഭൂതപൂർവമായ ശാസ്ത്രീയനേട്ടങ്ങളും ലോകജനതയുടെ വർധിച്ചുവരുന്ന പരസ്പരബന്ധങ്ങളും മനുഷ്യചരിത്രത്തിനു പുതിയ സാധ്യതകൾ തുറന്നുകൊടുക്കുമ്പോൾ, യുദ്ധങ്ങൾ, ദാരിദ്ര്യം, നിർബന്ധിത കുടിയേറ്റം, പരിസ്ഥിതിനാശം, ഏകാന്തത, വിവേചനം, ധാർമികമൂല്യങ്ങളുടെ ശോഷണം തുടങ്ങിയ ഗുരുതരമായ പ്രതിസന്ധികളും മനുഷ്യകുടുംബത്തെ മുറിവേല്പ്പിച്ചുകൊണ്ടിരിക്കുന്നു. സമ്പത്തും അധികാരവും കാര്യക്ഷമതയും വിജയത്തിന്റെ മാനദണ്ഡങ്ങളായി ലോകം കണക്കാക്കുമ്പോൾ, നമ്മുടെ ഇടയിലെ ഏറ്റവും ദുർബലരോടും ദരിദ്രരോടും അവശരോടും നാം എങ്ങനെ പെരുമാറുന്നു എന്നതാണ് യഥാർഥ നാഗരികതയുടെ അളവുകോൽ എന്നു സുവിശേഷം നമ്മെ ഓർമിപ്പിക്കുന്നു. കാരണം, ക്രൈസ്തവ വിശ്വാസത്തിൽ മനുഷ്യാന്തസ്സ് ഒരു ദാർശനിക ആശയമോ ഭരണഘടനാപരമായ അവകാശമോ മാത്രമല്ല. അത് സൃഷ്ടിയുടെയും രക്ഷയുടെയും ദൈവികരഹസ്യത്തിൽ ആഴത്തിൽ വേരൂന്നിയതാണ്. അതിനാൽ ഗർഭധാരണത്തിന്റെ ആദ്യ നിമിഷംമുതൽ സ്വാഭാവിക മരണംവരെയുള്ള ഓരോ മനുഷ്യജീവനും വിശുദ്ധവും പവിത്രവുമാണ്.
വിശുദ്ധ തോമാശ്ലീഹായിലൂടെ കൈമാറിക്കിട്ടിയ അപ്പസ്തോലിക വിശ്വാസത്തിൽ പോഷണം പ്രാപിച്ച സീറോമലബാർസഭ, സുവിശേഷപ്രഘോഷണത്തെയും മനുഷ്യോന്നമനത്തെയും സഭയുടെ ദൗത്യത്തിന്റെ അഭേദ്യമായ രണ്ടു മാനങ്ങളായി എന്നും കണ്ടിട്ടുണ്ട്. നമ്മുടെ വിദ്യാഭ്യാസസ്ഥാപനങ്ങൾ, ആരോഗ്യശുശ്രൂഷാപ്രവർത്തനങ്ങൾ, ജീവകാരുണ്യസേവനങ്ങൾ, മിഷൻസംരംഭങ്ങൾ എന്നിവയെല്ലാം മനുഷ്യന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കാനുള്ള സഭയുടെ അചഞ്ചലമായ പ്രതിബദ്ധതയുടെ പ്രകടനങ്ങളാണ്. കരുണയുടെ ഓരോ പ്രവൃത്തിയും ഒരു കുട്ടിക്കു വിദ്യാഭ്യാസം നൽകാനുള്ള ഓരോ ശ്രമവും രോഗികളെ ശുശ്രൂഷിക്കുന്ന ഓരോ സംരംഭവും അനുരഞ്ജനത്തിന്റെ ഓരോ പ്രവർത്തനവും ഓരോ മനുഷ്യന്റെയും അന്തസ്സിനെ പ്രഖ്യാപിക്കുന്ന ജീവന്റെ സുവിശേഷത്തിനു നല്കുന്ന സാക്ഷ്യമാണ്.
‘മാനവമഹത്വം’ എന്ന ചാക്രികലേഖനം നമ്മുടെ വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തെ ആത്മപരിശോധനയ്ക്കു വിധേയമാക്കാൻ നമ്മെ ക്ഷണിക്കുന്നു. നമ്മുടെ കുടുംബങ്ങൾ പരസ്പര ബഹുമാനവും ക്ഷമയും കരുതലും വളർത്തുന്നുണ്ടോ? നമ്മുടെ ഇടവകകൾ മുൻവിധികളില്ലാതെ എല്ലാവരെയും സ്വാഗതം ചെയ്യുന്നുണ്ടോ? സ്വാർഥമോഹങ്ങളെക്കാൾ സത്യത്തിനും നീതിക്കും കരുണയ്ക്കും പ്രാധാന്യംനൽകുന്ന ഉത്തരവാദിത്വബോധമുള്ള ക്രിസ്തുശിഷ്യരായി യുവതലമുറയെ നാം വളർത്തിയെടുക്കുന്നുണ്ടോ? ഇവ വെറും അജപാലനപരമായ ചോദ്യങ്ങളല്ല; യഥാർഥ ക്രൈസ്തവവശിഷ്യത്വത്തിന്റെ അനിവാര്യമായ അടയാളങ്ങളാണ്. മനുഷ്യനെ ആദരിക്കുമ്പോഴാണ് നാം ദൈവത്തെ യഥാർഥത്തിൽ മഹത്വപ്പെടുത്തുന്നത്. സ്നേഹത്തോടും സത്യത്തോടുംകൂടെ മനുഷ്യനെ സേവിക്കുന്നതിലൂടെ സഭ തന്റെ ദൗത്യം നിറവേറ്റുകയും ലോകത്തിനു ക്രിസ്തുവിന്റെ ശോഭയാർന്ന മുഖം വെളിപ്പെടുത്തുകയും ചെയ്യുന്നു. അതിനാൽ, ഓരോ വ്യക്തിക്കും ആദരവു ലഭിക്കുന്നതും ഓരോ ജീവനും സംരക്ഷിക്കപ്പെടുന്നതും ഓരോ കുടുംബവും ശക്തിപ്പെടുന്നതും ഓരോ സംസ്കാരവും ക്രിസ്തുസ്നേഹത്താൽ സമ്പന്നമാകുന്നതുമായ സമൂഹങ്ങൾ കെട്ടിപ്പടുക്കാനുള്ള നമ്മുടെ പ്രതിബദ്ധത നമുക്കു പുതുക്കാം.



