ദൈവമനുഷ്യബന്ധത്തിന്റെ ചരിത്രത്തിൽ ഇഴചേർന്നുകിടക്കുന്ന ഒന്നാണ് ദൈവവിളി.ദൈവിക പദ്ധതി നടപ്പിലാക്കുന്നതിനുവേണ്ടി മനുഷ്യൻ തന്റെ പൂർണ സ്വാതന്ത്ര്യത്തിൽ ക്രിയാത്മകമായി പ്രതികരിക്കുന്നതാണ് ദൈവവിളിയുടെ പ്രായോഗികതലം. ഇത് ഒരു വ്യക്തിപരമായ ഇഷ്ടവും ജീവിതരീതിയും എന്നതിനപ്പുറം അനാവരണം ചെയ്യപ്പെടുന്ന ദൈവികപദ്ധതിയോടുള്ള മനുഷ്യന്റെ സംവാദവും ശ്രദ്ധയും വിവേചനവും പ്രതികരണവുമാണ്. ചുരുക്കിപ്പറഞ്ഞാൽ ദൈവത്തിന്റെ കൃപയും മനുഷ്യന്റെ സ്വാതന്ത്ര്യവും കൂടിച്ചേർന്നു ഒരുവനെ ഒരു പ്രത്യേക ധർമം നിർവഹിക്കുന്നതിനു തെരഞ്ഞെടുക്കുന്നതാണ് ദൈവവിളി.
ദൈവവിളി എന്നാൽ വൈദിക സമർപ്പിതവിളികൾ മാത്രമാണ് എന്ന പരമ്പരാഗത കാഴ്ചപ്പാടിൽനിന്നുമാറി കുടുംബജീവിതവും ഏകസ്ഥജീവിതവുംകൂടി ദൈവവിളികളായി കണക്കാക്കുന്ന അജപാലനദൈവശാസ്ത്രമാണ് ഇന്നുള്ളത്. പരമ്പരാഗത കുടുംബസംവിധാനങ്ങളുടെ അടിവേരിളക്കുന്ന അത്യാധുനിക പുരോഗമനചിന്താഗതികളിലൂടെ സാമാന്യവൽക്കരിക്കപ്പെടുന്ന വിവാഹേതരബന്ധങ്ങളും വിവാഹനിഷേധവും കുടുംബജീവിതമെന്ന ദൈവവിളിയുടെ പ്രസക്തിയെത്തന്നെ ചോദ്യം ചെയ്തുതുടങ്ങിയിരിക്കുന്നു. കുടുംബങ്ങൾ തകർന്നാൽ പൗരോഹിത്യ സമർപ്പിതവിളികൾ തീർത്തും ഇല്ലാതാകുമെന്ന് മനസിലാക്കാൻ സമകാലിക അനുഭവങ്ങൾ മാത്രം മതി.
പുരോഹിതരും സമർപ്പിതരും കുടുംബസ്ഥരും ഏകസ്ഥരും തങ്ങളുടേതായ തലങ്ങളിൽ നൽകുന്ന സാക്ഷ്യമാണ് ഈ ദൈവവിളികളുടെ ആധികാരികതയുടെ അളവുകോൽ. ഇന്നിന്റെ സംസ്കാരത്തിൽ ദൈവവിളിയെ തളർത്തുന്ന പ്രവണതകളെ അതിജീവിക്കാൻ സാധിക്കണമെങ്കിൽ ബോധ്യങ്ങൾ നഷ്ടപ്പെടാതെ ജീവിക്കേണ്ടതുണ്ട്. ദൈവവിളിയുടെ ദൈവികമാനത്തിനും മനുഷ്യന്റെ ഉത്തരവാദിത്വപൂർണമായ സ്വാതന്ത്രത്തിലുള്ള പ്രതികരണത്തിനും പ്രസക്തി നഷ്ടപ്പെടുമ്പോൾ ഉറകെട്ടപോലെയുള്ള ജീവിതങ്ങൾ നമ്മൾ കാണുന്നുണ്ട്. ഇവിടെയാണ് സാക്ഷ്യംനല്കുന്ന ദൈവവിളിയുടെ സാംഗത്യവും ആവശ്യകതയും എന്നത്തേക്കാളും ആവശ്യമായി വരുന്നത്.
“നിങ്ങൾ ഈ ലോകത്തിന് അനുരൂപരാകരുത്; പ്രത്യുത, നിങ്ങളുടെ മനസ്സിന്റെ നവീകരണംവഴി രൂപാന്തരപ്പെടുവിൻ (റോമാ 12:2) എന്ന വിശുദ്ധ പൗലോസ് ശ്ലീഹായുടെ ആഹ്വാനം കാര്യമായി കണക്കിലെടുക്കണം. ലോകവുമായിട്ടുള്ള സമരസപ്പെടലിലാണ് പൗരോഹിത്യ സമർപ്പിതജീവിതങ്ങളുടെ ശോഭ മങ്ങിക്കൊണ്ടിരിക്കുന്നത്. ലോകദൃഷ്ടിയിൽ സ്വീകാര്യമാകാൻവേണ്ടി വിളിയുടെ ദൈവികആത്മീയതലങ്ങൾ അവഗണിക്കുന്നതാണ് ഇന്നത്തെ ഒരു വലിയ പ്രതിസന്ധി. അധ്യാപകനോ, നേഴ്സോ, സാമൂഹ്യപ്രവർത്തകനോ ആകുന്നതിനുവേണ്ടി ഒരു വൈദികനോ കന്യാസ്ത്രീയോ ആകേണ്ട കാര്യമില്ലായെന്നു ഇന്നത്തെ യുവജനങ്ങൾ പറയുമ്പോൾ ദൈവവിളിയുടെ മർമം മറന്നുപോയ വൈദികരുടെയും സമർപ്പിതരുടെയും ജീവിതങ്ങൾ ഇവിടെ തെളിയുന്നു. ‘ക്രിസ്തുസ് വിവിത്’ എന്ന സിനഡാനന്തര പ്രബോധനരേഖയിൽ ഫ്രാൻസിസ് മാർപാപ്പ പഠിപ്പിച്ചത് ഇവിടെ പ്രസക്തമാണ്: “നിങ്ങളുടെ ദൈവവിളി എന്നത് നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ മാത്രമല്ല, മറിച്ചു നിങ്ങൾ ആരാണ് എന്നതുകൂടിയാണ്”. പറയുന്നതും പഠിപ്പിക്കുന്നതുമായി ജീവിതത്തിനു ബന്ധമില്ലാതെവരുമ്പോഴാണ് സാക്ഷ്യം ദുർബലമാകുന്നതും അനാകർഷണമാകുന്നതും.
ഈശോയുടെ സുവിശേഷവാഹകരാകാൻ ഇന്നും ശിഷ്യന്മാരെ ആവശ്യമാണ്. ഈ കാലഘട്ടത്തിന്റെ സംസ്കാരവും കാഴ്ചപ്പാടുകളും തത്വശാസ്ത്രവുമൊക്കെ ദൈവവുമായി സംവദിക്കണമെങ്കിൽ ദൈവമനുഷ്യബന്ധം ഉറപ്പാക്കുന്ന പാലങ്ങൾ വേണം. ദൈവവിളിയെ കേവലം ഒരു തൊഴിൽ എന്നതിൽനിന്ന് ഈ ലോകത്തിനുമുഴുവനും ബലിയായിത്തീർന്ന ഈശോയുടെ സ്നേഹവും കരുതലും കാരുണ്യവും വേദനിക്കുന്നവരും അവഗണിക്കപ്പെടുന്നവരും പാവപ്പെട്ടവരുമായ എല്ലാ മനുഷ്യരുമായി പങ്കുവയ്ക്കാനുള്ള ദൈവികദൗത്യമായി കാണണം. എല്ലാവരെയും ഉൾക്കൊള്ളുന്ന ദൈവസ്നേഹത്തിന് കണ്ണും കാതും കരങ്ങളും നാവുമായി ദൈവമനുഷ്യബന്ധത്തിന്റെ പാലങ്ങൾ പണിയുന്നവർ ഈ കാലഘട്ടത്തിലും ആവശ്യമാണ്; ദൈവത്തിനും മനുഷ്യനും.


