ഇനിയും മലയോര ജനതയെ വഞ്ചിക്കരുത്!

Published on

പശ്ചിമഘട്ടത്തിലെ മലയോരപ്രദേശത്ത് ഉപജീവനത്തിനുവേണ്ടി മണ്ണിൽ അധ്വാനിച്ച് അഭിമാനത്തോടെ ജീവിക്കുന്ന കർഷകരുടെ മനസ്സിൽ പരിസ്ഥിതിസംരക്ഷണത്തിന്റെ പേരുപറഞ്ഞ് തീ കോരിയിട്ട് ഒരു വ്യാഴവട്ടക്കാലമായി. മാധവ് ഗാഡ്ഗിൽ എന്ന പരിസ്ഥിതി പ്രവർത്തകന്റെ ഏകപക്ഷീയമായ റിപ്പോർട്ടും അതിനെ രാഷ്ട്രീയ കുത്തകസമ്മർദ്ദങ്ങൾക്കുവേണ്ടി വെട്ടിത്തിരുത്തി തയ്യാറാക്കിയ കസ്തൂരിരംഗൻ റിപ്പോർട്ടും നമ്മുടെ നാട്ടിലെ കർഷകരുടെ ജീവിതത്തെ അസ്ഥിരപ്പെടുത്തിയതിന്റെയും ഭാവിസ്വപ്നങ്ങൾ തകർത്തുടച്ചതിന്റെയും പ്രതികരണങ്ങളും നിലവിളികളും മറക്കാനായിട്ടില്ല. പരിസ്ഥിതി സംരക്ഷണത്തെ സമഗ്രതയിൽ സമീപിക്കാതെ, അതിന്റെ കാതലായ അംശങ്ങൾ തള്ളിക്കളഞ്ഞു, അടച്ചിട്ട മുറികളിലിരുന്നു എന്തിനെയും തിരുത്താനും തങ്ങൾക്ക് അനുകൂലമായ തീരുമാനങ്ങൾ എടുപ്പിക്കാനും കഴിവുള്ളവരുടെ താല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് കേരളത്തിലെ 123/131 വില്ലേജുകളിൽമാത്രം പരിസ്ഥിതിസംരക്ഷണം ഒരുക്കിയതിലെ അശാസ്ത്രീയതയും അധാർമികതയും കാലത്തിന്റെ മനസാക്ഷിയുടെ ചുവരുകളിൽ കണ്ണീരിലും വിയർപ്പിലും രക്തത്തിലും ചരിത്രം ആലേഖനം ചെയ്തുവച്ചിട്ടുണ്ട്.

2014 കേന്ദ്രസർക്കാർ ആദ്യ കരടുരേഖ പുറത്തിറക്കിയപ്പോൾ കേന്ദ്രത്തിൽ യുപിഎ സർക്കാരും കേരളത്തിൽ യുഡിഎഫ് സർക്കാരും ആയിരുന്നു ഭരണത്തിൽ. മലയോര കർഷകർ നേരിടാൻപോകുന്ന വലിയ വിപത്തിനെ അന്നത്തെ ഭരണാധികാരികളും രാഷ്ട്രീയപാർട്ടികളും കണ്ണടച്ചിരുട്ടാക്കിയപ്പോൾ സഭ സമരരംഗത്തിറങ്ങി. പിന്നീട് കണ്ടത് ജനകീയ സമരമായിരുന്നു. പ്രശ്നങ്ങളുടെ രൂക്ഷത മനസ്സിലാക്കി എന്നു വരുത്തിതീർത്ത് താൽക്കാലിക രക്ഷപ്പെടൽ അധികാരികൾ നടത്തിയെങ്കിലും കേരളത്തിലെ ജനങ്ങളുടെ താല്പര്യം സംരക്ഷിച്ചുകൊണ്ടുള്ള ഒരു പരിസ്ഥിതിസംരക്ഷണത്തിന് മാറിമാറി വന്ന സർക്കാരുകൾ അലംഭാവം കാണിച്ചു എന്നതു പറയാതിരിക്കാൻവയ്യ. കേന്ദ്രം ആവശ്യപ്പെട്ടതനുസരിച്ച് മാപ്പുകൾ തയ്യാറാക്കാനോ ജനവാസകേന്ദ്രങ്ങളും കൃഷിഭൂമികളും തോട്ടങ്ങളും ഒഴിവാക്കി വനഭൂമിയും പാറക്കെട്ടുകളും പുൽമേടുകളുംമാത്രം എക്കോളജിക്കലി സെൻസിറ്റീവ് ഏരിയ ആയി ഉൾപ്പെടുത്തി കേന്ദ്രത്തിൽ സമർപ്പിക്കാനും ഉദ്യോഗസ്ഥർ തയ്യാറായില്ല. അതിനാലാണ് 2026 ഏഴാമത്തെ കരടു വിജ്ഞാപനം ഇറങ്ങുമ്പോഴും കേരളം മലയോരജനതയുടെ സംരക്ഷണത്തിനുവേണ്ടി ഒന്നും ചെയ്തിട്ടില്ല എന്നത് യാഥാർഥ്യമായി നിലകൊള്ളുന്നത്. 2014 ഉന്നയിച്ച അതേ ആവശ്യങ്ങളുമായി മലയോര ജനത യുഡിഎഫ് സർക്കാരിന്റെ സത്വര നടപടി ആവശ്യപ്പെടുമ്പോൾ 2014ലെ പിഴവു പരിഹരിച്ചു മലയോരജനതയ്ക്ക് നീതിനടത്തിക്കൊടുക്കാൻ യുഡിഎഫ് സർക്കാരിനു 2026 ൽ അവസരം കൈവന്നിരിക്കുകയാണ് അന്തിമ വിജ്ഞാപനം വന്നതിനുശേഷം രാഷ്ട്രീയംപറയാൻ കാത്തിരിക്കുന്ന പഴയ ശൈലി മാറ്റി സംസ്ഥാന സർക്കാർ അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടണം. പരിസ്ഥിതി സംരക്ഷിക്കേണ്ടത് എല്ലാവരുടെയും കടമയാണ്. 121 വില്ലേജുകളെ ചാപ്പ കുത്തി മാറ്റിനിറു ത്തിയിട്ട് ബാക്കിയുള്ള വില്ലേജുകളിൽ പ്രകൃതിയെ തുരന്നുനശിപ്പിക്കുന്ന ക്വാറികളും വ്യവസായങ്ങളും നടത്താൻ ഒത്താശ ചെയ്തതിനു പറ്റിയ പങ്കിന്റെ പ്രായശ്ചിത്തം ആയിട്ടെങ്കിലും രാഷ്ട്രീയപാർട്ടികളും ജനപ്രതിനിധികളും ഈ വിഷയം ഗൗരവമായി എടുക്കണം.

എവിടെയെങ്കിലും മണ്ണിടിയുകയോ ഉരുൾപൊട്ടുകയോ ചെയ്താൽ മലയോര കർഷകരെയും അവരുടെ തേങ്ങലുകളെ ഭരണസംവിധാനങ്ങളെ അലോസരപ്പെടുത്തുന്ന രീതിയിൽ ഏകോപിപ്പിച്ചു എന്ന കുറ്റം ചുമത്തപ്പെട്ട സഭയെയും കുറ്റപ്പെടുത്തി വിഷയം മാറ്റിവിടുന്ന കപട പരിസ്ഥിതിവാദികൾ ഇനിയും ഈ രംഗം നിയന്ത്രിക്കാൻ അനുവദിക്കരുത്. പതിറ്റാണ്ടുകളായി കൈവശംവച്ച മണ്ണിൽ കൃഷിചെയ്ത് തലമുറകളെ വളർത്തിയെടുത്ത മലയോര കർഷകരെ വഴിയാധാരമാക്കി വഞ്ചിക്കാൻ ഇനിയും ആരും കൂട്ടുനിൽക്കരുത്. ജാഗ്രതയോടെ പ്രവർത്തിക്കേണ്ട കാലമാണിത്. കേരളത്തിലെ ഒരു ജനവാസകേന്ദ്രവും കൃഷിഭൂമിയും തോട്ടവും ഇഎസ്എ എന്ന അനീതിയുടെ മുദ്ര ചാർത്തപ്പെടാൻ ഇടയാകാതിരിക്കാൻ മലയോരകർഷകരും കർഷകസംഘടനകളും രൂപതാസംവിധാനങ്ങളും സർക്കാരിനെ സഹായിക്കണം; സമ്മർദ്ദം ചെലുത്തണം. ഇനിയും മലയോര ജനത വഞ്ചിതരാകരുത്.

Latest Updates

POPULAR Views

FEATUERD Views

ആ പാലം പൊളിക്കരുത്

ഒരു ജനാധിപത്യരാജ്യത്ത് ജനങ്ങളെ സേവിക്കുന്ന ഒരു സേവനശൃംഖലയാണ് എന്‍ജിഒ എന്ന് നാം...

മനുഷ്യമഹത്വം ആഘോഷിക്കാം!

ദൈവത്തിന്റെ സൃഷ്ടിയിലെ ഏറ്റവും ശ്രേഷ്ഠമായ രൂപമാണ് മനുഷ്യൻ. ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും...

വിദ്യാഭ്യാസം: സമഗ്രമനുഷ്യനെ രൂപപ്പെടുത്തുന്ന പ്രക്രിയ

മനുഷ്യസമൂഹത്തിന്റെ വളർച്ചയുടെയും പുരോഗതിയുടെയും അടിസ്ഥാനശിലയാണ് വിദ്യാഭ്യാസം. അതിനാൽത്തന്നെ വിദ്യാഭ്യാസത്തെ കേവലം തൊഴിൽ...

സാക്ഷ്യം ആവശ്യപ്പെടുന്ന ദൈവവിളികൾ

ദൈവമനുഷ്യബന്ധത്തിന്റെ ചരിത്രത്തിൽ ഇഴചേർന്നുകിടക്കുന്ന ഒന്നാണ് ദൈവവിളി.ദൈവിക പദ്ധതി നടപ്പിലാക്കുന്നതിനുവേണ്ടി മനുഷ്യൻ തന്റെ...

ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട്: നീതിനിഷേധത്തിന്റെ കണക്കെടുപ്പും പ്രത്യാശയുടെ വെളിച്ചവും

കേരളത്തിലെ ക്രൈസ്തവരും വിശിഷ്യ സീറോമലബാർസഭയും കാലങ്ങളായി ഉയർത്തുന്ന നീതിക്കായുള്ള നിലവിളികൾക്കു ഭരണഘടനാപരമായ...

യുദ്ധകാലത്തെ നോമ്പ്: മാനസാന്തരത്തിലേക്കും ഉത്തരവാദിത്തത്തിലേക്കുമുള്ള വിളി

ധ്യാനത്തിനും മാനസാന്തരത്തിനും നവീകരണത്തിനുമായി തിരുസഭ നല്കുന്ന വലിയനോമ്പെന്ന പുണ്യകാലത്തിലേക്കു നമ്മൾ പ്രവേശിച്ചിരിക്കുകയാണ്....

നന്മ നഷ്ടപ്പെടുന്ന കേരളം

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ ഇന്ന് നടമാടിക്കൊണ്ടിരിക്കുന്ന സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ...

കൂട്ടായ്മയില്‍ ശക്തിപ്പെടാം!

സീറോമലബാര്‍സഭയില്‍ 2026 സമുദായശക്തീകരണ വര്‍ഷമായി ആചരിക്കുകയാണല്ലോ? സാമൂഹ്യസാംസ്‌കാരിക വിദ്യാഭ്യാസമേഖലകളില്‍  പലവിധകാരണങ്ങളാല്‍ പിന്തള്ളപ്പെട്ടുപോകുന്ന...

പ്രത്യാശയോടെ ഐക്യത്തിൽ മുന്നോട്ട്

രണ്ടു മഹാസംഭവങ്ങളുടെ അനുസ്മരണാവസരമാണു നമ്മൾ പിന്നിടുന്നത്: നമ്മുടെ കർത്താവിന്റെ മനുഷ്യാവതാരത്തിന്റെ 2025ാം...

ശ്രവിക്കുന്ന സഭയില്‍ ഒരുമിച്ചു നടക്കാം!

ചരിത്രത്തില്‍ സഭയെപ്പോലെ ഇത്ര ദൃശ്യമായതും അത്രതന്നെ തെറ്റിദ്ധരിക്കപ്പെട്ടതുമായ സംവിധാനങ്ങള്‍ വളരെ കുറവാണ്....

വിശുദ്ധരും വിശുദ്ധിയും: പുതിയ നിർവചനങ്ങളും മാതൃകകളും

ക്രൈസ്തവസഭയുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നത്, വിശുദ്ധി ഒരു പ്രത്യേക വിഭാഗത്തിനുമാത്രം നൽകിയ...

സീറോമലബാർസഭയുടെ ചരിത്രവഴികളിലെ സുവർണവെളിച്ചം

സീറോമലബാർസഭയുടെ നാൾവഴികളിൽ സുവർണലിപികളിൽ എഴുതപ്പെടുന്ന ചരിത്രത്തിന്റെ ഒരു പുതിയ അധ്യായമാണ് ആഗസ്റ്റ്...