ക്രൈസ്തവസഭയുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നത്, വിശുദ്ധി ഒരു പ്രത്യേക വിഭാഗത്തിനുമാത്രം നൽകിയ അനുഗ്രഹമല്ല, ദൈവം ഓരോ കാലത്തും സാധാരണ മനുഷ്യരിൽനിന്നു വിശുദ്ധരെ ഉയർത്തി സഭയ്ക്കും ലോകത്തിനും വഴികാട്ടികളാക്കിത്തരുന്നുവെന്നതാണ്. നമ്മുടെ കാലഘട്ടത്തിലും സഭയിലൂടെ ദൈവം സമ്മാനിച്ചിരിക്കുന്ന രണ്ടു മഹത്തായ യുവവിശുദ്ധരായ കാർലോ അക്ക്യുറ്റിസും പിയർ ജോർജോ ഫ്രസാത്തിയും ഇന്നത്തെ വിശ്വാസികൾക്കു മാത്രമല്ല, മനുഷ്യകുലത്തിനാകെത്തന്നെ ഒരു പ്രചോദനമാണ്.
2006ൽ വെറും 15 ാം വയസ്സിൽ തന്റെ ഭൗമികജീവിതം അവസാനിപ്പിച്ച കാർലോ അക്ക്യുറ്റിസ്, വിശുദ്ധ കുർബാന സ്വർഗത്തിലേക്കുള്ള ഹൈവേയാണ് എന്നു പറഞ്ഞുകൊണ്ട് വിശുദ്ധ കുർബാനയുടെ കേന്ദ്രസ്ഥാനത്തെ ലോകത്തിനുമുമ്പിൽ ഉയർത്തിക്കാണിച്ചു. കമ്പ്യൂട്ടറുകളും ഇന്റർനെറ്റും കൈവശമുണ്ടായിരുന്നെങ്കിലും അവയെ വിനോദത്തിനും പ്രായോഗിക ആവശ്യങ്ങൾക്കുമാത്രം ഉപയോഗിക്കാതെ, ദൈവത്തിന്റെ മഹത്വം പ്രഘോഷിക്കാനും വിശുദ്ധ കുർബാനയുടെ അത്ഭുതങ്ങൾ ലോകമെമ്പാടുമുള്ളവർക്ക് പരിചയപ്പെടുത്താനുമാണ് അദ്ദേഹം വിനിയോഗിച്ചത്. കാർലോ നമ്മെ പഠിപ്പിക്കുന്നത് പരിശുദ്ധി വയസ്സിന്റെ കാര്യമല്ലെന്നും ദൈവത്തെ സ്നേഹിക്കുന്ന ഹൃദയംതന്നെയാണ് അതിന്റെ അടിസ്ഥാനം എന്നുമാണ്. വിശുദ്ധ കുർബാനയുമായി ദിനംപ്രതി ബന്ധപ്പെട്ടു ജീവിച്ചിരുന്ന കാർലോ തന്റെ ജീവിതത്തിലൂടെ തെളിയിച്ചതു, ക്രിസ്തുവിന്റെ സാന്നിധ്യം നമ്മുടെ സാധാരണ ജീവിതത്തിലും ഡിജിറ്റൽ ലോകത്തിലും സജീവമാക്കാമെന്നതാണ്; അതു സാധാരണ ജീവിതത്തിന്റെ സന്തോഷങ്ങളെ തടസപ്പെടുത്തുന്നില്ല എന്നും.
വിശുദ്ധ പിയർ ജോർജോ ഫ്രസാത്തിയുടെ ജീവിതമന്ത്രം “verso l’alto – മുകളിലേക്ക്” എന്നതായിരുന്നു. മലകയറലും സുഹൃത്തുക്കളുമൊത്ത് കളിയും അദ്ദേഹത്തിന്റെ യുവജീവിതത്തിന്റെ ഭാഗമായിരുന്നെങ്കിലും, ഏറ്റവും വലിയ സന്തോഷം അദ്ദേഹം കണ്ടെടുത്തത് ദരിദ്രരോടൊപ്പം കരുണയോടെ ഇടപെട്ടുകൊണ്ടാണ്. ദൈവത്തോട് അടുപ്പവും മനുഷ്യരോടുള്ള കരുണയും അദ്ദേഹത്തിന്റെ ജീവിതത്തെ മഹത്വവൽക്കരിച്ചു. ഇരുപതാം വയസ്സിൽ തന്നെ വിടപറഞ്ഞുവെങ്കിലും ഫ്രസാത്തി ഇന്നും ലോകത്തെ പഠിപ്പിക്കുന്നത് യുവജീവിതം സേവനത്തിലൂടെയും സ്നേഹത്തിലൂടെയും സാമൂഹികനീതിയിലൂടെയും മഹത്വവൽക്കരിക്കപ്പെടണം എന്നതാണ്.
ഇന്നത്തെ കാലത്ത് യുവജനങ്ങൾ പലവിധ ആകർഷണങ്ങളാലും പരീക്ഷണങ്ങളാലും ദൈവത്തിൽനിന്നും ആത്മീയജീവിതത്തിൽനിന്നും അകന്നുപോകുന്ന സാഹചര്യമാണുള്ളത്. .നമ്മുടെ സമൂഹം ഇന്ന് ഉപഭോഗവാദം, സ്വാർത്ഥത, സുഖാന്വേഷണം എന്നിവ കൊണ്ടു വിഴുങ്ങപ്പെടുമ്പോൾ, വേഗതയേറിയ ജീവിതശൈലിയും സാങ്കേതികവിദ്യയുടെ അതിരുകടന്ന ഉപയോഗവും ആസ്വാദനത്തെയും ലൗകികവിജയത്തെയുംമാത്രം കണക്കിലെടുക്കുന്ന സംസ്കാരവും പലരെയും ദൈവാനുഭവത്തിൽനിന്ന് വിട്ടുമാറാൻ പ്രേരിപ്പിക്കുന്നു. പ്രാർത്ഥനയും വിശുദ്ധ കുർബാനയും ആത്മീയചിന്തകളും ഒഴിവാക്കി, സാമൂഹിക മാധ്യമങ്ങളുടെയും ഉപഭോഗവാദത്തിന്റെയും ലോകത്തു കുടുങ്ങിപോകുന്ന ഈ അവസ്ഥയിൽ, ലോകത്തിലായിരുന്നുകൊണ്ടുതന്നെ എപ്രകാരം വിശുദ്ധരായി ജീവിക്കാമെന്ന് ഈ വിശുദ്ധർ നമ്മെ പഠിപ്പിക്കുന്നു. കാർലോയും ഫ്രസാത്തിയും നമ്മോടു പറയുന്നത് വിശുദ്ധ കുർബാനയെ ജീവിതത്തിന്റെ ഹൃദയമാക്കാനും, ഡിജിറ്റൽ ലോകത്ത് വിശ്വാസത്തിന്റെ സാക്ഷ്യംനൽകാനും ദരിദ്രരോടും ദുരിതാനുഭവിക്കുന്നവരോടും കരുണകാണിക്കാനുമാണ്. അവരുടെ ഈ സന്ദേശം നമ്മുടെ കാലഘട്ടത്തിലെ കൈ്രസ്തവജീവിതത്തിനു പ്രായോഗികമായ ദിശാബോധം നല്കുന്നു.
അവരുടെ മാതൃക പിന്തുടർന്ന്, നമ്മുടെ കുടുംബങ്ങളും യുവജനങ്ങളും സമൂഹവും വിശ്വാസത്തിൽ പുതുചൈതന്യം സ്വീകരിക്കട്ടെ. വിശുദ്ധ പൗലോസ് തന്റെ പ്രിയ ശിഷ്യനായ തിമൊത്തെയോസിനു നൽകുന്ന ഉപദേശം നമുക്കെല്ലാവർക്കും പ്രത്യേകിച്ച് യുവജനങ്ങൾക്കുമുള്ളതാണ്: “ആരും നിന്റെ പ്രായക്കുറവിന്റെ പേരിൽ നിന്നെ അവഗണിക്കാൻ ഇടയാകരുത്. വാക്കുകളിലും പെരുമാറ്റത്തിലും സ്നേഹത്തിലും വിശ്വാസത്തിലും വിശുദ്ധിയിലും നീ വിശ്വസികൾക്കു മാതൃകയായിരിക്കുക” (1 തിമോ 4 :12 ).


