വിദ്യാഭ്യാസം: സമഗ്രമനുഷ്യനെ രൂപപ്പെടുത്തുന്ന പ്രക്രിയ

Published on

മനുഷ്യസമൂഹത്തിന്റെ വളർച്ചയുടെയും പുരോഗതിയുടെയും അടിസ്ഥാനശിലയാണ് വിദ്യാഭ്യാസം. അതിനാൽത്തന്നെ വിദ്യാഭ്യാസത്തെ കേവലം തൊഴിൽ നേടുന്നതിനുള്ള യോഗ്യതയായോ പരീക്ഷകളിൽ ഉന്നത വിജയം കൈവരിക്കുന്നതിനുള്ള മാർഗമായോ മാത്രം കാണാൻ കഴിയില്ല. യഥാർഥ വിദ്യാഭ്യാസം മനുഷ്യനെ സമഗ്രമായി രൂപപ്പെടുത്തുകയും അവന്റെ ബുദ്ധിയെയും ഹൃദയത്തെയും മനസ്സാക്ഷിയെയും ഒരുപോലെ വളർത്തുകയും ചെയ്യുന്നതാണ്.

ഇന്നത്തെ ലോകം അതിവേഗ മാറ്റങ്ങളിലൂടെ കടന്നുപോകുകയാണ്. സാങ്കേതികവിദ്യയുടെ വളർച്ചയും വിവരങ്ങളുടെ പ്രളയവും മനുഷ്യന് അനന്തമായ സാധ്യതകൾ തുറന്നുകൊടുക്കുമ്പോൾ, അതോടൊപ്പം മൂല്യച്യുതിയുടെയും വ്യക്തികേന്ദ്രീകൃത ജീവിതശൈലിയുടെയും വെല്ലുവിളികളും ഉയർത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ വിദ്യാഭ്യാസം അറിവ് പകരുന്നതിലുപരി വിവേകം വളർത്തുകയും സത്യവും നന്മയും തിരിച്ചറിയാനുള്ള കഴിവു നല്കുകയും വേണം.

കത്തോലിക്കാ സഭ എന്നും വിദ്യാഭ്യാസത്തെ ഒരു വിശുദ്ധ ദൗത്യമായി കണ്ടിട്ടുണ്ട്. വിദ്യാർഥികളെ മികച്ച പ്രൊഫഷണലുകളാക്കുന്നതിനേക്കാൾ നല്ല മനുഷ്യരാക്കുക എന്നതാണ് ക്രൈസ്തവ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. കരുണയും നീതിബോധവും സാമൂഹിക ഉത്തരവാദിത്വവും ദൈവവിശ്വാസവും ജീവിതത്തിൽ വളർത്തിയെടുക്കാൻ സഹായിക്കുന്നതാണ് യഥാർഥ വിദ്യാഭ്യാസം. കുടുംബം, വിദ്യാലയം, സമൂഹം എന്നീ മൂന്നു ഘടകങ്ങളും വിദ്യാഭ്യാസപ്രക്രിയയിൽ നിർണായക പങ്കുവഹിക്കുന്നു. മാതാപിതാക്കൾ കുട്ടികളുടെ ആദ്യ അധ്യാപകരാണ്. അധ്യാപകർ അറിവിന്റെ വെളിച്ചം പകരുന്ന വഴികാട്ടികളാണ്. സമൂഹം വിദ്യാഭ്യാസത്തിന്റെ ഫലങ്ങൾ അനുഭവിക്കുകയും അതിനെ പിന്തുണയ്ക്കുകയും ചെയ്യുന്ന വലിയ വേദിയാണ്. ഇവരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് ഒരു നല്ല തലമുറ രൂപപ്പെടുന്നത്. വിദ്യാഭ്യാസരംഗത്ത് വലിയ നേട്ടങ്ങൾ കൈവരിച്ചിരിക്കുന്ന നമ്മുടെ സമൂഹം, അതിന്റെ ആത്മീയവും ധാർമികവുമായ അടിത്തറ കൂടുതൽ ശക്തിപ്പെടുത്തേണ്ട സമയമാണിത്. അറിവിനൊപ്പം മൂല്യങ്ങളും, കഴിവുകൾക്കൊപ്പം കരുണയും, വിജയത്തിനൊപ്പം സേവനമനോഭാവവും വളർത്തിയെടുക്കുമ്പോഴാണ് വിദ്യാഭ്യാസം അതിന്റെ യഥാർഥ ലക്ഷ്യം സാക്ഷാത്കരിക്കുന്നത്.

കൃത്രിമ ബുദ്ധിയുടെ കാലഘട്ടത്തിൽ മനുഷ്യമഹത്വത്തെ സംരക്ഷിക്കുന്നതിനെക്കുറിച്ചുള്ള തന്റെ ആദ്യ ചാക്രികലേഖനത്തിൽ പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ പാപ്പാ ഇന്നു വിദ്യാഭ്യാസരംഗം അഭിമുഖീകരിക്കുന്ന അടിയന്തരവും ഗൗരവമേറിയതുമായ അനേകം വെല്ലുവിളികളെക്കുറിച്ചു പരാമർശിക്കുന്നതിനുമുൻപ് വിദ്യാലയങ്ങളുടെ പ്രാധാന്യത്തെയും വിദ്യാലയങ്ങൾ തെരഞ്ഞെടുക്കുന്നതിൽ മാതാപിതാക്കൾ പ്രദർശിപ്പിക്കേണ്ട ജാഗ്രതയെയുംകുറിച്ചു പറയുന്നുണ്ട്. പുതിയ തലമുറകൾക്കു സത്യത്തെ അന്വേഷിക്കാനും സ്നേഹിക്കാനും ജീവിതത്തിന്റെ അർഥത്തെക്കുറിച്ച് ചിന്തിക്കാനും ഓരോ വ്യക്തിയുടെയും അന്തസ്സും മഹത്വവും തിരിച്ചറിയാനും പഠിക്കാൻ കഴിയുന്ന സ്ഥലമാണ് വിദ്യാലയം. അതുകൊണ്ടുതന്നെ, ബന്ധങ്ങൾ സൃഷ്ടിക്കാനുള്ള കഴിവും വിമർശനാത്മക ചിന്താശേഷിയും ദൃഢമായ മൂല്യങ്ങളും സ്വന്തമാക്കി തങ്ങളുടെ മക്കൾ വളരണമെന്ന് ആഗ്രഹിക്കുന്ന മാതാപിതാക്കൾ, തങ്ങളുടെ ധാർമിക, സാംസ്കാരിക, മതവിശ്വാസങ്ങളോട് യോജിച്ച രീതിയിൽ മക്കൾക്കു ലഭിക്കേണ്ട വിദ്യാഭ്യാസവും രൂപീകരണവും തിരഞ്ഞെടുക്കണമെന്നു പരിശുദ്ധ പിതാവ് ലെയോ മാർപാപ്പ മാതാപിതാക്കളെ ഓർമിപ്പിക്കുന്നു (നം. 143).

വിദ്യാഭ്യാസം ഹൃദയത്തെ പാകപ്പെടുത്തുന്ന ഇടമാകണം; ഇല്ലെങ്കിൽ അറിവു വർധിച്ചാലും മനുഷ്യൻ ചുരുങ്ങിപ്പോകും. മനുഷ്യത്വം നഷ്ടപെടുന്ന മനുഷ്യർ വരുത്തിവച്ചുകൊണ്ടിരിക്കുന്ന തിന്മയുടെ വേലിയേറ്റങ്ങളെ തടുക്കാൻ നന്മ നിറഞ്ഞ ഹൃദയങ്ങൾ പ്രതിരോധം തീർക്കണം. വിദ്യാഭ്യാസം സമൂഹത്തിൽ ഫലം നല്കുന്നത് അപ്പോഴാണ്. പുതിയ അധ്യയനവർഷം എല്ലാ വിദ്യാർഥികൾക്കും അധ്യാപകർക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപെട്ടു പ്രവർത്തിക്കുന്ന എല്ലാവർക്കും ദൈവാനുഗ്രഹം നിറഞ്ഞതാകട്ടെ!

Latest Updates

POPULAR Views

FEATUERD Views

സാക്ഷ്യം ആവശ്യപ്പെടുന്ന ദൈവവിളികൾ

ദൈവമനുഷ്യബന്ധത്തിന്റെ ചരിത്രത്തിൽ ഇഴചേർന്നുകിടക്കുന്ന ഒന്നാണ് ദൈവവിളി.ദൈവിക പദ്ധതി നടപ്പിലാക്കുന്നതിനുവേണ്ടി മനുഷ്യൻ തന്റെ...

ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട്: നീതിനിഷേധത്തിന്റെ കണക്കെടുപ്പും പ്രത്യാശയുടെ വെളിച്ചവും

കേരളത്തിലെ ക്രൈസ്തവരും വിശിഷ്യ സീറോമലബാർസഭയും കാലങ്ങളായി ഉയർത്തുന്ന നീതിക്കായുള്ള നിലവിളികൾക്കു ഭരണഘടനാപരമായ...

യുദ്ധകാലത്തെ നോമ്പ്: മാനസാന്തരത്തിലേക്കും ഉത്തരവാദിത്തത്തിലേക്കുമുള്ള വിളി

ധ്യാനത്തിനും മാനസാന്തരത്തിനും നവീകരണത്തിനുമായി തിരുസഭ നല്കുന്ന വലിയനോമ്പെന്ന പുണ്യകാലത്തിലേക്കു നമ്മൾ പ്രവേശിച്ചിരിക്കുകയാണ്....

നന്മ നഷ്ടപ്പെടുന്ന കേരളം

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ ഇന്ന് നടമാടിക്കൊണ്ടിരിക്കുന്ന സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ...

കൂട്ടായ്മയില്‍ ശക്തിപ്പെടാം!

സീറോമലബാര്‍സഭയില്‍ 2026 സമുദായശക്തീകരണ വര്‍ഷമായി ആചരിക്കുകയാണല്ലോ? സാമൂഹ്യസാംസ്‌കാരിക വിദ്യാഭ്യാസമേഖലകളില്‍  പലവിധകാരണങ്ങളാല്‍ പിന്തള്ളപ്പെട്ടുപോകുന്ന...

പ്രത്യാശയോടെ ഐക്യത്തിൽ മുന്നോട്ട്

രണ്ടു മഹാസംഭവങ്ങളുടെ അനുസ്മരണാവസരമാണു നമ്മൾ പിന്നിടുന്നത്: നമ്മുടെ കർത്താവിന്റെ മനുഷ്യാവതാരത്തിന്റെ 2025ാം...

ശ്രവിക്കുന്ന സഭയില്‍ ഒരുമിച്ചു നടക്കാം!

ചരിത്രത്തില്‍ സഭയെപ്പോലെ ഇത്ര ദൃശ്യമായതും അത്രതന്നെ തെറ്റിദ്ധരിക്കപ്പെട്ടതുമായ സംവിധാനങ്ങള്‍ വളരെ കുറവാണ്....

വിശുദ്ധരും വിശുദ്ധിയും: പുതിയ നിർവചനങ്ങളും മാതൃകകളും

ക്രൈസ്തവസഭയുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നത്, വിശുദ്ധി ഒരു പ്രത്യേക വിഭാഗത്തിനുമാത്രം നൽകിയ...

സീറോമലബാർസഭയുടെ ചരിത്രവഴികളിലെ സുവർണവെളിച്ചം

സീറോമലബാർസഭയുടെ നാൾവഴികളിൽ സുവർണലിപികളിൽ എഴുതപ്പെടുന്ന ചരിത്രത്തിന്റെ ഒരു പുതിയ അധ്യായമാണ് ആഗസ്റ്റ്...

സ്വാതന്ത്ര്യം തടവിലാക്കപ്പെടുമ്പോൾ

2025 ആഗസ്റ്റ് 15ന് നമ്മുടെ മാതൃരാജ്യം വൈദേശികാടിമത്തത്തിൽനിന്നു സ്വതന്ത്രയായതിന്റെ 78ാം വാർഷികം...

കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ!

പന്ത്രണ്ട് അപ്പസ്തോലന്മാരിൽ ഒരുവനായിരുന്ന തോമസ് തന്റെ വിശ്വാസപ്രഖ്യാപനത്തിലൂടെ ഒരു ജനതയുടെ പിതൃസ്ഥാനത്തേക്ക്...

ആഗോളസഭയ്ക്ക് ഒരു പുതിയ പ്രഭാതം ലെയോ പതിനാലാമൻ പാപ്പ

2025 മെയ് 8 എന്ന ചരിത്രദിനത്തിൽ സിസ്റ്റെയിൻ ചാപ്പലിനുമുകളിലെ പുകക്കുഴലിൽനിന്നു വെളുത്ത...