രണ്ടു മഹാസംഭവങ്ങളുടെ അനുസ്മരണാവസരമാണു നമ്മൾ പിന്നിടുന്നത്: നമ്മുടെ കർത്താവിന്റെ മനുഷ്യാവതാരത്തിന്റെ 2025ാം വാർഷികവും എ ഡി 325 ൽ ഏക കർത്താവിലുള്ള വിശ്വാസം സഭകൾ ഒരുമിച്ചു പ്രഖ്യാപിച്ച നിഖ്യാ സൂനഹദോസിന്റെ 1700ാം വാർഷികവും. ആഗോളതലത്തിൽ സഭാകൂട്ടായ്മയുടെ സാധ്യതകൾ തുറന്നിടുന്ന സംഗമമാണ് പരിശുദ്ധ പിതാവു ലെയോ പതിനാലാമൻ മാർപാപ്പയുടെ സാന്നിധ്യത്തിൽ തുർക്കിയിലെ സുനദോസിന്റെ മണ്ണിൽ നടന്നത്.
“ആകാശത്തിനു കീഴിൽ മനുഷ്യരുടെ ഇടയിൽ നമ്മുടെ രക്ഷക്കുവേണ്ടി മറ്റൊരു നാമവും നൽകപ്പെട്ടിട്ടില്ല” (അപ്പ. 4 :12 ) എന്ന ആദിമസഭയുടെ വിശ്വാസപ്രഖ്യാപനം മനുഷ്യാവതാരരഹസ്യത്തിന്റെ ഉൾക്കാമ്പായിരുന്നു. ദൈവം മനുഷ്യനായി അവതരിച്ചു ചരിത്രത്തിന്റെ ഭാഗമായതു മനുഷ്യനെയും ചരിത്രത്തെയും അതിന്റെ പരിമിതികളിൽനിന്നു മോചിപ്പിച്ചുദൈവികമായ സ്വാതന്ത്ര്യത്തിലേക്കു വഴിനടത്തുന്നതിനാണ്. “അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി, ഭൂമിയിൽ സന്മനസ്സുള്ളവർക്കു സമാധാനം!’ എന്ന മാലാഖമാരുടെ കീർത്തനം മനുഷ്യാവതാരത്തിന്റെ സാർവത്രികതയെ സൂചിപ്പിക്കുന്നു. സഹസ്രാബ്ദങ്ങൾക്കുശേഷവും ഈശോ എന്ന നാമവും ഈശോയുടെ സഭയും ഈശോയുടെ ഈ ഭൂമിയിലെ പ്രതിപുരുഷനും മാറ്റിനിറുത്തപ്പെടാനാവാത്ത യാഥാർഥ്യങ്ങളായി ഇന്നും നിലകൊള്ളുന്നു.
നിഖ്യാ സൂനഹദോസു വിളിച്ചുകൂട്ടിയത് ഭരണപരമായ കാര്യങ്ങൾ ഏകീകരിക്കുന്നതിനുവേണ്ടിയായിരുന്നില്ല, മറിച്ചു സഭയുടെ വിശ്വാസസത്യം സംരക്ഷിക്കുന്നതിനും അതുവഴി സഭാപരമായ ഐക്യം ഉറപ്പിക്കുന്നതിനുമായിരുന്നു. ഈശോമിശിഹാ ആരാണ് എന്നതായിരുന്നു പ്രശ്നത്തിന്റെ കാതൽ. പുത്രൻ “പിതാവിനോട് ഒരേ സത്തയുള്ളവൻ’ എന്ന് ഉറപ്പിച്ചുപറഞ്ഞുകൊണ്ട്, ക്രിസ്തുവിന്റെ ദൈവത്വത്തെക്കുറിച്ചുള്ള സാർവത്രികസഭയുടെ വിശ്വാസത്തെ കൗൺസിൽ പ്രഖ്യാപിച്ചു. നിഖ്യാ വിശ്വാസപ്രമാണം ക്രൈസ്തവവിശ്വാസത്തിന്റെ ആദ്യത്തെ ഔപചാരികവും കാലദേശങ്ങൾക്കതീതമായി എല്ലാ വിശ്വാസികൾക്കും ബാധകമായ വിശ്വാസത്തിന്റെ പ്രഖ്യാപനമായി മാറി. ഈ അർഥത്തിൽ, നിഖ്യാ സൂനഹദോസു സഭയുടെ വിശ്വാസത്തിനു ശബ്ദംനല്കിയെന്ന് പറയുന്നതു തികച്ചും അർഥപൂർണമാണ്.
സിനഡൽ കൂട്ടായ്മയുടെ ചലനാത്മകതയ്ക്ക് നിഖ്യാ സൂനഹദോസ് ഉദാഹരണമാണ്. സിനഡുപിതാക്കന്മാരുടെ കൂട്ടായ വിവേചനം വെറും മാനുഷികമായ ചർച്ചയായിരുന്നില്ല, മറിച്ച് ആത്മാവിന്റെ മാർഗ്ഗനിർദ്ദേശത്തിലുള്ള പങ്കാളിത്തമായിരുന്നു. “പരിശുദ്ധാത്മാവിനും ഞങ്ങൾക്കും ഇത് നല്ലതായി തോന്നി” (അപ്പ. 5:28) എന്ന തുറവിയുടെ പ്രകടനം. ആഴത്തിലുള്ള, ഭിന്നിപ്പിക്കുന്ന പ്രതിസന്ധികളുടെ സാഹചര്യത്തിൽ നിഖ്യാ സൂനഹദോസ് സ്വീകരിച്ച പ്രശ്നപരിഹാരശൈലി വർത്തമാനകാലത്തിന്റെ സങ്കീർണതകളെ നേരിടാൻ നമ്മളും സ്വായത്തമാക്കേണ്ടതിന്റെ ആവശ്യകത കൂടുതൽ ശക്തമായി ഉയർന്നുവരുന്നു. സിനഡൽ ചൈതന്യത്തിൽ സഹോദര്യത്തോടെ ഒരുമിച്ചുകൂടാനും കൂട്ടായ്മയിൽ പ്രാർഥിക്കാനും തുറവിയോടെ സംവദിക്കാനും സാധിച്ചാൽ സങ്കീർണ്ണമായ മത, സാമൂഹിക, രാഷ്ട്രീയ, വെല്ലുവിളികൾ നേരിടുന്ന നിലവിലെ സാഹചര്യത്തിൽ, ബാഹ്യസമ്മർദ്ദങ്ങളും ആഭ്യന്തരഭിന്നതകളും നമ്മെ ദുർബലപ്പെടുത്താതിരിക്കുന്നതിനും നമ്മെ ഭരമേല്പിച്ചിരിക്കുന്ന ദൈവജനത്തിന്റെ സമഗ്രമായ സുസ്ഥിതി ഉറപ്പാക്കുന്നന്നതിനും സഹായമാകും എന്നുറപ്പാണ്.
മനുഷ്യാവതാരത്തിന്റെ മഹനീയഫലങ്ങൾ പുറപ്പെടുവിക്കുന്ന ഒരു വിശ്വാസസമൂഹമായി ലോകമാസകലമുള്ള ക്രൈസ്തവർ മാറുന്നതിനു കാരണവും പ്രേരകശക്തിയുമായിമാറുന്നതു മനുഷ്യനായി അവതരിച്ച ഏക കർത്താവിലുള്ള വിശ്വാസമാണ്. സംവിധാനങ്ങൾക്കും ഭരണക്രമങ്ങൾക്കും അധികാരനിർവചനങ്ങൾക്കും അതീതമായി ഈശോയും അവിടുത്തെ സുവിശേഷവും പ്രഥമസ്ഥാനത്ത് എത്തിയാൽ അത് എെക്യത്തിലേക്കുള്ള തെറ്റാത്ത വഴിയാകും. നിഖ്യാ സൂനഹദോസിൽ പങ്കെടുത്ത സഭാപിതാക്കന്മാരുടെ വിശ്വാസപ്രതിബദ്ധതയും കാഴ്ചപ്പാടുകളിലെ വിശാലതയും ദീർഘവീക്ഷണവും ഈ കാലഘട്ടത്തിൽ ഓരോ കൈ്രസ്തവനും പഠിക്കേണ്ട പാഠങ്ങളായി കണക്കാക്കി ഏക കർത്താവിലുള്ള വിശ്വാസം പ്രഘോഷിച്ചുകൊണ്ടു പ്രത്യാശയോടെ ഐക്യത്തിന്റെ വഴിയിൽ സുവിശേഷചൈതന്യത്തിൽ നമുക്കു യാത്ര തുടരാം!



