സീറോമലബാർസഭയുടെ നാൾവഴികളിൽ സുവർണലിപികളിൽ എഴുതപ്പെടുന്ന ചരിത്രത്തിന്റെ ഒരു പുതിയ അധ്യായമാണ് ആഗസ്റ്റ് 28 നു സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവു നടത്തിയ പ്രഖ്യാപനങ്ങൾ. 33 ാമത് സിനഡിന്റെ രണ്ടാം സമ്മേളനത്തിന്റെ സമാപനദിവസത്തിനു തൊട്ടുമുമ്പു നടത്തിയപൊതുസമ്മേളനത്തിൽ ബൽത്തങ്ങടി, അദിലാബാദ് രൂപതകൾക്കു പുതിയ മേലധ്യക്ഷന്മാരെ നല്കിയതിനു പുറമെ സുപ്രധാനമായ രണ്ടു അറിയിപ്പുകളാണ് മേജർ ആർച്ചുബിഷപു സിനഡുപിതാക്കന്മാരുടെ സാന്നിധ്യത്തിൽ നടത്തിയത്: ഒന്ന്, സീറോമലബാർസഭയ്ക്കു കേരളത്തിനുപുറത്തു നാലു പ്രോവിൻസുകൾ; രണ്ട്, ഷംഷാബാദ് രൂപതയുടെ അതിർത്തിയിൽ വരുന്ന ഭാഗങ്ങൾ പങ്കിട്ടുകൊടുത്തുകൊണ്ട് പതിനൊന്നു രൂപതകളുടെ അതിർത്തി പുന:ക്രമീകരണം.
1992 ഡിസംബർ 16 ാം തീയതി വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പ സീറോമലബാർ ഹയരാർക്കിയെ സ്വയംഭരണാവകാശമുള്ള ഒരു മേജർ ആർക്കിഎപ്പിസ്ക്കോപ്പൽ സ്ഥാനത്തേക്ക് ഉയർത്തിയതോടെയാണ് ഒരു അപ്പസ്തോലികസഭയായ സീറോമലബാർസഭയ്ക്കു കാനോനികമായ സംവിധാനം നിലവിൽവരുന്നത്. അന്നു നിലവിലുണ്ടായിരുന്ന എറണാകുളം ചങ്ങനാശ്ശേരി അതിരൂപതകളുടെ അതിർത്തികൾക്കുള്ളിൽ സഭയുടെ അതിർത്തി കേരളത്തിൽ പരിമിതപ്പെടുത്തി നിശ്ചയിക്കപ്പെട്ടു. കേരളത്തിനുപുറത്ത് 1962 മുതൽ സ്ഥാപിതമായ രൂപതകൾ നിലനില്ക്കുമ്പോഴായിരുന്നു അവയെ ഉൾപ്പെടുത്താതെ ഈ അതിർത്തിനിർണയം നടന്നത്.
പിന്നീട് 2017 ഒക്ടോബർ ഒമ്പതിനു തന്റെ പ്രത്യേകമായ ഇടപെടൽവഴി സീറോമലബാർസഭയുടെ അതിർത്തി ഭാരതംമുഴുവനിലേക്കും വ്യാപിപ്പിക്കാൻ പരിശുദ്ധപിതാവ് ഫ്രാൻസിസ് മാർപാപ്പ തീരുമാനിച്ചപ്പോൾ അതിന്റെ പ്രായോഗിക നടപടിയായി ഷംഷാബാദ്, ഹൊസൂർ എന്നീ രൂപതകൾ സ്ഥാപിക്കപ്പെടുകയും രാമനാഥപുരം, തക്കല രൂപതകളുടെ അതിർത്തികൾ വ്യാപിപ്പിക്കുകയും ചെയ്തു. അങ്ങനെ സീറോമലബാർസഭയുടെ അതിർത്തി (Proper Territory) ഭാരതം മുഴുവനിലുമായി നിശ്ചയിക്കപ്പെട്ടു.
23 സംസ്ഥാനങ്ങളിലും നാലു കേന്ദ്രഭരണപ്രദേശങ്ങളിലും രണ്ടു ദ്വീപുകളിലുമായി വ്യാപിച്ചുകിടന്ന ഷംഷാബാദ് രൂപതയുടെ വിശാലമായ പ്രവർത്തനമേഖല സമീപത്തുള്ള മറ്റു രൂപതകൾക്കു പങ്കിട്ടുകൊടുത്തുകൊണ്ട് അജപാലന സുവിശേഷവത്ക്കരണ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുക എന്നതിനുള്ള പരിശ്രമമാണ് പിന്നീടു നടത്തിയത്. മേജർആർച്ചുബിഷപ് എമിരറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് ആരംഭിച്ച നടപടികൾ പിതാവിന്റെ ഭരണകാലത്തുതന്നെ അന്തിമഘട്ടത്തിലെത്തുകയും ചെയ്തിരുന്നു. 2024 ജനുവരി 11 ാം തീയതി ഷംഷാബാദ് രൂപതയുടെ മെത്രാനായിരുന്ന മാർ റാഫേൽ തട്ടിൽ പിതാവ് സഭയുടെ അമരക്കാരനായി വന്നപ്പോൾ പ്രോവിൻസുകളുടെ രൂപീകരണവും രൂപതകളുടെ പുന:ക്രമീകരണവും അടിയന്തരപ്രാധാന്യമുള്ള വിഷയങ്ങളായി നിശ്ചയിച്ചു. പൗരസ്ത്യസഭകൾക്കായുളള ഒരു കാര്യാലയവുമായി പലവട്ടം ചർച്ചകൾ നടത്തുകയും പുതിയ സംവിധാനങ്ങളുടെ ആവശ്യകതയെക്കുറിച്ചു വ്യക്തമായ റിപ്പോർട്ടുകൾ നല്കുകയും ചെയ്തു. അതിന്റെ ഫലമായി രൂപതകളുടെ അതിർത്തിമാറ്റുന്നതിനുള്ള സമ്മതം പരിശുദ്ധ സിംഹാസനം നൽകി. കേരളത്തിനു പുറത്തു നാലു പുതിയ പ്രോവിൻസുകൾ തുടങ്ങാനുള്ള സിനഡുതീരുമാനത്തിനും പരിശുദ്ധസിംഹാസനത്തിന്റെ അംഗീകാരം ലഭിച്ചതോടെ മേജർ ആർച്ച്ബിഷപ് ഇത് സംബന്ധിച്ച ഉത്തരവുകൾ നൽകുകയുണ്ടായി. അതുവഴി സഭയുടെ ഭരണസംവിധാനങ്ങളുടെ വിപുലീകരണത്തിൽ ഒരു നിർണായകഘട്ടമാണ് പിന്നിടാൻ സാധിച്ചത്.
ഭാരതം മുഴുവനിലും മാത്രമല്ല ലോകമെമ്പാടും സീറോമലബാർസഭയുടെ സാന്നിധ്യം വിശ്വാസപ്രഘോഷണത്തിനും വിശ്വാസസാക്ഷ്യത്തിനും ഉതകുന്നരീതിയിൽ വ്യാപിച്ചുവരുന്ന കാലഘട്ടമാണ് ഇത്. സഭയിലെ അംഗങ്ങളായ പതിനായിരക്കണക്കിന് വൈദികരും സിസ്റ്റേഴ്സും ലോകമെങ്ങും ചെയ്യുന്ന ശുശ്രൂഷകൾക്കുളള അംഗീകാരമാണ് സഭയുടെ സംവിധാനങ്ങൾ വിപുലീകരിക്കാനുള്ള സിനഡുതീരുമാനത്തിന് പരിശുദ്ധസിംഹാസനം നല്കിയ അംഗീകാരം എന്നത് എടുത്തുപറയേണ്ടതാണ്. സീറോമലബാർസഭയുടെ അജപാലന സുവിശേഷവത്ക്കരണ സാധ്യതകൾക്കുള്ള പ്രോത്സാഹനവും അവ ഫലപ്രദമായി വിനിയോഗിക്കാനുള്ള ആഹ്വാനവും പരിശുദ്ധപിതാവ് ലെയോ മാർപാപ്പയുടെ ഈ കരുതലിൽ നമ്മൾ വായിച്ചെടുക്കണം. ഫരീദാബാദ്, ഉജ്ജയ്ൻ, കല്യാൺ, ഷംഷാബാദ് എന്നീ പുതിയ പ്രോവിൻസുകളും അവയുടെ മെത്രാപ്പോലീത്തമാരും സഭയുടെ സുവിശേഷാത്മക പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ആവശ്യമായ കരുത്തുനല്കുമെന്നു പ്രതീക്ഷിക്കാം.
സീറോമലബാർസഭയുടെ ചരിത്രം സുവർണലിപികളാൽ രചിക്കപ്പെട്ടതല്ല. പ്രശ്നങ്ങളുടെയും പ്രതിസന്ധികളുടെയും നടുവിൽ അതിജീവനത്തിനുവേണ്ടി സഹനങ്ങൾ ഏറ്റെടുക്കേണ്ടിവന്ന ഒരു സഭാസമൂഹമാണിത്. പ്രതിസന്ധികൾ അടയാളപ്പെടുത്തിയ വഴികളിലൂടെ യാത്രചെയ്തപ്പോഴും കാർമേഘങ്ങൾക്കിടയിലും സുവർണവെളിച്ചം എന്നും ദൃശ്യമായിരുന്നു. പ്രശ്നങ്ങളും പ്രതിസന്ധികളും സീറോമലബാർസഭയെ തളർത്തുകയില്ലെന്നും അവ പരിഹരിച്ചു കൂടുതൽ കരുത്തോടെ ദൈവരാജ്യസ്ഥാപനത്തിനായി പ്രവർത്തിക്കണമെന്നുമാണ് ഈ കാലഘട്ടത്തിന്റെ ഓർമപ്പെടുത്തൽ. പരിശുദ്ധ മാർപാപ്പയും ആഗോളസഭയും സീറോമലബാർസഭയുടെ സംവിധാനങ്ങളെയും സാധ്യതകളെയും സുവിശേഷവൽക്കരണത്തിനുവേണ്ടി പ്രതീക്ഷയോടെ നോക്കുന്നു. കാഴ്ചപ്പാടുകൾ വിശാലമാക്കി കർമനിരതരാകേണ്ടത് ഓരോ സീറോമലബാർസഭാംഗവുമാണ്. അതിനുള്ള ആഹ്വാനവും പ്രചോദനവുമാണ് ഇപ്പോൾ കാണുന്ന ഈ സുവർണവെളിച്ചം!


