സീറോമലബാര്‍സഭയുടെ മേജര്‍ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്താമാര്‍ക്കും മെത്രാന്മാര്‍ക്കും വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും തന്റെ അജപാലനശുശ്രൂഷയ്ക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന എല്ലാ ദൈവജനത്തിനും എഴുതുന്നത്. കര്‍ത്താവിന്റെ കൃപ നിങ്ങളെല്ലാവരോടുംകൂടെ ഉണ്ടായിരിക്കട്ടെ!
ഈശോമിശിഹായില്‍ പ്രിയ സഹോദരീസഹോദരന്മാരേ,
നമ്മുടെ പിതാവായ മാര്‍തോമാശ്ലീഹായുടെ ദുക്‌റാനതിരുനാള്‍ ഒരിക്കല്‍കൂടി നമ്മള്‍ ആഘോഷിക്കുകയാണ്. ‘നമുക്കും അവനോടൊപ്പം പോയി മരിക്കാം’ (യോഹ. 11:16) എന്നു പറഞ്ഞുകൊണ്ട് ഭയചകിതരായിരുന്ന മറ്റ് അപ്പസ്‌തോലന്മാരെ ധൈര്യപ്പെടുത്തിയ തോമാശ്ലീഹാ സുവിശേഷസന്ദേശം ഭാരതജനതയ്ക്കു നല്കുന്നതിനായി ഇവിടെ വരികയും എ.ഡി 72ല്‍ ചെന്നൈക്ക് അടുത്തുള്ള ചിന്നമലയില്‍ രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു. തോമാശ്ലീഹായുടെ പ്രേഷിതപ്രവര്‍ത്തനത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയും ഏറ്റവും വലിയ തെളിവുകളിലൊന്നാണ് മാര്‍തോമാപാരമ്പര്യത്തില്‍ ജീവിക്കുന്ന ഭാരതത്തിലെ സഭാസമൂഹങ്ങള്‍. സീറോമലബാര്‍സഭയെ സംബന്ധിച്ചു ജൂലൈ മൂന്നാം തീയതി ആത്മീയസ്വത്വത്തിന്റെ ദിവസമാണ്. അതുകൊണ്ടുതന്നെയാണ് ദുക്‌റാനതിരുന്നാള്‍ സീറോമലബാര്‍ സഭാദിനമായും നമ്മള്‍ ആഘോഷിക്കുന്നത്.
ഉത്ഥിതനായ ഈശോ തങ്ങള്‍ക്കു പ്രത്യക്ഷനായി എന്നു മറ്റ് അപ്പസ്‌തോലന്മാര്‍ പറഞ്ഞതു വിശ്വസിക്കാതെ തനിക്കും ഗുരുവിനെ കാണണം എന്നു ശ്ലീഹ വാശിപിടിക്കുന്ന രംഗം വളരെ ഹൃദയസ്പര്‍ശിയാണ്. തോമാശ്ലീഹായുടെ ഈ സംശയം നിഷേധാത്മകമായ സമീപനമല്ല. ആദ്യം സംശയിച്ച തോമസ് പിന്നീടു വിശ്വാസത്തിന്റെ ധീരസാക്ഷിയായി മാറുന്നു. സംശയത്തില്‍നിന്നു വിശ്വാസത്തിലേക്കും അന്വേഷണത്തില്‍നിന്നു സാക്ഷ്യത്തിലേക്കും ശിഷ്യത്വത്തില്‍നിന്നു രക്തസാക്ഷിത്വത്തിലേക്കും തോമാശ്ലീഹാ നടത്തിയ യാത്രയാണ് ഓരോ ക്രൈസ്തവന്റെയും ആത്മീയയാത്ര. അതുകൊണ്ടാണ് ‘തോമായുടെ അവിശ്വാസം മറ്റുള്ള ശിഷ്യരുടെ വിശ്വാസത്തെക്കാള്‍ നമ്മുടെ വിശ്വാസത്തിനു കൂടുതല്‍ ഉപകാരപ്രദമായി’ (Homilie in Evangelica, 26,7) എന്നു മഹാനായ വി. ഗ്രിഗറി മാര്‍പാപ്പ പറഞ്ഞത്.
ഇന്നത്തെ തലമുറ സംശയങ്ങളുടെയും ആശയക്കുഴപ്പങ്ങളുടെയും നടുവിലാണ് ജീവിക്കുന്നത്. നിര്‍മിതബുദ്ധിയുടെയും വിവരവിപ്ലവത്തിന്റെയും ഈ കാലഘട്ടം ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ്. പരിശുദ്ധപിതാവ് ലെയോ പതിനാലാമന്‍ മാര്‍പാപ്പ, ‘മാനവമഹത്വം’ (Magnifica Humanitas) എന്ന പേരില്‍ സാര്‍വത്രികസഭക്കു നല്കിയ ആദ്യത്തെ ചാക്രികലേഖനം ലോകശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. മനുഷ്യനില്‍ ദൈവം നിക്ഷേപിച്ചിരിക്കുന്ന മഹത്വത്തിന്റെ അടിസ്ഥാനത്തില്‍, സാങ്കേതികവിദ്യ മനുഷ്യനുവേണ്ടിയാണെന്നും അതിനാല്‍ത്തന്നെ മനുഷ്യന്‍ സാങ്കേതികവിദ്യയുടെ അടിമയാകരുത് എന്നതുമാണ് ഈ ചാക്രികലേഖനത്തിന്റെ അടിസ്ഥാനദര്‍ശനം. പരിശുദ്ധപിതാവ് ഇപ്രകാരം പറയുന്നു: ‘മനുഷ്യന്റെ അന്തസ് അവന്റെ കഴിവുകളെയോ സമ്പത്തിനെയോ സാമൂഹികസ്ഥാനത്തെയോ ആശ്രയിച്ചല്ല; അതു ദൈവത്തിന്റെ സ്‌നേഹത്തില്‍ നിന്നുള്ള ദാനമാണ്’ (മാനവമഹത്വം, 50). മനുഷ്യന്റെ അന്തസും മഹത്വവും സംരക്ഷിച്ചുകൊണ്ട് നീതിയുടെയും സാഹോദര്യത്തിന്റെയും ലോകം പണിയുക എന്നത് ഓരോ തലമുറയുടെയും ദൗത്യമാണെന്നും ചാക്രികലേഖനം വ്യക്തമാക്കുന്നു.
ഇന്നത്തെ മാധ്യമ-ഡിജിറ്റല്‍ സംസ്‌കാരത്തില്‍, മനുഷ്യഹൃദയങ്ങളില്‍ ധ്രുവീകരണവും വിരോധവും വര്‍ധിപ്പിക്കുന്നതിനാല്‍ സത്യത്തെ അന്വേഷിക്കുകയും വിവേകപൂര്‍ണമായ കൂട്ടായ തീരുമാനങ്ങളിലേക്ക് എത്തിച്ചേരുകയും ചെയ്യേണ്ടത് ക്രൈസ്തവരുടെ അടിയന്തിര ഉത്തരവാദിത്വമാണെന്നു മാര്‍പാപ്പ ഓര്‍മിപ്പിക്കുന്നു. അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചു സത്യത്തെ മൂടിവയ്ക്കുന്ന ഈ കാലഘട്ടത്തില്‍, മാര്‍ തോമാശ്ലീഹായെപ്പോലെ സത്യാന്വേഷികളാകാന്‍ നമുക്കും സാധിക്കണം. സോഷ്യല്‍മീഡിയ വിവിധ ജീവിതമേഖലകളില്‍ സഹായകരമാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, വ്യാജവാര്‍ത്തകളും വിദ്വേഷപ്രചരണങ്ങളും അപവാദങ്ങളും ബോധപൂര്‍വം പ്രചരിപ്പിക്കപ്പെടുന്ന ഇടംകൂടിയാണിത് എന്നതു യാഥാര്‍ഥ്യമാണ്. മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തുന്നതും നിഷ്‌കളങ്കരെ ഉപദ്രവിക്കുന്നതും അസത്യം പ്രചരിപ്പിക്കുന്നതുമായ സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ ഉണ്ടാക്കുകയും അവ വിവേചനമില്ലാതെ ഫോര്‍വേഡുചെയ്യുകയും ചെയ്യുമ്പോള്‍, ‘കൊല്ലരുത്’ എന്ന അഞ്ചാം പ്രമാണമാണ് ലംഘിക്കുന്നത്. അറിയില്ലാത്ത കാര്യം അന്വേഷിക്കാനും നന്മയല്ലാത്തവ പ്രോത്സാഹിപ്പിക്കാതിരിക്കാനും തിന്മയെ എതിര്‍ത്തുതോല്പ്പിക്കാനും ആവശ്യമായ വിവേചനാശക്തിയും ജാഗ്രതയും ഇന്നു നമുക്കാവശ്യമാണ്.
ഇന്നു നമ്മുടെ സമൂഹത്തില്‍ പാവപ്പെട്ടവരും സ്വാധീനമില്ലാത്തവരും അവഗണിക്കപ്പെടുന്ന സാഹചര്യമുണ്ട്. പ്രായമായ മാതാപിതാക്കള്‍ പലപ്പോഴും മക്കളുടെ ക്രൂരതയ്ക്ക് ഇരയാകുന്നു. കുടുംബങ്ങളിലും സമൂഹത്തിന്റെ വിവിധതലങ്ങളിലും ബന്ധങ്ങള്‍ക്കു വിള്ളല്‍ വീഴുമ്പോള്‍ മുറിവേല്ക്കപ്പെടുന്നത് നീതിയുടെയും ന്യായത്തിന്റെയും പക്ഷത്തുനില്ക്കുന്നവരാണ്. വളര്‍ന്നുവരുന്ന കുട്ടികളുടെയിടയില്‍ വര്‍ധിച്ചുവരുന്ന അക്രമം ആശങ്കകളുയര്‍ത്തുന്നു. ലഹരിയുടെ ഉപയോഗവും അതുവഴിയുള്ള അക്രമങ്ങളും സമൂഹത്തിന്റെ സുസ്ഥിതിയെത്തന്നെ അപകടത്തിലാക്കുന്നു. ഇവിടെയെല്ലാം മനുഷ്യന്റെ മഹത്വം നഷ്ടപ്പെടുത്തുന്ന സാഹചര്യങ്ങള്‍ നിലനില്ക്കുന്നുണ്ട്. പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്യുതുപോലെ മനുഷ്യന്റെ അഹങ്കാരത്തിന്റെയും താന്‍പോരിമയുടെയും പ്രതീകമായ ബാബേല്‍ ഗോപുരങ്ങള്‍ തകര്‍ത്തുകളഞ്ഞു നീതിയും സമാധാനവും നിലനില്ക്കുന്ന ദൈവമനുഷ്യനഗരത്തിന്റെ നിര്‍മിതിക്കായി ഓരോരുത്തരും അവരവരുടെ പ്രവര്‍ത്തനമേഖലകളില്‍ ജാഗ്രതയോടെ വര്‍ത്തിക്കേണ്ടിയിരിക്കുന്നു (മാനവമഹത്വം, 1).
വിശ്വാസത്തിന്റെ ആദ്യപാഠശാല കുടുംബമാണ്. മാതാപിതാക്കളും മക്കളും ഒരുമിച്ചു പ്രാര്‍ഥിക്കുന്നതും ഭക്ഷണം കഴിക്കുന്നതും കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങള്‍ പങ്കുവയ്ക്കുന്നതും നമ്മുടെ ധന്യമായ പാരമ്പര്യങ്ങളില്‍പെട്ടവയാണ്. എല്ലാവരും അവരവരുടെ തിരക്കുകളിലും ജോലികളിലും വ്യാപൃതരാകുമ്പോള്‍ കുടുംബത്തിന്റെ പൊതുവായ ആത്മീയത കാത്തുസൂക്ഷിക്കുന്നതില്‍ വീഴ്ച്ചവരുന്നുണ്ടോ എന്ന് ആത്മപരിശോധന ചെയ്യേണ്ടിയിരിക്കുന്നു. മാതാപിതാക്കള്‍ മക്കള്‍ക്കു സാങ്കേതികവിദ്യയുടെ ഉപയോഗത്തോടൊപ്പം മാനുഷികമൂല്യങ്ങളും കൈമാറണം. ഡിജിറ്റല്‍ അടിമത്തത്തിന്റെ അപകടത്തെക്കുറിച്ചു ലെയോ മാര്‍പാപ്പ തന്റെ ചാക്രികലേഖനത്തില്‍ പ്രത്യകം പരാമര്‍ശിക്കുന്നുണ്ട്. മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം, കുടുംബാംഗങ്ങള്‍ തമ്മിലുള്ള സംസാരം കുറയുന്നത്, കുട്ടികളില്‍ വര്‍ധിച്ചുവരു സ്‌ക്രീന്‍ ആശ്രയത്വം, പ്രാര്‍ഥനക്കുള്ള സമയക്കുറവ് ഇതെല്ലാം ഇന്നു നമ്മുടെ കുടുംബങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളാണ്. കുടുംബസാഹചര്യങ്ങള്‍ ഒരു വ്യക്തിയുടെ ആത്മീയവും ഭൗതീകവുമായ രൂപീകരണത്തില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതും നിര്‍ണായകവുമാണെന്നു പറയേണ്ടതില്ലല്ലോ. അതിനാല്‍ കുടുംബങ്ങളില്‍ ‘ഡിജിറ്റല്‍ ഉപവാസം’
(digital fasting) ആചരിക്കാനും ഭക്ഷണസമയങ്ങളില്‍ ഫോണ്‍ ഒഴിവാക്കാനും ദിവസവും കുടുംബപ്രാര്‍ഥനക്കു സമയം കണ്ടെത്താനും എല്ലാവരെയും ഞാന്‍ ആഹ്വാനം ചെയ്യുന്നു.
കൂട്ടായ്മ സഭയുടെ സ്വഭാവമാണ്. അതിനാല്‍ത്തന്നെ സഭാംഗങ്ങളെല്ലാവരും കൂട്ടായ്മ യില്‍ വ്യാപരിക്കുകയും കൂട്ടായ്മ വളര്‍ത്തുകയും ചെയ്യുന്നവരാകണം. സഭയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ വിഭാഗീയചിന്താഗതി സഭാചൈതന്യത്തിനു നിരക്കുന്നതല്ല. സഭയെന്നാല്‍ നാമെല്ലാവരും ഉള്‍പ്പെടുന്ന വലിയ കൂട്ടായ്മയാണ്. അതിനാല്‍ത്തന്നെ സഭാസംവിധാനങ്ങളോടു ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള കടമ എല്ലാവര്‍ക്കുമുണ്ട്. വി. സിപ്രിയന്റെ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്: ‘സഭയെ അമ്മയായി കാണാന്‍ കഴിയാത്തവര്‍ക്കു ദൈവത്തെ പിതാവായി കാണാനും കഴിയില്ല’.
2026 നമ്മുടെ സഭയില്‍ സമുദായശക്തീകരണവര്‍ഷമായി ആചരിക്കുകയാണല്ലോ. ഈ വര്‍ഷാചരണത്തിനുവേണ്ടി സഭയുടെ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ വിഭാവനം ചെയ്തതും സിനഡ് അംഗീകരിച്ചതുമായ കര്‍മപരിപാടികള്‍ സഭയുടെ വിവിധതലങ്ങളില്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ ബന്ധപ്പെട്ട എല്ലാവരും ശ്രദ്ധിക്കുമല്ലോ. ഒരു വിശ്വാസി സമൂഹമെനിലയില്‍ നമ്മുടെ ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടി നാം വിട്ടുവീഴ്ച്ചയില്ലാതെ നിലകൊള്ളുമ്പോഴും മറ്റുള്ളവരെ ബഹുമാനിക്കാനും പൊതുകാര്യങ്ങളില്‍ സഹകരിക്കാനും സാധ്യമായ ഇടങ്ങളിലെല്ലാം കൈകോര്‍ത്തുപിടിക്കാനും സഭാംഗങ്ങള്‍ ശ്രദ്ധകാണിക്കണം. സമൂഹത്തിന്റെ പൊതുനന്മക്കുവേണ്ടി, നീതിപൂര്‍വകമായ ഒരു ലോകനിര്‍മ്മിതിക്കുവേണ്ടി എല്ലാവരുമായും സംവദിക്കാനും സഹകരിക്കാനും സഭയെന്നും തത്പരയാണ്. ആരെയും മാറ്റിനിറുത്താതെ, വ്യത്യാസങ്ങളെ ഭയപ്പെടാതെ, സ്‌നേഹത്തോടെയും സത്യത്തോടെയും മറ്റുള്ളവരുമായി സംവദിക്കുന്ന സഭയായി നമ്മള്‍ മുന്നോട്ടുപോകണം.
നമ്മുടെ പിതാവിന്റെ ധീരമായ മാതൃക പിന്തുടര്‍ന്ന് ഈശോയുടെ സുവിശേഷം നിര്‍ഭയം പ്രഘോഷിക്കാന്‍ നമുക്ക് കടമയുണ്ട്. നമ്മുടെ സഭാമക്കള്‍ സുവിശേഷത്തിന്റെ ശുശ്രൂഷകരായി ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ സേവനംചെയ്യുന്നു എന്നതോര്‍ത്തു ദൈവത്തിനു നന്ദിപറയാം. നമ്മുടെ സഭ ഈ അടുത്ത കാലങ്ങളില്‍ സുവിശേഷപ്രഘോഷണമേഖലയില്‍ നടത്തിക്കൊണ്ടിരിക്കുന്ന മുന്നേറ്റങ്ങളെ ഈയവസരത്തില്‍ അനുസ്മരിക്കാന്‍ ആഗ്രഹിക്കുന്നു. വൈദികരോടും സമര്‍പ്പിതരോടുമൊപ്പം ധാരാളം അല്മായപ്രേഷിതരും സുവിശേഷപ്രഘോഷണത്തില്‍ വ്യാപൃതരാണ് എന്നത് ഏറെ സന്തോഷകരമായ കാര്യമാണ്. നമ്മുടെ സഭയിലെ അല്മായരുടെ സുവിശേഷപ്രഘോഷണസംരംഭങ്ങള്‍ ഏകോപിപ്പിക്കുന്നതിനു സഭാതലത്തില്‍ ‘ജീവന്‍ ജ്യോതി’ എന്ന മുന്നേറ്റം ആരംഭിച്ച കാര്യവും ഈയവസരത്തില്‍ സന്തോഷത്തോടെ അറിയിക്കുന്നു. നമുക്കു സാധിക്കുന്ന വിധത്തിലെല്ലാം എല്ലാ പ്രേഷിതസംരംഭങ്ങളെയും സഹായിക്കുകയും അവയുടെ ഫലപ്രാപ്തിക്കുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യാം.
ഹൊസൂര്‍ സീറോമലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ മൈലാപൂരില്‍ മാര്‍ത്തോമാശ്ലീഹായുടെ കബറിടം സ്ഥിതിചെയ്യുന്ന സാന്തോം കത്തീഡ്രലിന്റെ സമീപം നമുക്കു സ്വന്തമായി ഒരു തീര്‍ഥാടനകേന്ദ്രം തയ്യാറായിക്കൊണ്ടിരിക്കുന്ന വിവരം സന്തോഷപൂര്‍വം അറിയിക്കുന്നു. ഇതിനു നേതൃത്വംനല്കിയ അഭിവന്ദ്യ മാര്‍ സെബാസ്റ്റിയന്‍ പൊഴോലിപറമ്പില്‍ പിതാവിനെയും രൂപതമുഴുവനെയും അഭിനന്ദിക്കുന്നു. ഈ സംരംഭത്തിന് ഇതുവരെ നിര്‍ലോഭമായ സഹായം ഹൊസൂര്‍ രൂപതയ്ക്ക് നല്കിയ എല്ലാവരെയും നന്ദിയോടെ ഓര്‍ക്കുന്നു. നമ്മുടെ പിതാവായ മാര്‍ത്തോമാശ്ലീഹായുടെ കബറിടത്തിനടുത്തു നമുക്കൊരു ആരാധനാ സ്ഥലം ഉണ്ടാവുക എന്ന വലിയ സ്വപ്നം പൂര്‍ത്തീകരിക്കാന്‍ നമ്മുടെ എല്ലാ ഇടവകകളും സാധിക്കുന്ന വിധത്തില്‍ സഹകരിക്കണമെന്നും ഞാന്‍ സ്‌നേഹപൂര്‍വം ഈ അവസരത്തില്‍ അഭ്യര്‍ഥിക്കുന്നു.
ഈശോയില്‍ പ്രിയപ്പെട്ടവരേ, തോമാശ്ലീഹായിലൂടെ നമുക്കു പകര്‍ന്നുകിട്ടിയ ഈശോയിലുള്ള വിശ്വാസത്തിനു ജീവിതംകൊണ്ട് സാക്ഷ്യംനല്കാന്‍ ഈ കാലഘട്ടത്തില്‍ നമുക്ക് സാധിക്കണം. ഇന്നത്തെ സാഹചര്യത്തില്‍ എല്ലാവരും ശാരീരികമായി രക്തംചിന്തി കര്‍ത്താവിനു സാക്ഷ്യംനല്കാന്‍ വിളിക്കപ്പെടുന്നില്ല. എന്നാല്‍ സഭയിലും സമൂഹത്തിലും കുടുംബങ്ങളിലും മറ്റെല്ലാ ജീവിതസാഹചര്യങ്ങളിലും സത്യത്തിന്റെയും നീതിയുടെയും വിശ്വാസത്തിന്റെയും ക്ഷമയുടെയും എളിമപ്പെടലിന്റെയും ദൈനംദിന രക്തസാക്ഷിത്വം ഈ കാലഘട്ടം നമ്മില്‍നിന്ന് ആവശ്യപ്പെടുന്നുണ്ട്. ബാബേല്‍ ഗോപുരങ്ങള്‍ പണിയുന്നവരാകാതെ ദൈവവും മനുഷ്യനും ഒരുമിച്ചു വസിക്കുന്ന നഗരങ്ങള്‍ സഭയിലും സമൂഹത്തിലും കുടുംബങ്ങളിലും നിര്‍മിക്കുന്ന കര്‍ത്താവിന്റെ ശില്പികളായി നമുക്കു മാറാം.
ദുക്‌റാനതിരുനാളിന്റെയും സഭാദിനത്തിന്റെയും ആശംസകള്‍ എല്ലാവര്‍ക്കും സ്‌നേഹപൂര്‍വം നേരുന്നു. നമ്മുടെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്റെയും മാര്‍ യൗസേപ്പുപിതാവിന്റെയും മാര്‍തോമാശ്ലീഹായുടെയും സകല വിശുദ്ധരുടെയും വാഴ്ത്തപ്പെട്ടവരുടെയും മാധ്യസ്ഥ്യവും അനുഗ്രഹവും നമ്മോടും നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളോടുമൊപ്പം ഉണ്ടായിരിക്കട്ടെ!



