സ്വാതന്ത്ര്യം തടവിലാക്കപ്പെടുമ്പോൾ

Published on

2025 ആഗസ്റ്റ് 15ന് നമ്മുടെ മാതൃരാജ്യം വൈദേശികാടിമത്തത്തിൽനിന്നു സ്വതന്ത്രയായതിന്റെ 78ാം വാർഷികം ആഘോഷിക്കുന്നു. ഈ സ്വാതന്ത്ര്യം ലഭിക്കാനായി ജീവൻ സമർപ്പിച്ച മഹാത്മാവിനെയും ലക്ഷക്കണക്കിനു ദേശസ്നേഹികളെയും നമുക്ക് ഓർക്കാം. അവരുടെ ഓർമ എന്നും നിലനിലക്കട്ടെ എന്ന് ആഗ്രഹിക്കാം. 1947ൽ സ്വാതന്ത്ര്യം പ്രാപിച്ച ഇന്ത്യ എന്ന പുതിയ രാജ്യത്തിന്റെ ഭാഗധേയം നിർണയിച്ച ഭരണഘടന നിലവിൽവന്നത് 1950ലാണ്. ഡോക്ടർ അംബേദ്കർ എന്ന ദീർഘദർശിയുടെ വൈഭവവും നീതിയും സമാധാനവും എല്ലാവർക്കും ഉറപ്പാക്കുന്നതിനുവേണ്ടിയുള്ള ആഗ്രഹവും നമ്മുടെ ഭരണഘടനയിൽ നിഴലിക്കുന്നുണ്ട്. സ്വാതന്ത്ര്യലബ്ധിക്കുശേഷം നമ്മുടെ നാട് വളരെ വളർന്നു. പല മേഖലകളിലും ലോകശക്തിയായി മാറിക്കഴിഞ്ഞു. അഭിമാനിക്കാവുന്ന നേട്ടം! എന്നാൽ എല്ലാ തിളക്കവും കെടുത്തുന്ന ചില തിന്മയുടെ നിഴലുകൾ നമ്മുടെ നാട്ടിൽ എന്നും സ്വാധീനശക്തിയായി ഉണ്ട് എന്നത് നമ്മുടെ രാജ്യത്തെ പലപ്പോഴും പിറകോട്ടടിക്കുന്നു.

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ മണിമുഴക്കം നിലയ്ക്കുന്നതിനുമുൻപുതന്നെ രാഷ്ട്രപിതാവിനെ ഇല്ലാതാക്കിയ തോക്കിൽനിന്നുയർന്ന വെടിയൊച്ച രാജ്യത്തിന്റെ സ്വാതന്ത്ര്യസ്വപ്നങ്ങളിൽ ഇരുൾവീഴ്ത്തി. അതുകൊണ്ടുതന്നെ പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടുവെങ്കിലും ഭാരതാംബയുടെ മുഖത്തെ മാതൃഭാവത്തിന് മങ്ങലേൽക്കുകയും രാജ്യത്തിനകത്തുതന്നെ രൂപപ്പെട്ട സ്വാധീനശക്തികളുടെ കിരാതഭാവങ്ങൾ ഓരോ കാലഘട്ടത്തിലും ആ മുഖകാന്തിക്ക് വീണ്ടും കോട്ടംവരുത്തുകയും ചെയ്തിട്ടുണ്ട്. വൈദേശികാടിമത്തത്തിൽ നിന്നു സ്വതന്ത്രമായ നമ്മുടെ നാട് നന്മയില്ലാത്ത രാഷ്ട്രീയത്തിന്റെയും ദൈവചിന്തയില്ലാത്ത മതങ്ങളുടെയും സാഹോദര്യം നഷ്ടപ്പെട്ട വർഗീയശക്തികളുടെയും ഈ ലോകത്തിൽ നന്മ കാണാൻ കഴിയാത്ത തീവ്രവാദഗ്രൂപ്പുകളുടെയും അടിമയാകുന്ന കാഴ്ചയാണ് പിന്നീടു കണ്ടത്. സ്വാതന്ത്ര്യം എന്നത് അതിന്റെ പൂർണാർഥത്തിൽ ഭാരതജനസംഖ്യയിലെ വളരെ കുറഞ്ഞ ഒരു ശതമാനത്തിന്റെമാത്രം ആഡംബരമായി മാറി. പാവപ്പെട്ടവരും പാർശ്വവൽക്കരിക്കപ്പെട്ടവരും രാഷ്ട്രീയസ്വാധീനമില്ലാത്തവരും സംഘടനാപിന്തുണയില്ലാ ത്തവരും മത ജാതി ഭാഷാ വ്യത്യാസമില്ലാതെ മാനുഷികവും സാമൂഹികവും സാമ്പത്തികവുമായ ചൂഷണത്തിന്റെയും ഇരകളായി എന്നത് സ്വതന്ത്രഭാരതചരിത്രത്തിന്റെ മറുവശമാണ്.

ഒരു സമൂഹത്തിലെ ഏറ്റവും ദുർബലരായവരെ സുരക്ഷിതരാക്കുന്നതിലാണ് ആ സമൂഹത്തിന്റെ യഥാർഥശക്തി പ്രകടമാക്കേണ്ടത്. ഭാരതത്തിലെ ന്യൂനപക്ഷവിഭാഗങ്ങളുടെ അവകാശങ്ങൾ കാണേണ്ടതും കണക്കാക്കപ്പെടേണ്ടതും ഈ തലത്തിൽനിന്നാണ്. ന്യൂനപക്ഷത്തിൽ ന്യൂനപക്ഷമായ കൈ്രസ്തവരുടെ രാഷ്ട്രനിർമ്മിതിയിലുള്ള സംഭാവനകൾ ചരിത്രത്തോടു നീതിപുലർത്തുന്നവർക്കു നിഷേധിക്കാനാവില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആതുരാലയങ്ങൾ, ഇതര സാമൂഹ്യസേവനമേഖലകൾ എന്നിവയിലൂടെ ഭാരതത്തിലുടനീളം, പ്രത്യേകിച്ചു വടക്കൻ സംസ്ഥാനങ്ങളിൽ, വൈദികരും സിസ്റ്റർമാരും നടത്തുന്ന സേവനങ്ങൾ മതപരിവർത്തനമായും മനുഷ്യക്കടത്തായും കണക്കാക്കുമ്പോൾ, പ്രാകൃതമായ ആൾക്കൂട്ടവിചാരണയിലൂടെ അടിസ്ഥാനമില്ലാതെ കുറ്റം ആരോപിക്ക പ്പെടുമ്പോൾ തകർന്നടിയുന്നത് മതേതരഭാരതത്തിന്റെ മാനവികതയുടെ മാതൃമുഖമാണ്.

അടിസ്ഥാനരഹിതമായ കുറ്റങ്ങൾ ആരോപിച്ചു ഭരണ നീതിന്യായസംവിധാനങ്ങളെ ഹൈജാക്ക് ചെയ്ത് അറസ്റ്റുചെയ്യപെട്ടു ജയിലിൽ കഴിയുന്ന സിസ്റ്റർ പ്രീതീയും സിസ്റ്റർ വന്ദനയും നമ്മുടെ രാജ്യത്തു തടവിലാക്കപ്പെടുന്ന നന്മയുടെയും കാരുണ്യത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും പ്രതീകങ്ങളാണ്. മനുഷ്യകുലത്തിന്റെ നന്മയ്ക്കായി മറ്റുള്ളവരെ കൊല്ലാതെ സ്വയം ജീവനർപ്പിച്ചവന്റെ ചൈതന്യത്താൽ ആകർഷിതരായി സമൂഹത്തിലെ പാവപ്പെട്ടവരെ ശുശ്രൂഷിക്കാനും അവരെ ഉയർത്തി ക്കൊണ്ടുവരാനും ജീവിതം മാറ്റിവച്ച സമർപ്പിതരെ കാരാഗൃഹത്തിനും പീഡനത്തിനും അവഹേളനത്തിനും ആൾക്കൂട്ടത്തിനും നിശബ്ദരാക്കാൻ കഴിയില്ല എന്നത് തിരുസഭയുടെ ചരിത്രം. ഇൗ ചരിത്രം ഇഴമുറിയാതെ സഹസ്രാബ്ധങ്ങളിലൂടെ കടന്നുവന്നതുപോല ഇനിയും മുൻപോട്ടു പോവുകതന്നെ ചെയ്യും.

മാതൃഭാവത്തിന്റെ മഹനീയ മാതൃക നല്കിയ പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോപണ ത്തിരുനാൾ നമുക്കു പ്രചോദനാത്മകമാണ്. സമർപ്പണത്തിലൂടെ പ്രതികൂലങ്ങളെ പിന്തള്ളി ദൈവികസ്വാതന്ത്ര്യത്തിലേക്ക് ഉയർന്ന പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യവും സി. പ്രീതിയും സി. വന്ദനയും തങ്ങളുടെ സഹനത്തിലൂടെ നല്കുന്ന ഊർജവും കർമനിരത രായി മുന്നോട്ടുപോകാൻ നമ്മെ നിർബന്ധിക്കുന്നു. ആത്മീയവും ഭൗതികവുമായ സ്വാതന്ത്ര്യം അടിയറവയ്ക്കാതെ ജീവിക്കാനും നിർഭയം സുവിശേഷം പ്രഘോഷിക്കാനും നന്മയുടെയും സ്വാതന്ത്ര്യത്തിന്റെയും കാരുണ്യത്തിന്റെയും വക്താക്കളായി ജീവിക്കാനും നമ്മൾ ഇനിയും വഴിയേറെ യാത്ര ചെയ്യാനുണ്ട്.

Latest Updates

POPULAR Views

FEATUERD Views

ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട്: നീതിനിഷേധത്തിന്റെ കണക്കെടുപ്പും പ്രത്യാശയുടെ വെളിച്ചവും

കേരളത്തിലെ ക്രൈസ്തവരും വിശിഷ്യ സീറോമലബാർസഭയും കാലങ്ങളായി ഉയർത്തുന്ന നീതിക്കായുള്ള നിലവിളികൾക്കു ഭരണഘടനാപരമായ...

യുദ്ധകാലത്തെ നോമ്പ്: മാനസാന്തരത്തിലേക്കും ഉത്തരവാദിത്തത്തിലേക്കുമുള്ള വിളി

ധ്യാനത്തിനും മാനസാന്തരത്തിനും നവീകരണത്തിനുമായി തിരുസഭ നല്കുന്ന വലിയനോമ്പെന്ന പുണ്യകാലത്തിലേക്കു നമ്മൾ പ്രവേശിച്ചിരിക്കുകയാണ്....

നന്മ നഷ്ടപ്പെടുന്ന കേരളം

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ ഇന്ന് നടമാടിക്കൊണ്ടിരിക്കുന്ന സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ...

കൂട്ടായ്മയില്‍ ശക്തിപ്പെടാം!

സീറോമലബാര്‍സഭയില്‍ 2026 സമുദായശക്തീകരണ വര്‍ഷമായി ആചരിക്കുകയാണല്ലോ? സാമൂഹ്യസാംസ്‌കാരിക വിദ്യാഭ്യാസമേഖലകളില്‍  പലവിധകാരണങ്ങളാല്‍ പിന്തള്ളപ്പെട്ടുപോകുന്ന...

പ്രത്യാശയോടെ ഐക്യത്തിൽ മുന്നോട്ട്

രണ്ടു മഹാസംഭവങ്ങളുടെ അനുസ്മരണാവസരമാണു നമ്മൾ പിന്നിടുന്നത്: നമ്മുടെ കർത്താവിന്റെ മനുഷ്യാവതാരത്തിന്റെ 2025ാം...

ശ്രവിക്കുന്ന സഭയില്‍ ഒരുമിച്ചു നടക്കാം!

ചരിത്രത്തില്‍ സഭയെപ്പോലെ ഇത്ര ദൃശ്യമായതും അത്രതന്നെ തെറ്റിദ്ധരിക്കപ്പെട്ടതുമായ സംവിധാനങ്ങള്‍ വളരെ കുറവാണ്....

വിശുദ്ധരും വിശുദ്ധിയും: പുതിയ നിർവചനങ്ങളും മാതൃകകളും

ക്രൈസ്തവസഭയുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നത്, വിശുദ്ധി ഒരു പ്രത്യേക വിഭാഗത്തിനുമാത്രം നൽകിയ...

സീറോമലബാർസഭയുടെ ചരിത്രവഴികളിലെ സുവർണവെളിച്ചം

സീറോമലബാർസഭയുടെ നാൾവഴികളിൽ സുവർണലിപികളിൽ എഴുതപ്പെടുന്ന ചരിത്രത്തിന്റെ ഒരു പുതിയ അധ്യായമാണ് ആഗസ്റ്റ്...

കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ!

പന്ത്രണ്ട് അപ്പസ്തോലന്മാരിൽ ഒരുവനായിരുന്ന തോമസ് തന്റെ വിശ്വാസപ്രഖ്യാപനത്തിലൂടെ ഒരു ജനതയുടെ പിതൃസ്ഥാനത്തേക്ക്...

ആഗോളസഭയ്ക്ക് ഒരു പുതിയ പ്രഭാതം ലെയോ പതിനാലാമൻ പാപ്പ

2025 മെയ് 8 എന്ന ചരിത്രദിനത്തിൽ സിസ്റ്റെയിൻ ചാപ്പലിനുമുകളിലെ പുകക്കുഴലിൽനിന്നു വെളുത്ത...

സീറോമലബാർസഭയെ ഹൃദയത്തിൽസൂക്ഷിച്ച വലിയ ഇടയൻ

ഫ്രാൻസിസ് മാർപാപ്പ കാലംചെയ്തു! പത്രോസിന്റെ സിംഹാസനത്തിൽ ദൈവജനത്തിന്റെ കാവൽക്കാരനായി തന്റെ സഹോദരങ്ങളെ...

ലഹരിവിമുക്തസമൂഹത്തിനായി കൈകോർക്കാം

"മയക്കുമരുന്നുമായി യുവതി പിടിയിൽ" "പോലീസിനെ കണ്ട് എംഡിഎംഎ വിഴുങ്ങിയ യുവാവ് മരിച്ചു"...