2024 ഒക്ടോബർ 24-ന് പ്രസിദ്ധീകരിച്ച ഫ്രാൻസിസ് പാപ്പായുടെ നാലാമത്തെ ചാക്രികലേഖനമാണ് “ദിലേക്സിത് നോസ്’ (അവിടുന്ന് നമ്മെ സ്നേഹിച്ചു). മുറിവേല്പിക്കപ്പെട്ട ഈശോയുടെ തിരുഹൃദയത്തെക്കുറിച്ചും അവിടുത്തെ മാനുഷിക, ദൈവിക സ്നേഹത്തെക്കുറിച്ചുമാണ് പാപ്പാ ഈ ചാക്രികലേഖനത്തിൽ പ്രതിപാദിക്കുന്നത്. ഈശോ യുടെ തിരുഹൃദയസ്നേഹത്തിന്റെ പ്രചാരകയായ വിശുദ്ധ മാർഗരറ്റ് മേരി അലക്കോക്കിന് ഈശോ പ്രത്യക്ഷപ്പെട്ടതിന്റെ 350-ാം വാർഷികാഘോഷങ്ങളോടനുബന്ധിച്ചാണ് ഈ ചാക്രികലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 1673 ഡിസംബർ 27-നാണ് ഫ്രഞ്ച് വിസിറ്റേഷൻ സന്യാസിനിയായിരുന്നു മാർഗരറ്റ് മേരി അലക്കോക്കിന് ഈശോ പ്രത്യക്ഷപ്പെട്ടത്.
വിശുദ്ധ പൗലോസ് ശ്ലീഹ റോമക്കാർക്കെഴുതിയ ലേഖനം എട്ടാം അധ്യായം 31 മുതൽ 39 വരെയുള്ള ഭാഗത്ത് ദൈവസ്നേഹപാരമ്യത്തെക്കുറിച്ച് എഴുതുന്നത് പരാമർശിച്ചുകൊണ്ടാണ് പാപ്പാ “ദിലേക്സിത് നോസ്’ ആരംഭിക്കുന്നത്. ഈശോയാണ് ആദ്യം നമ്മെ സ്നേഹിച്ചത്. കുത്തിത്തുറക്കപ്പെട്ട അവന്റെ ഹൃദയം, വ്യവസ്ഥകളൊന്നുമില്ലാതെ നമ്മെ സ്നേഹിക്കുന്നു, നമുക്കായി കാത്തിരിക്കുന്നു.
ഈ ചാക്രികലേഖനത്തിന് അഞ്ച് അദ്ധ്യായങ്ങളാണുള്ളത്. മനുഷ്യജീവിതത്തിൽ ഹൃദയത്തിനുള്ള പ്രാധാന്യത്തെക്കുറിച്ചാണ് ഒന്നാം അധ്യായം പ്രതിപാദിക്കുന്നത്. ബാഹ്യമായി മറ്റുള്ളവർ കാണുന്നവയാകണമെ ന്നില്ല യഥാർത്ഥത്തിൽ ഹൃദയത്തിൽ മനുഷ്യർ ഒളിപ്പിച്ചുവച്ചിരിക്കുന്നത്. എന്നാൽ പുറമെ കാണിക്കുന്നവയെന്തായാലും, ഉള്ളിൽ ഒളിപ്പിച്ചവ എന്തായാലും, നാം നാമായിരിക്കുന്ന ഇടം ഹൃദയമാണ്. നമ്മുടെ യഥാർത്ഥ ആഗ്രഹങ്ങളും സ്വപ്നങ്ങളും നമ്മുടെ അസ്തിത്വവുമൊക്കെ അവിടെ നമുക്ക് കണ്ടെത്താനാകും. ദൈവത്തിന് മുൻപിൽ ഞാനാരാണ് എന്ന ചോദ്യമുയരുന്നതും അവിടെയാണ്. എന്നെ ഞാനാക്കുന്ന എന്റെ ആധ്യാത്മികതയ്ക്കും സ്നേഹബന്ധങ്ങൾക്കും പ്രേരകമായ, മറ്റുള്ളവരുമായി എന്നെ ബന്ധിപ്പിക്കുന്ന, ഹൃദയത്തിന് പ്രാധാന്യം കൊടുക്കണമെന്ന പാപ്പാ ഉദ്ബോധിപ്പിക്കുന്നു.
ഈശോയുടെ സ്നേഹത്തിന്റെ പ്രവൃത്തികളെയും വാക്കുകളെയും കുറിച്ചാണ് രണ്ടാം അധ്യായത്തിൽ പ്രതിപാദിക്കുന്നത്. നമുക്ക് സമീപസ്ഥനായ, നമ്മോട് കരുണയോടെ ഇടപെടുന്ന, ആർദ്രതയുള്ള ഒരു ദൈവത്തെയാണ് ഈശോ തന്റെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും നമുക്ക് കാണിച്ചുതന്നത്. വ്യക്തികളെക്കുറിച്ചും അവരുടെ പ്രശ്നങ്ങളെക്കുറിച്ചും ആവശ്യങ്ങളെക്കുറിച്ചും ഈശോ ശ്രദ്ധാലുവായിരുന്നു. സമരിയക്കാരി സ്ത്രീ, നിക്കൊദേമൂസ്, വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീ, അന്ധനായ മനുഷ്യൻ തുടങ്ങിയവർ ഏതാനും ചില ഉദാഹരണങ്ങൾ മാത്രം.
സഭയുടെ ചരിത്രത്തിലെ ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തിയെക്കുറിച്ചാണ് മൂന്നാമത്തെ അധ്യായത്തിൽ പാപ്പാ അവതരിപ്പിക്കുന്നത്. ഈശോയുടെ തിരുഹൃദയം, മാനുഷിക-ദൈവിക സ്നേഹത്തിന്റെ ഇടമാണ്. ഈശോയുടെ തിരുഹൃദയത്തോടുള്ള വണക്കം എന്നത്, ഹൃദയം എന്ന ഒരു ശരീരഭാഗത്തോടുള്ള പ്രത്യേക ആരാധനയോ ഭക്തിയോ അത്, അത് ഈശോയോടുള്ള സ്നേഹമാണ്. മനുഷ്യനായി അവതരിച്ച ദൈവപുത്രനെയാണ് തിരുഹൃദയവണക്കത്തി ലൂടെ നാം ആരാധിക്കുന്നത്. ഈശോയുടെ തിരുഹൃദയം സുവിശേഷത്തിന്റെ ഒരു സം പ്തരൂപമാണ്.
നാലാം അധ്യായത്തിൽ ദൈവസ്നേഹത്തിനായുള്ള മനുഷ്യരുടെ ദാഹം തീർക്കുന്ന, അവരെ കഴുകി വിശുദ്ധരാക്കുന്ന ഉറവയായി ഈശോയുടെ തിരുഹൃദയത്തെ പാപ്പാ അവതരിപ്പിക്കുന്നു. പഴയനിയമത്തിലെ സക്കറിയയുടെ പുസ്തകത്തിൽ ദൈവസ്നേഹത്തിനായുള്ള ജനത്തിന്റെ ആഗ്രഹം ശമിപ്പിക്കുന്ന, അവരെ ശുദ്ധരാക്കുന്ന ഒരു ഉറവയായാണ് ദൈവം തന്നെത്തന്നെ അവതരിപ്പിക്കുന്നത്. ദൈവത്തിനായുള്ള നമ്മുടെ ഹൃദയത്തിന്റെ ദാഹം ശമിപ്പിക്കുന്ന ഉറവയായാണ് ഈശോയുടെ മുറിവേറ്റ തിരുഹൃദയത്തെ ക്രൈസ്തവവിശ്വാസികൾ, പ്രത്യേകിച്ച് വിശുദ്ധർ, മനസ്സിലാക്കുന്നത്. തിരുഹൃദയവണക്കവുമായി ബന്ധപ്പെട്ട് വിശുദ്ധ അഗസ്റ്റിൻ, വിശുദ്ധ ഫ്രാൻസിസ് ദെ സാലസ്, വിശുദ്ധ മാർഗരറ്റ് മേരി അലക്കോക്ക്, ലിസ്യുവിലെ വിശുദ്ധ ത്രേസ്യ, വിശുദ്ധ ഇഗ്നേഷ്യസ് ലയോള, വിശുദ്ധ ചാൾസ് ദെ ഫുക്കൊ, വിശുദ്ധ ഫൗസ്തീന കൊവാൾസ്ക, വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ തുടങ്ങിയ വിശുദ്ധരെ ഈ അദ്ധ്യായത്തിൽ പ്രത്യേകമായി പരാമർശിക്കുന്നു.
അഞ്ചാം അദ്ധ്യായത്തിൽ, തിരുഹൃദയവണക്കവും ദൈവസ്നേഹവുമായി ബന്ധപ്പെട്ട സാമൂഹികതലമാണ് പ്രതിപാദിക്കുന്നത്. ഈശോയുടെ തിരുഹൃദയത്തോടുള്ള യഥാർത്ഥ വണക്കം നമ്മെ ദൈവസ്നേഹത്തിലേക്കും സഹോദരസ്നേഹത്തിലേക്കും നയിക്കണം. ഈശോ നമുക്ക് നൽകുന്ന സ്നേഹത്തെപ്രതി നമുക്ക് ചെയ്യാവുൽ ഏറ്റവും ഉന്നതമായ പ്രവൃത്തികളിൽ ഒന്ന്, നമ്മുടെ സഹോദരീസഹോദരന്മാരെ ആത്മാർത്ഥമായി സ്നേഹിക്കുക എന്നതാണ്.
ഈശോയുടെ തിരുഹൃദയത്തിൽനിന്നും ഒഴുകുന്ന ജീവജലം നമ്മുടെ എല്ലാവരുടേയും മുറിവുകൾ ഉണക്കട്ടെ. മറ്റുള്ളവരെ സ്നേഹിക്കാനും സഹായിക്കാനുമുള്ള നമ്മുടെ കഴിവിനെ അത് ശക്തിപ്പെടുത്തട്ടെ. കൂടുതൽ സ്നേഹവും സാഹോദര്യവും കൂട്ടായ്മയും ഉള്ള ഒരു ലോകം രൂപപ്പെടുത്തുന്നതിന് അത് നമ്മെ സഹായിക്കട്ടെ. ഈ പ്രാർഥനയോടുകൂടിയാണ് ഫ്രാൻസിസ് മാർപാപ്പ ചാക്രിക ലേഖനം അവസാനിപ്പിക്കുന്നത്.
ഡോ. സെബാസ്റ്റ്യൻ ചാലയ്ക്കൽ


