ആരോഗ്യം എന്നാൽ ഒരു വ്യക്തിയുടെ ശാരീരികവും മാനസികവും, സാമൂഹികവും, ആത്മീയവുമായ സൗഖ്യാവസ്ഥയാണ്. രോഗത്തിന്റെ അഭാവം മാത്രമല്ല എന്ന ലോകാരോഗ്യസംഘനടയുടെ നിർവചനം ഇവിടെ അർഥവത്താണ്. ആരോഗ്യം എന്ന പദത്തിൽ മാനസികാരോഗ്യം അന്തർലീനമായിരിക്കുന്നു. അതുകൊണ്ടാണ് മാനസികാരോഗ്യ പരിപാലനം പ്രാഥമികാരോഗ്യ പരിപാലനത്തിൽ ഉൾച്ചേർത്തിരിക്കുന്നത്. ലോകാരോഗ്യസംഘടനയുടെ വീട്തോറുമുള്ള ഒരു പഠനമനുസരിച്ച് ഏത് സമൂഹത്തിലും ഒരു ശതമാനം പേർ ഗൗരവപൂർണമായ മനോരോഗമുള്ളവരാണെന്നും, പത്ത് ശതമാനം പേർ ലഘുവായ മനോരോഗമുള്ളവരാണെന്നും കണക്കാക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ കൂടുതൽ ജനങ്ങൾ ഗ്രാമങ്ങളിലാണ് താമസിക്കുന്നത്. മനോരോഗ ചികിത്സാസൗകര്യങ്ങൾ നഗരങ്ങളിലാണ് കൂടുതലുള്ളത്. വളരെയധികം രോഗികൾക്ക് എത്രയും പെട്ടെന്ന് ചികിത്സ ലഭ്യമാകുന്നതിൽ ഇത് തടസം സൃഷ്ടിക്കാറുണ്ട്.
സൈക്കോസിസ് ഡിസോർഡറുകൾ
പിളർന്ന മനസ് എന്ന അർഥമുള്ള സ്കിസോഫ്രീനിയ മനോരോഗങ്ങളിൽ ഏറ്റവും തീവ്രവും ദുരൂഹത നിറഞ്ഞതുമാണ്. നൂറിലൊരാൾക്ക് എന്ന തോതിൽ സമൂഹത്തിൽ കണ്ടുവരുന്ന ഈ രോഗാവസ്ഥ പ്രകടമാക്കാൻ തുടങ്ങുന്നതു കൗമാരകാലത്താണ്. തുടക്കത്തിലേ തിരിച്ചറിഞ്ഞ് ചികിത്സിച്ചില്ലെങ്കിൽ ജീവിത്തെ താറുമാറാക്കുന്ന മാറാവ്യാധിയായി ഇത് മാറും. സംശയങ്ങൾ, പേടി,അശരീരി ശബ്ദങ്ങൾ കേൾക്കൽ, ചിന്തകളും പ്രവൃത്തികളും മറ്റാരോ നിയന്ത്രിക്കുന്നുണ്ടെന്ന തോന്നൽ, സാമൂഹ്യ സമ്പർക്കത്തിൽ നിന്ന് ഒഴിഞ്ഞ് മാറൽ എന്നിങ്ങനെ യാഥാർഥ്യബോധവും ഉൾക്കാഴ്ചയും നഷ്ടമായി അലഞ്ഞുനടക്കുന്ന അവസ്ഥയിലേക്ക്വരെ രോഗി എത്തിപ്പെടാം. ഡെല്യൂഷൻ എന്നറിയപ്പെടുന്ന മിഥ്യാവിശ്വാസങ്ങളും ഹാലൂസിനേഷൻ എന്നറിയപ്പെടുന്ന നേരല്ലാത്ത പഞ്ചേന്ദ്രിയ അനുഭവങ്ങളും, ചിന്തകളുടെ ഒഴുക്കിനുണ്ടാകുന്ന തകരാറുകളും, സംഭാഷണത്തിലുണ്ടാകുന്ന വ്യതിയാനങ്ങളും, ഉൾവലിയാനുള്ള പ്രവണത കാണിക്കുന്നതുമെല്ലാം രോഗലക്ഷണങ്ങളാണ്.
ആഴത്തിൽ വേരൂന്നിയ മിഥ്യാധാരണകളാണ് പൊതുവെ സംശയരോഗം എന്നറിയപ്പെടുന്ന ഡെല്യൂഷണൽ ഡിസോർഡർ എന്ന അവസ്ഥയുടെ മുഖമുദ്ര. പങ്കാളിയുടെ ചാരിത്രത്തെയും, വ്യക്തിവിരോധം മൂലം തന്നെ നശിപ്പിക്കാനൊരുമ്പെടുന്ന അയൽക്കാരനെയോ, തന്നെ മോഹിക്കുന്ന സിനിമാതാരത്തെയോ, ദേഹമാസകലം ഇഴഞ്ഞുനടക്കുന്ന ചെറുപ്രാണികളെയോ ഒക്കെ പറ്റിയാകാം ഈ മിഥ്യാധാരണകൾ വരുന്നത്.
വിഷാദരോഗങ്ങൾ
രണ്ടാഴ്ചയിലധികം നിലനിൽക്കുന്ന സങ്കടഭാവം, ആസ്വദിച്ചുചെയ്തിരുന്ന പ്രവൃത്തികളോടുപോലും താല്പര്യമില്ലായ്മ, തീവ്രമായ ക്ഷീണം, അതുപോലെ അശുഭചിന്തകൾ, കുറ്റബോധം, ശ്രദ്ധപതർച്ചകൾ, ആത്മവിശ്വാസക്കുറവ്, ആത്മഹത്യാപ്രവണത, വിശപ്പിലും ഉറക്കത്തിലും ശരീരത്തിനുണ്ടാകുന്ന ഏറ്റകുറച്ചിലുകൾ, ലൈംഗിക താല് പര്യകുറവ്, രോഗത്തിന്റെ തീവ്രാവസ്ഥയിൽ സൈക്കോട്ടിക് ലക്ഷണങ്ങളായ ഡെല്യൂഷൻ, ഹാലൂസിനേഷൻ എന്നിവയും കാണാറുണ്ട്. സമൂഹത്തിൽ മുപ്പതുശതമാനത്തോളം പേരിൽ കണ്ടുവരുന്ന ഈ രോഗാവസ്ഥ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ രണ്ട്മടങ്ങ് കൂടുതലാണ്. ബൈപോളാർ ഡിസോർഡർ, ഇരട്ടമുഖമുള്ള രോഗാവസ്ഥയാണ്. വിഷാദവും ഉന്മാദവും മാറിമാറിയോ, ഉന്മാദ അവസ്ഥകൾ മാത്രമായോ പ്രകടമാകുന്നു.
ന്യൂറോസിസ് ഡിസോർഡറുകൾ
ഒബ്‌സസീവ് കംപൽസീവ് ഡിസോർഡർ എന്ന രോഗം ബാധിച്ചവർക്ക് അടക്കും ചിട്ടയും വൃത്തിയും അടക്കിവാഴുന്ന ജീവിതമാണ്. കൂടെ കൂടെ തികട്ടിവരുന്ന നിയന്ത്രണാതീതമായ ചിന്തകളാണിവിടെ സംഭവിക്കുന്നത്. ഈ ചിന്തകളെ തടയുവാൻ ശ്രമിക്കുമ്പോൾ വിജയത്തിലെത്തുന്നില്ല, അങ്ങനെ അവയുണ്ടാക്കുന്ന ഉൽകണ്ഠ ഒഴിവാക്കാനുള്ള വഴിയായി കംപൽഷനുകൾ എന്നറിയപ്പെടുന്ന, ആവർത്തിച്ചുചെയ്യന്നു ചില പ്രവൃത്തികൾ ഇത്തരക്കാർ സ്വീകരിക്കുന്നു. മറ്റ് ഉൽകണ്ഠാരോഗങ്ങളും, ഫോബിയ പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ തുടങ്ങിയവയും ഇവയിൽപെടുന്നു.
നൂതന ചികിത്സാമുന്നേറ്റങ്ങളും കർമ്മപദ്ധതികളും
ന്യൂറോ സൈക്കോളജി, ബിഹേവിയറൽ ജനിറ്റിക്, ബിഹേവിയറൽ സയൻസ്, ബയോ എഞ്ചിനീയറിംഗ് എന്നിവയെ കൂട്ടിയിണക്കികൊണ്ട് രൂപം കൊടുത്ത ‘ഒപ്റ്റോജനറ്റിക്’ എന്ന വിഭാഗം, വിഷാദം, ഉൽകണ്ഠ തുടങ്ങിയവയിൽ ഏറെ പ്രയോജനപ്പെടുന്നതാണ്. ന്യൂറോ സയൻസ് വികസിപ്പിച്ചെടുത്ത ക്രാനിയൽ മാഗ്നറ്റിക് സ്റ്റിമുലേഷൻ, ഡയറക്ട് കറന്റ് സ്റ്റിമുലേഷൻ, ബ്രെയിൻ പോളസൈഡ് സ്റ്റിമുലേഷൻ എന്നീ സങ്കേതങ്ങൾ ലഘുമനോരോഗങ്ങൾക്ക് സാന്ത്വനമേകുന്നവയാണ്. പരമ്പരാഗത ചികിത്സകൾ ഫലിക്കാതെ വരുന്ന രോഗികളിൽ ഇത്തരത്തിലുള്ള നോൺ ഇൻവൈസീവ് തെറാപ്പികൾ ചെയ്തപ്പോൾ രോഗത്തിന്റെ കാഠിന്യം കുറഞ്ഞുവരുന്നതായും, പാർശ്വഫലങ്ങൾ ഇല്ലാത്തതായും സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. പരീക്ഷണഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ‘ജീൻതെറാപ്പി’ മനോരോഗ ചികിത്സയിൽ പുതിയ ദിശാബോധം നൽകുമെന്ന് പ്രതീക്ഷിക്കാം.
മാനസികാരോഗ്യപരിപാലനം സങ്കീർണമായ ഒരു കർമ്മപദ്ധതിയാണ്. സമൂഹത്തിലെ വിവിധതലങ്ങളിലുള്ള വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും കൂട്ടായ്മകൊണ്ടുമാത്രമേ ലക്ഷ്യം പൂർത്തീകരിക്കാനാകൂ. മനുഷ്യജീവന്റെ അനന്യതയെയും മാഹാത്മ്യത്തെയും പ്രഘോഷിക്കുന്ന തിരുസഭക്കും സഭാസ്ഥാപനങ്ങൾക്കും ഇവിടെ വിലമതിക്കാനാവാത്ത പങ്ക് നിർവ്വഹിക്കാനുണ്ട്.
റവ. ഡോ. സിജോൺ കുഴിക്കാട്ടുമ്യാലിൽ


