മാനസികരോഗങ്ങളിൽ ഗൗരവസ്വഭാവമുള്ള വിഭാഗമാണ് മനോവിഭ്രാന്തി രോഗങ്ങൾ (Psychosis).. തനിക്ക് രോഗമുണ്ടെന്നുള്ള തിരിച്ചറിവ് രോഗിക്ക് ഇല്ലാത്ത രോഗങ്ങളാണിവ. ഏറ്റവും പ്രധാനപ്പെട്ട മനോവിഭ്രാന്തി രോഗമാണ് ‘മനോവിഘടനം’ അഥവാ സ്കിസോഫ്രീനിയ. ഇരുപതിനും മുപ്പതിനും ഇടയ്ക്ക് വയസുള്ള യുവതിയുവാക്കളാണ് ഭാവിയെ ഗുരുതരമായി തകരാറിലാക്കുന്ന ഈ രോഗത്തിന് ഇരയാകുന്നത്. ഒരു വ്യക്തിയുടെ ചിന്തകളെയും വികാരങ്ങളെയും പെരുമാറ്റങ്ങളെയും പ്രവർത്തനശേഷിയെയും ബാധിക്കുന്ന മാനസികരോഗമാണിത്. ജനസംഖ്യയുടെ ഒരു ശതമാനം വ്യക്തികൾക്ക് സ്കിസോഫ്രീനിയ രോഗം ഉള്ളതായി കണക്കാക്കുന്നു. സാധാരണയായി യൗവനാരംഭത്തിൽ തന്നെ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു. സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെയാണ് ഈ രോഗം കണ്ടുവരുന്നത്.
ലക്ഷണങ്ങൾ
അധികലക്ഷണങ്ങൾ (Positive Symptoms) അതുപോലെ ന്യൂനലക്ഷണങ്ങൾ (Negative Symptoms) എന്നങ്ങനെ കാണുന്നു.മിഥ്യാനുഭവങ്ങൾ (Hallucinations), മിഥ്യാവിശ്വാസങ്ങൾ (Delusions), ചിന്താവൈകല്യങ്ങൾ പരസ്പരബന്ധമില്ലാത്ത സംസാരം, വ്യക്തിശുചിത്വത്തിലുള്ള ശ്രദ്ധക്കുറവ് എന്നീ അധിക ലക്ഷണങ്ങൾ കാണിക്കുന്നു. കൂടാതെ ശ്രദ്ധക്കുറവ്, ഒന്നും ചെയ്യാൻ താല്പര്യമില്ലായ്മ, നിർവികാരത, തന്നിലേക്ക് തന്നെ ഒതുങ്ങിക്കൂടൽ തുടങ്ങിയ ന്യൂനലക്ഷണങ്ങളും കാണിക്കുന്നു. തുടർച്ചയായ ഇത്തരം ലക്ഷണങ്ങൾ ആറ് മാസത്തിലധികമായി നിലനിൽക്കുന്നുണ്ടെങ്കിൽ സ്കിസോഫ്രീനിയ രോഗനിർണ്ണയം നടത്തണം.
കാരണങ്ങൾ
ഒരു കാരണം കൊണ്ട് മാത്രമായി സ്കിസോഫ്രീനിയ ഉണ്ടാകുന്നതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. രണ്ട് സുപ്രധാന ഘടകങ്ങൾ ഒരുമിക്കുമ്പോൾ രോഗം വരുവാനുള്ള സാധ്യത വർദ്ധിക്കുന്നതായി ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. അതിൽ ഒന്ന് പാരമ്പര്യഘടകങ്ങളായ ജീനുകളും മറ്റേത് പാരിസ്ഥിതിക ഘടകങ്ങളുമാണ്. ഒരു സവിശേഷ ജീനിന്റെ തകരാറുകൊണ്ടുമാത്രം ഇത്തരം രോഗം ഉണ്ടാകുന്നില്ല. എന്നാൽ ഏതാനും ജീനുകളുടെ വൈകല്യം സ്കീസോഫ്രീനിയയുടെ സാധ്യത വർദ്ധിപ്പിക്കുന്നു. ഇത്തരം ജീനുകളുടെ വൈകല്യങ്ങൾ മസ്തിഷകത്തിലെ നാഡീകോശങ്ങളുടെ സർക്യൂട്ടിനെയും തൽഫലമായി ചിന്തകളെയും സാരമായി ബാധിക്കുന്നു. മസ്തിഷ്കത്തിലെ ചില രാസപദാർത്ഥങ്ങളുടെ ഡോപമീൻ പോലുള്ളവയുടെ അസന്തുലിതാവസ്ഥയ്ക്കും ഈ ജനിതക വൈകല്യങ്ങൾ കാരണമാകുന്നു.മിഥ്യാധാരണകൾക്കും (Delusion) മിഥ്യാശ്രവണങ്ങൾക്കും (Hallucination) പുറകിൽ ഡോപമീൻ എന്ന പദാർത്ഥത്തിന്റെ പങ്ക് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ഘടകങ്ങൾ അമ്പത് ശതമാനം കാരണം മാത്രമേ ആകുന്നുള്ളൂ. മറ്റ് അമ്പത് ശതമാനം കാരണം പാരിസ്ഥിതിക ഘടകങ്ങളാണ്. ജീവിതത്തിൽ ആദ്യകാല ഘട്ടങ്ങളിലുണ്ടാകുന്ന ആഘാതങ്ങൾ സ്കിസോഫ്രീനിയയുടെ സാധ്യത വർദ്ധിപ്പിക്കുന്നു. പ്രത്യേകിച്ച് കുട്ടിക്കാലജീവിത ആഘാതങ്ങൾ അനുഭവിക്കേണ്ടിവന്നവർക്ക് സാധ്യത ഇരട്ടിയാണ്.
ചികിത്സാപദ്ധതികൾ
സ്കിസോഫ്രീനിയ പൂർണമായും ഭേദമാക്കാനുള്ള ഔഷധമോ ചികിത്സയോ കണ്ടുപിടിക്കപ്പെട്ടിട്ടില്ല.എന്നാൽ രോഗത്തിന്റെ ലക്ഷണങ്ങളെ ചികിത്സിച്ച് ഇല്ലാതാക്കുന്നതിലൂടെ രോഗികളുടെ ജീവിതഗുണനിലവാരം വർദ്ധിപ്പിക്കാൻ സാധിക്കും. ചികിത്സയ്ക്ക് ഉപയോഗിക്കുന്ന സുരക്ഷിതമായ ആന്റിസൈക്കോട്ടിക്ക് മരുന്നുകൾ ഇന്ന് ലഭ്യമാണ്. ഈ ചികിത്സകൾ ദീർഘകാലം മനോരോഗവിദഗ്ധന്റെ കീഴിൽ നടത്തേണ്ടതാണ്. ചികിത്സാപദ്ധതിയുടെ ഭാഗമായി രോഗം വർദ്ധിക്കാതെ നിലനിർത്തുന്ന രോഗിയുടെ കുടുംബാന്തരീക്ഷം വളരെ പ്രധാനപ്പെട്ടതാണ്. മനോരോഗങ്ങളെപ്പറ്റിയുള്ള ശാസ്ത്രീയമായ അറിവുകളിലൂടെ സമൂഹം തെറ്റായ ചിന്താനിലകൾ (Social Stigma) മാറ്റിയെടുക്കുകയും ഇത്തരം രോഗികളെ കാരുണ്യപൂർവ്വം ഉൾക്കൊള്ളുകയും അവരെകൂടെ സമൂഹത്തിന്റെ ഭാഗമാക്കുകയും ചെയ്യേണ്ടത് ചികിത്സാപുനരധിവാസ പദ്ധതിയിൽ പ്രധാനപ്പെട്ടതാണ്.
വ. ഡോ. സിജോൺ കുഴിക്കാട്ടുമ്യാലിൽ


