വരുതിയില്‍ നിര്‍ത്തി ബോണ്‍സായികള്‍ ആക്കണോ സ്വാതന്ത്ര്യം നല്‍കി വടവൃക്ഷങ്ങള്‍ ആക്കണോ?

Published on

ആദ്യ കാഴ്ചയില്‍ കൗതുകം ഉണര്‍ത്തുമെങ്കിലും രണ്ടാമത്തെ നോട്ടത്തില്‍ ഹൃദയം തകര്‍ക്കുന്ന വേദനയാണ് ബോണ്‍സായികള്‍ സമ്മാനിക്കുന്നത്. ഒന്നിനെ ഇത്തിരി വട്ടത്തില്‍ തളച്ചിട്ടതിന്റെ ക്രൂരത ചെറുതല്ല. കേരള രൂപീകരണത്തിന്റെ ആദ്യ ദശകങ്ങളില്‍ അസൂയാര്‍ഹമായ വളര്‍ച്ച സമ്മാനിച്ച വിദ്യാഭ്യാസരംഗം പിന്നീടങ്ങോട്ട് വളര്‍ച്ച മുരടിച്ച് ബോണ്‍സായികളായി മാറിയോ എന്ന് ചിന്തിക്കുന്നത് നല്ലതാണ്. ഉത്തരവാദികളെ കണ്ടുപിടിക്കുന്നതിനുള്ള ഊര്‍ജ്ജം പാഴാക്കാതെ പ്രശ്‌നപരിഹാരം തേടുന്നതാണ് കൂടുതല്‍ ക്രിയാത്മകം. 

 സ്വന്തം പേരും മേല്‍വിലാസവും, എന്തിനെക്കുറിച്ചെങ്കിലും, ഏതാനും വാചകങ്ങളും അക്ഷരത്തെറ്റും വ്യാകരണ പിശകും കൂടാതെ, മലയാളത്തിലോ ആംഗലേയത്തിലോ  എഴുതാന്‍ അറിയാതിരുന്നിട്ടും ഫുള്‍ A+ വാങ്ങി പുറത്തുവരുന്ന പത്താം ക്ലാസുകാര്‍ നിരന്തരം വിസ്മയിപ്പിക്കുന്നു. മലയാളത്തില്‍ ഒരു ഖണ്ഡികപോലും തപ്പി തടയാതെ വായിക്കാനും ഇവര്‍ക്കറിയുന്നില്ല എന്നത്, മലയാള ഭാഷയുടെ ആസന്നമായ അന്ത്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. ഇംഗ്ലീഷ് എങ്ങനെയും പിടിച്ചുനില്‍ക്കുമായിരിക്കും. മലയാളം തീര്‍ച്ചയായും അന്യം നിന്നുപോകും. അല്ല, ഒന്നും പേടിക്കാനില്ല, എല്ലാം AI പരിഹരിച്ചോളും  എന്നാണെങ്കില്‍ കാത്തിരുന്നു കാണാം.

  പ്രാഥമിക വിദ്യാഭ്യാസത്തില്‍, ഏതാനും പതിറ്റാണ്ടുകള്‍ക്കു മുന്‍പ് വരെ ചെയ്തിരുന്നതുപോലെ, അക്ഷരങ്ങളും അക്കങ്ങളും ഉറയ്ക്കാത്ത കുട്ടിക്ക് രണ്ടാം ക്ലാസിലേക്ക് സ്ഥാനക്കയറ്റം ഇല്ലെന്ന ശാഠ്യം തിരിച്ചു പിടിക്കേണ്ടത് അത്യാവശ്യമാണ്. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ ഉയര്‍ന്ന വിജയശതമാനം എന്ന ക്ഷണഭംഗുരമായ ഊതി വീര്‍പ്പിച്ച ബലൂണുകളോട്  വിട പറയാന്‍ തയ്യാറാകണം. പകരം, മണ്ണിന്റെ ഉറവുതരകളില്‍ നിന്നു മുളപൊട്ടി കാറ്റും വെയിലും വേനലും വര്‍ഷവും ഗ്രീഷ്മവുമാകുന്ന പ്രതികൂല കാലാവസ്ഥകളോട് എതിരിട്ട്, വെള്ളവും വളവും സ്വാംശീകരിച്ച്, പടിപടിയായി സമയമെടുത്ത് വളര്‍ന്ന് ദൃഢമാകുന്ന തരുവാന്‍, ഓരോ വിദ്യാര്‍ഥിക്കും ഉതകുന്ന വിദ്യാഭ്യാസശൈലികള്‍ കണ്ടെത്തി അവതരിപ്പിക്കേണ്ടതുണ്ട്.

 ഉന്നതവിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പ്രബുദ്ധകേരളം ഏറെ പുറകിലാണെന്ന് അല്പം കയ്‌പോാടെയാണെങ്കിലും അംഗീകരിക്കാതെ തരമില്ല. കാലഹരണപ്പെട്ട സിലബസും കോഴ്‌സുകളും തന്നെ മുഖ്യസാക്ഷികള്‍. കലാലയ രാഷ്ട്രീയത്തിന്റെ അതിപ്രസരവും കലുഷിതമായ കലാലയാന്തരീക്ഷങ്ങളും എപ്പോഴും കൂച്ചുവിലങ്ങിട്ട് വരുതിയില്‍ നിര്‍ത്തേണ്ട ഒന്നാണ് വിദ്യാഭ്യാസ മേഖല എന്ന് ധരിച്ചുവശായ മാറിമാറി വന്ന സര്‍ക്കാരുകളും ഇതിലേക്ക് സംഭാവന ചെയ്തിട്ടുള്ളവരാണ്. സമരം ചെയ്യലും തച്ചുടക്കലും  അരക്ഷിതാവസ്ഥ സൃഷ്ടിക്കലും വിദ്യാര്‍ഥികള്‍ കേരളം വിടുന്നതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ്.

 ഇനിയെങ്കിലും വെറുതെ ബോണ്‍സായികള്‍ ആക്കാതെ വിദ്യാഭ്യാസ മേഖലയ്ക്ക് വടവൃക്ഷങ്ങള്‍ ആകാനുള്ള സ്വാതന്ത്ര്യം നല്‍കണം. ഇതിനകം കഴിവ് തെളിയിച്ച മികച്ച കലാലയങ്ങളെ ഓട്ടോണമസ് ആക്കുകയും ഓട്ടോണമസ് ആയി പ്രാപ്തി തെളിയിച്ചവയെ അടുത്ത പടിയായ ഡ്രീംസ് ടു ബി യൂണിവേഴ്‌സിറ്റികള്‍ ആക്കുകയും ചെയ്യണം. ഉന്നതവിദ്യാഭ്യാസരംഗത്ത് മുന്‍പന്തിയില്‍ പോകുന്ന സംസ്ഥാനങ്ങള്‍ ഇക്കാര്യങ്ങള്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ ചെയ്തു കഴിഞ്ഞു. ബോണ്‍സായി സംസ്‌കാരം വിദ്യാഭ്യാസ മേഖലകളില്‍ അവസാനിക്കേണ്ടതും വടവൃക്ഷങ്ങള്‍ ആകാന്‍ അവയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമെന്നും പ്രത്യാശിക്കാം. പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല.

ഫാദര്‍ ഡോക്ടര്‍ മാര്‍ട്ടിന്‍ കൊളമ്പ്രത്ത് 
പ്രിന്‍സിപ്പല്‍, സെന്റ് തോമസ് കോളേജ് തൃശ്ശൂര്‍ 

Latest Updates

POPULAR Views

FEATUERD Views

മിസ്റ്റഗോജിയും വിശ്വാസപരിശീലനവും

വിശ്വാസരഹസ്യങ്ങളുടെ ആഘോഷത്തെയാണല്ലോ തിരുസഭ ആരാധനാക്രമം എന്നു വിളിക്കുന്നത്. ആരാധനക്രമത്തില്‍ ആഘോഷിക്കുന്ന വിശ്വാസരഹസ്യങ്ങളുടെ...

അധ്യാപനം പ്രേരണയുടെ കലയാണ് : അഡ്വ. ചാര്‍ളിപോള്‍

അധ്യാപനം പ്രേരണയുടെ കലയാണ്. കുട്ടികളുടെ ശാരീരികവും മാനസികവും ബുദ്ധിപരവും സാമൂഹികവും സന്മാര്‍ഗീകവുമായ...

മാർക്ക് കുറഞ്ഞവരും മിടുക്കരാണ് – അഡ്വ ചാർളി പോൾ

കൂനമ്മാവ്: മാർക്ക് കുറഞ്ഞവരും തോറ്റവരുമെല്ലാം മിടുക്കർ തന്നെയാണ്. മോശം മാർക്ക് ഷീറ്റോ...

മാറിയ വിദ്യാഭ്യാസരംഗം; മാറേണ്ട നിലപാടുകൾ

ഉന്നത വിദ്യാഭ്യാസരംഗത്ത് 30 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന ആളെന്ന നിലയിൽ, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന...