ചെന്നൈ അഥവാ പഴയ മദ്രാസ്പട്ടണത്തിന്റെ ഒരു ഭാഗമാണ് അതിന്റെ നാല് മൈല്‍ തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന സാന്തോം (Santhome). മധ്യ കാലഘട്ടത്തില്‍ ഈ ഭാഗം അറിയപ്പെട്ടിരുന്നത് ബേത് തുമ (Beth Thuma) എന്നാണ്. അറേബ്യയില്‍ നിന്ന് പട്ടണം സന്ദര്‍ശിക്കാന്‍ എത്തിയ യാത്രികരായിരുന്നു പ്രദേശത്തിന് ഈ പേര് നല്‍കിയത്. ‘തോമായുടെ സ്ഥലം’ എന്ന അര്‍ഥത്തിലാണ് പ്രദേശത്തെ ഈ പേരില്‍ വിളിച്ചതെന്ന് അവരുടെ യാത്രാവിവരണങ്ങളില്‍ കാണാം. പട്ടണത്തില്‍ താമസിച്ചിരുന്ന മാര്‍ത്തോമാ ക്രിസ്ത്യാനികളെക്കുറിച്ചും തങ്ങളുടെ കൃതികളില്‍ അവര്‍ എഴുതുന്നുണ്ട്. പതിനാറാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഇവിടെയെത്തിയ പോര്‍ച്ചുഗീസുകാര്‍ ഈ പട്ടണത്തെ ‘സാന്തോം’ എന്ന് വിളിച്ചു. ‘ സാന്തോം ‘ (St Thomas) എന്നത് അതിനാല്‍ ‘ബേത് തുമ’ യുടെ പോര്‍ച്ചുഗീസ് രൂപാന്തരമാണ്. തോമാശ്ലീഹായുടെ കബറിടം ഇവിടെ കണ്ടതുകൊണ്ടാണ് പോര്‍ച്ചുഗീസുകാര്‍ സംശയലേശമെന്യേ ഈ പട്ടണത്തെ സാന്തോം എന്നു വിളിച്ചത്. ഒരു വലിയ വ്യക്തിയുടെ കബറിടം ആണ് ഈ പട്ടണത്തെ പ്രശസ്തമാക്കുന്നത്. അതിനാല്‍ ഇവിടെയുള്ള തോമസിന്റെ കബറിടം എന്ന ഒറ്റക്കാര്യം കൊണ്ട് തന്നെ ഈ പട്ടണത്തിന് പഴയകാലത്ത് വലിയ പ്രശസ്തി യൂറോപ്പില്‍ ഉണ്ടായി. പട്ടണം സന്ദര്‍ശിക്കാന്‍ എത്തിയ യൂറോപ്പില്‍ നിന്നുള്ള സഞ്ചാരികളുടെ നീണ്ട പട്ടിക ഇക്കാര്യം സ്ഥിരീകരിക്കുന്നു.
ആധുനികകാലത്തിന്റെ ആരംഭത്തില്‍ പോര്‍ച്ചുഗീസുകാര്‍ ഇന്ത്യയില്‍ വരുന്നതിനു മുന്‍പ് അറേബ്യ, സിറിയ, പേര്‍ഷ്യ, മെഡിറ്ററേനിയന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് വളരെ യാത്രികരും തീര്‍ഥാടകരും സന്ദര്‍ശകരും മൈലാപ്പൂര്‍ സന്ദര്‍ശിക്കുന്നത് അവരുടെ യാത്രാവിവരണങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ ചിലര്‍ കുറ്റപ്പെടുത്തുന്നതുപോലെ മൈലാപ്പൂരിലെ തോമസിന്റെ കബറിടം ഒരു പോര്‍ച്ചുഗീസ് കണ്ടുപിടിത്തമോ പോര്‍ച്ചുഗീസുകാര്‍ കെട്ടിച്ചമച്ചതോ അല്ല ചരിത്രസത്യമാണ്. ആര്‍ക്കും നിഷേധിക്കാനാവാത്തതും കണ്ടു മനസ്സിലാക്കാന്‍ സാധിക്കുന്നതുമായ ചരിത്രയാഥാര്‍ഥ്യം. മറ്റു 11 അപ്പസ്‌തോലന്മാരുടെ കബറിടങ്ങള്‍ ലോകത്ത് മറ്റു സ്ഥലങ്ങളില്‍ ഉള്ളതുപോലെ തന്നെയാണ് തോമസിന്റെ കബറിടം ഇന്ത്യയില്‍ മൈലാപ്പൂരില്‍ ഉള്ളത്. ലോകത്ത് മറ്റൊരിടത്തും തോമാശ്ലീഹായുടെ കബറിടം ഉണ്ടെന്ന് ആരും അവകാശപ്പെടുന്നില്ല. മാത്രവുമല്ല, അങ്ങനെയൊരു അവകാശവാദത്തിന് യാതൊരു സാധ്യതയുമില്ല.
ചെന്നൈ എന്ന പേര് അടുത്തകാലത്ത് സ്വീകരിക്കുന്നത് വരെ ഈ പട്ടണം അറിയപ്പെട്ടിരുന്നത് മദ്രാസ് എന്നായിരുന്നല്ലോ. മദ്രാസ് എന്നത് ഇംഗ്ലീഷ് കാലഘട്ടത്തില്‍ ഉണ്ടായ പേരാണ്. ഇന്ന് മൈലാപ്പൂര്‍, മദ്രാസ് പട്ടണത്തിന്റെ ഭാഗമാണ്. പട്ടണത്തിന്റെ പഴയ ഭാഗം എന്നു പറയാം. മദ്രാസ് പട്ടണത്തിന് അങ്ങനെയൊരു പേരു ലഭിക്കാന്‍ കാരണം പട്ടണത്തില്‍ ഉണ്ടായിരുന്ന ഒരു ക്രൈസ്തവ സന്യാസാശ്രമമാണ് (monastery). സന്ന്യാസാശ്രമം, സന്യാസ ഭവനം എന്നുള്ളതിന് സുറിയാനി പദം മദ്രാസ (മദ്രസ്ത) യും അറബിപദം ‘മദ്രസ’യുമാണ്. ആദ്യകാല ഇംഗ്ലീഷ് രേഖകളില്‍ മദ്രസ്ത് (Madrast) എന്ന പദമാണ് ഉപയോഗിച്ചു കാണുന്നത്. സാവധാനം അത് മദ്രാസ് ആയി മാറുകയായിരുന്നു. മൈലാപ്പൂരില്‍ ഉണ്ടായിരുന്ന പ്രഖ്യാതമായ സന്യാസാശ്രമമാണ് ആ പട്ടണത്തിന് മദ്രാസ് എന്ന പേര് നല്‍കിയതെന്ന് ന്യായമായും അനുമാനിക്കാം. മാര്‍ത്തോമാ ശ്ലീഹായുടെ പേരിനെ അനുസ്മരിപ്പിക്കുന്ന ഒരു സന്യാസാശ്രമത്തെ പറ്റി മൈലാപ്പൂര്‍ സന്ദര്‍ശിച്ച ചില വിദേശികളുടെ രേഖകളില്‍ കാണുന്നത് ഇക്കാര്യത്തിന് ആക്കം കൂട്ടുന്നുണ്ട്. ശ്ലീഹായുടെ മരണത്തെപ്പറ്റി പറയുന്നിടത്ത് നാം വായിക്കുന്നത് അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ തോമായുടെ ശരീരം താഴെ കടല്‍ത്തീരത്തുള്ള (ഇപ്പോള്‍ ബസിലിക്ക സ്ഥിതി ചെയ്യുന്ന സ്ഥലം) ആശ്രമത്തിലേക്ക് കൊണ്ടുപോയി അവിടെ സംസ്‌കരിച്ചു എന്നാണ്. തോമസിന്റെ മൈലാപ്പൂരിലെ പ്രവര്‍ത്തനങ്ങളും രക്തസാക്ഷിത്വവും കബറിടവും ആണ് ഈ സ്ഥലത്തിന് ബേത് തുമ എന്ന പേര് കൊടുത്തതും തുടര്‍ന്ന് അത് സാന്തോം ആയിത്തീര്‍ന്നതും. മൈലാപ്പൂര്‍ മദ്രാസ് ചെന്നൈ ബന്ധം ഇവിടെ വ്യക്തമാണ്.
റവ. ഫാ. ജയിംസ് പുലിയുറുമ്പില്‍


