തെറ്റായ ഒരു കാര്യം സത്യമാണെന്ന് ആഴമായി ഉറച്ചുവിശ്വസിക്കുകയും ശരിയല്ലെന്ന് ബോധ്യപ്പെടുത്തുന്ന തെളിവുകൾ കാണിച്ചുകൊടുത്താൽപോലും വിശ്വസിക്കാതിരിക്കുകയും ചെയ്തുകൊണ്ട് മിഥ്യാധാരണയിൽ കഴിച്ചുകൂട്ടുന്ന അവസ്ഥയാണ് ഡെല്യൂഷണൽ ഡിസോർഡർ അഥവാ സംശയരോഗം. ഇത്തരം മിഥ്യാധാരണകൾ ശാരീരികകാരണങ്ങൾ മൂലമോ ലഹരിയുടെ ഉപയോഗവുമായി ബന്ധപ്പെട്ടോ വന്നതായിരിക്കരുത്. ഗൗരവമേറിയ മനോരോഗങ്ങളിൽ ഉൾപെട്ട സംശയരോഗം മറ്റു രോഗങ്ങളേക്കാൾ കുറവായാണ് പൊതുവെ കണ്ടുവരുന്നത്.
മിഥ്യാവിശ്വാസങ്ങൾ: പ്രത്യേകതകൾ
രോഗലക്ഷണങ്ങൾക്കനുസരിച്ച് ഭാര്യ തന്നോട് അവിശ്വസ്തത പുലർത്തുന്നു വെന്ന തെറ്റായ വിശ്വാസം (Jealous Type), മറ്റുള്ളവർ തന്നെ ഉപദ്രവിക്കുന്നു വെന്നും തനിക്കെതിരെ ഗൂഢാലോചനയും, മാർഗതടസ്സങ്ങളും നടത്തുന്നുവെന്ന മിഥ്യാവിശ്വാസങ്ങൾ (Persecutory Type), ശാരീരിക അവസ്ഥകളെക്കുറിച്ചുള്ള തെറ്റായ മിഥ്യാധാരണകൾ (Somatic Type), തനിക്ക് ഈശ്വരനുമായോ അതിപ്രശസ്ത വ്യക്തികളുമായോ ആഴമായ ബന്ധമുണ്ടെന്നും അല്ലെങ്കിൽ വലിയ കഴിവുകളും, സംഗതികളുമുള്ള വ്യക്തിയാണ് താൻ എന്നുള്ളതുമായ മിഥ്യാവിശ്വാസം (Grandiose
Type), അതിപ്രശസ്തമായ സ്ഥാനത്ത് നില്ക്കുന്ന ഒരു വ്യക്തി താനുമായി പ്രണയത്തിലാണെന്നുള്ള മിഥ്യാവിശ്വാസവും അപ്രകാരമുള്ള വ്യക്തിയുമായി കണ്ടുമുട്ടുന്നതിനുള്ള നിരന്തരമായ പരിശ്രമം കാണിക്കുന്നതുമായ അവസ്ഥ (Erotomanic Type), സാധ്യമല്ലാത്തതും ഗ്രഹി ക്കാൻ കഴിയാത്തതും, നിത്യജീവിതവുമായി ബന്ധമില്ലാത്തതുമായ മിഥ്യാധാരണകൾ (Bizaarre Type).
ലക്ഷണങ്ങൾ
ഒന്നോ അതിലധികമോ ഉള്ള മിഥ്യാധാരണകൾ ഒരു മാസമോ അതിലധികമോ സമയം നീണ്ടുനിൽക്കുന്നു. മിഥ്യാവിശ്വാസങ്ങൾക്കൊപ്പം ജീവിക്കുമ്പോഴും നിത്യജീവിതത്തിൽ ഒരു അപാകതയും പ്രത്യേകതയും കാണിക്കുന്നില്ല. ചില വ്യക്തികൾ കഠിനമായ ദേഷ്യപ്രകൃതവും അക്രമവാസനയും പ്രകടിപ്പിക്കുന്നു, ഇവർ മിഥ്യാധാരണകൾ യുക്തിസഹമായി അംഗീകരിക്കുകയില്ല.
കാരണങ്ങൾ
പാരമ്പര്യകാരണങ്ങളും അതുപോലെ തലച്ചോറിലെ ഡോപ്പമിൻ എന്ന രാസവസ്തുവിന്റെ അളവു കൂടുന്നതും, ടെമ്പറൽ ലോബ്, ലിംബിക് സിസ്റ്റം, ബേസൽ ഗാംഗ്ലിയ എന്നിവയുടെ പ്രവർത്തന തകരാറുകളും സംശയരോഗികളിൽ കാണാറുണ്ട്. അബോധമനസിലെ പുറത്തുപറയാനാകാത്ത തരം മനോസംഘർഷങ്ങൾ ഇത്തരം അവസ്ഥക്ക് വഴിതെളിയിക്കാമെന്ന സിദ്ധാന്തം സിഗ്മണ്ട് ഫ്രോയിഡ് മുന്നോട്ടുവെച്ചിട്ടുണ്ട്. അതുപോലെ ദുർബലമായ സാമ്പത്തിക, വിദ്യാഭ്യാസപരമായ സാഹചര്യങ്ങൾ, ലഹരിവസ്തുക്കളുടെ ഉപയോഗം, മദ്യാസക്തി തുടങ്ങിയവ സംശയരോഗത്തിന് കാരണമാകാം.
ചികിത്സാസമീപനങ്ങൾ
തലച്ചോറിലെ ഡോപ്പമിന്റെ അളവ് ക്രമീകരിക്കാൻ സഹായിക്കുന്ന ആന്റി സൈക്കോട്ടിക്ക് (Antipsychotic) മരുന്നുകളാണ് ഏറ്റവും ഫലപ്രദമായ ചികിത്സ. ജീവിത പങ്കാളിയുടെ സംശയവും പീഡനവും മൂലം മാനസികമായി തകർന്നിരിക്കുന്ന വ്യക്തിയോട് ചികിത്സ എടുത്താൽ പഴയ ജീവിതത്തിലേക്ക് തിരിച്ചുവരാൻ സാധിക്കുമെന്ന് പറഞ്ഞ് ധൈര്യം കൊടുക്കുക. ഇവിടെ കുടുംബാംഗങ്ങൾക്ക് കൊടുക്കുന്ന സൈക്കോ എഡ്യൂക്കേഷൻ വളരെ പ്രാധാന്യമർഹിക്കുന്നു. അതുപോലെ മിഥ്യാവിശ്വാസങ്ങളുമായി ബന്ധപ്പെട്ട് വ്യക്തിയിലുണ്ടാകുന്ന പ്രയാസങ്ങൾ കുറയ്ക്കാനായി മാനസികപിന്തുണ നൽകുന്നതരം മനഃശാസ്ത്രചികിത്സയും (സപ്പോർട്ടീവ് Psychotherapy) ഔഷധങ്ങളോടൊപ്പം വ്യക്തിക്ക് നൽകാവുന്നതാണ്. രോഗം ആരംഭിച്ച് ആറ് മാസത്തിനുള്ളിൽ ചികിത്സ തുടങ്ങിയാൽ രോഗം വർദ്ധിക്കാതെയും വ്യക്തിയിലെ പ്രയാസങ്ങൾ കുറയ്ക്കാനും ഭേദപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.
റവ. ഡോ. സിജോൺ കുഴിക്കാട്ടുമ്യാലിൽ


